തിരുട്ട് നഗരം..!
Saturday, October 5, 2019 3:06 PM IST
ഇതരസംസ്ഥാനതൊഴിലാളികളാല് സമ്പന്നമാണിന്ന് നാടും നഗരവും. ഫുട്പാത്തുകള്‍ മുതല്‍ ബഹുനില കെട്ടിടങ്ങള്‍ക്കു മുകളില്‍ വരെ ഇന്ന് ഇതരദേശക്കാരുടെ സാന്നിധ്യമുണ്ട്. കച്ചവടക്കാരായും കഠിനാധ്വാനികളായും മലയാളികളുടെ ദിനചര്യയുടെ ഭാഗമായി മാറിയെങ്കിലും അവരില്‍ പലര്‍ക്കും ക്രിമിനല്‍ സ്വഭാവമാണുള്ളത്. അടുത്തിടെ നടന്ന പോക്കറ്റടി മുതല്‍ കൊലപാതകം വരെയുള്ള കേസുകളില്‍ ഇതരദേശക്കാരുടെ പങ്ക് വ്യക്തമാണെന്നാണ് പോലീസ് പറയുന്നത്.
ക്രിമിനലുകളെ തളയ്ക്കുന്നതിനായി പ്രത്യേക ക്രൈംസ്ക്വാഡുകളായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ള നാടോടി സ്ത്രീകള്‍ നഗരത്തിലെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. തൊഴിലാളികളായെത്തിയ ഇതരദേശക്കാരുടെ ഭാര്യയോ കുടുംബാംഗങ്ങളോ ആണെന്ന് പറഞ്ഞാണ് അവര്‍ നഗരത്തില്‍ കഴിയുന്നത്.
രാത്രിയുടെ വിജനതയോ സാഹചര്യമോ ഒന്നും നോക്കിയല്ല തിരുട്ട് ഗ്രാമത്തിലെ നാടോടി സ്ത്രീകളുടെ മോഷണം... കൈയില്‍ കുഞ്ഞുമായി ദയനീയ ഭാവത്തിലായിരിക്കാം അവര്‍ നമുക്കരികിലുണ്ടാവുക. ഒരിക്കല്‍ പോലും സംശയം തോന്നിക്കാത്ത വിധത്തില്‍ പെരുമാറി നമ്മളില്‍ നിന്നകലുന്ന അവര്‍ വിലപ്പെട്ടതെല്ലാം അപഹരിച്ചിരിക്കും. ഒരിലയുടെ മറവുപോലും അവര്‍ക്ക് അനുഗ്രഹമാകുമ്പോള്‍ ദുഃഖിച്ചിരിക്കാനായിരിക്കും നമ്മുടെ വിധി. ഓണത്തിരക്ക് ലക്ഷ്യമിട്ടിറങ്ങിയ ഇത്തരം നാടോടി സ്ത്രീകള്‍ ഇപ്പോള്‍ "ഓപ്പറേഷന്' നടത്താനായി നഗരത്തിലുണ്ട്. ഇമവെട്ടാതെ യാത്ര ചെയ്യാനാവാത്തിടത്തോളം കാലം അവര്‍ മോഷ്ടിച്ചുകൊണ്ടിരിക്കും... ഇരകളാകാതിരിക്കാന്‍ ഒന്നേ മാര്‍ഗമുള്ളൂ ... നിതാന്ത ജാഗ്രത പുലര്‍ത്തുക ...
എത്തിയത് 50 പേര്
ഓണത്തിരക്കിനിടെ പിടിച്ചുപറിയും മോഷണവും ലക്ഷ്യമിട്ട് 50 ഓളം തമിഴ് നാടോടി സ്ത്രീകള്‍ എത്തിയതായാണ് പോലീസിന് വിവരം ലഭിച്ചത്. എന്നാല്‍ ഓണത്തിന് ശേഷവും അവര്‍ കോഴിക്കോട് വിട്ടു പോയിട്ടില്ല. ബസ്സ്റ്റാന്‍ഡ്, റെയില്വേസ്റ്റേഷന് പരിസരം, തിരക്കേറിയ വ്യാപാരസ്ഥാപനങ്ങള്‍ , തെരുവുകള്‍, തിരക്കേറിയ ബസുകള്‍ എന്നിവിടങ്ങളിലെല്ലാം തിരിച്ചറിയാനാവാത്ത വിധം അവരുണ്ടാവാമെന്നാണ് പോലീസ് മുന്നറിയിപ്പ്. അതിവിദഗ്ധമായി പിടിച്ചുപറിയും മോഷണവും നടത്തുന്നവരാണ് ഈ സംഘം.
ബസില്‍ കയറി മാലമോഷണം നടത്തിയ രണ്ട് തമിഴ്നാട് സ്വദേശികളായ സ്ത്രീകളെ ഓണാഘോഷത്തിനു മുമ്പായി ടൗണ്‍പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും മറ്റും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പേര് പിടിച്ചുപറിക്കും മോഷണത്തിനുമായി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിയിട്ടുണ്ടെന്ന് പോലീസിന് വ്യക്തമായത്.
അതിവേഗം...ബഹുദൂരം
യാത്രക്കാര്‍ക്ക് യാതൊരുസംശയവും തോന്നിക്കാത്ത വിധത്തിലാണ് നാടോടി സംഘം ബസുകളില്‍ കയറുന്നത്. ബസ് ബ്രേക്കിടുമ്പോഴും മറ്റും യാത്രക്കാരുടെ ശ്രദ്ധ മാറുന്ന നിമിഷം മോഷണം നടത്തുകയാണ് പതിവ്. കൈയിലാക്കി മോഷണ മുതല്‍ അതിവേഗം ബസില്‍ വിവിധ ഭാഗങ്ങളിലായി നില്ക്കുന്ന സംഘാംഗങ്ങളിലേക്ക് കൈമാറും. മോഷ്ടിച്ചയാള്‍ ഉടന്‍ തന്നെ ബസില്‍ നിന്നിറങ്ങുകയില്ല.
അതേസമയം മോഷ്ടിച്ച വസ്തു കൈമാറ്റം ചെയ്ത് ലഭിച്ചയാള്‍ അടുത്ത സ്റ്റോപ്പില്‍ തന്നെ യാതൊരു സംശയത്തിനും ഇടവരാത്ത രീതിയില്‍ ഇറങ്ങി പോവും. പണമോ സ്വര്‍ണാഭരണമോ നഷ്ടപ്പെട്ട വിവരം അറിയുമ്പോള്‍ ഉടമസ്ഥര്‍ സ്വാഭാവികമായും തൊട്ടടുത്തുള്ള ഇതരദേശക്കാരായവരെ സംശയിക്കുകയും പോലീസിലേല്‍പ്പിക്കുകയും ചെയ്യും. എന്നാല്‍ ഇവരെ പരിശോധിച്ചാല്‍ തൊണ്ടിമുതല്‍ ലഭിക്കുകയില്ല. ഇതോടെ കസ്റ്റഡിയില്‍ എടുക്കുന്നവരെ പോലീസിന് വെറുതെ വിടേണ്ടതായി വരും. നൂറുപവന്‍ വരെ ലക്ഷ്യമിട്ടാണ് ഓരോ സംഘവും കേരളത്തിലെത്തുന്നതെന്നാണ് പോലീസ് പറയുന്നത്. അതേസമയം മോഷണം നടന്നതായി അറിയാത്തവര്‍ ആഭരണമോ പണമോ കളഞ്ഞുപോയതായിരിക്കാമെന്ന് വിശ്വസിച്ച് പരാതി നല്കാതിരിക്കുന്നതും ഇവര്‍ക്ക് നേട്ടമാണ്.
രക്ഷിക്കാന്‍ വമ്പന്‍സ്രാവുകള്‍
പിടിച്ചുപറിക്കേസില്‍ പിടിയിലായവര്‍ക്ക് പിന്നില്‍ വന്ശൃംഖലയുണ്ടെന്നാണ് പോലീസ് പറയുന്നത്. പിടിയിലായ നാടോടി സ്ത്രീകളെ റിമാന്‍ഡ് ചെയ്ത നിമിഷം മുതല്‍ ഇവര്‍ക്കു പിന്നിലുള്ളവര്‍ രംഗത്തെത്തും. ലക്ഷങ്ങള്‍ വരെ ചെലവഴിച്ചാണ് അഭിഭാഷകരെ ചുമതലപ്പെടുത്തുന്നത്. അഭിഭാഷകര്‍ ആദ്യം എഫ്ഐആര്‍ പരിശോധിക്കുകയും പിന്നീട് പരാതിക്കാരെ നേരില്‍കണ്ട് ഒത്തുതീര്‍പ്പിനുള്ള ശ്രമം തുടരുകയും ചെയ്യും. നഷ്ടപ്പെട്ട വസ്തുവിന്റെ അതേമൂല്യമുള്ള വസ്തുക്കള്‍ തിരിച്ചു നല്‍കുകയോ അല്ലെങ്കില്‍ അതിന് പകരം പണം നല്‍കുകയോ ആണ് ചെയ്യുന്നത്. ഇതിന് തയാറായില്ലെങ്കില്‍ കൂടുതല്‍ തുക ഓഫര്‍ ചെയ്യും. തുടര്‍ന്ന് പരാതിക്കാരെ കേസ് കോടതി പരിഗണിക്കുന്ന ദിവസം കോടതിയിലെത്തിക്കുകയും അവിടെ നിന്ന് തിരിച്ച് വീട്ടില്‍ വരെ എത്തിക്കുകയുമാണ് ചെയ്യുന്നത്. നഷ്ടപരിഹാരം ലഭിച്ച പരാതിക്കാരന് കോടതിയില്‍ അക്കാര്യം മാത്രം പറഞ്ഞാല്‍ മതി.
ഒരു മാസത്തിനുള്ളില്‍ പിടിയിലായത് 15 പേര്
ഒരു മാസത്തിനിടെ നഗരത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 15 ലേറെ നാടോടി സ്ത്രീകള്‍ പിടിയിലായതായാണ് പറയുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ടൗണ്പോലീസിലാണ്. യാത്രയ്ക്കിടെയുള്ള പിടിച്ചുപറിയുമായി ബന്ധപ്പെട്ട കേസുകളാണ് കൂടുതലായും രജിസ്റ്റര്‍ ചെയ്തതെന്ന് ടൗണ്‍ പോലീസ് അറിയിച്ചു.
ആല്‍ബം തയാറാക്കുന്നു
നാടോടി സ്ത്രീകള്‍ പിടിച്ചുപറി നടത്തുന്നത് തടയുന്നതിനായി പോലീസ് ആല്‍ബം തയാറാക്കുന്നുണ്ട്. നഗരത്തില്‍ കാണുന്ന നാടോടി സ്ത്രീകളുടെ ഫോട്ടോയും മറ്റു വിശദവിവരങ്ങളും ശേഖരിക്കുകയാണ് ആദ്യം ചെയ്യുന്നത്. എവിടെയെങ്കിലും ഇത്തരത്തില്‍ പിടിച്ചുപറി കേസുകളുണ്ടായാല്‍ പരാതിക്കാര്‍ക്ക് പോലീസിന്റെ ശേഖരത്തിലുള്ള ഫോട്ടോ കാണിച്ചു നല്‍കുകയും അവരാണെങ്കില്‍ പിടികൂടാന്‍ എളുപ്പമാവുകയും ചെയ്യും. ഇതിനാണ് ഫോട്ടോ ആല്‍ബം തയാറാക്കുന്നത്.
അതേസമയം പലരും തെറ്റായ വിവരങ്ങളാണ് പോലീസിന് നല്‍കുന്നത്. തിരിച്ചറിയല്‍ കാര്‍ഡോ മറ്റ് ഔദ്യോഗിക രേഖകളോ ഒന്നുമില്ലാതെയാണ് നാടോടിസ്ത്രീകളെത്തുന്നത്. അവര്‍ പറയുന്ന മേല്‍വിലാസം രേഖപ്പെടുത്തുകയല്ലാതെ അവ സ്ഥിരീകരിക്കുന്നതിനുള്ള വഴികള്‍ സങ്കീര്‍ണമാണ്.
തയാറാക്കിയത്: കെ. ഷിന്റുലാൽ