വെള്ളക്കെട്ടിൽ മുങ്ങിത്താണ് കുട്ടനാട്
Monday, November 18, 2019 2:41 PM IST
ജിമ്മി ഫിലിപ്പ്
കുട്ടനാട്ടുകാർക്കു വെള്ളമില്ലാതൊരു ജീവിതമില്ല. അതു പേമാരിയാണെങ്കിലും പ്രളയമാണെങ്കിലും അവർക്കു ഭയവുമില്ല. വെള്ളത്തിന്റെ ഭീഷണിയെ അവർ തെല്ലും വകവയ്ക്കാറുമില്ല. വെള്ളം വകഞ്ഞുമാറ്റി കായലിൽ കൃഷിയിറക്കുന്നവരാണു കുട്ടനാട്ടുകാർ. കായലിൽനിന്നും പുഴകളിൽനിന്നും കട്ട കുത്തിയെടുത്തു പറന്പുണ്ടാക്കി അതിൽ നൂറു മേനി വിളയിക്കുന്ന കഠിനാധ്വാനികൾ. അത്രയ്ക്കുണ്ട് കരുത്ത്. ആറും പുഴയും കായലും കളിക്കൂട്ടുകാർ. വെള്ളവും വള്ളവും ബോട്ടും ജീവിതത്തിന്റെ ഭാഗം.
വെള്ളക്കെട്ട്
അടുത്ത കാലത്തായി ചെറിയ വെള്ളമിളക്കം കാണുന്പോൾ തന്നെ അവർക്കു ഭയമാണ്. ജീവനിലുള്ള പേടിയല്ല, മറിച്ച് ജീവനായി കരുതുന്ന കൃഷിയെക്കുറിച്ചുള്ളതാണത്. ജീവിതമാർഗം അടയുമല്ലോ എന്നോർത്താണ്. 2018 ലെ മഹാപ്രളയത്തിനു മുന്പു തുടങ്ങിയതാണ്. മഴ മാത്രമല്ല, വേലിയേറ്റം പോലും അവനിൽ ഇപ്പോൾ ആശങ്ക പടർത്തും. മഹാപ്രളയത്തിനുശേഷം ആ പേടി കുറച്ചു കൂടിയെന്നു മാത്രം.
ആലപ്പുഴ ജില്ലയിലെ ചേന്നങ്കരിയിൽ മൂന്നാറ്റിൻമുഖം ജോളി ആന്റണിക്ക് വീടിനോടു ചേർന്നു കുറച്ചു പുരയിടമുണ്ട്. പന്പയുടെ തീരം. കട്ട കുത്തി പിടിച്ചതാണ്. പിതൃസ്വത്ത്. തലമുറകളായി കൈമാറി കിട്ടിയത്. അഞ്ചാറുവർഷം മുന്പുവരെ പൊന്നു വിളയുമായിരുന്നു. തെങ്ങിനൊപ്പം ഒട്ടേറെ ഇടവിളകൾ. വാഴ, കപ്പ, ചേന്പ്, ചേന, കാച്ചിൽ, ഇഞ്ചി, പയർ. നല്ല വിളവ്. രുചിയേറിയ കുട്ടനാടൻ അരിയും പുഴയിൽനിന്ന് ഇഷ്ടംപോലെ മീനും. ജീവിതം സുഖം.
എന്നാൽ, ഇന്ന് അതല്ല കഥ. പറന്പിൽനിന്നു വെള്ളമിറങ്ങുന്നില്ല. വെള്ളക്കെട്ട്. ഒറ്റ മഴ. അല്ലെങ്കിൽ വേലിയേറ്റം. മുറ്റത്തും പറന്പിലും വെള്ളം നിറയും. രാത്രിയിൽ ഉണങ്ങിക്കിടന്ന മുറ്റത്ത് രാവിലെ വെള്ളം. വേലിയേറ്റത്തിൽ കയറിയതാണെങ്കിൽ ഉച്ചകഴിഞ്ഞ് ഇറങ്ങും. പാതിരാത്രി കഴിയുന്പോൾ പിന്നെയും കയറിത്തുടങ്ങും.എന്നാൽ, മഴക്കാലത്ത് അങ്ങനെയല്ല. വെള്ളമിറങ്ങാൻ നാളുകളെടുക്കും. മഴ മാറി മാനം തെളിയണം. അഞ്ചാറു കൊല്ലം മുന്പ് വരെ ഇങ്ങനെയായിരുന്നില്ല സ്ഥിതി. വെള്ളക്കെട്ടുണ്ടായിരുന്നില്ല. വെള്ളപ്പൊക്കമാണെങ്കിൽകൂടി ഒന്നോ രണ്ടോ ദിവസം. ഏറിയാൽ മൂന്ന്. വെള്ളമിറങ്ങും. കൃഷിക്ക് ഒരു ദോഷമുണ്ടാവില്ല.
മഹാപ്രളയത്തിനുശേഷം സർക്കാർ വീടൊന്നിന് 15 ഏത്തവാഴ വിത്ത് കൊടുത്തു. കുട്ടനാട്ടിൽ പലർക്കും അതു കിട്ടി. ആക്കൂട്ടത്തിൽ ജോളി ആന്റണിക്കും ലഭിച്ചു. നല്ല വിത്ത്. കുറച്ചു പാളയൻകോടൻ വിത്തും സംഘടിപ്പിച്ചു. കൃഷി വകുപ്പിന്റെ നിർദേശാനുസരണം അവ നട്ടു. ആഴ്ചകൾക്കുള്ളിൽ നാന്പുമിട്ടു. അധികം കഴിയുന്നതിനു മുന്പ് പറന്പിൽ വെള്ളം കയറി. വേലിയേറ്റം. എന്നാൽ, വേലിയിറക്കത്തിൽ കയറുന്ന വെള്ളം അതേവേഗത്തിൽ ഇറങ്ങിപ്പോകുന്നില്ല. ഇല വിടരാതെ വാഴവിത്തുകൾ കൂന്പടഞ്ഞു. ഇപ്പോൾ പറന്പിൽ കുറച്ച് മണ്ടയില്ലാത്ത തെങ്ങുകളല്ലാതെ മറ്റൊന്നുമില്ല. ഇതു ജോളിയുടെ മാത്രം കാര്യമല്ല. കുട്ടനാട്ടിലെ സാധാരണ കർഷകരുടെയെല്ലാം കഥയാണ്. കൈനകരി, പുളിങ്കുന്ന്, കാവാലം, എടത്വ, കിടങ്ങറ, മുട്ടാർ, ചന്പക്കുളം, ആർപ്പൂക്കര... സർവത്ര വെള്ളക്കെട്ട്. വെള്ളം കയറിയും ഇറങ്ങിയും കിടക്കുന്ന പറന്പുകൾ നിരവധി. അവിടെ കാട്ടുമരങ്ങളും വള്ളിപ്പടർപ്പുകളും മാത്രം. വിഷപ്പാന്പുകളുടെ താവളം.
സംഭരണശേഷി കുറഞ്ഞു
നദികളുടെയും കായലിന്റെയും സംഭരണശേഷി കുറയുന്നതാണു വെള്ളക്കെട്ടിനു കാരണം. മഴക്കാലത്ത് പ്രളയജലം കൊണ്ടുവരുന്ന എക്കലും ചെളിയും മാലിന്യങ്ങളും അടിഞ്ഞ് ജലാശയങ്ങളുടെ അടിത്തട്ട് ഉയരും. ഓരോ വർഷവും എക്കൽ അടിഞ്ഞ് അടിത്തട്ട് 15 സെന്റിമീറ്ററെങ്കിലും ഉയരുന്നുണ്ടെന്നാണു കണക്ക്. ആഴം കുറയുന്നതോടെ ഒഴുകിയെത്തുന്ന അധികജലം നദിയിലും കായലിലും ഒതുങ്ങില്ല. അത് കരയിലേക്കു കയറും. ഇതിനിടയിൽ, വേലിയേറ്റത്തിന്റെ സമ്മർദവും. കടലും കായലും വെള്ളമെടുക്കില്ല. തള്ളി നിൽക്കും. ഒട്ടും ഇറങ്ങാൻ സമ്മതിക്കില്ല. അങ്ങനെ കിടക്കും. വേലിയിറക്കത്തിൽ സാവധാനം ഇറങ്ങും. 12 മണിക്കൂർ കഴിഞ്ഞ് വീണ്ടും വേലിയേറ്റം. വെള്ളക്കെട്ട്.
കടൽവെള്ളത്തിന്റെ തള്ളിക്കയറ്റത്തിൽ കുട്ടനാട്ടിൽ കായലിനോട് ചേർന്ന ചില കുളങ്ങളിൽ ഉപ്പുരസം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പണ്ട് ആലപ്പുഴയിലെ തീരപ്രദേശത്തു മാത്രമാണ് കുടിവെള്ള സ്രോതസുകളിൽ ഉപ്പുരസമുണ്ടായിരുന്നത്. 2010 മുതൽ കുട്ടനാടൻ ജലാശയങ്ങളിൽ ലവണാംശം ഉയരുന്നതായി രാജ്യാന്തര കായൽ ഗവേഷണ കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. 2018 ലെ പ്രളയകാലത്ത് അത് 29% വരെ ഉയർന്നു. ഇൗ വർഷം 19%. നടുക്കടലിൽ ലവണാംശം 34% മാത്രമാണ്. ലവണാംശം 1.8% എത്തിയാൽ പിന്നെ നെല്ലിനു പിടിച്ചുനിൽക്കാനാവില്ല.
2018ലെപ്പോലെയുള്ള മഹാപ്രളയം മാറ്റിനിറുത്തിയാൽ, മഴക്കാലത്ത് കുട്ടനാട്ടിലേക്ക് എത്തുന്ന വെള്ളത്തിന്റെ അളവിൽ വലിയ വ്യത്യാസമൊന്നുമുണ്ടാകാറില്ല. അടിത്തട്ട് ഉയർന്ന് സംഭരണശേഷി കുറയുന്നതിനാൽ, നദികൾക്കും കായലിനും വെള്ളം പിടിച്ചുനിറുത്തി കടലിലേക്ക് ഒഴുക്കിവിടാൻ കഴിയുന്നില്ല എന്നുമാത്രം.
ആഴം കുറഞ്ഞു
വേന്പനാട്ടു കായലിന്റെ തണ്ണീർമുക്കം ഭാഗത്ത് 1930കളിൽ 89 മീറ്ററായിരുന്നു ആഴം. ഇപ്പോഴത് 1.6 4.5 മീറ്റർ വരെ മാത്രം. ഇവിടെ കായലിന്റെ അടിത്തട്ടിൽ 4276 ടൺ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ടെന്നു കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല ( കുഫോസ്) നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇൗ ഭാഗത്തെ കായൽ വിസ്തീർണം 76.5 ചതുരശ്ര കിലോമീറ്ററാണ്. ഓരോ ചതുരശ്ര കിലോമീറ്ററിലും 55.9 ടൺ പ്ലാസ്റ്റിക് മാലിന്യം. 25 വർഷത്തിനുള്ളിൽ കായലിന്റെ വിസ്തൃതി 25 ശതമാനം കുറയുകയും ചെയ്തു. കൈയേറ്റവും ഇറക്കിപ്പിടിത്തവും അതിനു കാരണങ്ങളാണ്. 1865ൽ 36000 ഹെക്ടറായിരുന്നു കായലിന്റെ വിസ്തൃതി. ഇപ്പോഴത് 13,500 ഹെക്ടർ മാത്രമാണെന്ന് കേരള ലാൻഡ് യൂസ് ബോർഡിന്റെ കണക്കിൽ പറയുന്നു. ഇതോടെ കായലിന്റെ ജലവാഹകശേഷി 80 ശതമാനമായി കുറഞ്ഞു.
മൺചിറകൾ
വർഷങ്ങളായി നദികളിലൂടെ ഒഴുകിയെത്തുന്ന എക്കലും ചെളിയും മറ്റ് മാലിന്യങ്ങളും അടിഞ്ഞ് കായലിന്റെ പലഭാഗങ്ങളിലും വലിയ മൺചിറകൾ രൂപപ്പെട്ടുണ്ട്. ബോട്ടു ചാലുകളൊഴിച്ചാൽ പലയിടങ്ങളിലും ഇത്തരത്തിലുള്ള വലിയ ചിറകളുണ്ടെന്നു മത്സ്യത്തൊഴിലാളികളും ബോട്ട് സ്രാങ്കുമാരും പറയുന്നു. പതിനാലായിരം, ഇരുപത്തിനാലായിരം, രാജപുരം, ചിത്തിര തുടങ്ങിയ കായൽ മുഖങ്ങളിലാണ് ഇത്തരത്തിലുള്ള വലിയ ചിറകളുള്ളത്. തണ്ണീർമുക്കം മുഹമ്മ റൂട്ടിൽ പലയിടങ്ങളിലും മൺതിട്ടകളുണ്ട്. കായൽ പരിചയമില്ലാത്ത സ്രാങ്കുമാർ നിയന്ത്രിക്കുന്ന ബോട്ടുകൾ ഇത്തരം ചിറകളിൽ കയറി ഉറയ്ക്കാറുമുണ്ട്. വൻ അപകടത്തിന് ഇത് കാരണമായേക്കാം. തിട്ടയിൽ ബോട്ട് കയറിയാൽ പിന്നെ ഇറക്കണമെങ്കിൽ വേലിയേറ്റം വരെ കാത്തിരിക്കണം. ജലനിരപ്പുയർന്നിട്ടുവേണം ബോട്ട് തിരിച്ചിറക്കാൻ വർഷങ്ങളായി സ്രാങ്കായി ജോലി ചെയ്യുന്ന നെടുമുടിക്കാരൻ സിബിച്ചൻ പറഞ്ഞു.
ചതുപ്പാകുന്ന വേന്പനാട്
ഇങ്ങനെ പോയാൽ 20 വർഷത്തിനുള്ളിൽ വേന്പനാട് കായൽ ചതുപ്പുനിലമായി മാറുമെന്നാണ് രാജ്യാന്തര കായൽ ഗവേഷണ കേന്ദ്രത്തിന്റെ നിഗമനം. ആഴം കുറയുകയും സൂര്യപ്രകാശം നേരിട്ട് കടന്നു ചെല്ലുകയും ചെയ്യുന്നതുമൂലം കായലിന്റെ അടിത്തട്ടിൽ സസ്യങ്ങളും മരങ്ങളും മുള പൊട്ടാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മഹാപ്രളയത്തിൽ വേന്പനാട് കായലിൽ ഒഴുകിയെത്തിയത് ടൺ കണക്കിന് മണ്ണാണ്.
പ്രയോജനമില്ലാത്ത തോട്ടപ്പള്ളി
കുട്ടനാട്ടിലെത്തുന്ന അധികജലം കടലിലെത്തിക്കാൻ വേണ്ടിയുള്ളതാണ് തോട്ടപ്പള്ളി സ്പിൽ വേ. സ്പിൽ വേക്കു മുന്നിൽ കടൽ വൻതോതിൽ മണൽ നിക്ഷേപിക്കും. ഇത് (പൊഴി) മുറിച്ചു മാറ്റിയാണ് വർഷകാലത്ത് വെള്ളം കടലിലേക്കു വിടുന്നത്. സ്പിൽ വേയിൽനിന്ന് കടൽവരെ 300 മീറ്ററോളം നീളമുണ്ട്.സാമൂഹ്യവനവത്കരണത്തിന്റെ പേരും പറഞ്ഞ്, വനമില്ലാത്ത ആലപ്പുഴ ജില്ലയിൽ വനമുണ്ടാക്കാൻ തെരഞ്ഞടുത്തത് തോട്ടപ്പള്ളിയെ. നിശ്ചിത കാലയളവിൽ മുറിച്ചു മാറ്റേണ്ട പൊഴി കൈയേറി മരങ്ങൾ നട്ടു. പാർക്കുമുണ്ടാക്കി. പിന്നീട് പൊഴി പൂർണമായും മുറിക്കാൻ കഴിഞ്ഞിട്ടില്ല. കടലിലേക്കുള്ള നീരൊഴുക്ക് പൂർണമായിട്ടുമില്ല. വെള്ളം കടലിലേക്ക് ഒഴുകാതെ സ്പിൽ വേയിലും മണൽത്തിട്ടയിലും തട്ടി നൽക്കും. കുട്ടനാട്ടിലെ വെള്ളക്കെട്ട് രൂക്ഷമാകുമെന്നതാണു ഫലം.
കുട്ടനാട്ടിലൂടെ ഒഴുകി വേന്പനാട്ടു കായലിൽ പതിക്കുന്ന അഞ്ചു നദികളുടെയും അവയുടെ കൈവഴികളുടെയും കനാലുകളുടെയും കാര്യവും വ്യത്യസ്തമല്ല. എക്കലും ചെളിയും അടിഞ്ഞു നീരൊഴുക്ക് തീർത്തും ഇല്ലാതായിരിക്കുന്നു.
കുട്ടനാട്
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി കിടക്കുന്ന പ്രത്യേക ആവാസവ്യവസ്ഥയുള്ള പ്രദേശം. ആകെ 880 ചതുരശ്ര കിലോമീറ്റർ വിസ്തൃതി. ഇതിൽ 50% ആലപ്പുഴയിലും 30% കോട്ടയത്തും 13% പത്തനംതിട്ടയിലും. മൊത്തം 64 പഞ്ചായത്തുകൾ.
ആലപ്പുഴ ജില്ലയിൽ 32 പഞ്ചായത്തുകൾ, കോട്ടയത്ത് 27, പത്തനംതിട്ടയിൽ അഞ്ച്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മാത്രം 12 ഗ്രാമ പഞ്ചായത്തുകൾ. കുട്ടനാടിനെ മൂന്നായി തിരിച്ചിരിക്കുന്നു. ലോവർ കുട്ടനാട്, അപ്പർ കുട്ടനാട്, നോർത്ത് കുട്ടനാട്. സമുദ്രനിരപ്പിൽനിന്ന് രണ്ടര മീറ്റർ വരെ താഴെയാണു കിടപ്പ്. കേരളത്തിന്റെ നെല്ലറ.
കുട്ടനാടിനെ ജലസമൃദ്ധമാക്കി അഞ്ചു നദികൾ. പന്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ, മുവാറ്റുപുഴ. 92 ചതുരശ്ര കിലോമീറ്റർ വരുന്ന വേന്പനാട് കായൽ കുട്ടനാടിനെ ചുറ്റിക്കിടക്കുന്നു.
മറ്റു സ്ഥലങ്ങളിൽ വെള്ളം കയറ്റി കൃഷി ചെയ്യുന്പോൾ ഇവിടെ കൃഷിയിറക്കുന്നതു വെള്ളം വറ്റിച്ചാണ്.