സയനൈഡ് മല്ലിക അഥവാ കൊബമ്മ
Thursday, October 10, 2019 3:06 PM IST
കേരള ജനതയെ ഞെട്ടിച്ചുകൊണ്ടാണ് കൂടത്തായി കൊലപാതക പരന്പരയുടെ ചുരുളുകൾ അഴിയുന്നത്. ഇപ്പോഴത്തെ കണക്കും വിവരവുമനുസരിച്ചു ജോളി മാത്യു ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ നിർദാക്ഷിണ്യം കൊന്നു തള്ളിയത് ആറു പേരെയാണ്. എല്ലാം പണത്തിനും പ്രണയത്തിനും വേണ്ടി. ആദ്യ കാലത്ത് സ്ത്രീ കൊലപാതകികൾ എന്നാൽ കഥകളിലും നാടകങ്ങളിലും മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് വിദേശ രാജ്യങ്ങളിൽ അത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുതുടങ്ങി. തൊണ്ണൂറുകളോടെ ഇന്ത്യയിലും സ്ത്രീ കൊലപാതകികളെ കുറിച്ചു കേട്ടുതുടങ്ങി. സയനൈഡ് മല്ലികയാണ് "സീരിയൽ കില്ലർ’ ലേബലോടെ ഇന്ത്യയിൽ പിടിക്കപ്പെടുന്ന ആദ്യ വനിതാ കൊലപാതകി. അടുത്തിടെയാണ് സ്വന്തം മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും അടക്കം കൊലപ്പെടുത്തിയ സൗമ്യയുടെ കഥ നാം അറിയുന്നത്. സയനൈഡ് മല്ലിക മുതൽ സൗമ്യ വരെ.രാജ്യത്തെ നടുക്കിയ സ്ത്രീ കൊലയാളികൾ ധാരാളം. ഇതു പോലെ പുരുഷൻമാരും ഇതിലും കേമൻമാരാണ്. മോഹൻകുമാറിനെ പോലെ പ്രേമം നടിച്ചു കാര്യം സാധിച്ച ശേഷം സയനൈഡ് നല്കി കൊലപ്പെടുത്തിയവർ നിരവധിയാണ്. മോഹൻകുമാർ 20 യുവതികളെയാണ് കൊലപ്പെടുത്തിയത്.
ഇത് മല്ലിക. മല്ലിക എന്നു പറഞ്ഞാൽ പെട്ടെന്ന് ആർക്കും മനസിലാകില്ല. സയനൈഡ് മല്ലിക എന്നു പറഞ്ഞാൽ അറിയും. രാജ്യത്തെ ആദ്യത്തെ വനിതാ സീരിയൽ കില്ലറാണ് മല്ലിക. ബംഗളുരുവിൽ അടിക്കടി ക്ഷേത്രദർശനത്തിനു പോകാറുണ്ടായിരുന്ന ഇവർ, കടുത്ത ദുഃഖത്തോടെ ഇവിടെയെത്തുന്ന ഭക്തരെയാണ് ഉന്നംവച്ചിരുന്നത്. കടുത്ത വിശ്വാസിയായ സ്ത്രീയെന്ന തോന്നൽ ജനിപ്പിച്ച് അതീവ ദുഃഖിതരായ സ്ത്രീകളെ വശത്താക്കുകയായിരുന്നു ലക്ഷ്യം. ഇത്തരത്തിൽ കൂട്ടുകൂടുന്ന സ്ത്രീകളെ നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് ബംഗളുരു നഗരത്തിന് പുറത്തെ ക്ഷേത്രത്തിൽ വരാൻ ആവശ്യപ്പെടും. ഇവിടെയെത്തിയാൽ പുണ്യതീർഥം എന്ന പേരിൽ സയനൈഡ് കലർത്തിയ വെള്ളം നൽകിയാണ് കൊലപാതകം നടത്തിയിരുന്നത്. സയനൈഡ് മല്ലിക ഇപ്പോൾ കഴിയുന്നതു ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ്.
2002- 2016 കാലയളവിൽ സയനൈഡ് നൽകി കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കൂടത്തായിയിലെ ജോളിയുടെ ക്രൂരതയുടെ കഥകൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്പോൾ അറിഞ്ഞോ അറിയാതെയോ സൈനഡ് മല്ലികയെ ഓർത്തു പോകുന്നു. 1999 -2007 കാലഘട്ടത്തിൽ മാത്രമായി സയനൈഡ് നൽകി കൊലചെയ്തത് ആറു പേരെയാണ്. ഇതുവരെ കണ്ടെത്തിയ വിവരമനുസരിച്ച് മാത്രമാണിത്.
200 രൂപയ്ക്ക് ഒരു സ്വർണ പോളിഷിംഗ് ഷോപ്പിൽ നിന്ന് സയനൈഡ് വാങ്ങി. ഏകദേശം രണ്ടായിരം പേരുടെ ജീവനെടുക്കാൻ ഇത് ധാരാളം. തീവ്ര ഭക്തയായും, മന്ത്രവാദിയായും അഭിനയിച്ച് വിവിധ പ്രശ്നങ്ങളനുഭവിക്കുന്നവരുമായി ആദ്യം സൗഹൃദത്തിലാകും. ഏതെങ്കിലും ദൂരെയുള്ള തീർഥാടന കേന്ദ്രങ്ങളുടെ പേര് പറയുകയും, അവിടെ ചെന്നു പ്രാർഥിച്ചാൽ ഫലമുണ്ടാകുമെന്ന് നിർദേശം നൽകുകയും ചെയ്യും. എന്നാൽ പോകുന്ന കാര്യം ആരും അറിയരുതെന്നും പ്രത്യേകം പറയും. തുടർന്നു ഇരയെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്യും. സ്ഥലത്ത് എത്തുന്പോൾ തീർഥജലമാണെന്നു പറഞ്ഞു സയനൈഡ് നൽകി കൊലപ്പെടുത്തും. ശേഷം ആഭരണങ്ങൾ കവരും. തുടർന്ന് വില്പന നടത്തുന്നതായിരുന്നു മല്ലികയുടെ പതിവ്.
മല്ലികയുടെ ആദ്യ കുറ്റകൃത്യം നടക്കുന്നത് 1999 ഒക്ടോബർ 19 ന് ഹൊസ്കോടെയിൽ വച്ചാണ്. മുപ്പതുകാരിയായ മമത രാജനെയാണ് മല്ലിക കൊലപ്പെടുത്തുന്നത്. മമതയുടെ കൊലപാതക കേസിൽ അന്വേഷണം തന്നിലേക്ക് എത്താതിരുന്നത് മല്ലികയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. എങ്കിലും ഏഴു വർഷത്തോളം അവർ കാത്തിരുന്നു. 2007 ലായിരുന്നു രണ്ടാം കൊലപാതകം. 2007ലാണ് കെന്പമ്മ അഥവാ മല്ലികയുടെ രണ്ടാം കൊലപാതകം. തന്റെ കാണാതായ ചെറുമകൾക്ക് വേണ്ടി പ്രാർഥിക്കാൻ എത്തിയതായിരുന്നു എലിസബത്ത്. കബലമ്മ ക്ഷേത്രത്തിൽവച്ച് സയനൈഡ് കലക്കി നൽകി എലിസബത്തിനെയും കെന്പമ്മ കൊലപ്പെടുത്തി.പിന്നീട് കൊലപ്പെടുത്തുന്നത് അറുപതുകാരിയായ യശോദമ്മയെ ആണ്. സിദ്ദഗംഗ മഠത്തിൽവച്ചാണ് യശോദമ്മയെ സമാന രീതിയിൽ കൊലപ്പെടുത്തുന്നത്. പിന്നീട് 60 കാരിയായ മുനിയമ്മ, പില്ലമ്മ, എന്നിവരും കൊലചെയ്യപ്പെട്ടു. മുപ്പതുകാരിയായ നാഗവേണിയായിരുന്നു കെന്പമ്മയുടെ അവസാന ഇര.
2007 ഡിസംബർ 31നാണു മല്ലിക പിടിക്കപ്പെടുന്നത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജ്വലറി കടക്കാരനാണ് പോലീസിനെ അറിയിച്ചത്. പോലീസ് പിടിക്കുമെന്നറിഞ്ഞിട്ടും ഓടി രക്ഷപ്പെടാനൊന്നും മല്ലിക പോയില്ല. അവിടെ കൂളായി നിന്നു. പോലീസ് പിടിച്ചു കൊണ്ടു പോയി. ചോദ്യം ചെയ്തപ്പോൾ മോഷണവിവരമല്ല പറഞ്ഞത്. കൊന്നു തള്ളിയ കാര്യമാണ് പറഞ്ഞത്. മുഖത്ത് ഒരു കുറ്റബോധവുമില്ലാത്ത ഒരു വികാരവുമില്ലാത്ത സ്ത്രീയായി അവർ നിന്നു.
മല്ലികയെ നുണപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ഇതിൽ നാഗവേണിയെ കൊലചെയ്തതിന്റെ പേരിൽ ഒന്നാം അഡീഷനൽ റൂറൽ കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ പിന്നീട് ശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തമാക്കി. ആണ്‍മക്കളുണ്ടാകുമെന്ന് വിശ്വസിപ്പിച്ചാണ് നാഗവേണിയെ കൂട്ടിക്കൊണ്ടുപോയി കൊലചെയ്തത്. ഇലക്ട്രിക് വയർ കൊണ്ട് കഴുത്ത് ഞെരിച്ച ശേഷം സയനൈഡ് നൽകി കൊല്ലുകയായിരുന്നു. 1965 ൽ ജനിച്ച മല്ലിക ഭർത്താവും മക്കളുമായി അത്ര രസത്തിലായിരുന്നില്ല. അവരുമായി അകന്ന് കഴിഞ്ഞിരുന്ന ഇവർ ചിട്ടി ബിസിനസ് തകർന്നതോടെയാണ് മോഷണത്തിലേക്ക് ഇറങ്ങിയത്. കെ.ഡി കെന്പമ്മ എന്നാണ് മല്ലികയുടെ യഥാർഥ പേര്.
കല്ലറ തുറന്ന സത്യം
സത്യം തേടി പിന്നോട്ടുള്ളയാത്ര... ഒന്നും രണ്ടുമല്ല 17 വര്‍ഷങ്ങള്‍ക്ക് മുന്‍പു തുടങ്ങിയ കൊലപാതക പരമ്പര... മായാതെ കിടന്ന സത്യത്തിന്റെ കനലുകള്‍ ആളിക്കത്തിച്ച് വിദേശത്തുനിന്നും നാട്ടിലത്തിയ ബന്ധുവിന്റെ പരാതി, ആ പരാതിയില്‍ പൊടിതട്ടിയെടുത്ത ഹൃദയമിടിപ്പ് കൂട്ടുന്ന പിന്‍പുറങ്ങള്‍ ... കൂടത്തായി കൊലപാതക പരമ്പരയിലേക്ക് വെളിച്ചം വീശിയ തീക്കാറ്റ് ഇന്ന് പടര്‍ന്നുപിടിക്കുമ്പോള്‍ അന്വേഷണ ഉദ്യാഗസ്ഥര്‍ക്കൊപ്പം ദൈവത്തിന്റെ അദൃശ്യകരങ്ങള്‍ കൂടിയുണ്ടെന്ന് വിശ്വസിക്കുന്നവരാണേറെയും. ഇരകളായവര്‍ കല്ലറയ്ക്കുള്ളിലൊടുങ്ങിയിട്ടു പോലും ആ അദൃശ്യശക്തി ഘാതകരെ പിന്തുടരുകയായിരുന്നു. കൊല്ലപ്പെട്ട ഒന്നരവയസുകാരിയുടെ നാപ്കിന് പോലും പ്രധാന തെളിവായി അന്വേഷണ ഉദ്യോഗസ്ഥരെ തേടി എത്തി.... അതെ മനഃസാക്ഷിയെ ഞെട്ടിച്ച ഈ കൂട്ടക്കൊലയില്‍ ട്വിസ്റ്റുകള്‍ ഒരുപാടുണ്ട്... ഇവിടെ സത്യമാണ് നായകന് . തെളിവുകള്‍ സഹനടന്മാരായി നായകനൊപ്പം തന്നെയുണ്ട്. ഇടവേളയില്‍ വില്ലന്‍(ത്തി) പുകമറ നീക്കി പുറത്തെത്തിയപ്പോള്‍ ഓരോ ദിനവും പുറത്തുവരുന്നത് അന്നുവരെ അസ്വാഭാവികമെന്ന് കരുതിയ മരണങ്ങളിലെ ദുരൂഹതകളാണ്. ഇപ്പോഴും കൂടത്തായി കൂട്ടക്കൊലയ്ക്ക് ക്ലൈമാക്സ് ആയിട്ടില്ല.. സത്യത്തെ മൂടിവയ്ക്കാം, മറച്ചുവയ്ക്കാം പക്ഷെ ഒരു നാള് അത് ഉദിച്ചുയരും.... വര്‍ഷങ്ങള്‍ക്കിപ്പുറം പെണ്ബുദ്ധിയിലുദിച്ച കൊലപാതകങ്ങളുടെ ചുരുളഴിയുകയാണ്. സത്യം പരാതിയുടെ രൂപത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ തേടിയെത്തിയത്. ആ പരാതി കൊടുക്കാനിടയായ സാഹചര്യമാകട്ടെ ഒരു സ്ത്രീയുടെ നിഷ്ഠൂരമായ കൊലപാതക പരമ്പരയുടെ കഥകള്‍ കേട്ടും... കാലം കാത്തുവച്ച നീതിയിലേക്ക് ഇനി കുറച്ചുദൂരം മാത്രം... പിണറായിയിലെ ദുരൂഹമരണങ്ങള്‍ക്ക് ശേഷം കേരള മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലയുടെ പിന്നാമ്പുറങ്ങളിലേക്കൊരു യാത്ര.
കനലായി ജ്വലിച്ച ചിന്തകള്‍
മരണങ്ങളിലെ അസ്വാഭാവികതയെ കാണാത്തവര്‍ അവളുടെ കണ്ണീര് കണ്ടായിരുന്നു ഒപ്പം തേങ്ങിയത്. അച്ഛനും അമ്മയും മകളും മരിച്ചപ്പോള്‍ തനിച്ചായിപ്പോയ യുവതി. ഇനി എത്രനാള്‍ ഒറ്റയ്ക്ക് താമസിക്കും... കദനകഥകള്ക്കൊപ്പം ഇരുട്ടിലാഴ്ന്ന സത്യങ്ങള്‍ പതിയെ പുറത്തുവരാന്‍ തുടങ്ങി. ചിലരിലുദിച്ച സംശയങ്ങള്‍ക്ക് പിന്നാലെ പോലീസും യാത്ര തുടങ്ങി. ആ യാത്ര അവസാനിച്ചത് കണ്ണീരുണങ്ങാത്ത ആ യുവതിയിലായിരുന്നു. സൗമ്യ ... അച്ഛനെയും അമ്മയെയും മക്കളെയും വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി. കൂടത്തായിയിലെ ഒരു കുടുംബത്തിലെ ആറു പേരുടെ മരണം കൂട്ടക്കൊലയാണെന്ന സത്യത്തിലേക്ക് വിരല്‍ചൂണ്ടിയത് സൗമ്യ കേസായിരുന്നു. കശുമാവില്‍ സാരിത്തുമ്പില്‍ സൗമ്യയുടെ ജീവന് പിടഞ്ഞവസാനിച്ചച്ചെങ്കിലും ഇങ്ങ് കൂടത്തായിയില്‍ ആറു പേരുടെ കൊലപാതക പരമ്പരയുടെ ചുരുളഴിയുകയായിരുന്നു.
മനഃസാക്ഷിക്ക് സൗമ്യയേല്പ്പിച്ച മുറിവുകളിലൂടെയാണ് കൂടത്തായി പൊന്നാമറ്റത്തെ ആറു പേരുടെ മരണത്തെ കുറിച്ച് ബന്ധുക്കള്‍ ചിന്തിച്ചു തുടങ്ങിയത്. വാര്‍ത്തകളിലും നാലാള് കൂടുന്നിടത്തുമെല്ലാം സൗമ്യയും കൊലപാതകങ്ങളും ചര്‍ച്ചയായി മാറിയപ്പോള്‍ കൂടത്തായിയിലെ മറഞ്ഞിരിക്കുന്ന സത്യത്തിലേക്ക് പതിയെ വെളിച്ചം വീശിത്തുടങ്ങി. സൗമ്യയുടെ വീട്ടില്‍ സംഭവിച്ചതിന്റെ തനിയാവര്‍ത്തനമായിരുന്നു കൂടത്തായിയില്‍ നടന്നതെന്ന തിരിച്ചറിവ് കാര്യങ്ങള്‍ക്ക് വേഗം കൂട്ടി. മൂന്നുപേര്‍ ഒരേ കാരണങ്ങളാല്‍ മരിച്ചതിന് പിന്നില്‍ സൗഹൃദത്തിനുവേണ്ടി സൗമ്യയെന്ന തന്ത്രശാലി ഒരുക്കിയ വലയായിരുന്നെങ്കില്, സ്വത്തിനുവേണ്ടി ഒരുക്കിയ ചതിയിലകപ്പെട്ടാണ് കൂടത്തയായിയിലെ ആറു പേരും മരിച്ചതെന്ന സത്യമാണ് പിന്നീട് മറനീക്കി പുറത്തു വന്നത്.
ഒരു ഫ്ളാഷ് ബാക്ക്
കോഴിക്കോടിന്റെ മലയോരത്ത് പേരുകേട്ട കുടുംബമാണ് പൊന്നാമറ്റത്ത്. ഇവിടെയാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ടോംതോമസും അന്നമ്മയും താമസിച്ചിരുന്നത്. ടോംതോമസ് വിദ്യാഭ്യാസ വകുപ്പിലും അന്നമ്മ അധ്യാപികയുമായിരുന്നു. ഇവര്‍ക്ക് മൂന്നു മക്കളാണുണ്ടായിരുന്നത്. റോയി തോമസ്, റോജോ തോമസ്, റെഞ്ചി തോമസ്. ഇതില്‍ റോയി തോമസിന്റെ ഭാര്യയാണ് ജോളി. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. ഇടുക്കിയിലെ ഉള്‍പ്രദേശത്ത് ജനിച്ച ജോളിയുടേത് ഇടത്തരം കുടുംബമായിരുന്നു. അന്നമ്മയുടെ സഹോദരന് മാത്യുവഴിയാണ് ജോളിയെ പൊന്നാമ്മറ്റം തറവാട്ടിലേക്ക് വിവാഹം ചെയ്ത് നല്‍കിയത്. വലിയ വീടും കാറും ആഢംബരവും വിവാഹ ശേഷം ജോളിയെ ഏറെ സന്തുഷ്ടവതിയാക്കി. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള കുടുംബത്തെ പുറമെ നിന്നുള്ളവരും ആദരവോടെയായിരുന്നു കണ്ടിരുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ടോംതോമസും അന്നമ്മയും വിശ്രമജീവിതം നയിക്കുന്നതിനിടെ മകന് റോയിതോമസ്് ബിസിനസ് രംഗത്ത് സജീവമായിരുന്നു. റെഡിമെയ്ഡ് വ്യാപാരവും മറ്റു പലതരം വ്യാപാരവുമായി റോയ് പണം സമ്പാദിക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാം ഓരോന്നായി പരാജയപ്പെട്ടു. ബിസിനസ് പരാജയപ്പെട്ടതോടെ റോയ് മാനസികമായി തളര്‍ന്നു. പിന്നീട് അന്നമ്മയില്‍ നിന്ന് പണം വാങ്ങിയായിരുന്നു ബിസിനസ് രംഗത്ത് പിടിച്ചു നില്ക്കാന് ശ്രമിച്ചത്. എന്നാല്‍ കാര്യമുണ്ടായിരുന്നില്ല. എല്ലാം പരാജയപ്പെട്ടു. പണം വാങ്ങുന്നതുമായി ബന്ധപ്പെട്ട് അന്നമ്മയും റോയിയും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. അതിനിടെയാണ് കുടുംബത്തിലെ സാമ്പത്തിക ഇടപാടുകളെല്ലാം നോക്കി നടത്തിയിരുന്ന അന്നമ്മ മരിക്കുന്നത്. 2002 ഓഗസ്റ്റ് 22-നായിരുന്നു ആ മരണം. ആട്ടിന്‍സൂപ്പ് കഴിച്ചയുടന്‍ അന്നമ്മ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു. അക്കാലത്ത് ആര്‍ക്കും അസ്വാഭാവികത തോന്നിയില്ല. പിന്നീട് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2008 ഓഗസ്റ്റ്26-ന് ടോം തോമസും (66) മരിച്ചു. കപ്പ കഴിച്ചതിന് ശേഷം ഛര്‍ദ്ദിച്ച് അവശനായായിരുന്നു ടോമിന്റെ മരണം. മൂന്ന് വര്‍ഷത്തിന് ശേഷം 2011 സെപ്തംബര്‍ 30-ന് മകന് റോയ് തോമസ്(40)മരിച്ചു. ബാത്ത് റൂമില്‍ കയറി ബോധംകെട്ടുവീണു എന്നാണ് ഭാര്യയായ ജോളി പറഞ്ഞിരുന്നത്. തൊട്ടുപിന്നാലെ മൂന്നുവര്‍ഷത്തിനുശേഷം 2014 ഏപ്രില്‍ 24-ന് അന്നമ്മയുടെ സഹോദരനും വിമുക്തഭടനുമായ എം.എം. മാത്യു (67)മരിച്ചു. കാപ്പി കഴിച്ചതിനു ശേഷമായിരുന്നു മരണം. അതേവര്‍ഷം 2014 മേയ് മൂന്നിന് ടോം തോമസിന്റെ അനുജന് സക്കറിയയുടെ മകന് ഷാജു സക്കറിയയുടെ ഒന്നര വയസുള്ള മകള്‍ ആല്‍ഫൈനും മരിച്ചു. ആദ്യകുര്‍ബാന വിരുന്നില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഭക്ഷണം കഴിക്കുകയും പിന്നീട് മരിക്കുകയുമായിരുന്നു. 2016 ജനവരി 11 ന് ഷാജു സക്കറിയയുടെ ഭാര്യ സിലി സെബാസ്റ്റ്യന്‍ (ഫിലി-42)നും മരിച്ചു.
കെ. ഷിന്റുലാൽ
(തുടരും)