സത്യത്തിന്റെ "സിഗ്നല്‍' തേടി അന്വേഷണസംഘം
Wednesday, October 16, 2019 3:23 PM IST
കെ. ഷിന്റുലാല്‍
വിരലൊന്നമര്‍ത്തിയാല്‍ മതി... അപ്പോഴേക്കും വിളിക്കുന്നവരും വിളിച്ചവരും സൈബര്‍ വലയ്ക്കുള്ളിലകപ്പെട്ടിട്ടുണ്ടാവും ... രാഷ്ട്രീയ സ്വാധീനമോ ഉദ്യോഗസ്ഥ ബന്ധമോ ഒന്നും ഈ വലയില്‍ നിന്നും രക്ഷപ്പെടുത്താനായെത്തില്ല. പറന്നുയരാന്‍ നിലയുറപ്പിച്ച പോലുള്ള മൊബൈല്‍ ടവറുകളാണ് പല പ്രതികളിലേക്കും അന്വേഷണസംഘത്തിനെത്തിച്ചേരാനുള്ള വഴികാട്ടികള്‍. പോലീസിന്റെ കേസന്വേഷണത്തിലിന്ന് മൊബൈല്‍ ഫോണുകള്‍ നിര്‍ണായക ഘടകങ്ങളാണ്.
അതിനാല്‍ തന്നെ ഒരു ഫോണില്‍ നിന്നും മറ്റൊരു ഫോണിലേക്കുള്ള കോളുകള്‍ വെറുമൊരു സന്ദേശം കൈമാറുക മാത്രമല്ല ചെയ്യുന്നത്. വിളിച്ചയാളിന്റേയും വിളിക്കുന്നയാളിന്റേയും "ജാതകം' വരെ ഒരു പക്ഷേ തിരുത്താന്‍ ഈ തെളിവുകള്ക്കാവും. ഇന്ന് സംസ്ഥാനത്ത് തെളിയിക്കപ്പെടുന്ന കുറ്റകൃത്യങ്ങളില്‍ 99 ശതമാനവും മൊബൈല്‍ ഫോണ്‍കോള്‍ കേന്ദ്രീകരിച്ചുള്ളതാണ്. കൂടത്തായി കേസിലും ഉയരങ്ങളില്‍ പതിഞ്ഞ സത്യത്തിന്റെ സിഗ്നല്‍ നോക്കിയാണ് ജോളിക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അന്വേഷണസംഘം തേടിയെത്തുന്നത്.
ജോളിയെ "തളയ്ക്കാന്‍ ' പാര്‍ലമെന്റ് ആക്രമണക്കേസ്
മൊബൈല്‍ഫോണ്‍ സജീവമായിരുന്നിട്ടും മുമ്പ് ഫോണ്‍കോള്‍ രേഖകള്‍ അതേപടി തെളിവായി കോടതി സ്വീകരിച്ചിരുന്നില്ല. എന്നാല്‍ പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റകൃത്യവുമായി ബന്ധമുള്ള ഓരോ കോളും ടവര്‍ ലൊക്കേഷനും പ്രത്യേകം മൊഴിയാക്കണമെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് ടവര്‍ലൊക്കേഷനും കോള്‍ ഡീറ്റെയ്ൽ റിക്കാര്‍ഡും (സിഡിആറും) കോടതി കയറിയത്. ദൃക്സാക്ഷികളില്ലാത്ത കൂടത്തായി കേസില്‍ ജോളിയെ നിയമത്തിന് മുന്നില്‍ "തളയ്ക്കാന്‍' പോലീസും ഈ വിധിയാണ് പിന്തുടരുന്നത്.
ഇതിന് പ്രചോദനമായി ടി.പി.ചന്ദ്രശേഖരന് വധക്കേസും പോലീസിന് മുമ്പിലുണ്ട്. ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ അന്‍പതോളം ഫോണ്‍ നമ്പറുകളില്‍ നിന്നുള്ള ആയിരക്കണക്കിന് കോളുകളും ടവര്‍ ലൊക്കേഷനുമായിരുന്നു തെളിവായി അന്വേഷണസംഘം കോടതിയിലെത്തിച്ചത്. പാര്‍ലമെന്റ് ആക്രമണക്കേസുമായി ബന്ധപ്പെട്ട കോടതി വിധി കണക്കിലെടുത്തായിരുന്നു ടിപി കേസിലും ജഡ്ജി വിശദമായ മൊഴി രേഖപ്പെടുത്തിയത്.
എല്ലാ മൊബൈല്‍ കമ്പനികളുടേയും നോഡല്‍ ഓഫീസര്‍മാരെ ദിവസങ്ങളോളം സാക്ഷികളായി വിസ്തരിച്ച് ഓരോ കോളും ടവര്‍ലൊക്കേഷനും ഫോണ്‍കോളുകളുടെ ഐഎംഇഐ നമ്പറുകളും സിംകാര്‍ഡ് ഉടമകളുടെ വിശദാംശങ്ങളും കോടതി മൊഴിയായി സ്വീകരിക്കുകയായിരുന്നു. സമാനമായ രീതിയിലാണ് കൂടത്തായി കേസിലും അന്വേഷണസംഘം ടവര്‍ലൊക്കേഷനും സിഡിആറും കോടതിയിലെത്തിക്കാന്‍ ശ്രമിക്കുന്നത്.
എല്ലാം ഇവിടെ "ഭദ്രം'
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത് മൊബൈല്‍ ടവറുകളില്‍ രേഖപ്പെടുത്തിയ വിവരങ്ങളില്‍ നിന്നാണ്. കൃത്രിമം കാണിക്കാനോ നശിപ്പിക്കാനോ പറ്റാത്ത തെളിവുകളാണ് ഫോണ്‍കോള്‍ രേഖകള്‍. അതുകൊണ്ടാണ് കൂടത്തായി കേസില്‍ പോലീസ് ടവര്ഡംബിലും സിഡിആറിലും ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നത്. സംശയിക്കുന്നവരും കേസിലെ മുഖ്യപ്രതി ജോളിയുമായുള്ള ബന്ധത്തെ കുറിച്ച് അറിയുകയെന്നതാണ് അന്വേഷണസംഘത്തിന് മുന്നിലെ പ്രധാന കടമ്പ.
ഏത് ടവറിന് കീഴിലാണ് ജോളി ഏറ്റവും കൂടുതല്‍ സമയം ഫോണ്‍ ഉപയോഗിച്ചതെന്നും ഇതേ ടവറിന് കീഴില്‍ അന്വേഷണസംഘം സംശയിക്കുന്ന മറ്റാരെങ്കിലും എത്തിയിരുന്നോ എന്നും ആദ്യം മുതല്‍ പരിശോധിച്ചു. ഈ പരിശോധനയില്‍ പല നിര്‍ണായക വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചു. പോലീസ് അറസ്റ്റ് ചെയ്ത മാത്യുവും ജോളിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ആധികാരികമായ തെളിവുകള്‍ ലഭിച്ചതും സിഡിആര്‍ പരിശോധനയിലൂടെയാണ്. വീടിനും പരിസരത്തും എന്‍ഐടിയ്ക്ക് സമീപത്തുമുള്ള ടവറുകളില്‍ രേഖപ്പെടുത്തിയ കോളുകളും പരിശോധിച്ചിരുന്നു.
അതില്‍ നിന്നാണ് ബ്യൂട്ടിപാര്‍ലര്‍ നടത്തുകയായിരുന്ന ദമ്പതികളും ജോളിയുമായുള്ള ബന്ധം പോലീസ് സ്ഥിരീകരിച്ചത്. കൂടാതെ ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണുമായുള്ള ജോളിയുടെ അടുപ്പത്തെ കുറിച്ചും നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചത് ഈ തെളിവുകളില്‍ നിന്നാണ്. ഒരു ദിവസം തന്നെ ലക്ഷക്കണക്കിന് ഫോണ്‍കോളുകളാണ് ഒരു മൊബൈല്‍ ടവറിന് കീഴില്‍ രേഖപ്പെടുത്തുന്നത്. ഇത്തരത്തില്‍ ഓരോ സര്‍വീസ് പ്രൊവൈഡര്‍മാരുടെ ടവറുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്. ശേഖരിച്ച വിവരങ്ങളില്‍ നിന്ന് ജോളിയുടേയും മറ്റു സംശയിക്കുന്നവരുടേയും വിവരങ്ങള്‍ കണ്ടെത്തുകയും അതുവഴി ചോദ്യം ചെയ്യല്‍ തുടരാനുമാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
കൂട്ടുപ്രതികള്‍ ആരെല്ലാം ?
കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയുള്‍പ്പെടെ മൂന്നുപേരെയാണ് പോലീസ് ഇതുവരെ പിടികൂടിയത്. ഈ മൂന്നുപേര്‍ക്ക് പുറമേ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ചിലസംശയങ്ങള്‍ പരസ്യമായി നിലനില്‍ക്കുന്നുണ്ടെങ്കിലും അന്വേഷണസംഘം തെളിവുകള്‍ക്കായി കാത്തിരിക്കുകയാണ്. പോലീസിന്റെ സംശയ ലിസ്റ്റിലേക്ക് അനുദിനം ആളുകള്‍ ഓരോന്നായി എത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. പ്രത്യക്ഷമായോ പരോക്ഷമായോ ജോളിയുമായി അടുപ്പമുള്ളവരാണ് സംശയലിസ്റ്റിലുള്ളത്. രാഷ്ട്രീയക്കാര്‍ മുതല്‍ പോലീസുകാര്‍ വരെ ഈ പട്ടികയിലിടം തേടിയെന്നത് ശ്രദ്ധേയം.
എന്നാല്‍ ഇവരെയാരേയും കേസില്‍ പ്രതിചേര്‍ക്കുമെന്നുള്ള ഒരു സൂചന പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്നില്ല. എല്ലാം തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്നാണ് പോലീസ് പറയുന്നത്. ജോളിയുടെ ഭര്‍ത്താവ് ഷാജുവിനേയും അദ്ദേഹത്തിന്റെ പിതാവ് സക്കറിയാസിനെയും രണ്ടു ദിവസങ്ങളായി മണിക്കൂറുകളോളം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇതിനു പുറമേ നിരവധി പേരില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഏത് നിമിഷവും ഇവരിലാരെങ്കിലും കൂടത്തായി കേസില്‍ പ്രതിയായേക്കാം. അത് ആരാകാമെന്നത് ഒരു പക്ഷേ അന്വേഷണ ഉദ്യോഗസ്ഥരേക്കാള്‍ ആ വ്യക്തിക്കറിയാം... അന്വേഷണ ഉദ്യോഗസ്ഥന്റെ വരവ് കാത്തിരിക്കുകയാവാം ആ വ്യക്തി.
ഡപ്പിയിലെ ഒളിഞ്ഞിരിക്കുന്ന "നിധി'
സാഹചര്യതെളിവുകളേക്കാള് അന്വേഷണസംഘത്തിന് പ്രാധാന്യം ശാസ്ത്രീയ തെളിവുകളാണ്. ജോളി സയനൈഡ് നല്കി ആറു പേരെയും കൊലപ്പെടുത്തിയെങ്കില്‍ സയനൈഡിന്റെ ബാക്കി വീടിനുള്ളില്‍ എവിടെയെങ്കിലും അവശേഷിച്ചിട്ടുണ്ടാവും. ആറു പേരുടെ കൊലപാതകത്തിന് ശേഷവും രണ്ടുപേരെ കൂടി ജോളി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിനേയും ജോളിയുടെ സുഹൃത്തായ ബിഎസ്എന്‍എല്‍ ജീവനക്കാരന്റെ ഭാര്യയേയും. ഇവരെ കൊല്ലാന്‍ തീരുമാനിച്ചതും സയനൈഡ് നല്‍കിയാണെന്ന് ജോളി മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
അങ്ങനെയെങ്കില്‍ സയനൈഡ് എവിടെയാണുള്ളത്. ജോളിയുമായി അന്വേഷണസംഘം പൊന്നാമറ്റത്ത് വീട്ടില്‍ എത്തിയപ്പോള്‍ അന്വേഷണസംഘം തിരഞ്ഞതും ആ സയനൈഡായിരുന്നു. ഒടുവില്‍ ജോളി തന്നെ അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ച വായുഗുളികയുടെ ഡപ്പി അന്വേഷണ ഉദ്യോഗസ്ഥന് എടുത്തു നല്കി. വെളുത്ത നിറമുള്ള പൊടി സയനൈഡാകാനുള്ള സാധ്യത ഏറെയാണ്. ഇത് ഫോറന്‍സിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്. പരിശോധനാഫലത്തില്‍ സയനൈഡാണെന്ന് തെളിഞ്ഞാല്‍ ജോളിക്കുമേലുള്ള ഏറ്റവും നിര്‍ണായകമായ തെളിവായി അത് മാറും.
അതേസമയം ചോദ്യം ചെയ്യലിനിടെ ജോളി ആത്മഹത്യക്കൊരുങ്ങിയതായി ഒരു തവണ തുറന്നു പറഞ്ഞിരുന്നു. സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. അങ്ങനെയെങ്കില്‍ ആ സയനൈഡ് എവിടെയാണെന്ന ചോദ്യം ജോളിയെ വീണ്ടും പൊന്നാമറ്റത്തെത്തിച്ചു. ഇവിടെ അടുക്കളയില്‍ പാത്രങ്ങള്‍ക്കടിയില്‍ തുണിയില്‍ സൂക്ഷിച്ച സയനൈഡ് ജോളി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ എടുത്തു നല്കി. ഇത് സയനൈഡാണെന്ന് വിദഗ്ധസംഘവും അപ്പോള്‍ തന്നെ സ്ഥിരീകരിച്ചു. ജോളി മറ്റു ചിലരെ അപായപ്പെടുത്തുന്നതിനു കൂടിയായിരുന്നു ഈ സയനൈഡ് സൂക്ഷിച്ചിരുന്നത്. ഈ രണ്ടു തെളിവുകളും അന്വേഷണത്തില്‍ നിര്‍ണായകമാണ്.
പ്രതീക്ഷ 35 പേരില്‍
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തില്‍ ഉള്ള 35 അംഗസംഘമാണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്. അന്വേഷണസംഘത്തിന്റെ മേല്‍നോട്ടച്ചുമതല ഉത്തരമേഖല ഐജി അശോക് യാദവിനാണ്. കണ്ണൂര്‍ എഎസ്പി ഡി. ശില്‍പ്പ , നാദാപുരം എഎസ്പി അങ്കിത് അശോകന്, താമരശേരി ഡിവൈഎസ്പി കെ.പി. അബ്ദുള്‍ റസാക്ക്, തലശ്ശേരി ഡിവൈഎസ്പി കെ.വി. വേണുഗോപാല്‍ , കോഴിക്കോട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് എസ്എച്ച്ഒ സി. ശിവപ്രസാദ് , പോലീസ് ആസ്ഥാനത്തെ ഹൈ ടെക് സെല്‍ ഇന്‍സ്പെക്ടര്‍ സ്റ്റാര്‍മോന്‍ ആര്. പിള്ള എന്നിവരെയാണ് പുതുതായി സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അന്വേഷണത്തിന് സാങ്കേതികസഹായം നല്‍കുന്നതിന് ഐസിടി വിഭാഗം പോലീസ് സൂപ്രണ്ട് ഡോ. വി.ദിവ്യ ഗോപിനാഥിന്റെ നതൃത്വത്തില്‍ പ്രത്യേകസംഘം ഉണ്ടായിരിക്കും. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍, ഫിംഗര്‍ പ്രിന്റ് ബ്യൂറോ ഡയറക്ടര്‍ , കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ , കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ബയോളജി വിഭാഗം മേധാവി, തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സീറോളജി വിഭാഗം മേധാവി, തൃശൂര്‍ കേരളാ പോലീസ് അക്കാദമിയിലെ ഫോറന്‍സിക് വിഭാഗം മേധാവിയും ജോയിന്റ് ഡയറക്ടറുമായ പി.ഷാജി എന്നിവരാണ് അംഗങ്ങള്‍.
ക്ലൈമാക്സിനായി കാത്തിരിക്കാം ...
കൊടും ക്രൂരതയുടെ കല്ലറ നീക്കി പുറത്തു വന്ന സത്യം കോടതിയില്‍ എന്താകും. മുഖ്യപ്രതിയായ ജോളിയെ കാത്തിരിക്കുന്ന ശിക്ഷ എന്ത് ? 17 വര്‍ഷം മുമ്പ് തുടങ്ങിയ കൊലപാതക പരമ്പരയുടെ ക്ലൈമാക്സില്‍ ജോളിക്ക് നീതി പീഠം നല്കുന്ന ശിക്ഷയെ കുറിച്ചാണ് ഏവരുടേയും ആകാംക്ഷ. അതിനുള്ളില്‍ അന്വേഷണസംഘത്തിന് ചെയ്ത് തീര്‍ക്കാനുള്ള കടമ്പകളേറെയാണ്. 90 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ജോളിക്ക് സ്വാഭാവിക ജാമ്യം ലഭിക്കും.
അതിനു മുമ്പേ പഴുതടച്ചുള്ള കുറ്റപത്രം തയാറാക്കുകയാണ് ഏറ്റവും വലിയ ദൗത്യം. സാക്ഷിമൊഴികളും സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളുമുള്‍പ്പെടെ സര്‍വവും എഴുതിച്ചേര്‍ത്ത സമ്പൂര്‍ണ കുറ്റപത്രത്തിന് മാത്രമേ ജോളിയെ ‘ശിക്ഷിക്കാനാവൂ'. ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ ആറു കുറ്റപത്രങ്ങളാണ് പോലീസ് തയാറാക്കുന്നത്. ഇവയിലേക്കുള്ള തെളിവുകളും ശേഖരിച്ചുവരികയാണ്.
കോടതിയില്‍ ജോളിയ്ക്ക് വേണ്ടി ഹാജരാകുന്നത് ക്രിമിനല്‍ അഭിഭാഷകനായ ബി.എ. ആളൂരാണ്. സൗമ്യ കൊലക്കേസിലും ജിഷ കൊലക്കേസിലും പ്രതികള്‍ക്ക് വേണ്ടി ഹാജരായിരുന്നയാളാണ് ആളൂര്‍. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാവുകയും സുപ്രീംകോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഏഴുവര്‍ഷം തടവാക്കി ചുരുക്കുകയും ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെ പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി നിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനു വേണ്ടിയും ആളൂര്‍ ഹാജരായിരുന്നു. സമൂഹമനസാക്ഷിയെ ഞെട്ടിക്കും വിധത്തിലുള്ള ഈ രണ്ടു കേസുകളിലേയും പ്രതികളുടെ ‘രക്ഷകനായി' എത്തിയ ആളൂര്‍ ജോളിക്കു വേണ്ടി ഹാജരാകുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിന് കരുത്തനായ പ്രതിയോഗിയെയാണ് സര്‍ക്കാര്‍ നിയമിക്കേണ്ടത്. അല്ലെങ്കില്‍ ഗോവിന്ദചാമിക്കും അമീര്‍ ഉള് ഇസ്ലാമിനും പിന്നാലെ ജോളിയും നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടും.
(അവസാനിച്ചു)
നിറതോക്കുമായി ഇറങ്ങുന്ന ഗോൾഡൻ സ്റ്റേറ്റ് കില്ലർ
സൂര്യനാരായണൻ
അവസാനം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. എന്നാൽ ഇത് തങ്ങൾ അന്വേഷിച്ച് കൊണ്ടിരിക്കുന്ന വ്യക്തിയാണെന്ന് പോലീസിന് അറിയില്ലായിരുന്നു. സാക്രാമെന്റോയിൽ വച്ചായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് കണ്ടെത്തിയത്. അതേസമയം വാർത്ത പുറത്തുവന്നതോടെ കലിഫോർണിയ മുഴുവൻ കടുത്ത ഭയത്തിലാണ്. 40 വർഷത്തോളമായി കലിഫോർണിയ പോലീസ് ഒരു കുറ്റവാളിയെ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അയാളുടെ പേരോ മേൽവിലാസമോ പോലും പോലീസിന് അറിയില്ലായിരുന്നു എന്നതാണ് രസകരമായ കാര്യം. എന്നാൽ അയാൾ എന്തെല്ലാമാണ് ചെയ്തു കൂട്ടിയതെന്ന് അറിഞ്ഞാൽ അമേരിക്ക വിറച്ചുപോകും. അതാലോചിക്കാൻ പോലും പലർക്കും ഭയമാണ്. 1970-80കളിലായി രാജ്യത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ സീരിയൽ കില്ലറെയായിരുന്നു പോലീസ്തെരഞ്ഞുകൊണ്ടിരുന്നത്.
ഗോൾഡൻ സ്റ്റേറ്റ് കില്ലറെന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ജോസഫ് ജയിംസ് ഡിആഞ്ചലോ എന്നാണ് മുഴുവൻ പേര്. എന്നാൽ ആർക്കും ഇയാളുടെ പേരോ രൂപമോ മറ്റു വിവരങ്ങളോ ലഭ്യമായിരുന്നില്ല. 51 സ്ത്രീകളെയാണ് ഇയാൾ ബലാത്സംഗം ചെയ്തത്. വിയറ്റ്നാം യുദ്ധത്തിൽ സിഐഎയ്ക്ക് വേണ്ടി സൈനിക വൃത്തി നടത്തിയിട്ടുണ്ട് ഡിആഞ്ചലോ. ഇവിടെ നിന്നാണ് ക്രൂരമായി ആളുകളെ കൊല്ലുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുന്ന തരത്തിലേക്ക് ഇയാൾ വളർന്നത്. ഡിആഞ്ചലോ പോലീസ് വിഭാഗത്തിനുള്ളിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നതെന്ന് എഫ്ബിഐ പറയുന്നു.
നിറച്ച തോക്കുമായിട്ടാണ് ഇയാൾ രാത്രിയിൽ ഇരകളെ തേടി ഇറങ്ങുന്നത്. മുഖംമൂടി ധരിച്ച് വീടുകളുടെ വാതിൽ തല്ലിത്തകർത്താണ് അകത്ത് കയറുക. അധികവും ഒരു സ്ത്രീ മാത്രം തനിച്ച് താമസിക്കുന്ന വീട്ടിലാണ് അതിക്രമം നടക്കുക. സ്ത്രീകളെ അതിക്രൂരമായിട്ടാണ് ഇയാൾ ബലാത്സംഗം ചെയ്യുക. വീട്ടിൽ പുരുഷനുണ്ടെങ്കിൽ ഇയാളെ തല്ലിച്ചതച്ച ശേഷം അടുക്കളയിലെ പാത്രങ്ങൾ ഇയാളുടെ പിൻവശത്ത് അടുക്കിവയ്ക്കും. ഇത് വീഴുകയാണെങ്കിൽ അയാളെ ആ നിമിഷം വെടിവെച്ച് കൊല്ലും. തുടർന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് അതി ക്രൂരമായി കൊല്ലുകയാണ് പതിവ്. പലരെയും പിന്തുടർന്ന് കൊല്ലുന്ന ശീലവും ഇയാൾക്കുണ്ടായിരുന്നു. അതേസമയം ഇയാൾ ബലാത്സംഗം ചെയ്ത ഒരു സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
ഇയാളൊരു സാഡിസ്റ്റാണെന്ന് പോലീസ് രേഖകൾ പറയുന്നു. ക്രൂരമായി പീഡിപ്പിച്ചു കഴിഞ്ഞ ശേഷം കൊല്ലുന്നവരിൽ നിന്ന് ഇയാൾ പണം തട്ടിയെടുക്കാറുണ്ട്. 13നും 41നും ഇടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടതിൽ അധികവും. അതായത് ചെറിയ കുട്ടികളെ പോലും കൊല്ലുന്നതിൽ ഇയാൾക്ക് ഒരു മടിയും ഇല്ലായിരുന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്തത് നാലുപേരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്. 1978ൽ ബ്രയാൻ കാറ്റി മാഗിയോർ ദന്പതിമാരെ ക്രൂരമായി കൊലപ്പെടുത്തിയതാണ് ആദ്യത്തെകേസ്. ലൈമാൻ, ചാർലീൻ സ്മിത്ത് എന്നിവരെ 1980 കളിൽ കൊലപ്പെടുത്തിയെന്നതാണ് രണ്ടാമത്തെ കേസ്. അതേസമയം 40 വർഷത്തിന് ശേഷം മാത്രമാണ് ഈ കേസുകളിൽ തുന്പുണ്ടാക്കാൻ എഫ്ബിഐക്ക് സാധിച്ചിരിക്കുന്നത്.
ഡിആഞ്ചലോ 120ലധികം കവർച്ചകളും നടത്തിയിട്ടുണ്ട്. മുന്‍പുണ്ടായിരുന്ന സംഭവങ്ങളുമായി ഇയാളുടെ ഡിഎൻഎ മാച്ചാവുന്നുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. നേരത്തെ ഈ കേസിൽ പ്രതിയെ കണ്ടെത്തുന്നവർക്ക് 50000 ഡോളർ എഫ്ബിഐ വാഗ്ദാനം ചെയ്തിരുന്നു. അതേസമയം ഏതാനും മാസങ്ങൾക്ക് മുന്‍പാണ് പ്രതി തങ്ങളുടെ മൂക്കിൻ തുന്പത്ത് തന്നെയാണ് ജീവിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയത്. തുടർന്ന് ഇയാളെ നിരീക്ഷിച്ച ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഡിആഞ്ചലോയ്ക്ക് മൂന്ന് പെണ്‍കുട്ടികളുണ്ട്. ഭാര്യയുമായി പിരിഞ്ഞാണ് ഇയാൾ താമസിക്കുന്നത്. ഇവരുടെ വിവാഹമോചനവും കഴിഞ്ഞതാണ്.ഡിആഞ്ചലോയെ പിടിച്ചതറിഞ്ഞ് കലിഫോർണിയ ഭയന്നു വിറയ്ക്കുകയാണെന്ന് എഫ്ബിഐ സ്പെഷൽ ഏജന്റ് മാർകസ് നസ്റ്റണ്‍ പറഞ്ഞു. തങ്ങൾക്കിടയിലാണ് ഇയാൾ ജീവിക്കുന്നതെന്ന് ഇവർക്ക് ഇത്രയും കാലം മനസിലായിട്ടില്ലായിരുന്നു. പലരും നേരത്തെ സ്വയരക്ഷക്കയ്ക്കായി തോക്ക് വാങ്ങിയത് ഇയാളെ പേടിച്ചിട്ടാണെന്ന് എഫ്ബിഐ പറയുന്നു. ഇയാളെ നേരത്തെ ഓബോണ്‍ പോലീസ് വിഭാഗം പുറത്താക്കിയതാണ്.
ഇയാൾ സാൻഫ്രാൻസിസ്കോ, സാക്രാമെൻഡോ, കലിഫോർണിയ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടത്തിയിരുന്നത്. 1986ലാണ് ഇയാളുടെ പേരിലുള്ള കേസ് അവസാനമായി റിപ്പോർട്ട് ചെയ്തത്. ഇതിന് ശേഷം പോലീസ് ഇയാളുടെ താവളത്തിനായി തിരച്ചിൽ നടത്തിയിരുന്നു. അതിനിടയിലാണ് ഇയാളെ കുറിച്ച് പോലീസ് കണ്ടെത്തുന്നത്. എന്നാൽ സമീപവാസികൾക്ക് ഇയാളെ കുറിച്ച് പറയാൻ നല്ലത് മാത്രമേയുള്ളൂ.
സ്ത്രീകൾ തനിച്ചുള്ള വീടുകളിൽ കൊടുംകുറ്റവാളി
ഉച്ചകഴിഞ്ഞുള്ള സമയത്ത് സ്ത്രീകൾ തനിച്ചുള്ള വീടുകളിൽ കടന്നുചെന്ന് സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം അവരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന കൊടുംകുറ്റവാളി. 42കാരൻ ആയ ഖമറുസ്മാൻ സർക്കാർ ആണ് കൊടുംകുറ്റവാളി. പശ്ചിമബംഗാളിലെ ബുർദ്വാനിൽ നിന്നും അവസാനം പിടിയിലായി. . പുതുൽ മാജി എന്ന സ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഖമറുസ്മാൻ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.2013 മുതൽ നടന്ന നിരവധി കൊലപാതകങ്ങളിൽ ഇയാൾ പ്രതിയാണ്.
ചെറുകിട വ്യാപാരിയാണ് ഖമറുസ്മാൻ.നന്നായി വേഷം ധരിച്ച് പ്രത്യക്ഷപ്പെടുന്ന ഇയാൾ ഇലക്ട്രിസിറ്റി മീറ്റർ റീഡിംഗ് ് നോക്കാനെന്ന വ്യാജേന സ്ത്രീകൾ തനിച്ചുള്ള വീടുകളിൽ കടന്നു ചെല്ലും.കയ്യിൽ കരുതിയിരിക്കുന്ന സൈക്കിൾ ചെയിനോ ഇരുന്പ് വടിയോ ഉപയോഗിച്ച് വീട്ടുകാരിയെ കൊലപ്പെടുത്തും. വീട്ടിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച ശേഷം രക്ഷപ്പെടാറുണ്ടെങ്കിലും മോഷണമല്ല ഇയാളുടെ പ്രാഥമികലക്ഷ്യം. മധ്യവയസ്കരായ സ്ത്രീകളെയാണ് ഇയാൾ ഉന്നം വയ്ക്കുക. കൊലപ്പെടുത്തിയ ചില സ്ത്രീകളുടെ രഹസ്യഭാഗങ്ങളിൽ ഇയാൾ മൂർച്ചയേറിയ ആയുധങ്ങൾ കടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ് ഖമറുസ്മാൻ.
( തുടരും)