മാളിലെ ബോംബ് ഭീഷണി
Friday, October 18, 2019 2:53 PM IST
കോട്ടയത്തെ ജ്വല്ലറി കവർച്ചയ്ക്കുശേഷം എവിടെയെങ്കിലും സമാനസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അതിന്റെ വിശദാംശങ്ങൾ അന്വേഷിച്ച് അറിയുന്ന രീതി സിഐ പി.ആർ. സന്തോഷിന് ഉണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു അന്വേഷണമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിൽ ഒന്നായ ലുലുമാളിൽ ബോംബ് വച്ച പ്രതിയെ പിടികൂടാൻ സഹായിച്ചതും.
2012-13 കാലഘട്ടത്തിൽ പി.ആർ. സന്തോഷ് തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് സ്റ്റേഷനിലെ എസ്ഐ ആയി പ്രവർത്തിക്കുന്ന സമയം. അന്നാണ് ലുലുമാളിൽ ബോംബ് വച്ചിരിക്കുന്നുവെന്ന സന്ദേശം കൊച്ചി സിറ്റി പോലീസിന് ലഭിക്കുന്നത്. റേഞ്ച് ഐജി ആർ. അജിത്ത്കുമാർ, സിറ്റി പോലീ സ് കമ്മീഷണർ കെ.ജി ജയിംസ്, ഡെപ്യൂട്ടി കമ്മീഷണർ ആർ. നിശാന്തിനി, തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ സേവ്യർ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.
വിപുലമായ അന്വേഷണ സംഘം
ലുലുമാളിന്റെ മാനേജർക്കാണ് അവിടെ ബോംബ് വച്ചിരിക്കുന്നുവെന്ന സന്ദേശം ആദ്യം കിട്ടിയത്. 75 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഫോണ് കോൾ. പ്രതി ആരാണെന്ന് അറിയാൻ വയ്യാത്ത അവസ്ഥ. പോലീസ് വിശദമായ പ്ലാൻ തയാറാക്കി. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ സേവ്യർ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ പ്രധാന കേസ് അന്വേഷണങ്ങൾക്ക് മുന്പ് നേതൃത്വം നൽകിയിട്ടുള്ള എസിമാർ, സിഐമാർ, എസ്ഐമാർ, ഷാഡോ പോലീസ് അംഗങ്ങൾ എന്നിവരടങ്ങുന്നതായിരുന്നു അന്വേഷണ സംഘം. ആ അന്വേഷണ സംഘത്തിലെ ഒരാളായിരുന്നു ഹിൽപാലസ് എസ്ഐയായിരുന്ന പി.ആർ സന്തോഷ്. എങ്ങനെയും പ്രതിയെ കണ്ടെത്തണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു പോലീസ് സംഘം. തുടർന്ന് അത്തരത്തിലാണ് അന്വേഷണം പുരോഗമിച്ചതും.
പാലക്കാട്ട് പണമെത്തിക്കാൻ നിർദേശം
ബോംബ് ഭീഷണി മുഴക്കിയ ആളെ ലുലുമാളിലെ മാനേജരെക്കൊണ്ട് ഫോണിൽ വിളിപ്പിച്ചു. 75 ലക്ഷം രൂപ നൽകാൻ തയാറാണ്, എവിടെയാണ് പണം എത്തിക്കേണ്ടത് എന്ന് പറയാൻ ആവശ്യപ്പെട്ടു. അയാൾ പറഞ്ഞ പ്രകാരം പോലീസ് സംഘം ലുലു ഗ്രൂപ്പിന്റെ മാനേജർക്കൊപ്പം എറണാകുളത്തു ളത്ത് നിന്ന് രാവിലെ യാത്ര ആരംഭിച്ചു. മുന്നിലെ ഇന്നോവ കാറിലെ ലുലു മാനേജ്മെന്റിന്റെ പ്രതിനിധികൾ. പുറകേ മറ്റു കാറുകളിലായി പോലീസ് സംഘവും. ഓരോ സ്ഥലത്തും എത്തുന്പോഴും കാർ ഏതെന്ന് മനസിലാക്കി ബോംബ് ഭീഷണി മുഴക്കിയ ആൾ യാത്ര തുടരാൻ ആവശ്യപ്പെടും. വൈകുന്നേരം ആറു മണിയോടെ സംഘം പാലക്കാട്ട് എത്തി. പ്രതിയെന്നു സംശയിക്കുന്ന ആളെ വിളിച്ചപ്പോൾ പണവുമായി പൊളളാച്ചിയിൽ എത്താനായിരുന്നു പുതിയ നിർദേശം. ഉടൻ സംഘം അങ്ങോട്ട് യാത്ര തിരിച്ചു.
പൊള്ളാച്ചിയിലെ വിജനതയിലേക്ക്
ഏകദേശം രാത്രി പത്തു മണിയായിക്കാണും. അന്വേഷണ സംഘം പൊളളാച്ചിയിൽ എത്തി. കുറ്റിക്കാടുകളും കനാലുകളും നിറഞ്ഞ ഒറ്റപ്പെട്ട പ്രദേശത്തേക്ക് പണവുമായി എത്താനായിരുന്നു ബോംബ് ഭീഷണി മുഴക്കിയ ആളുടെ പുതിയ നിർദേശം. ഇന്നോവ കാറിൽ പണമടങ്ങിയ ബാഗുമായി ലുലു മാനേജർ. എസ്കോർട്ട് വാഹനങ്ങളിലായി എസ്ഐമാരായ പി.ആർ. സന്തോഷ്, വി.ഗോപകുമാർ, എസ്. വിജയശങ്കർ, എ. അനന്തലാൽ എന്നിങ്ങനെ കൊച്ചി സിറ്റി പോലീസിലെ പ്രഗത്ഭരായ ഉദ്യോഗസ്ഥരും. കാടും കനാലും നിറഞ്ഞ കൂരിരുട്ടായ പ്രദേശത്ത് വാഹനം എത്തിയപ്പോൾ വാഹനം അവിടെ നിർത്തിയിട്ട് പണം അടങ്ങിയ ബാഗ് സമീപത്തെ മരച്ചുവട്ടിൽ വയ്ക്കാൻ അയാൾ നിർദേശിച്ചു. മാനേജർ ഇരുളിലൂടെ മരച്ചുവട്ടിൽ പണം അടങ്ങിയ ബാഗ് വച്ചയുടൻ വണ്ടിയിൽ കയറാൻ അടുത്ത നിർദേശം ലഭിച്ചു.
ഇന്നോവ കാർ മുന്നോട്ട് നീങ്ങിയ സമയം കാറിന്റെ ഡിക്കിയിൽ ഒളിച്ചിരിക്കുകയായിരുന്ന എസ്ഐ പി.ആർ. സന്തോഷ് പതിയെ റോഡിന്റെ സൈഡിലേക്ക് ചാടിവീണ് പത്തുമിനിറ്റോളം ഇരുളിൽ മറഞ്ഞിരുന്നു. കാറിലോ ബൈക്കിലോ വന്നാൽ മാത്രമേ പണമടങ്ങിയ ബാഗ് കൈക്കലാക്കാൻ കഴിയുവെന്ന ധാരണയിലായിരുന്നു പോലീസ് സംഘം. പക്ഷേ വാഹനമൊന്നും വന്നില്ല. കാടും കനാലുകളും നിറഞ്ഞ ആ ചതുപ്പ് പ്രദേശത്തിലൂടെ ഇഴഞ്ഞു നീങ്ങിയ എസ്.ഐ സന്തോഷ് പണമടങ്ങിയ ബാഗ് വച്ച മരച്ചുവട്ടിലേക്ക് ചെന്നു. എന്നാൽ ആ ബാഗ് അവിടെനിന്നും അപ്രത്യക്ഷമായ കാഴ്ചയാണ് അദ്ദേഹത്തിന് കാണാൻ കഴിഞ്ഞത്.
നിരാശയോടെ പോലീസ് സംഘം
പണം അടങ്ങിയ ബാഗ് അവിടെയില്ലെന്ന വസ്തുത ഏറെ വിഷമത്തോടെയാണ് പോലീസ് സംഘം മനസിലാക്കിയത്. ഇരുട്ടിൽ പോലീസ് സംഘംപരിശോധന നടത്തിയെങ്കിലും ഒരു തുന്പും കിട്ടിയില്ല. നിരാശയും കുറ്റബോധവും ഉദ്യോഗസ്ഥരിൽ നിറഞ്ഞു. എവിടെയാണ് പാളിച്ചപറ്റിയതെന്ന് പലതവണ ആലോചിച്ചിട്ടും ഒരു തുന്പും കിട്ടിയില്ല. നിരാശരായി എല്ലാവരും കൊച്ചിയിലേക്ക് തിരിച്ചു.
സന്തോഷിന് ഉണ്ടായ സംശയം
തിരിച്ചുള്ള യാത്രയിലുടനീളം ബോംബ് ഭീഷണി മുഴക്കിയ ആളുടെ ഫോണ് കോളുകൾ എസ്ഐ പി.ആർ. സന്തോഷ് കേട്ടുകൊണ്ടിരുന്നു. ഇയാൾ കൊടുക്കുന്ന നിർദേശങ്ങൾക്ക് അനുസരിച്ച് ഉന്നത ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിലെ ഓരോരുത്തർക്കും അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും സസൂക്ഷ്മം പരിശോധിച്ചു. ഇടയ്ക്കെപ്പോഴൊ ഈ ശബ്ദം കോട്ടയം കുന്നത്തുകളത്തിൽ ജ്വല്ലറിയിൽ മോഷണം നടത്തിയ മനോജ് സേവ്യറിന്റേതു പോലെയുണ്ടല്ലോയെന്ന സംശയം അദ്ദേഹത്തിനുണ്ടായി. സംസാരത്തിന്റെ ശൈലിയും വാക്കുകളുടെ പ്രയോഗവുമെല്ലാം മുന്പ് കേട്ടിട്ടുള്ളതായി തോന്നി. പിന്നീട് അദ്ദേഹത്തിനുണ്ടായ ഒരു സംശയവും മനോജ് സേവ്യറാണ് പ്രതിയെന്ന തോന്നൽ ബലപ്പെടുത്തുന്നതായിരുന്നു.
തെളിവുകളെല്ലാം മനോജ് സേവ്യറിലേക്ക്
കാരണം ലുലുമാളിന്റെ ഉടമയായ യൂസഫലിയോട് ഒരു കോടി രൂപ ചോദിച്ചാലും അദ്ദേഹത്തിന് നൽകാൻ കഴിയുമായിരുന്നു. എന്നാൽ ബോംബ് ഭീഷണി മുഴക്കിയ ആൾ ആവശ്യപ്പെട്ടതാകട്ടെ 75 ലക്ഷം രൂപ മാത്രം. കുന്നത്തുകളത്തിൽ ജ്വല്ലറിയിൽ മോഷണം നടത്തിയ സമയത്ത് പ്രതിയായ മനോജ് സേവ്യർ പറഞ്ഞ ഒരു കാര്യം എസ്ഐ പി.ആർ. സന്തോഷിന്റെ മനസിൽ മായാതെ കിടപ്പുണ്ടായിരുന്നു. അന്ന് ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചപ്പോൾ തനിക്ക് ആവശ്യമുള്ള അഞ്ചു കിലോ സ്വർണം മാത്രമെടുത്ത് ബാക്കി രണ്ടു കിലോ സ്വർണം ഉടമയ്ക്ക് അയച്ചുകൊടുക്കുമായിരുന്നുവെന്ന് മനോജ് പറഞ്ഞിരുന്നത് എസ്.ഐ സന്തോഷ് ഓർത്തു.
കൂടാതെ കോട്ടയത്തു നിന്ന് മോഷ്ടിച്ച സ്വർണം നാഗന്പടം പാലത്തിനടുത്ത ചതുപ്പ് പ്രദേശത്ത് ഒളിപ്പിച്ചു വയ് ക്കാനും ഇയാൾക്ക് പ്ലാൻ ഉണ്ടായിരുന്നു. ഈ കേസിലും സമാനമായ സ്ഥലമാണ് പ്രതി തെരഞ്ഞെടുത്തത്. കാടും തോടുമൊക്കെ നിറഞ്ഞ പ്രദേശം. ഇത്തരം സാഹചര്യത്തിൽ നിൽക്കാൻ മനോശേഷിയും ആരോഗ്യവുമുള്ള ആളായിരിക്കണം പ്രതിയെന്ന സംശയം കൂടുതൽ ദൃഢമായി. അതുപോലെ തന്നെ ഇരുട്ടിന്റെ മറവിൽ ബൈക്കിൽ ശബ്ദമുണ്ടാക്കാതെ വന്ന് പണം അടങ്ങിയ ബാഗ് കൈക്കലാക്കണമെങ്കിൽ ഏതുതരം ബൈക്കും വിദഗ്ധമായി ഓടിക്കാൻ കഴിവുള്ള ആളുമായിരിക്കണം. ഈ കാര്യങ്ങളെല്ലാം ചേർത്ത് വായിച്ചപ്പോൾ പ്രതി മനോജ് സേവ്യർ തന്നെ ആയിരിക്കാം എന്ന നിഗമനത്തിലേക്ക് എസ്ഐ സന്തോഷ് എത്തിച്ചേർന്നു.
മറ്റൊരു സംശയം കൂടി എസ്.ഐ സന്തോഷിൽ ഉടലെടുത്തു. തൃപ്പൂണിത്തുറയിൽ അടുത്തിടെ ഒരു കവർച്ച നടന്ന സമയത്ത് പല കേസുകളിലെയും പ്രതികളെ അന്വേഷിക്കുന്ന കൂട്ടത്തിൽ മനോജ് സേവ്യറിനെക്കുറിച്ചും എസ്ഐ സന്തോഷ് അന്വേഷിച്ചിരുന്നു. അന്ന് അയാൾ പാലക്കാട്ടാണ് ഉള്ളതെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ കേസിലും പണവുമായി ആദ്യം ചെല്ലാൻ ആവശ്യപ്പെട്ടത് പാലക്കാട്ടേക്കാണ്. ഇക്കാര്യങ്ങളിലെല്ലാം കൂടുതൽ വ്യക്തത വന്നതോടെ മനോജ് സേവ്യർ ആകാം പ്രതിയെന്ന സംശയം തനിക്ക് ഉണ്ടെന്ന കാര്യം എസ്.ഐ സന്തോഷ് ഉന്നത അന്വേഷണോദ്യോഗസ്ഥരുമായി പങ്കുവച്ചു.
എല്ലാം തുറന്നുപറഞ്ഞ് മനോജ്
വൈകുന്നേരത്തോടെ അന്വേഷണ സംഘം മനോജിന്റെ നന്പറിൽ വിളിച്ചപ്പോൾ കൊച്ചിയിലെ ഫ്ളാറ്റിൽ ഉണ്ടെന്ന് അയാൾ അറിയിച്ചു. അതുപ്രകാരം പോലീസ് സംഘം ഫ്ളാറ്റിൽ എത്തിയപ്പോൾ നിങ്ങളോട് സംസാരിക്കാൻ ഒന്നുമില്ലെന്നാണ് അയാൾ ആദ്യം പറഞ്ഞത്. പക്ഷേ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർ സ്ഥലത്തെത്തിയപ്പോൾ പിടിച്ചു നിൽക്കാൻ അയാൾക്ക് കഴിയാതെ വന്നു. തുടർന്ന് പോലീസിന്റെ ചോദ്യങ്ങളോട് അയാൾ സഹകരിച്ചു. പ്രതിയെ കളമശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ അയാൾ കുറ്റം സമ്മതിച്ചു. അതോടെ പോലീസിനെ വട്ടംചുറ്റിച്ച പ്രതി അറസ്റ്റിലായി.
പി.ആർ. സന്തോഷ്
ഇൻസ്പെക്ടർ ഓഫ് പോലീസ്, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ
തയാറാക്കിയത്- സീമ മോഹൻലാൽ