കൊട്ടാരങ്ങളുടെ നാട്ടിലേക്ക്
Monday, September 30, 2019 2:25 PM IST
കാഴ്ചകളുടെ വസന്തകാലമാണ് മൈസൂരുവിലേക്കുള്ള യാത്ര. ദേശീയ ഉദ്യാനങ്ങളും രാജകൊട്ടാരങ്ങളും കോട്ടകളും അണക്കെട്ടും മൃഗശാലയും പക്ഷിസങ്കേതവും ഒറ്റയാത്രയിൽ കാണാൻ പറ്റുന്ന യാത്ര. പഴയ രാജ ഭരണത്തിന്റെ പ്രഢി വിളിച്ചോതുന്നതാണ് മൈസൂരിലെ കൊട്ടാരങ്ങളും കെട്ടിടങ്ങളുമെല്ലാം.
യാത്ര രണ്ട് ദേശീയ ഉദ്യാനങ്ങളിലൂടെ
മൈസൂരുവിലേക്കുള്ള യാത്ര വയനാട് വഴിയാണെങ്കിൽ രണ്ട് ദേശീയ ഉദ്യാനങ്ങൾ കാണാനുള്ള അവസരമാണ് ലഭിക്കുന്നത്. മുതുമലയും ബന്ദിപ്പൂരും. ഈ രണ്ട് സ്ഥലങ്ങളിലും നിരവധി വന്യമൃഗങ്ങളെ കാണാം. ഗൂഡല്ലൂരിൽ നിന്ന് ഗുണ്ടൽപേട്ട് എത്തുന്നതു വരെയാണ് ഈ രണ്ട് ദേശീയ ഉദ്യാനങ്ങളും സ്ഥിതിചെയ്യുന്നത്. മുതുമല തമിഴ്നാടിന്റെ കീഴിലും ബന്ദിപ്പൂർ കർണാടകത്തിന്റെ പരിധിയിലുമാണുള്ളത്. കടുവ, ആന, മാൻ, കാട്ടുപോത്ത് തുടങ്ങിയവയെ ഇവിടെ കാണാം. പ്രത്യേകമായി ട്രെക്കിംഗ് നടത്താതെ തന്നെ ആ അനുഭവം സമ്മാനിക്കുകയാണ് മൈസൂരുവിലേക്കുള്ള ഈ വഴി. ദേശീയ ഉദ്യാനമായതുകൊണ്ടു തന്നെ രാത്രിയിൽ ഈ വഴിയുള്ള യാത്രയ്ക്ക് വിലക്കുണ്ട്. പകൽ സമയത്ത് മാത്രമാണ് ഈ റൂട്ടിലൂടെ വാഹനങ്ങൾ കടത്തിവിടുക.
കൊട്ടാരങ്ങളുടെ നഗരത്തിലേക്ക്
കൊട്ടാരങ്ങളുടെ നാടാണ് മൈസൂർ. രാജഭരണ കാലത്തെ നിരവധി കെട്ടിടങ്ങൾ ഇവിടുണ്ട്. ഇവയിൽ മിക്കതിലും ഇപ്പോൾ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നു. മൈസൂർ കൊട്ടാരമാണ് പ്രദേശത്തെ പ്രധാന ആകർഷണം. ഇതു കൂടാതെ ജഗൻമോഹൻ കൊട്ടാരം, വിജയലക്ഷ്മി കൊട്ടാരം, ലളിത മഹൽ, രാജേന്ദ്ര വിലാസ്, ചെലുവന്പ, കരഞ്ചി വിലാസ് എന്നിങ്ങനെ ആറ് കൊട്ടാരങ്ങൾ കൂടി മൈസൂരുവിലുണ്ട്.
മൈസൂർ പാലസ്
മൈസൂർ ഭരിച്ചിരുന്ന വാഡിയാർ രാജവംശത്തിന്റെ ഒൗദ്യോഗിക വസതിയായിരുന്നു മൈസൂർ കൊട്ടാരം. അംബാ വിലാസ് എന്നാണ് ഇത് പ്രാദേശികമായി അറിയപ്പെടുന്നത്. 14ാം നൂറ്റാണ്ടിലാണ് ഇതിന്റെ നിർമാണം ആരംഭിക്കുന്നത്. പിന്നീട് പല കാലഘട്ടങ്ങളിലായി ഇത് പുതുക്കിപ്പണിതു. ഇൻഡോ സാർസനിക് വാസ്തു ശൈലിയിലാണ് കൊട്ടാരം നിർമിച്ചിരിക്കുന്നത്. മൂന്ന് നിലകളിലായി മാർബിളിലാണ് പണികൾ അധികവും തീർത്തിരിക്കുന്നത്. ചുവരുകൾ ചിത്രപ്പണികൾ ചെയ്ത് മനോഹരമാക്കിയിരിക്കുന്നു. കൊട്ടാരത്തിന് ചുറ്റും വലിയൊരു ഉദ്യാനവുമുണ്ട്. സമീപത്തു തന്നെയുള്ള പഴയ കൊട്ടാരം ഇന്ന് മ്യൂസിയമാണ്. ഇവിടെ രാജഭരണ കാലത്തെ ആയുധങ്ങൾ പല്ലക്കുകൾ, വസ്ത്രങ്ങൾ എന്നിവ സൂക്ഷിച്ചിരിക്കുന്നു. മൈസൂർ നഗരത്തിൽ നിന്നും രണ്ടര കിലോമീറ്റർ ദൂരത്തിലാണ് കൊട്ടാരം സ്ഥിതിചെയ്യുന്നത്.
മൈസൂർ മൃഗശാല
മൈസൂർ കൊട്ടാരത്തിൽ നിന്നും ഒന്നര കിലോമീറ്റർ നീങ്ങിയാൽ കാണാടകയിലെ പ്രശസ്തമായ മൃഗശാലയിലെത്താം. ശ്രീ ചാമരാജേന്ദ്ര സൂവോളജിക്കൽ ഗാർഡൻ എന്നാണ് ഈ മൃഗശാല അറിയപ്പെടുന്നത്. ഇന്ത്യയിലെ തന്നെ പഴക്കമേറിയ മൃഗശാലകളിൽ ഒന്നാണിത്. 157 ഏക്കറിലായി സ്ഥിതിചെയ്യുന്ന ഈ മൃഗശാലയിൽ 1450ഓളം വിഭാഗങ്ങളിലുള്ള ജീവി വർഗങ്ങളുണ്ട്.
സെന്റ് ഫിലോമിനാസ് ചർച്ച്
മൈസൂർ മൃഗശാലയിൽ നിന്ന് രണ്ടര കിലോമീറ്റർ യാത്രചെയ്താൽ സെന്റ് ഫിലോമിനാസ് ചർച്ചിലെത്താം. 1936ൽ കല്ലുകൊണ്ട് പണി തീർത്തതാണ് ഈ പള്ളി. ജർമൻ കൊളോണിയൽ മാതൃകയിലാണ് നിർമാണം. പെയിന്റ് ചെയ്ത ഗ്ലാസുകളും ദീപങ്ങളും കൊണ്ട് മനോഹരമാണ് ഈ പള്ളി.
ചാമുണ്ഡിഹിൽസ്
മൈസൂരുവിൽ നിന്ന് 13.5 കിലോമീറ്റർ യാത്രചെയ്താൽ ചാമുണ്ടി ഹിൽസിലെത്താം. ഇവിടെ നിന്നാൽ മൈസൂർ നഗരത്തിന്റെ വിശാലമായ ദൃശ്യം കാണാൻ സാധിക്കും. ഈ മലയുടെ മുകളിലാണ് പ്രസിദ്ധമായ ചാമുണ്ഡേശ്വരി ക്ഷേത്രമുള്ളത്.
ശ്രീരങ്കപട്ടണത്തേക്ക്
മൈസൂരുവിൽനിന്ന് 19 കിലോമീറ്റർ ദൂരമുണ്ട് ശ്രീരങ്കപട്ടണത്തേക്ക്. ടിപ്പുവിന്റെ വേനൽക്കാല വസതിയായിരുന്ന ദരിയ ദൗലത്ത് കൊട്ടരാം ഇവിടെയാണുള്ളത്. വലിയൊരു പൂന്തോട്ടത്തിന്റെ നടുവിലാണ് കൊട്ടാരം. ടിപ്പുവിന്റെ ജീവചരിത്രം പറയുന്ന മ്യൂസിയമാണ് ഇപ്പോൾ ഇത്. ടിപ്പുവിന്റെ വസ്ത്രങ്ങൾ, ആയുധങ്ങൾ, നാണയങ്ങൾ എന്നിവ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. കൊട്ടാരത്തിന് സമീപത്ത് തന്നെയാണ് ടിപ്പുസുൽത്താന്റെയും പിതാവ് ഹൈദരലിയുടെയും ശവകുടീരങ്ങൾ ഉള്ളത്. ഇവിടെനിന്ന് അല്പദൂരം കൂടി യാത്രചെയ്താൽ ടിപ്പു സുൽത്താൻ മരണപ്പെട്ട സ്ഥലത്ത് എത്താം. ക്യാപ്റ്റൻ ബെയിലീസ് ഡങ്കൻ എന്നറിയപ്പെടുന്ന ഭൂഗർഭ ജയിലുള്ളത് ഇവിടെയാണ്. ടിപ്പു മരിച്ചുകിടന്ന സ്ഥലം ഇതാണെന്ന് കാണിക്കുന്ന ഒരു ഫലകം അവിടെ സ്ഥാപിച്ചിട്ടുണ്ട്.
രംഗനതിട്ട പക്ഷി സങ്കേതം
ശ്രീരങ്കപട്ടണത്തിന് നാലര കിലോമീറ്റർ അകലെയാണ് രംഗനതിട്ട പക്ഷി സങ്കേതമുള്ളത്. കാവേരി നദിക്കു കുറുകെ തടയണ നിർമിച്ചപ്പോൾ ഉണ്ടായ ചെറു ദ്വീപുകൾ ചേരുന്നതാണ് ഈ പക്ഷി സങ്കേതം. നദിയിലൂടെ പക്ഷികളെയും കണ്ടുള്ള ബോട്ടു സവാരിയും സഞ്ചാരികളെ ആകർഷിക്കുന്നു.
വൃന്ദാവൻ ഗാർഡൻ
രംഗനതിട്ട പക്ഷി സങ്കേതത്തിൽ നിന്നും 17 കിലോമീറ്റർ യാത്ര ചെയ്താൽ വൃന്ദാവൻ ഗാർഡനിൽ എത്തിച്ചേരാം. ഇതിന് സമീപത്ത് തന്നെയാണ് കൃഷ്ണരാജ സാഗർ ഡാം സ്ഥിതിചെയ്യുന്നത്. 60 ഏക്കറിലായി പരന്നു കിടക്കുന്നതാണ് വൃന്ദാവൻ ഉദ്യാനം. ഇതിന് സമീപത്തായുള്ള തടാകത്തിൽ ബോട്ടിംഗിനുള്ള സൗകര്യമുണ്ട്.
മൈസൂരുവിലേക്ക് എത്തിച്ചേരാൻ
എറണാകുളത്തുനിന്നും ദേശീയ പാത 66 വഴി തൃശൂർ-കോഴിക്കോട്-വയനാട്-മുതുമല-ബന്ദിപ്പൂർ-ഗുണ്ടൽപേട്ട് വഴി മൈസൂരുവിലേക്ക് 377 കിലോമീറ്റർ ദൂരം.
എറണാകുളത്തുനിന്നും ദേശീയ പാത 544 വഴി ചാലക്കുടി-പാലക്കാട്-കോയന്പത്തൂർ വഴി മൈസൂരുവിലേക്ക് 383 കിലോമീറ്റർ ദൂരം.
തിരുവനന്തപുരത്തുനിന്നും ദേശീയ പാത 66 വഴി കൊച്ചി-തൃശൂർ-കോഴിക്കോട്-വയനാട്-മുതുമല-ബന്ദിപ്പൂർ-ഗുണ്ടൽപേട്ട് വഴി മൈസൂരുവിലേക്ക് 583 കിലോമീറ്റർ ദൂരം
അടുത്തുള്ള വിമാനത്താവളം: മൈസൂർ. 11 കിലോമീറ്റർ ദൂരം.
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: മൈസൂർ ജംഗ്ഷൻ. മൂന്ന് കിലോമീറ്റർ ദൂരം.