കൊലപാതക പരന്പരയുടെ ചുരുളഴിയുന്നു
Saturday, October 12, 2019 3:49 PM IST
സൂര്യ നാരായണൻ
2006 നവംബർ കൊല്ലൂർ മൂകാംബികാ ക്ഷേത്രം. ക്ഷേത്ര മതിലിനു വെളിയിൽ പുറകുഭാഗത്തുള്ള ചെറിയ റോഡിൽ, ഒരു യുവതി നിലത്തു കിടന്നു പിടയുന്നതു കണ്ടാണു ആൾക്കാർ ഓടിക്കൂടിയത്. അവളുടെ വായിൽ നിന്നു നുരയും പതയും വന്നിരുന്നു. നിമിഷങ്ങൾക്കകം മരണപ്പെടുകയും ചെയ്തു. അധികം വൈകാതെ പോലീസ് സ്ഥലത്തെത്തി. ആ യുവതിയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആയി ആരുമുണ്ടായിരുന്നില്ല. അജ്ഞാതമായ ആ ജഡം അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി എത്തിച്ചു. അവിടന്നു ലഭിച്ച റിപ്പോർട്ടിൽ അവർക്കു അപസ്മാരം ഉണ്ടായിരുന്നതായും, എയ്ഡ്സ് രോഗം ഉള്ളതായി സംശയിയ്ക്കുന്നു എന്നുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എയ്ഡ്സിനെ പറ്റിയുള്ള സംശയം ഉണ്ടായതോടെ എത്രയും വേഗം മൃതദേഹം ദഹിപ്പിക്കുന്നതിനെ പറ്റിയായി അധികാരികളുടെ ആലോചന.
മംഗലാപുരത്തെ ഒരു കോളജിലെ അറ്റൻഡറായ ശാന്തകുമാരി, നവംബർ 9 നു രാവിലെ വീട്ടിൽ നിന്നും പോയതാണു. നന്നായി വസ്ത്രം ധരിച്ച്, ആഭരണങ്ങളൊക്കെ അണിഞ്ഞായിരുന്നു യാത്ര. കോളജിൽ ഒരു ഫംഗ്ഷൻ നടക്കുന്നുണ്ടത്രെ. താൻ ചിലപ്പോൾ വൈകിയേക്കുമെന്നും പറഞ്ഞു. അന്നു രാത്രി ഏറെ വൈകിയിട്ടും ശാന്തകുമാരി തിരികെയെത്തിയില്ല. മൂത്ത സഹോദരൻ രാജു, കോളജിൽ വിളിച്ച് അന്വേഷിച്ചു. എന്നാൽ അവിടെ അങ്ങനെയൊരു ഫംഗ്ഷൻ ഉണ്ടായിരുന്നില്ല..! പിറ്റേന്നു തന്നെ അയാൾ മംഗലാപുരം പോലീസിൽ പരാതി നൽകി. കാര്യമായ അന്വേഷണമൊന്നും ഉണ്ടായില്ല. അങ്ങനെയിരിയ്ക്കെ ആണു ടിവിയിൽ ആ വാർത്ത കാണുന്നത്, കൊല്ലൂർ മൂകാംബിക ക്ഷേത്ര പരിസരത്തു നിന്ന് അജ്ഞാതയായ ഒരു യുവതിയുടെ ജഡം കണ്ടെത്തിയ വിവരം അറിയുന്നത്. യുവതിക്ക് എയ്ഡ്സ് ബാധ സംശയിക്കുന്നതായും അതിൽ പറഞ്ഞിരുന്നു.
സംശയം തോന്നിയ രാജുവും ചില ബന്ധുക്കളും കൂടി കൊല്ലൂർക്ക് പുറപ്പെട്ടു. സ്റ്റേഷനിലെത്തിയ അയാൾ തന്റെ സഹോദരിയുടെ കമ്മലുകൾ തിരിച്ചറിഞ്ഞു. ജഡം അന്വേഷിച്ച അയാൾക്ക് അത് ദഹിപ്പിക്കാനായി പൊതു ശ്മശാനത്തിലേയ്ക്കു നീക്കിയ വിവരമാണു ലഭിച്ചത്. അയാൾ അങ്ങോട്ടേക്ക് ഓടി. അവിടെ ചിത ഒരുങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. അത് തന്റെ സഹോദരിയാണെന്നും ജഡം വിട്ടുതരണമെന്നുമുള്ള അപേക്ഷ ശ്മശാന നടത്തിപ്പുകാരൻ നിരസിച്ചു. രാജുവിന്റെ കരച്ചിലിനും ബഹളത്തിനുമൊടുവിൽ ആൾകൂടി. അയാളുടെ സമുദായത്തിന്റെ പ്രാദേശിക നേതാക്കൾ എത്തി. പോലീസുമായി ബന്ധപ്പെട്ടു. ഒടുക്കം ശാന്തകുമാരിയുടെ മൃതദേഹം സഹോദരനു വിട്ടുകൊടൂത്തു. മംഗലാപുരത്ത് അത് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തു. മരണകാരണം സയനൈഡ് ഗുളിക ഉള്ളിൽ ചെന്നതാണെന്നു സ്ഥിരീകരിക്കപ്പെട്ടു. ജീവിത നൈരാശ്യം മൂലം ശാന്തകുമാരി ആത്മഹത്യ ചെയ്തതായി വ്യാഖ്യാനിക്കപ്പെട്ടു.
ഒാട്ടോക്കാരൻ തിരിച്ചറിയുന്നു
മോഹൻ കുമാറിനെ ചോദ്യം ചെയ്ത പോലീസിനു മുന്നിൽ, മൂകാംബിക ക്ഷേത്രത്തിൽ മരണപ്പെട്ട ശാന്തകുമാരിയുടെ കഥയുമുണ്ടായിരുന്നു. ചന്ദ്രഗുപ്ത മൂകാംബികയിലെത്തി അന്വേഷണം നടത്തി. ശാന്തകുമാരിയെയും മോഹൻ കുമാറിനെയും അവിടെ ഒരു ലോഡ്ജിൽ എത്തിച്ച ഓട്ടോക്കാരനെ പോലീസ് കണ്ടെത്തി. നിത്യേന വീട്ടിൽ നിന്നു കോളജിലേയ്ക്കു ബസിൽ പോകുന്ന ശാന്തകുമാരിയെ ബസ് സ്റ്റോപ്പിൽ വെച്ചാണു മോഹൻ കുമാർ നോട്ടമിട്ടത്. വളരെ ഒതുക്കത്തോടെ, നിശബ്ദയായി വരുകയും പോകുകയും ചെയ്യുന്ന അവൾ വിവാഹിതയല്ലെന്നു അയാൾ മനസിലാക്കി. കാണാൻ വലിയ തെറ്റില്ലാത്ത യുവതി. മുപ്പതിനു മുകളിൽ പ്രായമുണ്ട്. ചെറിയ സംഭാഷണങ്ങളിൽ കൂടി പരിചയം സ്ഥാപിച്ച അയാൾ, താൻ ഒരു കന്പനി എക്സിക്യൂട്ടീവ് ആണെന്നു പരിചയപ്പെടുത്തി. മോഹൻ കുമാറിന്റെ വലയിൽ വീണ ശാന്തകുമാരിക്ക്, അയാളുടെ വിവാഹ വാഗ്ദാനം സ്വീകരിക്കാൻ മടി ഉണ്ടായില്ല. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്താമെന്നും, തന്റെ മാതാപിതാക്കൾ അവിടെ കാത്തു നിൽക്കുമെന്നും അയാൾ അറിയിച്ചു. വീട്ടിൽ സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണവും കുറച്ചു പണവുമായാണു അവൾ പോയത്.
മൂകാംബികയിലെത്തിയ മോഹൻ കുമാറും ശാന്തകുമാരിയും ഒരു ലോഡ്ജിൽ താമസിച്ചു. പിറ്റേന്ന് രാവിലെ ക്ഷേത്ര ദർശനത്തിനായി പുറപ്പെടാൻ നേരം, സ്വർണവും പണവും ലോഡ്ജിൽ സൂക്ഷിച്ചാൽ മതിയെന്ന് അയാൾ പറഞ്ഞു. ആ യുവതി അതു സമ്മതിച്ചു. ക്ഷേത്രത്തിനു പിന്നിൽ നടക്കുന്പോഴാണു മോഹൻകുമാർ പറഞ്ഞത്, ഇന്നലെ നമ്മൾ ബന്ധപ്പെട്ടതിനാൽ ഗർഭ സാധ്യതയുണ്ട്. അതുകൊണ്ട് ഗർഭനിരോധന ഗുളിക കഴിക്കണം എന്ന്. വിവാഹത്തിനു മുന്‍പായി ഗർഭമുണ്ടാകുന്നത് നല്ലതല്ലത്രേ.. അയാൾ നൽകിയ ഗുളിക കഴിക്കാൻ ശാന്തകുമാരി അല്പം പോലും മടിച്ചില്ല. ഗുളിക ഉള്ളിലെത്തിയതും അവൾ നിലത്തു വീണു, സമയം പാഴാക്കാതെ, മോഹൻ കുമാർ ഓടിക്കളഞ്ഞു. നേരെ ലോഡ്ജിലെത്തിയ അയാൾ സ്വർണവുമെടുത്ത് സ്ഥലം വിട്ടു.
സമാനസംഭവം
അനിത ബംഗാരെയ്ക്കു സംഭവിച്ചതും ഇതിനു സമാനമായിരുന്നു. അവളുമായി പരിചയം സ്ഥാപിച്ച മോഹൻ കുമാർ വിവാഹ വാഗ്ദാനം നൽകി. "കന്പനി എക്സിക്യൂട്ടീവായ' അയാളെ വിവാഹം ചെയ്യാനായി വീട്ടിൽ നിന്നും ഉണ്ടായിരുന്ന സ്വർണവുമെടുത്ത് ആരോടും പറയാതെ അവൾ പോയി. മൈസൂർ നഗരത്തിലേക്കാണു അവളെയും കൊണ്ട് അയാൾ പോയത്. ഒരു ലോഡ്ജിൽ ഒന്നിച്ചു താമസിച്ചു. പിറ്റേന്ന് അവളെയും കൂട്ടി "വീട്ടിലേക്ക്’ പോകാനായി മൈസൂരു ബസ് സ്റ്റാൻഡിൽ എത്തി. അവളുടെ ആഭരണങ്ങളും ഫോണുമെല്ലാം കൈയിലുള്ള ബാഗിലാണുള്ളത്. അപ്പോഴാണു അയാൾ പറഞ്ഞത്, ഇന്നലെ ബന്ധപ്പെട്ടതിനാൽ ഗർഭസാധ്യത ഉണ്ടെന്ന്. അത് ഇല്ലാതാക്കാനായി അയാൾ രണ്ട് "ഗർഭനിരോധന’ ഗുളികകൾ നൽകി. ഇതു കഴിച്ചാൽ ചിലപ്പോൾ ഛർദ്ദിക്കാൻ സാധ്യതയുള്ളതിനാൽ ബസ്റ്റാൻഡിലെ ടോയ്ലറ്റിൽ പോയി കഴിച്ചാൽ മതിയെന്ന് അയാൾ പറഞ്ഞു.
ആ പാവം യുവതി തന്റെ ബാഗ് അയാളെ ഏല്പിച്ചിട്ട് ടോയ്ലറ്റിൽ പോയി. ഗുളിക ഉള്ളിൽ ചെന്ന നിമിഷം തന്നെ അവൾ മരണപ്പെട്ടു. മോഹൻ കുമാർ ഉടൻ തന്നെ സ്ഥലം വിടുകയും ചെയ്തു. ടൊയ്ലറ്റിൽ നിന്നും കണ്ടെടുത്ത യുവതിയുടെ ജഡം പോസ്റ്റു മോർട്ടം ചെയ്തപ്പോൾ സയനൈഡ് ഗുളിക കഴിച്ചതാണെന്നു മനസിലായി. ജീവിത നൈരാശ്യം മൂലം ആത്മഹത്യ ചെയ്തവരിൽ ഒരാൾ കൂടിയായി പോലീസിന്റെ കണക്കിൽ. തിരിച്ചറിയപ്പെടാത്ത ആ യുവതിയുടെ മൃതദേഹം എവിടെയോ മറവു ചെയ്യപ്പെട്ടു.
ഇങ്ങനെ മൊത്തം 20 കൊലപാതകങ്ങളാണു മോഹൻ കുമാറിനെ ചോദ്യം ചെയ്തതിൽ നിന്നും വെളിയിലായത്. വിനുത, ശാരദ, ശശികല, ബേബി നായിക്ക്, അനിത, ഹേമ, വിജയ ലക്ഷ്മി, യശോദ, പുഷ്പ, സുനന്ദ..... ആ പട്ടിക അങ്ങനെ നീളുന്നു. എല്ലാം പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാഭ്യാസം കുറഞ്ഞ വനിതകൾ. ഒരു ജീവിതം മോഹിച്ച് കാമുകന്റെ വാക്കു വിശ്വസിച്ച് ഇറങ്ങി തിരിച്ചവർ. എല്ലാവരുടെയും വിധി ഒന്നു തന്നെയായിരുന്നു.
മൂന്നു വിവാഹം
49 കാരനായ മോഹൻ കുമാർ മൂന്നു വിവാഹം ചെയ്തിരുന്നു. ആദ്യ വിവാഹം ഒഴിവായ ശേഷം രണ്ടു വിവാഹം ചെയ്തു. ഉപ്പളയിലുള്ള മഞ്ജുള, സൌത്ത് കാനറയിലുള്ള ശ്രീദേവി എന്നിവരായിരുന്നു അവർ. രണ്ടു പേർക്കും രണ്ടു മക്കൾ വീതം. സ്വന്തം വീടുകളിലാണു താമസം. ഭർത്താവിനു ദൂരെയാണു ജോലി എന്നതുകൊണ്ട് എല്ലാ ദിവസവും എത്താറില്ലായിരുന്നു. വീട്ടിലെത്തിയാൽ വളരെ മര്യാദക്കാരനായ അയാളെ പോലീസ് അറസ്റ്റു ചെയ്തു എന്നറിഞ്ഞപ്പോൾ വിശ്വസിക്കാൻ തയാറല്ലായിരുന്നു രണ്ടു പേരും.
പോലീസ് വിശദമായ അന്വേഷണത്തിനൊടുവിൽ മോഹൻ കുമാറിനെതിരെ കുറ്റപത്രം തയാറാക്കി. ദൃക്സാക്ഷികൾ ആരുമില്ല എന്നത് ഒരു പോരായ്മയായിരുന്നു. കൂടുതൽ അന്വേഷനത്തിൽ മോഹൻ കുമാറിന്റെ മരണ വലയിൽ നിന്നും കഷ്ടിച്ചു രക്ഷപെട്ട ഒരു ഇരയെ അവർ കണ്ടെത്തി. വിവാഹം വാഗ്ദാനം ചെയ്ത്, പ്രലോഭിപ്പിച്ച് മടിക്കേരിയിലെ ഒരു ലോഡ്ജിലെത്തിച്ച ആ യുവതിയെ അയാൾ ഉപയോഗിച്ചു. പതിവു പോലെ ബസ് സ്റ്റാൻഡിൽ എത്തിച്ച ശേഷം ഗുളിക നൽകി, ടോയ്ലറ്റിലേക്കു പറഞ്ഞു വിട്ടു. ഗുളിക വിഴുങ്ങുന്നതിനു പകരം അവൾ അതിലൊന്നു നക്കുക മാത്രമേ ചെയ്തുള്ളു. ഉടൻ നിലത്തു വീണു. മോഹൻ കുമാർ മുങ്ങുകയും ചെയ്തു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അവൾ രക്ഷപെട്ടു. ആത്മഹത്യാ ശ്രമം എന്ന വ്യാഖ്യാനം അവൾ തിരുത്തിയില്ല. ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ നാട്ടിൽ തിരികെയെത്തി. മൂന്നു മാസങ്ങൾക്കു ശേഷം അവളുടെ വിവാഹവും നടന്നു. പോലീസ് രഹസ്യമായി അവളെ ബന്ധപ്പെട്ടു. കേസിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. അവളുടെ ഭർത്താവോ വീട്ടുകാരോ അറിയാതെ, മൊഴി നൽകാനുള്ള സൗകര്യം ഏർപ്പെടുത്താമെന്നു പറഞ്ഞു. അങ്ങനെ തന്നെ ചതിച്ചവനെതിരെ മൊഴി നൽകാൻ അവൾ തയാറായി.
മോഹൻ കുമാറിനു സയനൈഡ് സപ്ലൈ ചെയ്തുകൊണ്ടിരുന്ന ആളെ പോലീസ് പൊക്കി. അബ്ദുൾ സലാം എന്നൊരു കെമിക്കൽ ഡീലറായിരുന്നു അത്. അറസ്റ്റുചെയ്യപ്പെട്ട അയാൾ, മോഹൻ കുമാർ ഒരു സ്വർണ വ്യാപാരി ആയിട്ടാണു താനുമായി ഇടപാടു നടത്തിയതെന്നു പറഞ്ഞു. സ്വർണവ്യവസായത്തിലെ പ്രധാന ഘടകമാണു പൊട്ടാസ്യം സയനൈഡ്. എന്നാൽ പൊട്ടാസ്യം സയനൈയിഡ് വിൽക്കാൻ അബ്ദുൽ സലാമിനു ലൈസൻസ് ഇല്ലായിരുന്നു. എന്തായാലും പോലീസ് അയാളെ കേസിൽ മാപ്പു സാക്ഷിയാക്കി.
വധശിക്ഷ
2013 ഡിസംബർ 17 നു, അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ബി കെ നായക് , അനിത, ലീലാവതി സുനന്ദ എന്നിവരുടെ കേസിൽ മോഹൻ കുമാർ കുറ്റക്കാരനെന്നു കണ്ടെത്തി. ലോക്കൽ പോലീസിന്റെ അനാസ്ഥയും പാവപ്പെട്ടവരുടെ കാര്യത്തിൽ കാണിയ്ക്കുന്ന അവഗണനയുമാണു ഇതുപോലൊരു ക്രൂരന്റെ വലയിൽ പെട്ട് ഇത്രയും നിരപരാധികൾ കൊല്ലപ്പെടാൻ ഇടയാക്കിയതെന്ന് കോടതി നിരീക്ഷിച്ചു. കൃത്യമായ അന്വേഷണമോ വിവരങ്ങൾ കൈമാറലോ ചെയ്യാതെ പോലീസ് കൈകഴുകുകയായിരുന്നു ഓരോ കേസിലും. പോലീസിന്റെ ഈ നടപടികളെ കോടതി നിശിതമായി വിമർശിച്ചു. 2013 ഡിസംബർ 21 നു മോഹൻ കുമാറിനെ തൂക്കിക്കൊല്ലാൻ വിധിച്ചു.
(അവസാനിച്ചു)
സീരിയൽ കില്ലർ ജോളിമാർ
ഇത് മല്ലികയുടെ കഥയാണെങ്കിൽ കില്ലർ സിസ്റ്റേഴ്സിന്റെ കഥ അല്പം വെറിട്ടുനില്ക്കുന്നു. രേണുക, സഹോദരി സീമ എന്നിവരായിരുന്നുഅവർ. രാജ്യത്ത് ഒരു കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സഹോദരിമാരായിരുന്നു ഇവർ. അഞ്ച് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ് ഇവർക്ക് മേലുള്ള കുറ്റം. 13 തട്ടിക്കൊണ്ടുപോകലും 9 കൊലപാതകവുമാണ് ഇവർക്ക് മേൽ ചുമത്തപ്പെട്ടതെങ്കിലും ഒടുവിൽ ആറു കൊലപാതകത്തിനും തട്ടിക്കൊണ്ടുപോകലിനുമാണ് ഇവർ ശിക്ഷിക്കപ്പെട്ടത്. 1990 ൽ പോക്കറ്റടിക്കിടെയാണ് രേണുക പിടിക്കപ്പെടുന്നത്. എന്നാൽ ആ സമയത്ത് രേണുകയ്ക്കൊപ്പം ഒരു കുട്ടിയുമുണ്ടായിരുന്നു. ഒരു കുട്ടിയുള്ള മാതാവ് ഒരിക്കലും മോഷ്ടിക്കില്ലെന്ന് പറഞ്ഞ് രേണുക കേസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. രേണുക, സഹോദരി സീമ, അമ്മ അഞ്ജന എന്നിവരെല്ലാം കുട്ടികളെ തട്ടിക്കൊണ്ടുപോയി ഇവരുടെ മറപറ്റിയാണ് മോഷണമടക്കമുള്ള കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്. ഈ കാലയളവിൽ ഈ കുട്ടികളെ മുറിവേൽപ്പിക്കുകയും പിന്നീട് ഭിക്ഷാടനത്തിനായി ഉപയോഗിച്ചും പിന്നീട് ഉപേക്ഷിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു.
പിണറായിയിലെ സൗമ്യ
സമീപകാലത്ത് കേരളത്തെ ഏറെ ഞെട്ടിച്ച കൊലപാതക പരന്പരയായിരുന്നു കണ്ണൂർ ജില്ലയിലെ പിണറായിയിൽ നടന്നത്. ഇവിടെയും വില്ലനായത് വിവാഹേതര ബന്ധം. ഒരു കുടുംബത്തിലെ നാലു പേരാണ് കൊല്ലപ്പെട്ടത്. കൊലപാതകങ്ങൾ നടത്തിയത് ഒരു യുവതി ആയിരുന്നു. സ്വന്തം മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും അടക്കം പല കാലങ്ങളിലായി വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നു ഇത്. 2012 സെപ്തംബർ മുതൽ നടന്ന കൊലപാതകങ്ങൾക്കൊടുവിൽ 2018ൽ കേസിലെ പ്രതിയായ സൗമ്യ പിന്നീട് ജയിൽ വളപ്പിൽ ആത്മഹത്യ ചെയ്തു.
ഇരട്ടക്കൊലപാതകം
വീണ്ടും വിവാഹേതര ബന്ധത്തിന്റെ സ്വാധീനമാണ് ആറ്റിങ്ങലിലെ ഇരട്ടക്കൊലപാതകത്തിൽ കണ്ടത്. 2014 ഏപ്രിൽ 14ന് ടെക്നോപാർക്ക് ജീവനക്കാരിയായ അനുശാന്തിയും കാമുകൻ ലിനോ മാത്യുവും ചേർന്ന് നടപ്പിലാക്കിയ ഇരട്ടക്കൊല. അവർ കൊന്നുകളയാൻ തീരുമാനിച്ചത് അനുശാന്തിയുടെ ഭർത്താവ് ലിജേഷിനെയും കുഞ്ഞ് സ്വസ്തികയെയും ഭർതൃമാതാവ് ഓമനയെയുമായിരുന്നു. എന്നാൽ ലിജീഷ് ലിനോ മാത്യുവിന്റെ കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു. ഓമനയും സ്വസ്തികയും കൊല്ലപ്പെട്ടു. കേസിൽ ലിനോ മാത്യുവിന് വിചാരണ കോടതി വധശിക്ഷയും അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവും വിധിച്ചു.
കാരണവർ വധക്കേസ്
ചെങ്ങന്നൂരിലെ കാരണവർ കാലപാതകം കേരളം ഞെട്ടലോടെ ശ്രവിച്ചതാണ്. 2009ൽ ചെങ്ങന്നൂരിൽ പ്രവാസി മലയാളിയായ ഭാസ്കര കാരണവരെ മരുമകൾ ഷെറിൻ കാമുകനുമൊത്ത് കൊലപ്പെടുത്തിയത് കേരളത്തെ ഞെട്ടിച്ചിരുന്നു. തോലന്നൂർ കൊലപാതകത്തിലും മരുമകളും കാമുകനും ചേർന്നാണ് കൊലപാതകം നടത്തിയത്. പാലക്കാട് തോലന്നൂർ പൂളക്കൽപറന്പിൽ സ്വാമിനാഥന്റെയും ഭാര്യ പ്രേമകുമാരിയുടെയും ജീവൻ കവർന്നതും മരുമകൾ ഷീജയുടെ വഴിവിട്ട ബന്ധമായിരുന്നു. സദാനന്ദൻ എന്നയാളുമായുള്ള അവിഹിത ബന്ധം ഭർതൃപിതാവ് സ്വാമിനാഥൻ ഭർത്താവ് പ്രദീപിനെ അറിയിക്കുമെന്ന് ഭയന്നാണ് ഷീജ വൃദ്ധ ദന്പതിമാരെ കൊലപ്പെടുത്തിയത്.
ജീവനെടുത്തവരെ തേടി ജീവന്
കെ. ഷിന്റുലാൽ
കഴിഞ്ഞ ജൂലൈയിലാണ് മരണങ്ങളിലെല്ലാം സംശയമുണ്ടെന്ന വ്യക്തമാക്കികൊണ്ട് റോജോ തോമസ് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. എസ്പി താമരശേരി ഡിവൈഎസ്പിയോട് ഇക്കാര്യം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്വേഷണത്തില്‍ സ്വത്ത് തര്‍ക്കമാണെന്ന സൂചനയായിരുന്നു പോലീസിന് ലഭിച്ചത്.
ഇതോടെ അന്വേഷണവും നിലച്ചു. പിന്നീടാണ് കെ.ജി.സൈമണ്‍ എസ്പിയായി എത്തുന്നത്. പരാതിയെ കുറിച്ച് അറിഞ്ഞ അദ്ദേഹം സ്പെഷല്‍ബ്രാഞ്ച് എസ്ഐ ജീവന്ജോര്ജിനോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചു. ഇതോടെ ജീവന് ജോര്‍ജ് അന്വേഷണം ആരംഭിച്ചു. കൂടത്തായിക്കടുത്ത തിരുവമ്പാടി സ്വദേശിയായ ജീവന് ജോര്‍ജ് മലയോര മേഖലയിലെ സൗഹൃദം ഉപയോഗിച്ചാണ് അന്വേഷണം ആരംഭിച്ചത്. ടോം തോമസിന്റെ നാടായ കൂടത്തായ്, അനുജന് സക്കറിയ മാസ്റ്ററുടെ നാടായ കോടഞ്ചേരി പുലിക്കയം , ടോമിന്റെ ബന്ധുവീടുകള്‍ എന്നിവിടങ്ങളില്‍ രണ്ടുമാസത്തോളം ജീവന് ജോര്‍ജ് കറങ്ങിനടന്നു. ചെറുതും വലുതുമായ പരമാവധി വിവരങ്ങള്‍ ശേഖരിച്ചു.
കടകളിലെയും പൊതു ഇടങ്ങളിലെയും വാമൊഴിയില്‍ നിന്നെല്ലാം മരണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ജീവന് ശേഖരിച്ചു. സക്കറിയ മാസ്റ്ററുടെ മകനും അധ്യാപകനുമായ ഷാജുവിനെ ജോളി പുനഃര്‍വിവാഹം ചെയ്തതിലും, സ്വത്തിന് അര്ഹതയില്ലാതിരിക്കെ ടോം തോമസിന്റെ പേരിലുള്ള കോടികള്‍ വിലവരുന്ന വീടും പറമ്പും വ്യാജ ഒസ്യത്ത് തയാറാക്കി ജോളി തന്റെ പേരിലേക്ക് മാറ്റിയതുമാണ് ജോളിക്കെതിരേ സംശയമുന നീളാന്‍ കാരണം.
|
|
കോഴിക്കോട്ടെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (എന്‍ഐടി) പ്രഫസറാണെന്നാണ് ജോളി അയല്‍വാസികളെ ധരിപ്പിച്ചിരുന്നത്. ദിവസവും രാവിലെ വീട്ടില്‍നിന്ന് പോയി വൈകിട്ട് തിരിച്ചെത്തിയതിനാല്‍ എല്ലാവരും ഇത് വിശ്വസിച്ചു. എന്നാല്‍ അന്വേഷണത്തില്‍ ഇത് കളവാണെന്ന് കണ്ടെത്തി. ആറു മരണവും നടന്നത് ഭക്ഷണം കഴിച്ചയുടനെ ആയിരുന്നെന്നതും, മരണസമയങ്ങളില്‍ ജോളി അടുത്തുണ്ടായിരുന്നു എന്നതും സംശയം വര്‍ധിപ്പിക്കാന്‍ കാരണമായി. ഭര്‍ത്താവ് റോയ് തോമസിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ജോളി രഹസ്യമാക്കിവച്ചതും അന്വേഷണത്തില്‍ കണ്ടെത്തി. റോയ് വൈകിട്ട് വിട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് ബാത്ത്റൂമില്‍ പോയപ്പോള്‍ കുഴഞ്ഞുവീണു എന്നായിരുന്നു ജോളി ആദ്യംമുതലേ പറഞ്ഞിരുന്നത്. എന്നാല്‍ മരിക്കുന്നതിനു പതിനഞ്ചുമിനിട്ടുമുന്പ് റോയ് ചോറും കടലക്കറിയും കഴിച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മരിച്ച മറ്റ് അഞ്ചുപേരും മരിക്കുന്നതിനു തൊട്ടുമുന്‍പ് ഭക്ഷണം കഴിച്ചിരുന്നതായും ഛര്‍ദിച്ചതായും അന്വേഷണത്തില്‍ തെളിഞ്ഞു. പിന്നെ, സയനൈഡ് നല്കിയ ആളെ കണ്ടെത്താനുള്ള നെട്ടോട്ടമായി. റോയിയുടെ മാതൃസഹോദരപുത്രനായ മാത്യു ജ്വല്ലറി ജീവനക്കാരനാണെന്ന് അറിഞ്ഞതോടെ എല്ലാം എളുപ്പമായി. ജോളിയും മാത്യുവുമായി അടുത്ത ബന്ധമുള്ളതായും മാത്യു ഇടയ്ക്കിടെ ജോളിയെ കാണാന്‍ വീട്ടില്‍ എത്താറുണ്ടെന്നും ജീവന് തിരിച്ചറിഞ്ഞു.
ടോം തോമസിന്റെയും ഭാര്യയുടെയും പെന്‍ഷന്‍തുക കാണാതായതും, ഇരുവരുടെയും മരണശേഷം ജോളി വാഹനങ്ങള്‍ വാങ്ങിയതായും അന്വേഷണത്തില്‍ അറിവായി. തുടര്‍ന്ന് ഓരോ തെളിവുകളും വിളക്കിച്ചേര്‍ത്ത് ജീവന് ജോര്‍ജ് റുറല്‍ എസ്പിക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്കി. റിപ്പോര്‍ട്ട് പിന്നീട് കണ്ണൂര്‍ റേഞ്ച് ഐജി മുമ്പാകെ എത്തുകയും പുനരന്വേഷണം ആരംഭിക്കുകയുമായിരുന്നു.