ഹെപ്പറ്റൈറ്റിസ്: ജാഗ്രത വേണം
Saturday, October 5, 2019 2:57 PM IST
ശരീരത്തിന്റെ ശുദ്ധീകരണശാലയായ കരളിനെ ബാധിക്കുന്ന ഗുരതരമായ രോഗങ്ങളിലൊന്നാണ് ഹൈപ്പറ്റൈറ്റിസ്. പല കാരണങ്ങൾ കൊണ്ട് ഹൈപ്പറ്റൈറ്റിസ് ബാധിക്കാമെങ്കിലും പൊതുവെ ഇതൊരു വൈറസ് രോഗമാണെന്നു പറയാം. അമിത മദ്യപാനം, ചിലയിനം മരുന്നുകളുടെ ഉപയോഗം, വിഷബാധ എന്നിവയ്ക്കു പുറമേ കരൾകോശങ്ങൾക്ക് എതിരെ ശരീരം ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നതും ഹൈപ്പറ്റൈറ്റിസിന് വഴിവയ്ക്കുന്ന സാഹചര്യങ്ങളാണ്. കൃത്യമായ രോഗനിർണയത്തിലൂടെ ഹൈപ്പറ്റൈറ്റിസ് യഥാസമയം കണ്ടുപിടക്കപ്പെടാതിരിക്കുകയോ, രോഗബാധ തിരിച്ചറിഞ്ഞാലും ചികിത്സ സ്വീകരിക്കാൻ വൈകുകയോ ചെയ്താൽ ഗുരുതരമായ കരൾ കാൻസറിനു പോലും ഹൈപ്പറ്റൈറ്റിസ് വഴിവച്ചേക്കാം.
കരൾ എന്ന ശുദ്ധീകരണശാല
ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളിൽ ജീവൽപ്രധാന പങ്കു വഹിക്കുന്ന അവയവമാണ് കരൾ. ദഹനരസങ്ങളിലൊന്നായ ബൈൽ ദ്രാവകം ഉത്പാദിപ്പിക്കുന്നതും, ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തിലെത്തുന്ന വിഷാംശത്തെ അരിച്ച് അപകടം ഒഴിവാക്കുന്നതും കരളാണ്. ആയുസ്സു തീർന്ന ചുവപ്പു രക്തകോശങ്ങളിൽ നിന്നുള്ള ബിലിറൂബിൻ എന്ന ഘടകത്തെ പുറന്തള്ളന്നതും, അന്നജം, കൊഴുപ്പ്, പ്രോട്ടീനുകൾ എന്നിവയെ വിഘടിപ്പിക്കുന്നതും കരൾ തന്നെ. ശാരീരിക പ്രവർത്തനങ്ങളെ സന്തുലിതമായി നിലനിർത്തുന്നതിന് ആവശ്യമായ ആഗ്നേയരസങ്ങളെ ഉദ്ദീപിപ്പിക്കുന്നതും ഗ്ലൈക്കോജൻ, ധാതുക്കൾ, വിവിധ ഇനം വിററാമിനുകൾ എന്നിവ
സംഭരിക്കപ്പെടുന്നതും മറ്റെങ്ങുമല്ല!
ഹെപ്പറ്റൈറ്റിസ് അഞ്ചു തരം
നിരവധി സുപ്രധാന ജോലികൾ നിർവഹിക്കുന്ന കരളിനെ ബാധിക്കുന്ന ഏതു രോഗവും ശാരീരികപ്രവർത്തനങ്ങളെ മുഴുവനായും ബാധിക്കുമെന്ന് അർത്ഥം. അത്തരം രോഗങ്ങളിൽ ഏറ്റവും പ്രധാനമാണ് ഹെപ്പറ്റൈറ്റിസ്്. അഞ്ചു തരം വൈറസുകൾ കാരണമായ അഞ്ച് ഇനം ഹെപ്പറ്റൈറ്റിസുകളുണ്ട്. ഹെപ്പറ്റൈറ്റിസ് എ, ബി, സി. ഡി. ഇ എന്നിവയാണ് ഇവ. ഇതിൽ ഹെപ്പറ്റൈറ്റിസ്് എ, ഇ എന്നിവ മലിനജലത്തിലൂടെയോ മാലിന്യം കലർന്ന ഭക്ഷ്യവസ്തുക്കളിലൂടെയോ പകരുന്നവയാണ്. ശുചീകരണജോലികൾ കാര്യക്ഷമമായി നിർവഹിക്കപ്പെടാത്ത പ്രദേശങ്ങളിൽ സ്വാഭാവികമായും ഈ രണ്ടിനം ഹെപ്പറ്റൈറ്റിസുകളും വ്യാപകമായി കാണാം.
ശരീരസ്രവങ്ങൾ വഴിയും കുത്തിവയ്പിലൂടെയും
ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ ഇനങ്ങളാണ് കൂട്ടത്തിലെ ഭീകരന്മാർ. രണ്ടും ലൈംഗിക ബന്ധത്തിലൂടെ പകരും എന്നത് സ്ഥിതി സങ്കീർണമാക്കുന്നു. രക്തം, ലൈംഗികാവയവങ്ങളിൽ നിന്നുള്ള സ്രവങ്ങൾ എന്നിവ വഴി ഹെപ്പറ്റൈറ്റിസ്് ബി വൈറസ് മറ്റൊരാളിലേക്കു പകരാം. ലഹരിപദാർത്ഥങ്ങൾ കുത്തിവയ്ക്കുന്നവരിൽ രോഗബാധയുള്ള വ്യക്തിയിൽ നിന്ന് സിറിഞ്ചിലൂടെ രോഗം മറ്റൊരാളിലേക്കു പകർന്നേക്കും.
രോഗബാധയുള്ള വ്യക്തി ഉപയോഗിച്ച ഷേവിംഗ് റേസർ പങ്കുവയ്ക്കുന്നതാണ് രോഗം പകരാനുള്ള മറ്റൊരു സാഹചര്യം. അമേരിക്കയിൽ, രക്തജന്യ വൈറസ് രോഗങ്ങളിൽ ഏറ്റവും വ്യാപകമായുള്ളത് ഹെപ്പറ്റൈറ്റിസ്് ബി, സി എന്നീ ഇനങ്ങളാണ്.
ഹെപ്പറ്റൈറ്റിസ്് ഡി രോഗത്തിന് ഡെൽറ്റ ഹെപ്പറ്റൈറ്റിസ്് എന്നും പറയും. വൈറസ് ബാധയുള്ള രക്തം വഴിയാണ് രോഗവ്യാപനം. മറ്റ് ഹെപ്പറ്റൈറ്റിസ് ഇനങ്ങളുമായി താരതമ്യം ചെയ്യുന്പോൾ അത്ര സാധാരണമല്ല എന്നൊരു പ്രത്യേകതയുണ്ട്. ഹെപ്പറ്റൈറ്റിസ് ബി ഉള്ളവരിലാണ് ഡി വൈറസിന്റെ ആക്രമണമുണ്ടാകുന്നത് എന്നത് ഒരു കൗതുകമാണ്. ബി വൈറസിന്റെ സാന്നിധ്യമില്ലാതെ ഹെപ്പറ്റൈറ്റിസ് ഡി വൈറസിന് പെരുകാൻ സാധ്യമല്ലെന്ന് മനസ്സിലാക്കുക.
മദ്യപാനത്തിലൂടെയും മരുന്നിലൂടെയും
വൈറസ് ബാധ കാരണമല്ലാതെ സംഭവിക്കുന്ന ഹെപ്പറ്റൈറ്റിസിനെ നോണ്‍ ഇൻഫെക്ഷിയസ് ഹെപ്പറ്റൈറ്റിസ് എന്നു വിളിക്കാം. അമിത മദ്യപാനം കരൾ ദ്രവീകരണത്തിനും ലിവർ ഹെപ്പറ്റൈറ്റിസിനും കാരണമാകാം (ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്്). മദ്യപാനം കരൾ കോശങ്ങളെ നേരിട്ട് നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ പൂർണമായും തകരാറിലാക്കുകയും ചെയ്യും. വീര്യമേറിയ ഒൗഷധങ്ങളുടെ അമിതമോ തുടർച്ചയായതോ ആയ ഉപയോഗമാണ് വൈറസ് ബാധ കാരണമല്ലാത്ത ഹെപ്പറ്റൈറ്റിസിന് മറെറാരു കാരണം.
ഓട്ടോ ഇമ്മ്യൂണ്‍ സിസ്റ്റം റെസ്പോണ്‍സ് എന്നൊരു അസാധാരണ സാഹചര്യം കൂടി ഹെപ്പറ്റൈറ്റിസുമായി ബന്ധപ്പെട്ടുണ്ട്. ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയ്ക്കു സംഭവിക്കുന്ന ഗുരുതരമായ ഒരു ധാരണപ്പിശകാണ് ഇതിനു വഴിവയ്ക്കുന്നത്. കരളിനെ അപകടകാരിയായ ഏതോ ബാഹ്യവസ്തുവായി കണ്ട്, അതിനെതിരെ ആന്റിബോഡികൾ ഉത്പാദിപ്പിച്ച് ആക്രമണം നടത്തുകയാണ് ഈ സാഹചര്യത്തിൽ ശരീരം ചെയ്യുക. സ്ത്രീകളിലാണ് ഈ സാഹചര്യം അധികം പ്രത്യക്ഷപ്പെടുക എന്നൊരു പ്രത്യേകതയും ഉണ്ട്.
ഒളിച്ചിരിക്കുന്ന ഭീകരന്മാർ
ഗുരുതരസ്വഭാവമുള്ള ഹെപ്പറ്റൈറ്റിസ്് ബി, സി എന്നിവയുടെ കാര്യത്തിൽ, രോഗത്തിന്റെ പ്രാരംഭദശയിൽ പ്രകടമായ ലക്ഷണങ്ങളൊന്നും ഉണ്ടാകണമെന്നില്ല. രോഗം തീവ്രമായി, കരളിന്റെ പ്രവർത്തനത്തെ ബാധിച്ചുതുടങ്ങുന്പോഴായിരിക്കും ഇത് ശ്രദ്ധയിൽപ്പെടുക. ഫ്ളൂവിന് സമാനമായ അവസ്ഥയ്ക്കു പുറമേ, ഇരുണ്ട നിറത്തിൽ മൂത്രം പോവുക, മലത്തിന് മഞ്ഞനിറം നഷ്ടമാവുക, അടിവയറ്റിൽ വേദന അനുഭവപ്പെടുക, വിശപ്പില്ലായ്മ, അകാരണമായി ശരീരഭാരം കുറയുക, ചർമ്മത്തിലും കണ്ണുകളിലും മഞ്ഞനിറം ബാധിക്കുക (ഇത് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമാകാം) എന്നിവയാണ് അക്യൂട്ട് ഹെപ്പറ്റൈറ്റിസിന്റെ സാധാരണ ലക്ഷണങ്ങൾ. ദീർഘകാലം നീണ്ടുനിൽക്കുന്ന ക്രോണിക് ഹെപ്പറ്റൈറ്റിസ്് ഗുരുതരസ്വഭാവം കൈവരിക്കുന്നത് പതിയെപ്പതിയെ ആണ്. അതിന്റെ ലക്ഷണങ്ങളും പതിയെ മാത്രമേ പുറത്തുവരികയുള്ളൂ.
ശാരീരിക പരിശോധന, ലിവർ ഫങ്ഷൻ ടെസ്റ്റ്, മറ്റ് രക്തപരിശോധനകൾ, അൾട്രാസൗണ്ട് തുടങ്ങിയവയാണ് ഹെപ്പറ്റൈറ്റിസ് നിർണയിക്കാനുള്ള പരിശോധനകൾ. സങ്കീർണതകൾ ലിവർ കാൻസർ ആയി മാറിയിട്ടുണ്ടോ എന്നറിയാൻ ബയോപ്സി നടത്തേണ്ടിവരും. ഗുരുതരമായ ക്രോണിക് ഹെപ്പറ്റൈറ്റിസ്് സിയുടെ കാര്യത്തിൽ ചികിത്സ സങ്കീർണമാണ്. കരൾ ശസ്ത്രക്രിയയോ കരൾ മാറ്റിവയ്ക്കുകയോ വേണ്ടിവന്നേക്കും.
വിവരങ്ങൾ:
ഡോ. ബൈജു സേനാധിപൻ
ഡയറക്ടർ; ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ഡിസീസസ് ആൻഡ് ട്രാൻസ്പ്ലാന്റ്
സർജറി വിഭാഗം, സണ്‍റൈസ് , ഹോസ്പിറ്റൽ കാക്കനാട്, കൊച്ചി
മൊബൈൽ: 97464 6644