ദുരൂഹതയുമായി പത്ത് മരണങ്ങള്...
Wednesday, October 16, 2019 3:17 PM IST
കെ. ഷിന്റുലാല്‍
കുറ്റകൃത്യങ്ങളിലേര്‍പ്പെടുമ്പോള്‍ പിടിക്കപ്പെടാനുള്ള സാധ്യതകളാണ് ഏതൊരു ക്രിമിനലിനേയും വേട്ടയാടുന്നത്. തന്ത്രപരമായുള്ള ഓരോ നീക്കവും ഇതിന്റെ ഭാഗമാണ്. ഭയചിത്തതയോടെയും എപ്പോഴെങ്കിലും പിടിക്കപ്പെടുമെന്നുള്ള തോന്നലോടെയും അവര്‍ ആ കൃത്യം നിര്‍വഹിച്ചു തീര്‍ക്കും. എന്നാല്‍ അതില്‍ അസ്വാഭാവികത കണ്ടെത്താന്‍ നാട്ടുകാര്‍ക്കോ പിടികൂടാന്‍ പോലീസ് സംവിധാനത്തിനോ കഴിഞ്ഞില്ലെങ്കില്‍ കുറ്റവാളിയില്‍ ആത്മവിശ്വാസത്തിന്റെ വിത്ത് മുളച്ചു തുടങ്ങും. വര്‍ഷങ്ങള്‍ കഴിയും തോറും പഴകിയ വീഞ്ഞുപോലെ ആ ചിന്തകള്‍ക്ക് വീര്യം കൂൂടിക്കൂടി വരും. പിന്നെ അടുത്ത കുറ്റകൃത്യം നടത്തുമ്പോള്‍ ആദ്യത്തേതിനേക്കാള്‍ മനോധൈര്യമാണുണ്ടാവുക. സംശയത്തിന്റെ മുനകള്‍ തന്നിലേക്ക് നീങ്ങുന്നില്ലെന്ന് തിരിച്ചറഞ്ഞാല്‍ സ്വാഭാവികമായും കൊടുംക്രിമിനലായി മാറും... കേരള പോലീസിന്റെ ചരിത്രം പരിശോധിച്ചാല്‍ ക്രിമിനലുകളായി മാറിയ പ്രതികള്‍ക്കു പിന്നിലെല്ലാം ഇത്തരം കഥകളാണുള്ളത്. കണ്ണൂരിലെ സൗമ്യയും കൂടത്തായിയിലെ ജോളിയും ഇതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ്.
മറ്റു നാലു മരണങ്ങള് ...
ജോളിയുടെ കൈകളാലോ ?
അത് വെറുമൊരു സംശയങ്ങളല്ല ...ഒന്നിനു പുറകെ ഒന്നായി പുറത്തുവരുന്ന സത്യങ്ങളില്‍ നിന്നുയര്‍ന്ന ചിന്തകളാണ്... ആറു പേരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവം പുറത്തറിഞ്ഞതോടെയാണ് മറ്റു പല മരണങ്ങളിലുമുള്ള ദുരൂഹതയെ കുറിച്ച് കുടുംബാംഗങ്ങള്‍ ചിന്തിച്ചു തുടങ്ങിയത്. ജോളിയുമായി കൂട്ടിവായിക്കുമ്പോള്‍ ദുരൂഹതയുടെ നിഴലുകള്‍ ഈ മരണങ്ങള്‍ക്കു പിന്നിലുമുണ്ടായിരുന്നു. പൊന്നാമറ്റത്ത് ദമ്പതികളുള്‍പ്പെടെയുള്ള ആറു പേരുടെ കൊലപാതകത്തിനു പുറമേ നാലു മരണങ്ങളിലാണ് ജോളിയുടെ പങ്കുണ്ടെന്ന സംശയമുയരുന്നത്. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
പൊന്നാമറ്റത്ത് നിന്നുയരുന്ന സംശയങ്ങള്‍
ആറു പേരെ ജോളി കൊലപ്പെടുത്തിയ പൊന്നാമറ്റം തറവാട്ടില്‍ നിന്നുള്ള രണ്ടു യുവാക്കളുടെ മരണങ്ങളിലാണ് ദുരൂഹത ഏറെയും ഉയര്‍ന്നുവരുന്നത്. മരിച്ച പൊന്നാമറ്റം ടോം തോമസിന്റെ സഹോദരന്മാരുടെ മക്കളായ സുനീഷ് (28), ഉണ്ണി (വിന്‍സന്റ്, 24) എന്നിവരുടെ മരണത്തിലാണ് ചില സംശയങ്ങളുള്ളത്. പൊന്നാമറ്റം അഗസ്റ്റിന്റെ മകന് വിന്‍സന്റിനെ 2002 ഓഗസ്റ്റ് 24നു കോടഞ്ചേരി പുലിക്കയത്തെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ടോമിന്റെ മറ്റൊരു സഹോദരന് ഡൊമിനിക്കിന്റെ മകന് സുനീഷ് 2008 ജനുവരി 15നു കോടഞ്ചേരി കുരങ്ങന്പാറയ്ക്കു സമീപം ബൈക്ക് അപകടത്തിലാണു മരിച്ചത്. ആ വര്‍ഷം ഓഗസ്റ്റിലായിരുന്നു ടോം തോമസിന്റെ ദുരൂഹമരണം. മരിച്ച രണ്ടു യുവാക്കള്‍ക്കും ജോളിയുമായി അടുത്തബന്ധമായിരുന്നുള്ളത്. ഈ ബന്ധമാണ് ജോളിയിലേക്കുള്ള സംശയത്തിനും കാരണമായത്. പൊന്നാമറ്റത്തെ അന്നമ്മയുടെ ശവസംസ്കാര ചടങ്ങുകള്‍ നടന്ന ദിവസം വൈകിട്ടാണ് വീടിന്റെ കിടപ്പുമുറിയില്‍ വിന്‍സന്റിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉയരം കുറഞ്ഞ കിടപ്പുമുറിയില്‍ തൂങ്ങിയ വിന്‍സന്റിന്റെ കാല്‍മുട്ടുകള്‍ കിടക്കയില്‍ തട്ടിയ നിലയിലായിരുന്നു.
24 ന് രാവിലെ ഏഴരയ്ക്കും വൈകിട്ട് നാലിനുമിടയില്‍ മരിച്ചെന്നായിരുന്നു എഫ്ഐആറില്‍ ഉണ്ടായിരുന്നത്. മരണം സംഭവിച്ച് പിറ്റേന്നായിരുന്നു വിവരം പോലീസിനെ അറിയിച്ചത്. അന്നമ്മ മരിച്ചിടത്ത് വിന്‍സന്റിന്റെ സാന്നിധ്യമില്ലാത്തതും കിടപ്പുമറിയില്‍ തൂങ്ങിയ നിലയില്‍ കണ്ട സാഹചര്യവുമാണിപ്പോള്‍ സംശയത്തിലേക്ക് നയിക്കുന്നത്. ടോമിന്റെ മറ്റൊരു സഹോദരന് ഡൊമിനിക്കിന്റെ മകന് സുനീഷിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് പറഞ്ഞ് അമ്മ എല്‍സമ്മയാണ് രംഗത്തെത്തിയിരിക്കുന്നത്. എല്‍സമ്മയുടെ മൂന്നുമക്കളില്‍ ഏകമകനാണ് സുനീഷ്. വീടിനു മൂന്ന് കിലോമീറ്റര്‍ അകലെ കുരങ്ങന്‍പാറയില്‍ രാത്രി ഒന്‍പത് മണിക്കുണ്ടായ അപകടത്തിലാണു സുനീഷ് മരിച്ചത്. ബൈക്ക് മറിഞ്ഞ് തല കല്ലില്‍ ഇടിച്ചതാണെന്നാണു പറഞ്ഞത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുനീഷ് മരിച്ചത്. സുനീഷിന്റെ തലയ്ക്ക് ആഴത്തില്‍ മുറിവുണ്ടായിരുന്നു. ഇത് ബൈക്ക് അപകടത്തില്പെട്ടിട്ടല്ലെന്നായിരുന്നു പരിശോധിച്ച ഡോക്ടര്‍ പറഞ്ഞിരുന്നത്. അതേസമയം സുനീഷ് മരിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് ജോളി തന്റെ വീടിന് സമീപത്തുള്ള ബന്ധുവീട്ടില്‍ വന്നിരുന്നതായും എല്‍സമ്മ ഓര്മക്കുന്നു. ഇവിടെ വച്ച് ജോളിയും സുനീഷും തമ്മില്‍ സംസാരിക്കുകയും ചെയ്തിരുന്നു. സുനീഷ് പലരില്‍ നിന്നായി 10 ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. മരണശേഷം 41 സെന്റ് സ്ഥലം വിറ്റാണു കടം വീട്ടിയതെന്നും എല്‍സമ്മ പറഞ്ഞു.
ഡയറിക്കുള്ളിലെ "രഹസ്യം'
സുനീഷിന് ഡയറി എഴുതുന്നത് ശീലമായിരുന്നു. മരിച്ചതിന് ശേഷം വീട്ടുകാര്‍ ഈ ഡയറി പരിശോധിച്ചു. ഡയറിക്കുള്ളിലെ വാക്കുകളാണ് സംശയത്തിലേക്ക് നയിച്ചത്. "തന്റെ ജീവിതം വളരെ കഷ്ടതയിലാണെന്നും കെണിയില്‍ കുടുങ്ങിയെന്നും ആരും ഇങ്ങനെ ജീവിക്കരുതെന്നുമാണ് ' സുനീഷ് എഴുതിയിരുന്നത്. കൂടാതെ സുനീഷിന്റെ ഡയറിയില്‍ പലയിടത്തായി "ജോളി' എന്നെഴുതിയതായും പറയുന്നുണ്ട്. കൂടാതെ അന്നമ്മയുടെ മരണത്തിനു പിന്നാലെ രാത്രി വൈകുവോളം സുനീഷും വിന്‍സന്റും സംസാരിച്ചിരുന്നു.
ജോളിയുമായി ഇരുവര്‍ക്കും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. "ജോളിയറിയാതെ ഒന്നും നടക്കില്ല' എന്നു സംസ്കാരത്തിനെത്തിയ ഒരു ബന്ധു പറഞ്ഞെങ്കിലും അന്നു കാര്യമാക്കിയില്ലെന്നുമാണിപ്പോള് പറയുന്നത്. ഈ ബന്ധുവും ജോളിയുടെ സയനൈഡ് കൊലയ്ക്ക് ഇരയായി. ഇപ്പോള്‍ ഈ രണ്ടു സംഭവങ്ങളിലും സമഗ്ര അന്വേഷണം വേണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
രാമകൃഷ്ണനും 55 ലക്ഷവും ...
2016 ലാണ് ചാത്തമംഗലം മണ്ണിലിടത്തില്‍ രാമകൃഷ്ണന് മരിച്ചത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും വാഹനകച്ചവടവും ഉണ്ടായിരുന്ന രാമകൃഷ്ണന് ജോളിയുമായി ബന്ധമുണ്ടായിരുന്നു. അമ്പലക്കണ്ടിയിലെ മജീദും എന്‍ഐടിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന അദ്ദേഹത്തിന്റെ ഭാര്യ സുലൈഖയുമായിരുന്നു രാമകൃഷ്ണന്റെ ഉറ്റ സുഹൃത്തുക്കള്‍ . ഇവരുമായി സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നു. ഇവര്‍ക്കാണെങ്കില്‍ ജോളിയുമായും അടുത്ത ബന്ധമായിരുന്നുള്ളത്. ഇതാണ് സംശയത്തിനിടയാക്കുന്നത്. രാമകൃഷ്ണന് മരിക്കുന്നതിനു മുമ്പ് അഞ്ചര ഏക്കര്‍ സ്ഥലം 55 ലക്ഷം രൂപയ്ക്ക് വില്പന നടത്തിയിരുന്നു. എന്നാല്‍ ഈ തുക കൈയിലുണ്ടായിരുന്നില്ല. വീട്ടിലെ കാര്യത്തിനും ഈ തുക ചെലവാക്കിയിരുന്നില്ലെന്ന് രാമകൃഷ്ണന്റെ മകന് രോഹിത് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നുണ്ട്. നേരത്തെ തന്നെ കൂടത്തായി കേസ് അന്വേഷിക്കുന്ന സംഘത്തിന് ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നു. മകന് റൂറല്‍ പോലീസ് മേധാവി കെ.ജി. സൈമണാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പരാതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരിക്കുകയാണ്. രാമകൃഷ്ണന് താമസിക്കുന്നത് സിറ്റി പോലീസ് പരിധിയിലായതിനാലാണ് കേസ് കൈമാറിയത്. ഇപ്പോള്‍ ഡിസിആര്‍ബി അസി.കമ്മീഷണര്‍ ടി.പി. രഞ്ജിത്താണ് കേസന്വേഷിക്കുന്നത്. ആദ്യഘട്ടത്തില്‍ ജോളിയെ അറിയില്ലെന്നായിരുന്നു സുലേഖ പറഞ്ഞത്. എന്നാല്‍ ചോദ്യം ചെയ്തപ്പോള്‍ അറിയാമെന്ന് അന്വേഷണഉദ്യോഗസ്ഥനോട് സമ്മതിച്ചു. അതേസമയം മൂന്നുവര്‍ഷം മുമ്പുള്ള സംഭവമായതിനാല്‍ കൂടത്തായി കേസിനു സമാനമായി തെളിവുകള്‍ക്ക് വേണ്ടി പരിശോധന നടത്തേണ്ടതായി വരുമെന്നും ഇത് സങ്കീര്‍ണമാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്ജ് അറിയിച്ചു. രാമകൃഷ്ണന്റെ മരണം സ്വാഭാവികമല്ലെന്നും ആസൂത്രിതമാണെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
ഇമ്പിച്ചുണ്ണിയും ?
കൂടത്തായി കൂട്ടമരണങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് പൊന്നാമറ്റം വീടിന് സമീപത്ത് താമസിക്കുന്ന ഇമ്പിച്ചുണ്ണി മരിച്ചത്. 2018 ഓഗസ്റ്റ് 15 നാണ് ബീച്ചു എന്ന അമ്പലക്കുന്ന് ഇമ്പിച്ചുണ്ണിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊന്നാമറ്റത്ത് റോയിയുമായും കുടുംബവുമായും അടുത്തബന്ധമുള്ളയാളാണ് ഇമ്പിച്ചുണ്ണിയെന്ന് നാട്ടുകാര്‍ പറയുന്നു. ഇതാണ് മരണത്തിലെ ദുരൂഹതയിലേക്കും വിരൽ ചൂണ്ടുന്നത്. 14 ന് ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി മുറിയില്‍ കിടന്നുറങ്ങിയ ഇമ്പിച്ചുണ്ണിയെ രാവിലൊണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടന്നിടത്ത് രക്തം ഛര്‍ദിച്ചതായും കണ്ടിരുന്നു. ടോയ്ലറ്റിലും ഛര്‍ദിച്ചതിന്റെ അടയാളങ്ങളുണ്ടായിരുന്നു.
അതീജിവിച്ച അഞ്ചുപേര്‍
പൊന്നാമറ്റം കുടുംബത്തിലെ ഒന്നര വയസ്സുള്ള ആല്‍ഫൈനെ കൊലപ്പെടുത്തിയ ശേഷം ജോളി അഞ്ചു പെണ്‍കുട്ടികളെ കൂടി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. സയനൈഡ് പ്രയോഗത്തില്‍ നിന്ന് തലനാരീഴയ്ക്ക് രക്ഷപ്പെട്ടവരാണ് അഞ്ചു പെണ്‍കുട്ടികളും. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മക്കളെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ആദ്യഭര്‍ത്താവ് റോയി തോമസിന്റെ സഹോദരി റെഞ്ചി തോമസിന്റെ മകളെയും, വ്യാജ ഒസ്യത്ത് തയാറാക്കാന്‍ ഒത്താശ ചെയ്ത തഹസില്‍ദാര്‍ ജയശ്രീയുടെ മകളെയുമാണ് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചത്.
ജയശ്രീയും ജോളിയും തമ്മിൽ ഉറ്റബന്ധമാണുള്ളത്. കേസന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ജയശ്രീ കെട്ടിച്ചമച്ച കഥയാണോയെന്നും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. വിദേശത്തുള്ള ഒരു പെണ്‍കുട്ടിയെ കൂടി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഈ വിവരങ്ങള്‍ ജോളിയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പേ തന്നെ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. അറസ്റ്റിന് ശേഷമാണ് മറ്റു രണ്ടു കുടുംബങ്ങള്‍ കൂടി സംശയം പ്രകടിപ്പിച്ചെത്തിയത്
.
പെണ്‍കുട്ടികള്‍ "ശാപം'
ആണ്‍കുട്ടികളെ ആയിരുന്നില്ല ഒരിക്കലും ജോളി ലക്ഷ്യം വച്ചിരുന്നത്. അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ ഭര്‍ത്താവായ ഷാജുവിന്റെ മൂത്തമകനെ കൊലപ്പെടുത്തുമായിരുന്നു. എന്നാല്‍ ഇളയമകള്‍ ആല്ഫൈനെയാണ് ജോളി കൊലപ്പെടുത്തിയത്. ഇത് ജോളിക്ക് പെണ്‍കുട്ടികളോടുള്ള വെറുപ്പിന്റെ ആദ്യ സൂചനയായിട്ടാണ് അന്വേഷണസംഘം കരുതിയത്.
എന്നാല്‍ പിന്നീടുണ്ടായ വെളിപ്പെടുത്തലുകളെല്ലാം ജോളിയിലെ പെണ്‍കുട്ടികളോടുള്ള വെറുപ്പിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ ജോളി പെണ്‍കുട്ടികളെ ഇഷ്ടമല്ലെന്ന രീതിയിലായിരുന്നു പ്രതികരിച്ചത്. റോയിയുടെ സഹോദരിയുടെ മകളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതും മനോദൗര്ബല്യത്തെ തുടര്‍ന്നാണെന്ന് അന്വേഷണസംഘം കരുതുന്നു. കൂടാതെ ജോളി മൂന്നു തവണ ഗര്‍ഭഛിദ്രം നടത്തിയിരുന്നതായുള്ള വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളോടുള്ള വെറുപ്പ് കാരണമാണോ ഇതെന്നും അന്വേഷിക്കുന്നുണ്ട്.
ഗിന്നസ് ബുക്കിൽ ഇടം പിടിച്ച സീരിയൽ കില്ലർ
സൂര്യനാരായണൻ
ലോകം കണ്ട ഏറ്റവും നിഷ്ഠൂരമായ സീരിയൽ കില്ലർ എന്ന കുപ്രസിദ്ധിയിൽ ഗിന്നസ് ബുക്കിൽ ഇടം പിടിച്ച സ്ത്രീയാണ് ബത്തോറി. ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുള എന്ന നോവലിന്റെ രചനയ്ക്ക് പ്രചോദനമായിട്ടുള്ള ഇവർ 1603മുതൽ പിടിക്കപ്പെട്ട 1610 വരെയുള്ള കാലയളവിൽ ഏകദേശം 600 ഓളം കന്യകയായ സ്ത്രീകളെ തന്റെ ക്രൂരതയ്ക്ക് ഇരയാക്കിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. തന്റെ ക്രൂരതയാൽ ബ്ലഡ് കൗണ്ടസ് എന്നും ബ്ലഡി ഡ്രാക്കുള എന്നും അറിയപ്പെട്ടിരുന്ന ഇവർ ശരിക്കും ഒരു പിശാചിനേക്കാൾ ക്രൂര തന്നെയായിരുന്നു.
ഹംഗറിയിലെ ഒരു രാജകുടുംബത്തിൽ ജോർജ് ബത്തോറിയുടെയും അന്ന സാത്തറിന്റെയും മകളായി 1561 ൽ ആയിരുന്നു ബത്തോറി ജനിച്ചത്. സന്പന്നതയുടെ അടയാളമായി അന്നത്തെ കാലത്ത് കണ്ടിരുന്ന ലാറ്റിൻ, ജർമ്മൻ, ഗ്രീക്ക് എന്നിവ ബത്തോറിയും പഠിച്ചിരുന്നു. 15-ാം വയസിൽ ഹംഗേറിയൻ പട്ടാളത്തിലെ ഒരുന്നത ഉദ്ധ്യോഗസ്ഥനായിരുന്ന ഫെറാന്റ് നസ്നാടിയുമായി ബത്തോറി വിവാഹിതയായി. ഭർത്താവിന്റെ കുടുംബം തന്റെ കുടുംബത്തിന്റെ അത്രയും വലുതല്ലാത്തതിനാൽ അവരൊരിക്കലും തന്റെ പേര് മാറ്റിയിരുന്നില്ല. എന്നാൽ നസ്നാടിന്റെ മരണം വരെ നല്ല ഒരു ഭാര്യയായി അവർ ജീവിച്ച് പോന്നു.
1578-ൽ ഒട്ടോമൻ സാമ്രാജ്യത്വത്തിനെതിരേ പോരാടിയിരുന്ന ഹംഗേറിയൻ ആർമിയുടെ തലവനായി നസ്നാടി നിയമിതനായി.അതോടു കൂടി കുടുംബവും ഭർത്താവിന്റെ സ്വത്തുവകകളും കൈകാര്യം ചെയ്യേണ്ട ബാധ്യത ബത്തോറിക്കായി. അവർ അത് ഭംഗിയായി നിർവഹിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ 1603 ൽ അവരുടെ ഭർത്താവ് മരിച്ചു. അതോടു കൂടി 28 വർഷം നീണ്ട ദാന്പത്യം അവസാനിച്ചു.
ഭർത്താവ് മരിച്ചപ്പോൾ 43 വയസുണ്ടായിരുന്ന അവർക്കപ്പോഴും ജീവിതത്തോടുള്ള കൊതി മാറിയിരുന്നില്ല. രാജകുടുംബത്തിലായിരുന്നതു കൊണ്ട് തനിക്കു കുറച്ച് കൂടെ സൗന്ദര്യം ഉണ്ടെങ്കിൽ പ്രതാപവും അധികാരവും തന്റെ കൈയിൽ എത്തിച്ചേരുമെന്ന് അവർ കണക്ക് കൂട്ടി. അങ്ങനെയിരിക്കേ അവരുടെ വീട്ടിലെ വേലക്കാരിക്ക് ഒരപകടം സംഭവിച്ചു, യാദൃച്ഛികമായി കുറച്ച് രക്തം അവരുടെ ദേഹത്തും തെറിക്കുകയുണ്ടായി. ആ രക്തം വീണ ഭാഗം ചെറുപ്പമായതു പോലെ തോന്നിയ അവർക്ക് മുന്നിൽ പുതിയ ഒരു വഴി തുറന്നു കിട്ടിയതു പോലെ തോന്നി. കുടുംബ ഭിഷഗ്വരന്മാരും ഈ വഴിയെ അനുകൂലിച്ചതോടു കൂടി ക്രൂരതയുടെ ഒരു പുതിയ അധ്യായം അവിടെ തുറന്നു. പ്രകൃതി തന്നിൽ തിന്ന് തിരിച്ചെടുത്ത തന്റെ യൗവനം തിരിച്ചെടുക്കാനുള്ള ഒരു മാർഗമായിട്ടാണ് അവർ ഇതിനെ കണ്ടത്..
ഇതിനു ശേഷം തന്റെ വിശ്വസ്തരേയും കൂട്ടി രാത്രി കാലങ്ങളിൽ കന്യകമാരായ യുവതികളേയും തേടി അവർ ഇറങ്ങി. അവരുടെ ചതിയിലകപ്പെട്ട പെണ്‍കുട്ടികളെ മയക്ക് മരുന്ന് കൊടുത്ത് കൊലപ്പെടുത്തിയതിന് ശേഷം ശരീരഭാഗങ്ങൾ വെട്ടിയെടുത്ത് ചോര കുടിച്ചിരുന്ന ഒരു തികഞ്ഞ ഡ്രാക്കുള തന്നെയായിരുന്നു ഇവർ. ശരീര ഭാഗങ്ങൾ ചില സമയങ്ങളിൽ പച്ചയ്ക്ക് കഴിക്കുകയും ചെയ്തിരുന്ന ഇവർക്ക് കന്യകമാരുടെ ചോരയിൽ കുളിക്കാൻ വളരെയധികം ഇഷ്ട്ടമായിരുന്നു.
ഏകദേശം അഞ്ച് വർഷങ്ങളായി ഈ പരിപാടി തുടർന്നെങ്കിലും തന്റെ ശരീരത്തിനു പ്രതീക്ഷിച്ച മാറ്റങ്ങൾ വരാത്തതിനാൽ അവർ നിരാശയായി. ഇരകൾ ഉന്നത കുലജാതിക്കാരല്ലാത്തതിനാലാണ് തനിക്ക് വിചാരിച്ച ഗുണം കിട്ടാത്തതെന്ന് കരുതിയ അവർ അതിനുവേണ്ടിയും ഒരുപായം കണ്ടുപിടിച്ചു. രാജകുടുംബങ്ങളിലെ അവിഹിത ബന്ധത്തിലുണ്ടായ കുട്ടികളെ വളർത്തിക്കോളാം എന്നു പറഞ്ഞ് അവർ ഏറ്റെടുത്തു. അതിലായിരുന്നു അവസാനം അവർ കുടുക്കിലായത്.
ഇങ്ങനെ വളർത്താൻ കൊടുത്ത കുറേയേറെ കുട്ടികളെ കാണാതായി. ജനങ്ങളുടെ ഇടയിൽ മുറുമുറുപ്പ് ഉണ്ടായെങ്കിലും ഇവർ രാജകുടുംബത്തിലെ ആയതിനാൽ ആരും ഇവരെ ചോദ്യം ചെയ്യാൻ മുതിർന്നില്ല. അങ്ങനെയിരിക്കേ ഒരു ദിവസം ക്രൂരതയുടെ സകല സീമകളും ലംഘിച്ച ഒരവസരത്തിൽ രക്തം കുടിച്ച് കഴിഞ്ഞ രണ്ട് മൃതദേഹങ്ങൾ ഇവർ അകത്ത് നിന്നും പുറത്തെറിഞ്ഞു. കുട്ടികളെ അന്വേഷിച്ചെത്തിയ നാട്ടുകാരുടെ മുന്നിലായിരുന്നു ഈ ശവശരീരങ്ങൾ വന്ന് വീണത്. ഇതോടു കൂടി ജനം ഇളകി. അവരുടെ കൂട്ടാളികളായിരുന്ന കുറെ പേരെ ജനം പച്ചയ്ക്ക് പിടിച്ച് കത്തിച്ചു. കൊട്ടാരം തല്ലിത്തകർത്തു. വിവരമറിഞ്ഞ് സൈന്യം വന്നെങ്കിലും ഇവർ രാജകുടുംബാംഗമായതു കൊണ്ട് അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല. വിവരമറിഞ്ഞ അന്നത്തെ ഹംഗേറിയൻ രാജാവ് മത്തേയിസ് രണ്ടാമൻ ഇവർക്കുള്ള എല്ലാ ആനുകൂല്യവും ഒഴിവാക്കി ഇവരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. അങ്ങനെ 1610-ൽ ഇവരുടെ ക്രൂരതക്ക് വിരാമമായി. രാജകുടുംബാംഗമായതിനാൽ വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട ഇവർക്ക് പരോളില്ലാത്ത ജീവിതാവസാനം വരെയുള്ള തടവാണ് ശിക്ഷയായി കിട്ടിയത്. 1614ൽ തടവറയിൽ വച്ചു തന്നെ ഇവർ മരണപ്പെട്ടു. ലോകം കണ്ട ഏറ്റവും ക്രൂരയായ സ്ത്രീയായിട്ടായിരുന്നു ഗിന്നസ് ഇവരെ പരിചയപ്പെടുത്തിയത്.
(തുടരും)