പറന്നിറങ്ങിയ ട്വിസ്റ്റ്
Friday, October 11, 2019 3:16 PM IST
കെ. ഷിന്റുലാൽ
കല്ല് കരട് കാഞ്ഞിരക്കുറ്റി മുതല്‍ മുള്ള് മുരുക്ക് മുക്കുറ്റിവരെയുള്ള തെളിവുകള്‍ ശേഖരിച്ചാണ് ഓരോ കുറ്റകൃത്യവും തെളിയിക്കപ്പെടുന്നത്. കുറ്റവാളി എത്ര ബുദ്ധിശാലിയാണെങ്കിലും കുറ്റകൃത്യത്തിനിടെ ഒരു തെളിവ് അവശേഷിപ്പിച്ചിട്ടുണ്ടാവും...
ദൈവത്തിന്റെ കയ്യൊപ്പ് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിക്കുന്ന ആ തെളിവാണ് പലപ്പോഴും അന്വേഷണത്തിന്റെ ഗതിയെ മാറ്റിമറിയ്ക്കുന്നത്.
ക്രൈം സീനുകളില്‍ നിന്ന് പോലീസോ, ഫോറന്‍സിക് വിദഗ്ധരോ, വിരലടയാള വിദഗ്ധരോ ഇത്തരം തെളിവുകള്‍ കണ്ടെത്താറുണ്ടെന്നത് നൂറ്റാണ്ടുകളായുള്ള പോലീസിന്റെ ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാവും.
അത്തരത്തിലുള്ള തെളിവുകള്‍ കണ്ടെത്തുകയെന്നതാണ് ഓരോ അന്വേഷണ ഉദ്യോഗസ്ഥന്റെയും ആദ്യ കടമ. നിസാരമെന്ന് കണ്ട് തള്ളിക്കളയുന്ന വസ്തുക്കളില്‍ വരെ സത്യം കണ്ടെത്താനുള്ള പഴുതുകള്‍ അവശേഷിച്ചിട്ടുണ്ടാവാമെന്ന ചിന്തയോടെയാണ് ഓരോ അന്വേഷണ ഉദ്യോഗസ്ഥനും പ്രമാദമായ കേസുകള്‍ അന്വേഷിച്ചു തുടങ്ങുന്നത്.
കൂടത്തായിയില്‍ 17 വര്‍ഷം മുമ്പുള്ള തെളിവുകള്‍ തേടിയായിരുന്നു എസ്ഐ ജീവന് ജോര്‍ജ്ജ് യാത്ര ആരംഭിച്ചത്. അത് ചെന്നവസാനിച്ചത് കല്ലറയില്‍ അന്ത്യവിശ്രമം കൊള്ളുന്നവരുടെ മൃതദേഹാവശിഷ്ടങ്ങളിലും...
റോജോയുടെ വരവ്
അമേരിക്കയില്‍ ബിസിനസുകാരനായ റോജോയുടെ നാട്ടിലേക്കുള്ള വരവാണ് കൂടത്തായി കൂട്ടക്കൊലകേസില്‍ നിര്‍ണായകമായത്. അന്നുവരെ അസ്വാഭാവികമെന്ന് ബന്ധുക്കളും നാട്ടുകാരും കരുതിയിരുന്നു മരണങ്ങളെല്ലാം കൊലപാതകമാണെന്ന സംശയമുയര്‍ന്നത് റോജോയുടെ ഈ വരവിലാണ്. വിദേശത്ത് നിന്ന് നാട്ടിലെത്തിയ റോജോയ്ക്ക് ആദ്യം അറിയാന്‍ കഴിഞ്ഞത് എല്ലാ സ്വത്തുക്കളും ജ്യേഷ്ഠന്റെ ഭാര്യയായ ജോളിയുടെ പേര്‍ക്ക് എഴുതി വച്ചെന്നായിരുന്നു. എന്നാല്‍ ഇക്കാര്യം വിശ്വസിക്കാന്‍ റോജോയ്ക്ക് കഴിഞ്ഞില്ല. അതിനിടെ ജോളിയും ബന്ധുവായ ഷാജുവും തമ്മില്‍ വിവാഹിതരായിരുന്നു. ഇത് സംശയത്തിന് കൂടുതല്‍ ഇടവരുത്തി. റോജോയ്ക്കും റോയ് തോമസിനും സഹോദരിക്കും അവകാശപ്പെട്ടതായിരുന്നു ടോംതോമസിന്റെ സ്വത്തുക്കള്‍. എന്നാല്‍ ടോംതോമസ് മരിക്കുന്നതിന് മുമ്പ് സ്വത്തുക്കളെല്ലാം തന്റെ പേരില്‍ ഒസ്യത്ത് എഴുതി വച്ചിരുന്നതായാണ് ജോളി വരുത്തിത്തീര്‍ത്തത്. ഈ സംഭവങ്ങള്‍ക്കെല്ലാം മുമ്പേ തന്നെ ടോംതോമസിനെ കൊണ്ട് മണിമുണ്ടയിലുണ്ടായിരുന്ന രണ്ട് ഏക്കര്‍ സ്ഥലം വില്‍പ്പന നടത്തി വന്‍തുക ജോളി കൈക്കലാക്കിയിരുന്നു. ഈ രണ്ടു സംഭവങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ കണ്ടതോടെ റോജോ ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ചു. ഒസ്യത്തില്‍ സാധാരണ അറിയാവുന്നയാളുകളാണ് സാക്ഷികളായി ഒപ്പു വയ്ക്കുന്നത്.
എന്നാല്‍ ടോംതോമസുമായോ കുടുംബാംഗങ്ങളുമായോ ഒരു ബന്ധവും അടുപ്പവുമില്ലാത്ത രണ്ടുപേരായിരുന്നു ഒപ്പിട്ടത്. ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത കേട്ടുകേള്‍വി പോലുമില്ലാത്തവര്‍ ഒസ്യത്തില്‍ എന്തിന് ഒപ്പിട്ടുവെന്ന ചിന്ത റോജോയുടെ ഉറക്കംകെടുത്തി. പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. നിയമനടപടിയിലേക്ക് നീങ്ങാനായിരുന്നു റോജോയുടെ തീരുമാനം. റൂറല്‍ എസ്പിക്ക് ഇത് സംബന്ധിച്ച് പരാതി നല്കി. എന്നാല്‍ ഇതറിഞ്ഞ ജോളി റോജോയെ കാണാന്‍ നേരിട്ടെത്തി. "എനിക്ക് എന്തിനാണീ സ്വത്തുക്കളെല്ലാം' ജോളിയുടെ സൗമ്യതയോടു കൂടിയ സംഭാഷണങ്ങള്‍ എല്ലാ നിയമനടപടികളും അവസാനിപ്പിക്കണമെന്ന ഉദേശ്യത്തോടു കൂടിയുള്ളതായിരുന്നു. ഒടുവില്‍ ഒരു ഏക്കറോളം വരുന്ന സ്ഥലത്തിന്റെ വീടുള്‍പ്പെടെയുള്ള പകുതി സ്വത്തുക്കള്‍ റോയിയുടെ മക്കള്‍ക്കും ബാക്കിസ്ഥലം റോയിയുടെ സഹോദരങ്ങള്‍ക്കുമായി ഭാഗം ചെയ്തു. എന്നാല്‍ റോജോയ്ക്ക് ജോളിയെ കുറിച്ചുള്ള സംശയങ്ങളകന്നില്ല.
അതിനിടെയാണ് സൗമ്യ കേസ് ചര്‍ച്ചയായി മാറിയത്. ഛര്‍ദിയെ തുടര്‍ന്ന് മരിച്ച മൂന്നു പേരെ പിണറായിയില്‍ സൗമ്യ കൊലപ്പെടുത്തിയതാണെന്നറിഞ്ഞ റോജോ വൈകാതെ കുടുംബാംഗങ്ങള്‍ മരിച്ചതുമായി ബന്ധപ്പെട്ട പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് കൂട്ടക്കൊലയുടെ ചുരുളഴിയുന്നത്. ( തുടരും)
കാണാമറയത്തെ കൊടുംകുറ്റവാളി
2009 ജൂണ്‍ മാസത്തിലെ ഒരു ദിനം. കർണാടകയിലെ, ബന്ത്വാൾ പോലീസ് സ്റ്റേഷനിലേക്ക് മധ്യവയസ്കരായ ആ ദന്പതികൾ കയറിച്ചെന്നു. മംഗലാപുരത്തു നിന്നും ഏകദേശം 40 കിലോമീറ്റർ അകലെ, തീരദേശഗ്രാമമായ ബരിമരുവിൽ നിന്നാണ് അവർ വരുന്നത്. ഇൻസ്പെക്ടറുടെ മുന്നിൽ അവർ ഒരു പരാതി സമർപ്പിച്ചു. 22 വയസ്സുള്ള അവരുടെ മകൾ അനിത ബംഗരെയെ രണ്ടു ദിവസമായി കാണാനില്ല. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള യുവതി. വളരെ താഴ്ന്ന ചുറ്റുപാടുകളിൽ ജീവിച്ചു വരുന്ന ദുഗ്ഗപ്പയുടെയും കുസുമയുടെയും മൂന്നുമക്കളിൽ രണ്ടാമത്തവൾ. അവളുടെ വിവാഹത്തിനായി സ്വരൂപിച്ചു വച്ചിരുന്ന ഒന്‍പതു പവൻ സ്വർണവും 5000 രൂപയും അവളോടൊപ്പം കാണാതായിരുന്നു. അവളുടെ മൂത്തസഹോദരൻ മാധവ് വിദേശത്ത് ജോലി ചെയ്യുന്നു. അയാൾ വാങ്ങിക്കൊടുത്ത വിലകൂടിയ ഒരു മൊബൈൽ ഫോണും അപ്രത്യക്ഷമായിട്ടുണ്ട്. തങ്ങളുടെ മകളെ എങ്ങനെയും കണ്ടുപിടിച്ചു തരണമെന്ന് അവർ കണ്ണീരോടെ ഇൻസ്പെക്ടറോട് അപേക്ഷിച്ചു. പരാതി സ്വീകരിച്ച ഇൻസ്പെക്ടർ അന്വേഷിച്ച് നടപടിയെടുക്കാമെന്ന് ഉറപ്പുകൊടുത്തു.
![](https://www.deepika.com/feature/feature_2019oco11wa2.jpg)
അന്വേഷണം തുടങ്ങുന്നു
പിറ്റേന്ന് പോലീസ് പാർട്ടി ബരിമരുവിലെത്തി. യാത്രാ സൗകര്യങ്ങൾ നന്നേ കുറഞ്ഞ ഒരു ഗ്രാമം. ഹിന്ദുക്കളും മുസ്ലിങ്ങളും താമസമുണ്ട്. ദുഗ്ഗപ്പയുടെ വീട്ടിലെത്തിയ പോലീസ് വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. കൂടാതെ അയൽവാസികളിൽ നിന്നും മറ്റു പരിചയക്കാരിൽ നിന്നും മൊഴിയെടുത്തു. അക്കൂട്ടത്തിൽ ശ്രദ്ധേയമായൊരു വിവരമുണ്ടായിരുന്നു. അനിതയ്ക്കു ഒരു മുസ്ലിം യുവാവുമായി പരിചയമുണ്ടായിരുന്നത്രെ. എന്നാൽ അയാൾ ഈ പ്രദേശത്തെ താമസക്കാരനല്ല. ദിവസങ്ങൾ കഴിഞ്ഞിട്ടും മകളുടെ വിവരമൊന്നും ലഭിക്കാത്തതുകൊണ്ട് ദുഗ്ഗപ്പയും കുസുമയും വീണ്ടും ബന്ത്വാൾ പോലീസ് സ്റ്റേഷനിലെത്തി. മകളുടെ വിവരം അന്വേഷിച്ച അവരോട് ഇൻസ്പെക്ടർ വളരെ പരുഷമായാണു പെരുമാറിയത്. ""മകളെ നല്ല രീതിയിൽ വളർത്തണമായിരുന്നു. അവൾ ഏതോ യുവാവിന്റെ കൂടെ പോയി. അവരിപ്പോൾ വിവാഹം ചെയ്ത് സുഖമായി ജീവിക്കുന്നുണ്ടാകും.പോലീസിന് ഇതിലൊന്നും ചെയ്യാനില്ല. നിങ്ങൾ പോകൂ..’’ ""അവൾ അങ്ങനെയൊരു കുട്ടിയല്ല സാർ. അവളുടെ വിവാഹം നടത്താൻ ഞങ്ങൾ ശ്രമിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു..’’ ദുഗ്ഗപ്പ കണ്ണീരോടെ പറഞ്ഞു.. ""ഷട്ടപ്പ്..!'' ഇൻസ്പെക്ടർ ചാടിയെണീറ്റു. ""നിങ്ങളോട് പോകാനല്ലേ പറഞ്ഞത്..!'' ആകെ ഭയന്നുപോയ ആ പാവങ്ങൾ കരഞ്ഞുകൊണ്ട് സ്റ്റേഷന്റെ പടിയിറങ്ങി.
സഹോദരൻ നാട്ടിലെത്തുന്നു
സഹോദരിയെ കാണാനില്ലെന്നറിഞ്ഞ മാധവ് വിദേശത്തു നിന്നും ലീവിൽ നാട്ടിലെത്തി. അപ്പോൾ നാട്ടിലാകെ സ്ഥിതിഗതികൾ ഗുരുതരാവസ്ഥയിലെത്തിയിരുന്നു. ചില സംഘടനകൾ പ്രശ്നം ഏറ്റെടുത്തു കഴിഞ്ഞിരുന്നു. മകളെ ഒരു മുസ്ലീം പ്രലോഭിപ്പിച്ചു കൊണ്ടു പോകാൻ ഇടയാക്കിയ ദുഗ്ഗപ്പയെ നാട്ടുകാർ ഒറ്റപ്പെടുത്താനാരംഭിച്ചു. അവളെ തള്ളിപ്പറയുകയല്ലാതെ, ആ നാട്ടിൽ ജീവിക്കാൻ മറ്റു നിവൃത്തിയില്ല എന്ന സ്ഥിതിയായിരുന്നു. നാട്ടിലെത്തിയ മാധവ് ആദ്യം ചെയ്തത്, സഹോദരിക്ക് അങ്ങനെയൊരു ബന്ധം ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു. അനിതയുടെ കൂട്ടുകാരികളോടും മറ്റും അന്വേഷിച്ചതിൽ മുസ്ലീമായ ആരുമായും അവൾ സംസാരിക്കുന്നതു പോലും കണ്ടതായി അവരാരും കണ്ടിട്ടില്ല. എന്നാൽ അവൾക്കൊരു ആണ് സുഹൃത്ത് ഉണ്ടായിരുന്നതായി ചില സൂചനകൾ ഉണ്ടായിരുന്നു. അക്കാര്യം അവർ സമ്മതിക്കുകയും ചെയ്തു.
മാധവ്, ബന്ത്വാൾ സ്റ്റേഷനിലെത്തി ഇക്കാര്യങ്ങൾ ഇൻസ്പെക്ടറോട് പറഞ്ഞെങ്കിലും, അതൊന്നും കേൾക്കാൻ അയാൾ തയാറായിരുന്നില്ല. തിരികെ നാട്ടിലെത്തിയ അയാൾ, ഗ്രാമക്ഷേത്രത്തിലെ സ്വാമിയെ പോയി കണ്ടു. വളരെ നല്ലവനായ അയാൾക്ക് അനിതയെ നല്ല പരിചയമുണ്ടായിരുന്നു. അവൾ മിക്കവാറും ക്ഷേത്രത്തിൽ വരാറുണ്ടായിരുന്നു. കാണാതായ അന്നു പോലും രാവിലെ വന്നിരുന്നതാണ്. അങ്ങനെയുള്ള അവൾ ഒരു മുസ്ലിം യുവാവിനൊപ്പം പോയി എന്ന് സ്വാമി വിശ്വസിച്ചിരുന്നില്ല. മാധവിന്റെ സങ്കടം മനസിലാക്കിയ സ്വാമി അയാളെ ആശ്വസിപ്പിച്ചു. പോലീസ് സ്റ്റേഷനിൽ താൻ കൂടി വന്നു കാര്യങ്ങൾ പറയാമെന്ന് അദ്ദേഹം ഏറ്റു.
പിറ്റേന്ന് സ്വാമിയും മാധവും കൂടി ബന്ത്വാൾ സ്റ്റേഷനിൽ എത്തി വിവരങ്ങൾ അറിയിച്ചു. എന്നാൽ ഇൻസ്പെക്ടർക്ക് ഒരു കുലുക്കവുമുണ്ടായിരുന്നില്ല. തന്റെ അന്വേഷണത്തിൽ അനിത ഒരു മുസ്ലിം യുവാവിനൊപ്പമാണു പോയിരിക്കുന്നതെന്ന് മനസിലായി എന്നയാൾ പറഞ്ഞു. അവരെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. ഇൻസ്പെക്ടറുടെ ഈ നിലപാടിൽ കോപം തോന്നിയ സ്വാമി, മാധവിനെയും കൂട്ടി ദക്ഷിണ കാനറ ജില്ലാ പൊലീസ് സൂപ്രണ്ടിനു പരാതി കൊടുത്തു. ഇതോടെ കർണാടക സർക്കാർ ഉണർന്നു. അനിതയുടെ തിരോധാനത്തെ പറ്റി അന്വേഷിക്കാൻ, സംസ്ഥാനത്തെ കുറ്റാന്വേഷണ ഏജൻസിയായ കോർ ഓഫ് ഡിറ്റക്ടീവ്സിനെ ചുമതലപ്പെടുത്തി. എഎസ്പി. ഡോ. ചന്ദ്രഗുപ്ത കേസന്വേഷണം ഏറ്റെടുത്തു. ബന്ത്വാൾ സ്റ്റേഷനിലെത്തിയ കേസ് ഫയലുകൾ പരിശോധിച്ചു. ഒരു കേസന്വേഷണത്തിൽ ചെയ്യേണ്ട പ്രാഥമിക അന്വേഷണം പോലും അവിടുത്തെ പോലീസ് നടത്തിയിട്ടില്ല എന്നദ്ദേഹത്തിനു ബോധ്യമായി.
ഫോൺ പരിശോധന
അനിതയുടെ ഗ്രാമത്തിലെത്തിയ അദ്ദേഹം മാതാപിതാക്കളിൽ നിന്നും മാധവിൽ നിന്നും മറ്റും മൊഴികളെടുത്തു. അനിതയുടെ മൊബൈൽ ഫോണ്‍ കോളുകളെ പറ്റിയാണു കൂടുതൽ അറിയേണ്ടിയിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ അനിതയുടെ കോൾ ലിസ്റ്റ് അദ്ദേഹം ശേഖരിച്ചു. അനിത വീട്ടിൽ നിന്നും പോയി രണ്ടു ദിവസത്തിനു ശേഷം ആ ഫോണ്‍ പിന്നീട് ഉപയോഗിച്ചിട്ടില്ല. അവൾ വിളിച്ചതും അവളെ വിളിച്ചതുമായ മറ്റു നന്പരുകളെ പറ്റിയായി അന്വേഷണം. ഏറെ ദിവസത്തെ പ്രയത്നത്തിനുശേഷം, അതിൽ ഒരു നന്പർ പൊലീസ് മാർക്ക് ചെയ്തു. ശ്രീധർ എന്നൊരാളുടെ ഫോണ്‍ നന്പരായിരുന്നു അത്. ആ ഫോണിൽ നിന്നു വളരെ അധികം കോളൂകൾ അനിതയുടെ ഫോണിലേക്ക് വന്നിട്ടുണ്ട്. ബന്ത്വാൾ സ്റ്റേഷനിലെ ഒരു കോണ്‍സ്റ്റബിൾ വഴി ഇക്കാര്യം മാധവ് അറിഞ്ഞു. സുള്ള്യ താലൂക്കിലെ പെരാജ് എന്നൊരു സ്ഥലത്തെ അഡ്രസാണു ശ്രീധർ നൽകിയിരുന്നത്.
മാധവ്, തന്റെ അഞ്ചു സുഹൃത്തുക്കളുമായി ഒരു ജീപ്പിൽ പെരാജിലേക്കു പുറപ്പെട്ടു. ഏറെ സമയത്തെ അന്വേഷണത്തിനു ശേഷം അവർ ശ്രീധറിനെ കണ്ടെത്തി. ഒരു ചെറുപ്പക്കാരൻ. സൗഹൃദഭാവത്തിൽ അയാളെ അവർ കൂടെ കൂട്ടി. എന്തോ സംസാരിക്കാനെന്ന വ്യാജേനെ ജീപ്പിൽ കയറ്റി വിജന സ്ഥലത്തെത്തിച്ചു. അവിടെ വെച്ച് മാധവും സുഹൃത്തുക്കളും കൂടി ശ്രീധറിനെ ക്രൂരമായി മർദ്ദിച്ചു. എന്തിനാണു തന്നെ മർദ്ദിക്കുന്നതെന്ന നിരന്തര ചോദ്യത്തിനൊടുവിൽ അവർ കാര്യം പറഞ്ഞു.
എന്നാൽ അനിതയെ അറിയുകപോലുമില്ലെന്ന് അയാൾ കരഞ്ഞുകൊണ്ടു പറഞ്ഞു. മാധവ് പറഞ്ഞ ഫോണ്‍ നന്പർ, തന്റെ സഹോദരിയുടെ നന്പരാണത്രേ. എന്നു മാത്രമല്ല, ആ ഫോണിനോടൊപ്പം തന്റെ സഹോദരി കാവേരിയെയും കാണാനില്ലെന്ന വിവരവും അയാൾ പറഞ്ഞു. എന്നാൽ മാധവും കൂട്ടരും അതൊന്നും വിശ്വസിച്ചില്ല. ശ്രീധറിനെ ബോധം കെടുവോളം മർദ്ദിച്ച ശേഷം അയാളുടെ ശരീരം റെയിൽവേ ട്രാക്കിൽ തള്ളി അവർ കടന്നു കളഞ്ഞു.
അല്പസമയത്തിനകം ബോധം തെളിഞ്ഞ ശ്രീധർ ഒരു വിധത്തിൽ നടന്ന് അടുത്ത കവലയിലെത്തി നാട്ടുകാരുടെ സഹായം അഭ്യർഥിച്ചു. അവർ അയാളെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. അയാളിൽ നിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞ ലോക്കൽ പൊലീസ് ഒരു പരാതി എഴുതി വാങ്ങി. തന്റെ സഹോദരിയുടെ നന്പർ ചോദിച്ചു വന്നവരാണു മർദ്ദിച്ചതെന്നും, തന്റെ സഹോദരിയെ മാസങ്ങളായി കാണാനില്ലെന്നും അതിൽ വിശദീകരിച്ചിരുന്നു. കാവേരിയുടെ മിസിംഗ് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും തുന്പൊന്നും കിട്ടിയിരുന്നില്ല. ഈ നന്പരിനെ പറ്റി, സ്റ്റേഷൻ ഇൻസ്പെക്ടർ അന്വേഷണമാരംഭിച്ചു. എന്നാൽ അതിപ്പോൾ ഉപയോഗത്തിലില്ലായിരുന്നു.
അന്വേഷണം നടക്കുന്നതിനാൽ, കാവേരിയുടെ മിസിംഗിനെ പറ്റി ഇൻസ്പെക്ടർ, ഡോ. ചന്ദ്രഗുപ്തയ്ക്കു വിവരം കൈമാറി. അദ്ദേഹത്തിനു വലിയ ആവേശമായി. കാവേരിയെ പറ്റി വിശദമായ അന്വേഷണമാരംഭിച്ചു. ശ്രീധറിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ശ്രീധറിന്റെ പേരിലെടുത്ത സിം ആണു സഹോദരി കാവേരി ഉപയോഗിച്ചിരുന്നത്. കേരളത്തിലെ കാസർഗോഡ് ആയിരുന്നു കാവേരി ജോലിചെയ്തിരുന്നത്. 2009 ഫെബ്രുവരിയിലെ ഒരു ദിവസം, വീട്ടിൽ നിന്നു പോയ കാവേരി പിന്നെ മടങ്ങി വന്നില്ല.
ദിവസങ്ങൾക്കു ശേഷം വീട്ടുകാർ പൊലീസിൽ പരാതി നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല. അപ്രത്യക്ഷരായ അനേകം യുവതികളുടെ കേസിനൊപ്പം അതും പൊലീസ് ഷെൽഫിൽ വിശ്രമിച്ചു.അങ്ങനെയിരിക്കെ സൈബർ സെല്ലിൽ നിന്ന് ചന്ദ്രഗുപ്തയ്ക്ക് ഒരു ഇൻഫോർമേഷനെത്തി. കാണാതായ അനിതയുടെ ഫോണ്‍ ആക്ടീവായിരിക്കുന്നു എന്നതായിരുന്നു അത്. മറ്റൊരു നന്പരാണ് അതിൽ ഉപയോഗിക്കുന്നത്. നന്പർ ട്രേയ്സ് ചെയ്താണു സൈബർ സെൽ അതു കണ്ടെത്തിയത്. മംഗലാപുരത്തിനടുത്തുള്ള ഒരു സ്ഥലത്താണു ആ ഫോണ്‍ ഉപയോഗത്തിലുള്ളത്. നന്പർ ട്രെയ്സ് ചെയ്തതിൽ നിന്ന് ഒരു സ്ത്രീയുടെ പേരിലാണു സിം ഉള്ളതെന്നു മനസിലായി.
നിർണായക കണ്ടെത്തൽ
പോലീസ് ദർലക്കട്ടയിൽ എന്പാടും പരതി സിം ഉടമയെ കണ്ടെത്തി. 16 വയസ്സുള്ള ഒരു ആണ്‍കുട്ടിയായിരുന്നു അതുപയോഗിച്ചിരുന്നത്. അവന്റെ അമ്മയുടെ പേരിലുള്ള സിമ്മാണു അവൻ ഉപയോഗിക്കുന്നത്.
ആ സ്ത്രീയെ ചോദ്യം ചെയ്തതിൽ നിന്നും അവർക്കൊന്നും അറിയില്ലെന്നു മനസിലായി. ആ ഫോണ്‍ എങ്ങനെ കിട്ടി എന്നു ചോദിച്ചപ്പോൾ തന്റെ അമ്മാവൻ സമ്മാനിച്ചതാണെന്നു പറഞ്ഞു. ദർലെകട്ടയിൽ നിന്ന് അല്പമകലെ, കന്യന എന്നസ്ഥലത്താണു അമ്മാവൻ താമസിക്കുന്നത്. പോലീസ് അവിടെയെത്തി, അയാളെ തപ്പിയെടുത്തു. അവിടെ അടുത്തൊരു യു പി. സ്കൂളിലെ അധ്യാപകനായിരുന്ന മോഹൻ കുമാർ ആയിരുന്നു അത്. അയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഈ ഫോണ്‍ താൻ ഒരാളിൽ നിന്നു വിലകൊടുത്തു വാങ്ങിയതാണെന്ന് മോഹൻ കുമാർ പറഞ്ഞു. അനന്തിരവന് ഒരു ജന്മദിനസമ്മാനം നൽകാനായിരുന്നു അത്. ആരിൽ നിന്നു വാങ്ങിയതാണെന്ന് താനിപ്പോൾ ഓർക്കുന്നില്ല എന്നും അയാൾ പറഞ്ഞു. പോലീസ് മോഹൻ കുമാറിന്റെ സ്കൂളിലെത്തി അന്വേഷിച്ചു. അതിൽ നിന്നും ഒരു കാര്യം മനസിലായി, അയാൾ ഇടയ്ക്കിടെ സ്കൂളിലെത്താറില്ല.
നാലും അഞ്ചും ദിവസങ്ങൾ അവധിയിലായിരിക്കും. അറ്റൻഡൻസ് രജിസ്റ്ററിൽ നിന്നും ആ ദിവസങ്ങളുടെ വിവരം പോലീസ് ശേഖരിച്ചു. അനിതയും കാവേരിയും അപ്രത്യക്ഷമായ ദിവസങ്ങളിൽ മോഹൻ കുമാർ സ്കൂളിൽ എത്തിയിട്ടില്ല. പിന്നീടുള്ള കാര്യമായ ചോദ്യം ചെയ്യലിനുമുന്നിൽ അയാൾക്കു പിടിച്ചു നിൽക്കാനായില്ല. കർണാടകയെ പിടിച്ചു കുലുക്കിയ ഭീകരമായ കൊലപാതക പരന്പരയുടെ ചുരുളായിരുന്നു നിവർന്നത്. (തുടരും)