"പാപക്കറ' മായ്ക്കാന്‍ ക്രൈംബ്രാഞ്ച്
Monday, October 14, 2019 2:57 PM IST
കെ.ഷിന്റുലാല്‍
പോലീസ് വരുത്തിത്തീര്‍ത്ത "പാപക്കറ' മായ്ക്കുകയെന്ന ലക്ഷ്യത്തോടു കൂടി പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കുകയെന്ന ദൗത്യവുമായാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുന്നത്. റോയ്തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ അംശമുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടും കൂടുതല്‍ അന്വേഷണം നടത്താതെ കേസൊതുക്കിത്തീര്ത്ത റൂറല്‍ പോലീസിന്റെ ഭാഗമായിരുന്നു ജില്ലാ ക്രൈംബ്രാഞ്ചും. കോടഞ്ചേരി പോലീസിന് അക്കാലത്ത് സംഭവിച്ച വീഴ്ച തിരുത്താന്‍ ഐജി ലോക്കല്‍ പോലീസിന്റെ ഭാഗമായ ജില്ലാ ക്രൈംബ്രാഞ്ചിനെ തന്നെ ചുമതലപ്പെടുത്തിയതും സത്യം പുറത്തുകൊണ്ടുവരാനാവുമെന്ന പ്രതീക്ഷയോടെയായിരുന്നു.
റൂറല്‍ എസ്പി കെ.ജി. സൈമണ്‍, എഎസ്പി കെ.ജി. സുബ്രഹ്മണ്യന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണസംഘത്തെ തെരഞ്ഞെടുത്തത്. ഒടുവില്‍ സമര്‍ഥനായ ഡിവൈഎസ്പി ആര്.ഹരിദാസിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ചിന്റെ പതിനഞ്ചംഗ സ്പെഷല്‍ സ്ക്വാഡ് രൂപീകരിച്ചു. ജീവന് സഞ്ചരിച്ച വഴിയേ സ്പെഷല്‍ സ്ക്വാഡും യാത്രതുടര്‍ന്നു. ജീവന് അന്വേഷിച്ച് കണ്ടെത്തിയ വസ്തുതകള്‍ തെളിവുകളായി കേസ് ഫയലിലേക്കെത്തി. ഒടുവില്‍ കല്ലറ തുറക്കാന്‍ തീരുമാനിച്ചതിനു തൊട്ടുപിന്നാലെ അന്വേഷണസംഘം ജോളിക്കടുത്തെത്തി. ചോദ്യം ചെയ്യാനാണെന്ന രീതിയിലല്ലാതെ വിവരങ്ങള്‍ അന്വേഷിച്ചറിയാനാണെന്ന് പറഞ്ഞായിരുന്നു ക്രൈംബ്രാഞ്ച ആദ്യമെത്തിയത്.
റോയിയുടെ മരണം സംബന്ധിച്ച് ചോദിച്ചപ്പോള്‍ ഭക്ഷണം വീട്ടില്‍ നിന്ന് കഴിച്ചില്ലായിരുന്നുവെന്നാണ് മറുപടി നല്‍കിയത്. മരിക്കുന്നതിനു 15 മിനിട്ട് മുമ്പ് റോയ് ഭക്ഷണം കഴിച്ചതായി പോസ്റ്റ്മോര്‍ട്ട് റിപ്പോര്‍ട്ടിലുണ്ടായിരുന്ന വിവരം അറിയിച്ചപ്പോള്‍ ജോളിയുടെ മുഖഭാവം മാറി. വിശദമായി വീണ്ടും ചോദ്യം ചെയ്തപ്പോള്‍ ജോളി മൊഴിമാറ്റി. താന്‍ അടുക്കളയിലായിരുന്നെന്നും ബാത് റുമില് പോകുന്നതിനുമുന്പ് ഭക്ഷണം കഴിച്ചിട്ടുണ്ടാവാം എന്നുമായിരുന്നു പിന്നീടുള്ള മൊഴി. ഇതോടെ ജോളിയെന്ന ക്രിമിനലിന്റെ മുഖംമൂടി അഴിഞ്ഞു വീണു. തെളിവുകള്‍ ഓരോന്നായി ശേഖരിച്ച അന്വേഷണസംഘം ഒടുവില്‍ കല്ലറ വരെ പൊളിച്ചു. ഇതിന് ശേഷമാണ് ജോളിയെ അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍
അന്നമ്മ
റിട്ട.അധ്യാപികയായിരുന്ന അന്നമ്മയായിരുന്നു വീട്ടിലെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ഇടത്തരം കുടുംബത്തില്‍ ജനിച്ച ജോളിക്ക് പെട്ടെന്നുണ്ടായ സൗഭാഗ്യങ്ങള്‍ "ലഹരിയായി'. പൊന്നാമറ്റത്തിന്റെ അധികാരം അന്നമ്മയില്‍ നിന്ന് തന്നിലേക്കെത്തിയാലുണ്ടാവുന്ന നേട്ടത്തെ കുറിച്ച് ജോളി സ്വപ്നങ്ങള്‍ നെയ്തുകൂട്ടി. പക്ഷേ അന്നമ്മയുള്ളിടത്തോളം ഈ സ്വപ്നങ്ങള്‍ പൂവണിയില്ലെന്ന് ജോളി ഉറപ്പിച്ചു.
സ്വന്തമായി വരുമാനമൊന്നുമില്ലാത്ത ജോളിക്ക് അന്നമ്മയോട് ഒടുങ്ങാത്ത പകയായി. ഒരിക്കല്‍ സയനൈഡ് കലര്‍ത്തിയ ഭക്ഷണം നല്‍കിയെങ്കിലും അന്നമ്മ അതിനെ അതിജീവിച്ചു. അപ്പോഴും അന്നമ്മയ്ക്കോ മറ്റുള്ളവര്‍ക്കോ ജോളിയെ സംശയം തോന്നിയിരുന്നില്ല. ഒടുവില്‍ വീട്ടിലുണ്ടാക്കിയ ആട്ടിന്‍സൂപ്പില്‍ സയനൈഡ് കലര്‍ത്തി വയ്ക്കാന്‍ അവള് തീരുമാനിച്ചു. അന്നമ്മ ആട്ടിന്‍ സൂപ്പ് കഴിക്കുമെന്നറിഞ്ഞ ജോളി അതില്‍ സയനൈഡ് കലര്‍ത്തി വയ്ക്കുകയും അത് കഴിച്ചയുടന്‍ അന്നമ്മ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു.
ടോം തോമസ്
സ്വത്തുക്കളെല്ലാം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജോളി ടോംതോമസിനെ കൊലപ്പെടുത്തിയത്. മണിമുണ്ടയിലുണ്ടായിരുന്ന രണ്ട് ഏക്കര്‍ സ്ഥലം വില്‍പ്പന നടത്തി വന്‍തുക ജോളി കൈക്കലാക്കിയിരുന്നു. ബാക്കി സ്വത്തുക്കള്‍ മറ്റു രണ്ടു മക്കള്ക്കുള്ളതാണെന്നായിരുന്നു ടോംതോമസ് പറഞ്ഞിരുന്നത്. ഇതോടെ ജോളിയിലെ ക്രിമിനല്‍ വീണ്ടുമുണര്‍ന്നു. റോയ് വീട്ടിലില്ലാത്ത ദിവസം ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു.
റോയ് തോമസ്
സൗഹൃദങ്ങളായിരുന്നു ജോളിയുടെ ദാമ്പത്യത്തെ തകര്‍ത്തത്. പലരുമായും അടുപ്പമുണ്ടായിരുന്ന ജോളിയെ റോയ് എതിര്‍ത്തു. ബിസിനസ് എല്ലാം തകര്‍ന്ന റോയ് മദ്യപാനവും തുടങ്ങിയിരുന്നു. എല്ലാവിധത്തിലും റോയ് ജോളിക്ക് തടസമായി മാറി. ഇതോടെ സയനൈഡ് ഭക്ഷണത്തില്‍ നല്കി കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. റോയ് മരിച്ചാല്‍ സ്വത്തുക്കളെല്ലാം തന്റെ പേരിലാവുമെന്നുറപ്പിച്ച ജോളി ചോറിലും കടലക്കറിയിലും സയനൈഡ് കലര്‍ത്തി. ഭക്ഷണം കഴിച്ച റോയ് 15 മിനിറ്റിനുള്ളില്‍ കുഴഞ്ഞു വീണു.
എം.എം.മാത്യു
റോയിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ജോളി മാത്യുവിനെ കൊലപ്പെടുത്തിയത്. റോയിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടത് മാത്യുവായിരുന്നു. മാത്യു മരിക്കുന്ന ദിവസം വീട്ടില്‍ തനിച്ചായിരുന്നു. കപ്പയിലായിരുന്നു സയനൈഡ് കലര്‍ത്തിയത്.
ആല്ഫൈന് , സിലി
റോയ് മരിച്ചതിന് ശേഷം ഒരാളെ ജീവിതപങ്കാളിയായി വേണമെന്ന് ജോളി നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. അധ്യാപകനായ ഷാജുവിനെയായിരുന്നു ജോളി ലക്ഷ്യമിട്ടത്. ശാന്തസ്വഭാവക്കാരനായ ഷാജുവിനെ ജോളി സ്നേഹിച്ചു തുടങ്ങി. എന്നാല്‍ ഭാര്യയും മക്കളുമായി ജീവിക്കുന്ന ഷാജുവിനെ സ്വന്തമാക്കാല്‍ എളുപ്പമായിരുന്നില്ല. തുടര്‍ന്ന് നടത്തിയ ആസൂത്രണത്തിലാണ് ആല്‍ഫൈനേയും സിലിയേയും കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട സിലിയെ പാനീയത്തില്‍ സയനൈഡ് നല്‍കിയാണ് കൊലപ്പെടുത്തിയത്. അതേസമയം ആല്‍ഫൈനെ ഇറച്ചിക്കറിയില്‍ സയനൈഡ് നല്‍കിയാണ് കൊലപ്പെടുത്തിയത്.
കല്ലറയിലുറങ്ങിയ തെളിവുകള്‍
വര്‍ഷങ്ങള്‍ പഴക്കമുള്ള കൊലപാതകമായതിനാല്‍ തെളിവുകള്‍ ശേഖരിക്കുകയെന്നത് അന്വേഷണസംഘത്തിന് നിര്‍ണായകമായിരുന്നു. സാഹചര്യതെളിവുകളെല്ലാം പ്രതികള്ക്കെതിരാണെങ്കിലും ശാസ്ത്രീയ തെളിവുകളായിരുന്നു അന്വേഷണസംഘം തേടിയിരുന്നത്. കേസിന്റെ ഗൗരവം തിരിച്ചറിഞ്ഞ ഉന്നത പോലീസുദ്യോഗസ്ഥര്‍ ഫോറന്‍സിക് പരിശോധന നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. എത്രവര്‍ഷം പഴക്കമുണ്ടെങ്കിലും ശാസ്ത്രീയതെളിവുകള്‍ മണ്ണില്‍ മായാതെ കിടക്കുമെന്നാണ് പറയുന്നത്. ആന്തരികാവയങ്ങളുടെ പരിശോധനയിലൂടെയല്ലാതെ ഇവ വീണ്ടെടുക്കാനാവുമെന്നാണ് ശാസ്ത്രം പറയുന്നതെന്ന് അന്വേഷണസംഘം പറഞ്ഞു. മജ്ജയുടെ ഭാഗങ്ങളില്‍ നിന്നും ഇത് വീണ്ടെടുക്കാം. ഈ സാധ്യതകളാണ് ഫോറന്‍സിക് വിഭാഗവും അന്വേഷണസംഘവും ഉപയോഗപ്പെടുത്തുന്നത്. മൈക്കാവ്, കോടഞ്ചേരി പള്ളികളിലെ കല്ലറകളിലായിരുന്നു മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചിരുന്നത്.
ടോം തോമസ്, ഭാര്യ അന്നമ്മ തോമസ് , മകന് റോയ് തോമസ് , അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍ എന്നിവരെ കൂടത്തായി ലൂര്‍ദ്മാതാ പള്ളി സെമിത്തേരിയിലാണ് സംസ്കരിച്ചിരുന്നത്. കോടഞ്ചേരി സെന്റ്മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലെ കല്ലറയിലാണ് സിലിയുടെയും മകള്‍ ആല്‍ഫൈനേയും സംസ്കരിച്ചത്. കല്ലറകളില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കുന്നതിനായി കോടതി വഴി ക്രൈംബ്രാഞ്ച് അനുമതി വാങ്ങിയിരുന്നു. തുടര്‍ന്ന് ഈ മാസം നാലിന് ഫോറന്‍സിക് വിദഗ്ധരും അന്വേഷണസംഘവും കല്ലറ തുറക്കാനെത്തി.
കോഴിക്കോട് മെഡിക്കല്‍കോളജ് ഫോറന്‍സിക് മെഡിസിന് വിഭാഗം മേധാവി ഡോ.പ്രസന്നന് , അഡീഷണല്‍ പ്രഫസര്‍ സുജിത് ശ്രീനിവാസന് എന്നിവരുടെ മേല്‍നോട്ടത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍മാരായ ഡോ.കൃഷ്ണകുമാര്‍, ഡോ.പി.ടി.രതീഷ് എന്നിവരടങ്ങുന്ന രണ്ടു ടീമുകള്‍ എക്സ്ഹ്യുമേഷന്‍ നടത്തി പല്ലും മുടിയും എല്ലും ശേഖരിച്ചു. കെമിക്കല്‍ അനാലിസിസ് പരിശോധനയിലൂടെ ശരീരത്തില്‍ ഏതെങ്കിലും വിഷാംശം എത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യം കണ്ടെത്താനാവും. എന്നാല്‍ ഇത് സങ്കീര്‍ണമാണ്. അതിനാല്‍ അമേരിക്കയിലെ ലാബുകളിലെത്തിച്ച് പരിശോധന നടത്താനാണ് ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്.
സ്വത്തിനുവേണ്ടി സയനൈഡ് നൽകിയ മെർലി കൊലക്കേസ്
സൂര്യനാരായണൻ
ഇത് നടക്കുന്നതു ഏകദേശം 39 വർഷം മുന്‍പാണ്. കൂടത്തായി കൊലപാതകത്തിന് എത്രയോ വർഷങ്ങൾക്കു മുന്‍പ് ആലുവയിലാണ് ഈ സംഭവം അരങ്ങേറിയത്. അതും സയനൈഡ് കൊലപാതകം. ’മെർലി കൊലക്കേസ്’ എന്നറിയപ്പെടുന്ന കൊലപാതകങ്ങളും കൂടത്തായി കൊലക്കേസും തമ്മിൽ സാമ്യതകളുണ്ട്. അമ്മിണിയെന്ന സ്ത്രീ ഭർതൃസഹോദരന്റെ ഭാര്യയേയും രണ്ട് മക്കളേയും സയനൈഡ് നൽകി കൊന്ന കേസാണ് ആലുവയിലെ സയനൈഡ് കൊലക്കേസ്. സ്വത്തിനെച്ചൊല്ലിയാണ് ഈ കൊലപാതകം നടന്നത്. അമ്മിണിയുടെ ഭർത്താവിന്റെ അനുജനായ ടോമിയുടെ ഭാര്യ മെർലി, അവരുടെ മക്കളായ എട്ടും അഞ്ചും വയസുള്ള സോണ, റാണ എന്നിവരാണ് കൊല്ലപ്പെട്ടത്. അമ്മിണി തനിച്ചായിരുന്നില്ല കൊലപാതകം നടത്തിയത്. കൂടെ മൂന്നുപേർ കൂടിയുണ്ടായിരുന്നു.
അമ്മിണിയുടെ ഭർത്താവ് ഫ്രാൻസിസ്, അനുജനായ ടോമി (കൊല്ലപ്പെട്ട മെർലിയുടെ ഭർത്താവ്) എന്നിവർ ചേർന്ന് 1969 മുതൽ തന്നെ നഗരത്തിൽ രണ്ട് തുണിക്കടങ്ങൾ നടത്തിയിരുന്നു. റാണി സിൽക് ഹൗസ്, മഹാറാണി ടെക്സ്റ്റൈൽസ്, റാണി അംബ്രല്ലാ മാർട്ട് എന്നീ കടകൾ നല്ല രീതിയിൽ പ്രവർത്തിച്ചുവരികയായിരുന്നു.
എന്നാൽ, 1975 -ൽ ഫ്രാൻസിസ് മരിച്ചു. പക്ഷേ, അമ്മിണിക്ക് ഈ കടകളിൽ നിന്നുള്ള ലാഭവിഹിതം നൽകുന്നുണ്ടായിരുന്നു. ഈ ലാഭവിഹിതം പോരാ എന്ന് തോന്നിയിരുന്നു അമ്മിണിക്ക്. മാത്രവുമല്ല, റാണി അംബ്രല്ലാ മാർട്ട് റാണി കട്ട്പീസ് സെന്ററാക്കി, അതിൽ അമ്മിണിയെ പാർട്ണറാക്കിയതുമില്ല. ഇതൊക്കെയാണ് ഈ അരുംകൊലയിലേക്ക് നയിച്ചത്.
അമ്മിണി, കാർത്തികേയൻ, തോമസ്, ജോണി എന്നീ നാലുപേർ ചേർന്നാണ് കൊലപാതകം നടത്തിയത്. കൊലപാതകം നടത്താനായി വൈകുന്നേരം ഏഴരയോടു കൂടിയാണ് ഈ നാൽവർ സംഘം ടോമിയുടെ വീട്ടിലെത്തിയത്. ആ സമയത്ത് ടോമി വീട്ടിലുണ്ടായിരുന്നില്ല. മെർലി വെള്ളമെടുക്കാനായി അകത്തേക്ക് പോയപ്പോൾ കൂടെ ചെന്ന തോമസും ജോണിയും നിർബന്ധമായി സയനൈഡ് നൽകി.
അതുപോലെ കുട്ടികളെ മുറിയിലിട്ട് പൂട്ടിയ ശേഷം സയനൈഡ് നൽകിയത് അമ്മിണിയും കാർത്തികേയനും ചേർന്നാണ്. ടോമി കടയിൽനിന്ന് തിരികെയെത്തിയ ശേഷം അയാളെക്കൂടി വകവരുത്തിയിട്ട് പോകാമെന്നായിരുന്നു സംഘത്തിന്റെ പ്ലാനെങ്കിലും കുട്ടികളിലൊരാൾ കാർത്തികേയന്റെ കയ്യിൽ കടിച്ചതിനെത്തുടർന്ന് അവരിറങ്ങിപ്പോവുകയായിരുന്നു.
അന്ന് ഇതൊരു കൂട്ട ആത്മഹത്യ ആണെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, പോസ്റ്റ്മോർട്ടത്തിൽ ബലപ്രയോഗം നടന്നതായി തെളിഞ്ഞു. തുടർന്നു നടന്ന അന്വേഷണത്തിലാണ് അമ്മിണിയുടെ പങ്ക് വെളിപ്പെടുന്നത്. അന്വേഷണത്തിൽ മെർലി വെള്ളമെടുത്ത ഗ്ലാസിൽ തോമസിന്റെ വിരലടയാളം കണ്ടെത്തിയിരുന്നു.
മാത്രവുമല്ല, കൊലപാതകം നടന്ന ദിവസം ടോമിയുടെ വീട്ടിൽനിന്നും രാത്രി മഴയിലൂടെ ഒരാൾ നടന്നുപോകുന്നത് കണ്ടതായി അയൽവാസി മൊഴിയും നൽകിയിരുന്നു. അന്വേഷണത്തെ തുടർന്ന് നാലുപേരും അറസ്റ്റിലായിരുന്നു.
1987 -ൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. അമ്മിണിയുടെ അനാഥരായ മൂന്ന് മക്കളെയോർത്ത് മാത്രമാണ് വധശിക്ഷ നൽകാത്തതെന്നും കോടതി പറഞ്ഞിരുന്നു. എന്നാൽ, ശിക്ഷ തീരുന്നതിന് ആറ് മാസം മുന്‍പു പരോളിലെത്തിയ അമ്മിണി വീടിനുള്ളിൽ തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
സീരിയൽ കില്ലർ ചാൾസ് ശോഭരാജ്
തെക്കുകിഴക്കൻ ഏഷ്യയെയും യൂറോപ്പിനെയും വിറപ്പിച്ച സീരിയൽ കില്ലറാണ് ചാൾസ് ശോഭരാജ്. ഫ്രഞ്ച് പൗരനായിരുന്ന ചാൾസിന്റെ പിതാവ് ഇന്ത്യക്കാരനായിരുന്നു. പന്ത്രണ്ടോളം പേരെയാണ് ശോഭരാജ് അതിക്രൂരമായി കൊന്നൊടുക്കിയത്. കൊലപാതകത്തിനുശേഷം ഇരകളുടെ പണം കൈക്കലാക്കുന്ന ഇയാൾ ആഡംബരജീവിതമായിരുന്നു നയിച്ചിരുന്നത്. ബിക്കിനി കില്ലറെന്നായിരുന്നു ചാൾസ് ശോഭരാജിനു നൽകിയിരുന്ന വിശേഷണം. കൊല്ലപ്പെടുത്തിയ രണ്ടുസ്ത്രീകളുടെ മൃതദേഹങ്ങൾ ബിക്കിനി മാത്രം ധരിച്ചനിലയിൽ കണ്ടെത്തിയതായിരുന്നു ഈ പേരുവരാൻ കാരണം. പിന്നീട് ദി സെർപ്പന്റിൻ അഥവാ സർപ്പസ്വഭാവി എന്ന പേരും അയാൾക്ക് ലോകം പേടിയോടെ ചാർത്തിനൽകി. ഇന്ത്യയിൽ വച്ച് നേരത്തെ പിടിയിലായ ചാൾസ് ശോഭരാജ് 1976 മുതൽ 1997 വരെ ജയിൽവാസം അനുഭവിച്ചു. പിന്നീട് 2004-ൽ നേപ്പാളിൽവച്ചും അറസ്റ്റിലായ ചാൾസ് ശോഭരാജ് അവിടെ തടവിൽ തുടരുകയാണ്.
കൊലപാതകം നടത്തുന്നതിലും തടവുചാടുന്നതിലും അതിസമർഥനായിരുന്നു ചാൾസ് ശോഭരാജ്. 1944ൽ വിയറ്റ്നാമിലെ സൈഗോണിൽ ഇന്ത്യാക്കാരനായ പിതാവിനും വിയറ്റ്നാമുകാരിയായ മാതാവിനുമാണ് ശോഭരാജ് ജനിച്ചത്. സൈഗോണിലെ തെരുവുകളിൽ കളിച്ചുവളർന്ന ബാല്യം, അമ്മ ഒരു ഫ്രഞ്ച് ആർമി ഓഫീസറെ വിവാഹം കഴിച്ചതോടെ തടിക്കടം മറിഞ്ഞു. അവർ പാരീസിലേക്ക് കൂടുമാറി.
അമ്മ ശോഭ രാജിനെ ഒരു ഫ്രഞ്ച് ബോർഡിംഗ് സ്കൂളിൽ ചേർത്തു. സ്കൂളിൽ നിന്നു പുറത്തിറങ്ങിയതോടെ ചാൾസ് ശോഭരാജ് എന്ന കുറ്റവാളി ജനിച്ചു. 1960കളുടെ തുടക്കത്തിൽ തന്നെ മോഷണക്കേസുകളിൽ പലവട്ടം പൊലീസ് ശോ’ഭരാജിനെ അറസ്റ്റു ചെയ്തു.
ചാന്റൽ കോംപാഗ്നോണ്‍ എന്ന ഫ്രഞ്ചുകാരിയെ വിവാഹം കഴിച്ച ശോഭരാജ് ഒരു പുതിയ മനുഷ്യനാവാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മോഷണവും കള്ളക്കടത്തും നിർബാധം തുടർന്നു. ഒടുവിൽ ആ വിവാഹബന്ധം അവസാനിപ്പിക്കുകയാണുണ്ടായത്. പിന്നീട് ശോഭരാജ്, മേരി ആൻഡ്രീ ലെക്ലെർക്ക് എന്ന കനേഡിയൻ യുവതിയുമായി പരിചയത്തിലാവുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു. തുടർന്നങ്ങോട്ട് ’ഭാര്യയും ’ഭർത്താവും കൂടി ഒന്നിച്ചായിരുന്നു പല കൃത്യങ്ങളും ചെയ്തിരുന്നത്.
1970 കളിലാണ് ശോഭരാജ് യൂറോപ്പിൽ മരണത്തിന്റെ ’ഭീതി വിതച്ചുതുടങ്ങിയത്. 1972നും 1976നും ഇടയിൽ ശോഭരാജ് കൊന്നുതള്ളിയത് രണ്ടു ഡസൻ മനുഷ്യരെയാണ്. ആദ്യ കാലത്ത് ’ബിക്കിനി കില്ലർ’ എന്നായിരുന്നു ശോഭരാജിന്റെ അപരനാമം. ക്രൂരനായ കൊലപാതകി, വഞ്ചകൻ, സാത്താൻ തുടങ്ങിയ അർഥം വരുന്ന ’ദി സെർപന്റ്’ എന്ന പേരും ശോഭാരാജിനു ലഭിച്ചു. 1976 ലാണ് ശോഭരാജ് ആദ്യമായി അറസ്റ്റിലാകുന്നത്. എന്നാൽ അന്ന് ശോഭരാജ് സമർഥമായി ജയിൽ ചാടി.
അതിനുശേഷം പല രാജ്യങ്ങളിൽ യാത്ര ചെയ്ത് പല ഭാഷകളിലും പ്രാവീണ്യം നേടി. ഇക്കാലളവിൽ തന്റെ തട്ടിപ്പുപരിപാടികൾ ദക്ഷിണേഷ്യയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു ടൂറിസ്റ്റുകളുടെ ഭക്ഷണത്തിൽ വിഷം കലർത്തിയതിനും, ഇസ്രയേലി ടൂറിസ്റ്റിനെ കൊന്നതിനും ശോ’ഭാജിനും ഭാര്യയ്ക്കുമെതിരേ ഇന്ത്യൻ പോലീസ് കുറ്റം ചുമത്തി. ഒടുവിൽ ഇത് ശോഭ രാജിന്റെ അറസ്റ്റിലേക്കു നയിച്ചു. 1986 ൽ ഡൽഹിയിലെ തിഹാർ ജയിലിൽ നിന്നും ശോഭരാജ് സമർഥമായി രക്ഷപ്പെട്ടു. എന്നാൽ ഒരു മാസത്തിനു ശേഷം പിടിയിലായി.
ജയിൽ ചാടിയതിന്റെ ശിക്ഷകൾ കൂടി അനുഭവിച്ച ശേഷം 1997 ലാണ് ശോഭ രാജ് പുറത്തിറങ്ങുന്നത്.
തുടർന്ന് പാരീസിലേക്കു പോയ ഇയാൾ അവിടെ ആഡംബര ജീവിതം നയിക്കുകയായിരുന്നു. എന്നാൽ ഈ സ്വാതന്ത്ര്യം അധികം നീണ്ടു നിന്നില്ല. 2003 ൽ ശോഭരാജ് നേപ്പാളിൽ വച്ച് അറസ്റ്റു ചെയ്യപ്പെട്ടു. 1975ൽ കോണി ജോ ബ്രോണ്‍സിച്ച് എന്ന അമേരിക്കക്കാരനെ കൊന്ന കേസിലായിരുന്നു അത്.
ആ കേസിൽ ജീവപര്യന്തം ലഭിക്കുകയും ചെയ്തു. ശോഭരാജ് 2004 ൽ നേപ്പാളിൽ നിന്നും ജയിൽ ചാടാൻ ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. അതോടെ ശോഭരാജിന്റെ അപ്പീൽ തള്ളുകയും ചെയ്തു. 2014 ൽ ബ്രോണ്‍സിച്ചിന്റെ സുഹൃത്തായിരുന്ന ലോറന്റ് കാരിയർ എന്ന കനേഡിയനെ കൊന്ന കുറ്റവും ശോഭരാജിന്റെ തലയിൽ വന്നു. ഇതിന്റെ വിചാരണ ഇപ്പോഴും നടക്കുകയാണ്.
തുടരും