ഒഴുകാത്ത പുഴകളും പെട്ടെന്നുള്ള വെള്ളപ്പൊക്കവും
Monday, November 18, 2019 2:44 PM IST
ജിമ്മി ഫിലിപ്പ്
കുട്ടനാട്ടിലൂടെ ഒഴുകി വേന്പനാട്ടു കായലിൽ പതിക്കുന്ന അഞ്ചു നദികളുടെയും കനാലുകളുടെയും തോടുകളുടെയും ആഴം കാര്യമായി കുറഞ്ഞിട്ടുണ്ട്. ശരാശരി 5-6 മീറ്റർ വരെ അഴമുണ്ടായിരുന്ന പുഴകൾക്ക് ഇപ്പോൾ ആഴം 3-4 മീറ്റർ വരെ മാത്രം. നദികളിൽ പന്പയാണു നീളത്തിലും വീതിയിലും മുന്പൻ. എന്നാൽ, അതിനുപോലും സുഗമമായി ഒഴുകാൻ കഴിയുന്നില്ല. പലയിടങ്ങളിലും മൺതിട്ടകളും ഓരുമുട്ടുകളും. ഒഴുക്കിനു തടസമുണ്ടാക്കി വെള്ളത്തിലേക്കു കിടക്കുന്ന മരങ്ങളും കാടുകളും നിരവധി. ഇറക്കിപ്പിടുത്തങ്ങൾ വേറെയും.
ഒഴുക്ക് നിലച്ച മീനച്ചിലാർ
വടക്കൻ കുട്ടനാട്ടിലാണു മീനച്ചിലാർ. ജലസമൃദ്ധം. മിന്നൽ പ്രളയം പോലുള്ള വലിയ പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ, വർഷകാലത്തു വെള്ളപ്പൊക്കം സാധാരണം. പുഴ കവിഞ്ഞ് പുരയിടങ്ങളിൽ കയറും. വല്ലപ്പോഴും താഴ്ന്ന സ്ഥലങ്ങളിലെ വീടുകളിലും. പെട്ടെന്നിറങ്ങും. ഏറിയാൽ മൂന്നുദിവസം. 8-10 കൊല്ലം മുന്പു വരെ ഇതായിരുന്നു സ്ഥിതി.
കോട്ടയം ജില്ലയിൽ ആർപ്പൂക്കര- അയ്മനം പഞ്ചായത്ത് അതിർത്തിയിലെ പുലിക്കുട്ടിശേരിയിൽ പാലം നിർമിച്ചത് 10 വർഷം മുന്പാണ്. അതിനുവേണ്ടി മീനച്ചിലാറിനു കുറുകെ മുട്ടിട്ടു. ലോഡു കണക്കിനു മണ്ണുമിറക്കി. തെങ്ങിൻ കുറ്റികളും താഴ്ത്തി. പാലം പണി തീർത്തു കോൺട്രാക്ടർ സ്ഥലം വിട്ടു. മുട്ട് പൊളിച്ചു മാറ്റണമെന്നാണു കരാർ. എന്നാൽ, മുട്ട് ഇപ്പോഴും അവിടെ കിടക്കുന്നു. ഇതിനിടിൽ വെള്ളപ്പൊക്കം പലതുണ്ടായി. കിഴക്കൻ വെള്ളം മുട്ടിൽ തട്ടി നിന്നു. ഒഴുകി നീങ്ങാത്ത വെള്ളം പുരയിടങ്ങളിലേക്കു കയറി. അങ്ങനെ മുട്ടിനു കിഴക്കുവശത്ത് സ്ഥിരം വെള്ളക്കെട്ട്. ഒറ്റമഴയിൽ പുഴ നിറയും. പറന്പുകളിൽ വെള്ളം കയറും. പലപ്പോഴും വീടുകളിലും. റോഡിൽ കയറിയാൽ പിന്നെ പ്രദേശം ദ്വീപിനു തുല്യം. പുറത്തേക്കിറങ്ങാൻ മാർഗമില്ല. വെള്ളമിറങ്ങാൻ നാളുകളെടുക്കും. പറന്പുകളിൽ വിളകളൊന്നുമുണ്ടാവില്ല. അങ്ങുമിങ്ങും കുറച്ചു തെങ്ങും റബറും കാണും. ബാക്കി സ്ഥലത്തെല്ലാം കാടും പടലും.
വേനൽക്കാലത്ത് ഓരുമുട്ടുകൾ ഇടാൻ ഇറിഗേഷൻ വകുപ്പ് എത്തും. കുടിവെള്ള സ്രോതസുകളിൽ ഉപ്പുവെള്ളം കയറാതിരിക്കാനാണിത്. മീനച്ചിലാറിലും കൈവഴികളിലുമായി അത്തരം ഒന്പതെണ്ണമുണ്ട്. ഒഴുക്ക് തടഞ്ഞ് ആറിനു കുറുകെ മണ്ണിറക്കിയാണ് മുട്ടുകൾ തീർക്കുന്നത്. കുറ്റിയും മരക്കൊന്പുകളും വേറെ. മഴക്കാലമാകുന്പോൾ മുട്ടുകൾ പൊളിച്ചു നീക്കി പുഴ പൂർവസ്ഥിതിയിലാക്കണമെന്നാണു വ്യവസ്ഥ. അതൊന്നും പാലിക്കാറില്ല. മഴക്കാലത്ത് കിഴക്കൻ വെള്ളത്തിന്റെ തള്ളലിൽ മുട്ട് തനിയെ പൊട്ടും. മണ്ണ് കലങ്ങി പുഴയിൽ അടിയും. കുറ്റികൾ അവിടെ നിൽക്കും. അതിൽ തടയുന്ന മരക്കൊന്പുകളും ചില്ലകളും ഒഴുക്കിനു തടസമുണ്ടാക്കും. കിഴക്കൻ വെള്ളത്തൊടൊപ്പമെത്തുന്ന എക്കലും ചെളിക്കും പുറമേ വർഷംതോറും മുട്ടുകൾ പൊട്ടി വരുന്ന മണ്ണും പുഴയുടെ അടിത്തട്ടിൽ അടിയും. ആഴവും പുഴയുടെ ജലവാഹകശേഷിയും കുറയും. ഫലം പെട്ടെന്നുള്ള പ്രളയവും വെള്ളക്കെട്ടും.
മൂവായിരം തോടുകൾ
കുട്ടനാട്ടിൽ അഞ്ചു പുഴകളും കനാലുകളും ഉൾപ്പെടെ മൂവായിരത്തിലേറെ തോടുകളുണ്ട്. ഇതിനെല്ലാംകൂടി നാലായിരത്തിലേറെ കിലോമീറ്റർ നീളം വരും. എല്ലാം ഒഴുക്കു നിലച്ച അവസ്ഥയിൽ. മഹാപ്രളയത്തിൽ വൻ തോതിൽ എക്കൽ അടിഞ്ഞതോടെ ആഴം തീർത്തും കുറയുകയും ചെയ്തു.
വർഷകാലത്ത് പാടശേഖരങ്ങളെ മടവീഴ്ചയിൽ നിന്നു രക്ഷിക്കാൻ വൻതോതിൽ പ്ലാസ്റ്റിക്ക് ചാക്കുകളിൽ കടൽ മണൽ നിറച്ച് ബണ്ടുകളിലിറക്കുന്നതു പതിവാണ്. ഒരു സീസണിൽ രണ്ടുലക്ഷത്തോളം മണൽ ചാക്കുകൾ ഇറക്കേണ്ടിവരും. ഒരു ചാക്കിൽ 50 കിലോ മണൽ എന്ന കണക്കിൽ പതിനായിരം ടൺ മണൽ. പ്ലാസ്റ്റിക് ചാക്കിന് ആറു മാസമാണ് ആയുസ്. അതുകഴിഞ്ഞാൽ അതു പൊട്ടി മണൽ തോടുകളിൽ നിറയും. അതുവഴി പുഴകളുടെ ആഴം പിന്നെയും കുറയും. പ്ലാസ്റ്റിക്കിന്റെ ചെറിയ കണികകൾ കുടിവെള്ളത്തിലും കലരും. അതു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. വേനൽക്കാലത്ത് നിറഞ്ഞുകിടക്കുന്ന പോളയും മാലിന്യങ്ങളും വർഷകാലത്ത് ചീഞ്ഞ് പുഴയുടെ അടിത്തട്ടിൽ അടിയുന്നതും ആഴം കുറയാൻ കാരണമാണ്.
കട്ടകുത്തി ബണ്ട്
തോടുകളിൽ നിന്നും ആറുകളിൽ നിന്നും കട്ട കുത്തിയെടുത്താണു പണ്ടുകാലത്ത് ബണ്ടുകൾ തീർത്തിരുന്നത്. ഉറപ്പും ബലവും കിട്ടാൻ മരക്കന്പുകളും പുല്ലും ഉപയോഗിക്കും. അതുവഴി ആറുകളുടെയും തോടുകളുടെയും സ്വഭാവിക ആഴം നിലനിൽക്കുകയും ഒഴുക്ക് സുഗമമാകുകയും ചെയ്യും. സ്വന്തം മണ്ണ് ഉപയോഗിക്കുന്നതിനാൽ കുട്ടനാടിന് അധിക ഭാരം ഉണ്ടാകില്ല. വെള്ളത്തിൽ പൊങ്ങി കിടക്കുന്ന വലിയ കെട്ടുവള്ളം പോലെയാണ് കുട്ടനാട്. അമിത ഭാരം കയറ്റിയാൽ അതു താഴ്ന്നു പോകും. അതുപോലെ താങ്ങാവുന്നതിൽ കൂടുതൽ കിഴക്കൻ മണ്ണും കടൽ മണലും ഇറക്കിയാൽ കുട്ടനാടിനെ കായലെടുക്കാൻ അധികം താമസമുണ്ടാവില്ല. പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്ത കെട്ടിട നിർമാണവും അതിനുവേണ്ടി പരിധിവിട്ടു പുറത്തുനിന്നു കൊണ്ടുവരുന്ന മണ്ണിറക്കി പുരയിടങ്ങൾ ഉയർത്തുന്നതും അതിന്റെ ആക്കം കൂട്ടുന്നു.
ജലനിർഗമന പാതകളിൽ വെള്ളമെത്തുന്നില്ല
കുട്ടനാട്ടിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയരുന്പോഴും കടലിലേക്കു വെള്ളം തള്ളുന്ന മാർഗങ്ങളിലൊന്നും ആവശ്യത്തിന് വെള്ളമെത്തുന്നില്ല. അതിനു പല കാരണങ്ങളുണ്ട്. തോട്ടപ്പള്ളി സ്പിൽ വേയിൽ വെള്ളമെത്തിക്കുന്ന ടി.എസ് കനാലിൽ ഒഴുക്ക് തടഞ്ഞ് മുപ്പത്തിയഞ്ചോളം ഓരുമുട്ടുകളുണ്ട്. കുട്ടനാട്ടിലെ അധിക ജലം കടലിൽ എത്തുന്നതു പ്രധാനമായും കൊച്ചി, വൈപ്പിൻ ഭാഗങ്ങളിലൂടെയാണ്. 20 വർഷത്തിനിടയിൽ ഇൗ ഭാഗങ്ങളിൽ പതിനഞ്ചിലേറെ വലിയ പാലങ്ങളാണ് നിർമിച്ചത്. ഒഴുക്ക് തടസപ്പെടുത്തി പാലം നിർമിക്കാനായി സ്ഥാപിച്ച മുട്ടുകളും നിർമാണവസ്തുക്കളും ഇപ്പോഴും കായലിൽ കിടക്കുന്നു. പാലത്തിന്റെ പണി തീരുന്ന മുറയ്ക്ക് അവയൊക്കെ മാറ്റണമെന്നാണു വ്യവസ്ഥയെങ്കിലും നടന്നിട്ടില്ല. ആലപ്പുഴ- ചങ്ങനാശേരി റോഡിനോട് ( എ.സി റോഡ്) ചേർന്നുള്ള എ.സി കനാൽ പൂർത്തിയാക്കാത്തത് എ.സി റോഡിലെ വെള്ളക്കെട്ട് രൂക്ഷമാക്കുന്നു. ഒന്നാംകര മുതൽ പള്ളാത്തുരുത്തി വരെയുളള ഭാഗമാണ് ഇനിയും തീരാനുള്ളത്. അതു തുറന്നാൽ നീരൊഴുക്ക് കുറെക്കൂടി സുഗമമാകുകയും പ്രളയഭീഷണി ഒഴിവാകുകയും ചെയ്യും.
പുരയിടങ്ങൾ താഴുന്നു
പുഴകളിൽ ജലനിരപ്പ് ഉയർന്നതോടെ കുട്ടനാട്ടിൽ പുരയിടങ്ങളുടെ അടിത്തട്ടുകളിലും വെള്ളം നിറഞ്ഞു. ചെറിയ കുഴികൾ എടുത്താൽപോലും വെള്ളം കാണാവുന്ന അവസ്ഥ. പലയിടത്തും പറന്പുകൾ താഴ്ന്നുമുണ്ട്. കാലാകാലങ്ങളിൽ പുഴകളിൽ നിന്നും കായലിൽ നിന്നും എക്കൽ കുത്തിയെടുത്ത് പുരയിടങ്ങളിൽ നിറച്ചിരുന്ന രീതി നിലച്ചു പോയതാണ് കാരണം. ഇതുവഴി പുരയിടങ്ങൾ ഉയരുകയും പുഴകളുടെയും കായലിന്റെയും ആഴം കൂടുകയും ചെയ്യുമായിരുന്നു. എക്കൽ നല്ല വളമായതിനാൽ കരകൃഷിയും ആദായകരമായിരുന്നു.
പുരയിടങ്ങൾ താഴുന്നതുവഴി നിരവധി കെട്ടിടങ്ങളാണ് ഇരുന്നു പോകുന്നത്. അടിത്തട്ടുകളിൽ വെള്ളം കെട്ടിനിൽക്കുന്നതുകൊണ്ടാണത്. ചരിയാത്തതോ വിള്ളലുകൾ വീഴാത്തതോ ആയ കെട്ടിടങ്ങൾ കുട്ടനാട്ടിൽ ചുരുക്കം. വീടിന്റെ തറയിൽ മണ്ണ് താഴ്ന്നു ഗർത്തങ്ങൾ രൂപപ്പെടുന്നതും സാധാരണം. പൊതുവേ ഉറപ്പു കുറഞ്ഞ മണ്ണിൽ ഭാരമേറിയ കോൺഗ്രീറ്റ് കെട്ടിടങ്ങൾ നിർമിക്കുന്നതും പ്രശ്നമാണ്. വെള്ളക്കെട്ട് മാറാതെ നിൽക്കുന്നതിനാൽ ശുചിമുറികളും സുരക്ഷിതമല്ല. കക്കൂസ് ടാങ്കുകളുടെ മൂടികൾ പൊട്ടിത്തുറന്നുപോകുന്നതു സാധാരണം. മാലിന്യം വെള്ളത്തിൽ കലർന്നു പുഴയിലെത്തുന്നതുവഴി പകർച്ചവ്യാധികൾക്കുള്ള സാധ്യതയും ഏറെയാണ്.
മടവീഴ്ച കൂടി
ജലാശയങ്ങളുടെ സംഭരണശേഷി കുറഞ്ഞതോടെ പാടശേഖരങ്ങളിലെ മടവീഴ്ചകളും കൂടി. പുഴകളിലും തോടുകളിലും ഉയർന്നുനിൽക്കുന്ന ജലത്തിന്റെ സമ്മർദം ചെറുക്കാൻ ബണ്ടുകൾക്കു കഴിയാതെ വരുന്നതാണ് കാരണം. വീണുകഴിഞ്ഞാൽ പിന്നെ മടകുത്താനും ബുദ്ധിമുട്ടാണ്. പാടശേഖരത്തിലേക്കുള്ള കുത്തൊഴുക്ക് അത്രയ്ക്കു ശക്തമായിരിക്കും. അകത്തും പുറത്തും ജലനിരപ്പ് ഒരുപോലെയായ ശേഷം മാത്രമേ മടകുത്താൻ കഴിയൂ. വിളയാറായ പാടമാണെങ്കിൽ കെയ്തെടുക്കാൻ ഒന്നുമുണ്ടാകില്ല. നെൽച്ചെടികൾ വെള്ളത്തിൽ അടിഞ്ഞ് പൂർണമായി നശിക്കും. കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിൽ ചെറുതും വലുതുമായ 1250 പാടശേഖരങ്ങളുണ്ട്.
പാടശേഖരങ്ങളിൽ കൂടുതൽ ട്രാക്ടർ റോഡുകൾ നിർമിച്ച് ഗതാഗതം സുഗമാക്കുമെന്നുമുള്ള പ്രഖ്യാപനം വലിയ പ്രതീക്ഷയാണ് കർഷകർക്കു നൽകിയത്. ചില പാടങ്ങളുടെ വരന്പുകൾ അത്തരത്തിലുള്ള റോഡുകളാക്കി മാറ്റാനുള്ള ശ്രമങ്ങളും നടന്നു. അങ്ങിങ്ങ് കുറച്ചു മണ്ണടിച്ചതൊഴിച്ചാൽ പലയിടത്തും റോഡ് പണി വെറും പാഴ്വേലയായി മാറുന്നതു നോക്കി നിൽക്കാനെ കുട്ടനാട്ടുകാർക്ക് കഴിഞ്ഞുള്ളൂ.
ആഴം കൂട്ടലിന് ഉൗന്നൽ നൽകിയ കുട്ടനാടൻ പാക്കേജ്!
കായലിന്റെയും പുഴകളുടെയും ആഴം കൂട്ടലിന് ഉൗന്നൽ നൽകി ആവിഷ്കരിച്ച കുട്ടനാട് പാക്കേജ് വേണ്ട രീതിയിലല്ല നടപ്പാക്കിയത്. 1840 കോടിയുടെ പാക്കേജിൽ ആഴം കൂട്ടലിനു മാത്രം 361 കോടി രൂപ നീക്കിവച്ചിരുന്നു.
2008-ൽ ആവിഷ്കരിച്ച പദ്ധതി മൂന്നു വർഷംകൊണ്ട് പൂർത്തിയാകേണ്ടതായിരുന്നു. അതു നടക്കാതെ വന്നപ്പോൾ മൂന്നു വർഷം കൂടി നീട്ടി. എന്നിട്ടും ചെലവാക്കാനായത് 750 കോടി മാത്രം. കായലിൽ പൈലും സ്ലാബും ഇടാനാണ് അതിലേറെയും ഉപയോഗിച്ചത്. 12 വകുപ്പുകളെയാണ് പദ്ധതിയുടെ നടത്തിപ്പ് ഏല്പിച്ചത്.
ഓരോരുത്തരും തന്നിഷ്ടപ്രകാരം പദ്ധതി ദുരുപയോഗിക്കുകയും ചെയ്തു. കായലിലെ സി, ഡി ബ്ലോക്കുകൾക്കിടയിൽ 60 വർഷത്തിലേറെയായി നദിക്കു കുറുകെ നിർമിച്ചിരുന്ന ബണ്ട് നീക്കം ചെയ്തതാണു പദ്ധതികൊണ്ടുണ്ടായ പ്രധാന നേട്ടം. അതുവഴി ഒഴുക്ക് കൂടുതൽ സുഗമമാകുകയും കുട്ടനാട്ടിലെ പ്രളയഭീഷണിക്കു ചെറുതല്ലാത്ത ആശ്വാസമാകുകയും ചെയ്തു.