സിംഗിൾ സിറ്റിംഗ് റൂട്ട്കനാൽ ട്രീറ്റ്മെന്റ്
Thursday, October 10, 2019 12:26 PM IST
റൂട്ട്കനാൽ ട്രീറ്റ്മെന്റ് ഇന്ന് വളരെ സാധാരണ ഒരു ചികിത്സയായി മാറിയിരിക്കുന്നു. പല്ലിന് കേട് ഉണ്ടായാൽ തുടക്കത്തിൽ തന്നെ അത് ഫിൽ ചെയ്തു സംരക്ഷിച്ചാൽ റൂട്ട്കനാൽ ട്രീറ്റ്മെന്റ്
ഒഴിവാക്കുവാനാവും. എന്നാൽ പലപ്പോഴും പോട് തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാൻ സാധിക്കാതെ വരും. കൃത്യമായ പരിശോധനകളും പ്രതിരോധ ചികിത്സകളും ഈ പ്രശ്നത്തിന് നല്ല രീതിയിലുള്ള പരിഹാരമാണ്.
കുട്ടികളിൽ പുതിയതായി വരുന്ന അണപ്പല്ലുകളിൽ കുഴികൾ അടയ്ക്കുന്ന പിറ്റ് ആൻഡ് ഫിഷർ സീലിംഗ് ചികിത്സയും ഫ്ലൂറൈഡ് ആപ്ലിക്കേഷനും ദന്ത ക്ഷയത്തിന് വളരെ ഫലപ്രദമായ പ്രതിരോധ ചികിത്സയാണ്. പോട് ഉണ്ടായാൽ അത് തുടക്കത്തിൽ തന്നെ അടയ്ക്കുകയും ആഴത്തിലേക്ക് പോയാൽ റൂട്ട് കനാൽ ട്രീറ്റ്മെൻറ് ചെയ്ത് സംരക്ഷിക്കുകയും ചെയ്യണം.
ശരീരത്തിലെ ഏറ്റവും കട്ടിയുള്ള പദാർഥം പല്ലിന്റെ ഇനാമൽ ആണെന്നു നമുക്കറിയാം. ഇത് എല്ലിനെക്കാൾ കാഠിന്യം ഉള്ളതാണ്. ഭക്ഷണം ചവച്ചരച്ചു ദഹനത്തിനായി അതിനെ ആമാശയത്തിൽ എത്തിക്കാനും പല്ലുകളും വായിലെ ഉമിനീരും ചേർന്ന് പ്രവർത്തിക്കുന്നു. ഇന്നു നാം ഉപയോഗിക്കുന്ന ഭക്ഷണക്രമത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ആഹാരസാധനങ്ങൾ വളരെയധികം ഉള്ളതിനാൽ പല്ലുകളിൽ പോട് ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
പ്രധാനമായും പല്ലിന്റെ ഉപരിതലത്തിലാണ് പോട് കൂടുതൽ കണ്ടുവരുന്നത്. രണ്ടു പല്ലുകളുടെ ഇടയിൽ വരുന്ന പോട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. ഇത് ഡോക്ടറുടെ പരിശോധനയിൽ കൂടി കണ്ടുപിടിക്കാനും എക്സറേ യിലൂടെ സ്ഥിരീകരിക്കാനും സാധിക്കും. ഇതിലൊക്കെ ഉപരിയായി ഒരു പോട് ഡെവലപ്പ് ചെയ്യുമ്പോൾ നമുക്ക് പുളിപ്പും ചെറിയ വേദനയും അസ്വസ്ഥതകളു മൊക്കെ തോന്നാം. സൂചനകളെ നമ്മൾ അവഗണിക്കുവാൻ പാടില്ല. ഇത് ഒരുപക്ഷേ, കുറച്ചു സമയത്തേക്കോ കുറച്ച് ദിവസത്തേക്കു മാത്രമേ ഉണ്ടാകുകയുള്ളൂ. ഈ സമയത്ത് ഡോക്ടറെ കണ്ട് പരിശോധിച്ച് പ്രാരംഭഘട്ടത്തിൽ തന്നെ ചികിത്സ ലഭ്യമാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.
റൂട്ട് കനാൽ ട്രീറ്റ്മെൻറ് എന്തിനാണെന്ന് അറിയണമെങ്കിൽ പല്ലിന്റെ ഘടന അറിഞ്ഞിരിക്കണം. പല്ലിന്റെ പുറംതോടിന് ഇനാമൽ എന്നു പറയുക. ഇനാമൽ കഴിഞ്ഞാൽ ഡെന്റിൻ എന്ന അംശവും അതിന്റെ ഉള്ളിൽ രക്തക്കുഴലുകളും ഞരമ്പുകളും അടങ്ങുന്ന പൾപ്പ് എന്ന അംശവും കാണുന്നു. ഇനാമലിൽ ഉണ്ടാകുന്ന പോടിന് വേദനയോ ബുദ്ധിമുട്ടും ഉണ്ടാകില്ല. എന്നാൽ ആഴത്തിലേക്ക് കടക്കുമ്പോൾ ഇതിന് പുളിപ്പും അസ്വസ്ഥതയും ഉണ്ടാകുന്നു. ഇതിനുശേഷം പൾപ്പ് എന്ന അംശത്തിൽ കടക്കുമ്പോൾ അസഹനീയമായ വേദനയും നീരും പഴുപ്പും ഉണ്ടാകുന്നു. ഈ അവസ്ഥകൾ വേദനയിലും പഴുപ്പിലും എത്തുന്നതിനുമുമ്പ് പ്രതിരോധ ചികിത്സ മുതൽ പരിഹാര ചികിത്സ വരെ നിലവിലുണ്ട്. ഈ ചികിത്സകൾക്കെല്ലാം ചെലവ് കുറവാണ്. എന്നാൽ റൂട്ട്കനാൽ ട്രീറ്റ്മെന്റിലേക്ക് വരുമ്പോൾ ചികിത്സാ ചെലവ് കൂടും. ചികിത്സക്കുശേഷം ക്യാപ് കൂടി ആവുമ്പോൾ മാത്രമേ ഇത് പൂർണമായും ഉപയോഗത്തിലും ഭംഗിയിലും നിലനിൽക്കുകയുള്ളൂ.
ഒരു പല്ലിന് അമിതമായ വേദന ഉണ്ടാകുമ്പോഴാണ് നമ്മൾ ഡോക്ടറെ സമീപിക്കുന്നത്. ഡോക്ടറുടെ ചോദ്യം പല്ല് എടുത്തുകളയണോ നിലനിർത്തണോ എന്നുള്ളതാണ്. നമ്മളിൽ പലരും അമിതമായ വേദന ഉണ്ടാകുമ്പോൾ മാത്രമാണ് ഡോക്ടറെ സമീപിക്കാറുള്ളത്. അപ്പോൾ ഡോക്ടർക്കു മുമ്പിലുള്ള ഏക ചികിത്സാരീതി റൂട്ട് കനാൽ ട്രീറ്റ്മെന്റ് ക്യാപ്പും മാത്രമായിരിക്കും. ഇതുപോലെതന്നെ പല്ലുകൾ എടുത്തു കളഞ്ഞിട്ടുള്ള ആളുകളിൽ ബ്രിഡ്ജ് എന്നു പറയുന്ന ചികിത്സ നടത്തുമ്പോൾ തൊട്ടടുത്തുള്ള പല്ലുകളിലേക്ക് ഉറപ്പിക്കുന്നത് തൊട്ടടുത്തുള്ള പല്ലുകളുടെ ബലം അനിവാര്യമാണ്. ചില സാഹചര്യങ്ങളിൽ ഈ പല്ലുകളിൽ റൂട്ട് കനാൽ ചികിത്സ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ആധുനിക ചികിത്സാ സംവിധാനത്തിൽ റൂട്ട് കനാൽ ചികിത്സ വളരെ കൃത്യമായിട്ടും വേഗത്തിലും നടത്താൻ സാധിക്കുന്നു.
എക്സറേ സഹായത്തോടെ നടത്തുന്ന ചികിത്സ കൃത്യതയോടെ ചെയ്യുവാനായി കാരണമാകുന്നു എന്നിരുന്നാലും റൂട്ട് കനാൽ ചികിത്സയുടെ വിജയസാധ്യത 95% മാത്രമാണ്. റൂട്ട് കനാൽ ചികിത്സ മുൻപ് മൂന്നും നാലും തവണ വന്ന് നടത്തേണ്ട ഒരു ചികിത്സ ആയിരുന്നു.
എന്നാൽ അത്യാധുനിക സംവിധാനങ്ങൾ നിലവിൽ വന്നതോടുകൂടി ഇതിൽ ഭൂരിഭാഗവും ഒറ്റ സിറ്റിങ്ങിൽ തന്നെ നടത്തി എടുക്കുവാൻ സാധിക്കും. അമിതമായ പഴുപ്പും നീരും ഉണ്ടെങ്കിൽ മരുന്നുകൾ ഉപയോഗിക്കേണ്ടതായി വരുമ്പോൾ സിംഗിൾ സിറ്റിങ്ങിന് പകരം കൂടുതൽ സിറ്റിംഗ് ആവശ്യമായി വരും.
ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ ട്രീറ്റ്മെൻറ് പ്ലാനിങ്ങോടുകൂടി നടത്തുകയാണെങ്കിൽ വളരെ വിജയകരമായി നടത്തുവാൻ സാധിക്കുന്ന ചികിത്സയാണ് റൂട്ട് കനാൽ ട്രീറ്റ്മെന്റ്.
ഒന്നു മനസിലാക്കുക.. വേദനയുമായി വരുന്ന ഒരാളി ന്റെ പല്ലിനു ചികിത്സ ആ പല്ല് എടുത്തുകളയുക എന്നുള്ളതാണ് . അത് എടുത്തുകളയാതെ ദീർഘകാലം അതിന്റെ പൂർണമായ പ്രയോജനം കിട്ടത്തക്കവിധം നിലനിർത്തുന്ന ചികിത്സാരീതിയാണ് റൂട്ട് കനാൽ ട്രീറ്റ്മെന്റ്.
ഒരു പല്ല് എടുത്തുകളഞ്ഞാൽ തീർച്ചയായിട്ടും അവിടെ ഒരു കൃത്രിമ പല്ല് വയ്ക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ മറ്റു പല്ലുകൾ കുഴപ്പത്തിലേക്ക് വരും. എടുത്തുകളയണം എന്ന് നിർദേശിക്കുന്ന പല്ലുകൾ വിസ്ഡം ടൂത്ത് അഥവാ അവസാനത്തെ അണപ്പല്ലുകൾ ആകുന്നു. ഈ പല്ലുകൾ 16 വയസ്സിനു ശേഷം വായ്ക്കുള്ളിൽ മുളച്ചു വരുന്നതാണ്. പലപ്പോഴും ഈ പല്ലുകൾ എല്ലിന്റെ ഉള്ളിൽ കുരുങ്ങിക്കിടക്കുന്നതായിട്ടാണ് കാണുന്നത്. ഇത് വേദനയും ബുദ്ധിമുട്ടും ഉണ്ടാക്കുന്നതായതിനാൽ ഈ പല്ലുകൾ ഡോക്ടർ നിർദേശിക്കുന്നുവെങ്കിൽ എടുത്തുകളയാവുന്നതാണ്.
ഇതുകൂടാതെ പല്ലിൽ കമ്പി ഇടുന്ന ചികിത്സയ്ക്ക് പ്രീ മോളാർ എന്ന ചെറിയ അണപ്പല്ലുകൾ നീക്കംചെയ്ത് അവിടെ ആവശ്യമുള്ള സ്പേസ് ഉണ്ടാക്കുന്നതുവഴി മറ്റു പല്ലുകളെ നിരയിലേക്ക് എത്തിക്കുവാൻ സഹായിക്കുന്നു. ഈ ആവശ്യങ്ങൾക്കല്ലാതെ ഒരു പല്ലും നമ്മൾ എടുത്തു കളയാൻ പാടില്ല. പല്ല് എടുത്തുകളയുന്ന സ്ഥലത്ത് പല്ല് വയ്ക്കണമെന്നുണ്ടെങ്കിൽ ഉറപ്പിച്ചു വയ്ക്കുന്ന പല്ലിന് ആയിരങ്ങൾ ചെലവാകും. ഇതിനാലാണ് നമ്മുടെ സ്വന്തം പല്ലുകൾ നഷ്ടപ്പെടുത്താതെ റൂട്ട് കനാൽ ചികിത്സ നടത്തി പല്ലുകൾ നിലനിർത്തണം എന്ന് പറയുന്നത്.
ചികിത്സാചെലവിൽ റൂട്ട് കനാൽ ചികിത്സ ചെലവ് കൂടിയതാണ്. എന്നാൽ ഏറ്റവും നല്ല രീതിയിൽ ഏറ്റവും നല്ല സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത് ചെലവുകുറച്ച് നടത്താൻ സാധിക്കുന്നത് ഇന്ത്യയിലാണ്. ഏറ്റവും പ്രവൃർത്തി നൈപുണ്യമുള്ള ഡോക്ടർമാർ കേരളത്തിലാണുള്ളത്. ഇന്ത്യയിലെ ഏറ്റവും നല്ല റൂട്ട് കനാൽ ചികിത്സ കുറഞ്ഞ ചെലവിൽ നടത്തുവാൻ സാധിക്കുന്ന സ്ഥലം കേരളം തന്നെയാണ്.
കൃത്യമായ പരിശോധനയും പ്രതിരോധ ചികിത്സകളും നടത്തി പല്ലിലെ പോട് തടഞ്ഞുനിർത്താൻ ശ്രമിക്കണം. തുടക്കത്തിൽ തന്നെ ആവശ്യമായ ചികിത്സ നടത്തി റൂട്ട് കനാൽ ചികിത്സയിലേക്ക് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
സ്വന്തമായ പല്ലുകൾ നല്ല രീതിയിൽ കൃത്യമായ രീതിയിൽ വായ്ക്കുള്ളിൽ നിലനിർത്തുകയാണെങ്കിൽ, അതിനുവേണ്ട പ്രതിരോധ പരിരക്ഷ നൽകുകയാണെങ്കിൽ ഇത്തരത്തിലുള്ള കൃത്രിമമായി രീതിയിൽ ചികിത്സ ചെയ്യേണ്ട ആവശ്യം ഉണ്ടാവുകയി ല്ല
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) ഫോണ് 9447219903
[email protected]
www.dentalmulamoottil.com