സ്വര്‍ണത്തില്‍ മയങ്ങുന്ന "ചക്രവ്യൂഹം'
Friday, September 20, 2019 3:20 PM IST
രാജ്യത്തെ വിമാനത്താവളങ്ങളില്‍ തീര്‍ത്ത സുരക്ഷയുടെ ചക്രവ്യൂഹം ഭേദിക്കാന്‍ കഴിയുമോ..? ഐബിയേയും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തേയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്സിനേയുമെല്ലാം ആശങ്കപ്പെടുത്തുന്ന ചോദ്യമാണിത്. ഒരിക്കലും സാധിക്കില്ലെന്ന ഉത്തരമാണ് നിയമസംവിധാനങ്ങള്‍ പ്രഖ്യാപിക്കുന്നതെങ്കിലും സ്കാനറുകളും ഡിറ്റക്ടറുകളും വിമാനത്താവളങ്ങളില്‍ തീര്‍ക്കുന്ന സുരക്ഷയുടെ ചക്രവ്യൂഹത്തെ ഭേദിക്കാന്‍ ഇന്ന് സ്വര്‍ണക്കള്ളക്കടത്തുകാര്‍ക്ക് സാധിക്കും. അതിസുരക്ഷാ മേഖലയിലൂടെ പോലും കള്ളക്കടത്ത് സ്വര്‍ണവുമായി കേരളത്തിന്റെ മണ്ണിലേക്ക് എപ്പോള്‍ വേണമെങ്കിലും വന്നിറിങ്ങാമെന്ന അവസ്ഥയാണ്.
സുരക്ഷയുടെ അതിര്‍വരമ്പുകളൊന്നും മഞ്ഞലോഹത്തിന് മുന്നില്‍ തടസമാവാറില്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പേ തന്നെ കേരളത്തിലേക്ക് സ്വര്‍ണം കടല്‍കടന്ന് പറന്നിറങ്ങുന്നുണ്ട്. അന്നു മുതല്‍ ഇന്നുവരെ സ്വര്‍ണം തീര്‍ക്കുന്ന മാര്‍ഗങ്ങള്‍ക്ക് തടയിടാന്‍ ഭരിക്കുന്നവര്‍ക്കോ നിയമം നടപ്പാക്കുന്നവര്‍ക്കോ സാധിച്ചിട്ടില്ല. നികുതിവെട്ടിച്ചെത്തിക്കുന്ന സ്വര്‍ണം കാരിയര്‍ വിചാരിച്ചാല്‍ മാത്രം വിമാനത്താവളത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ഭേദിച്ച് പുറത്ത് കൊണ്ടുവരാനാവില്ല. അങ്ങനെ സംഭവിക്കുമെങ്കില്‍ വിമാനത്താവളങ്ങളിലെ പരിശോധനയെ "ഭയക്കണം'. രാജ്യസുരക്ഷ തന്നെ ചോദ്യം ചെയ്യപ്പെടും. എന്നാല്‍ ഇത്തരത്തിലുള്ള ആശങ്കകള്‍ വേണ്ടെന്നാണ് അന്വേഷണ സംഘങ്ങള്‍ പറയുന്നത്.
സ്വര്‍ണത്തിന് മാത്രമാണ് ഈ "ഇളവുകള്‍' ലഭിക്കുന്നത്. അത് നല്കുന്നതാവട്ടെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും. ദിനംപ്രതി കോടികളുടെ നികുതിവെട്ടിച്ചെത്തുന്ന സ്വര്‍ണത്തില്‍ നാമമാത്രമായവയാണ് അന്വേഷണസംഘത്തിന് പിടികൂടാനാവുന്നത്. മറ്റുള്ളവയെല്ലാം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തന്നെ വിമാനത്താവളം വിട്ടിറങ്ങും. എങ്കിലും അടുത്തിടെ നടത്തിയ ഡിആര്‍ഐ ഓപ്പറേഷനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ മാറിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍ . സ്വര്‍ണം കൊണ്ടുവരുന്നതിന്റെ തോത് കുറഞ്ഞിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗവും പറയുന്നു.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തന്നെ താറുമാറാക്കും വിധത്തിലുള്ള സ്വര്‍ണക്കള്ളക്കടത്തിനെ ഒരു പരിധിവരെ നിയന്ത്രിച്ചതിന് പിന്നില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിലെ ഉദ്യോഗസ്ഥരുടെ ജാഗ്രതയാണ്. രാപ്പകല്‍ ഭേദമെന്യേ സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിന്റെ ചലനങ്ങള്‍ നിരീക്ഷിച്ചാണ് ഇവര്‍ "ഓപ്പറേഷന്' നടത്തുന്നത്. ഡിആര്‍ഐ വിരിച്ച വല ഭേദിച്ച് സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിന് വഴിയൊരുക്കാന്‍ ഉദ്യോഗസ്ഥര്‍ ഇനിയുമുണ്ടാവുമോ ..? കള്ളക്കടത്ത് സംഘവും അന്വേഷണ ഉദ്യോഗസ്ഥരും കാത്തിരിക്കുന്നത് അതിനുള്ള ഉത്തരംതേടിയാണ്.
കണ്ണൂരില്‍ ഒരു ദിവസം പറന്നിറങ്ങുന്നത് ആറു കോടിയുടെ സ്വര്‍ണം
കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവുമായ കണ്ണൂരിനെയാണിപ്പോള് സ്വര്‍ണക്കള്ളക്കടത്തുകാര്‍ പ്രധാനമായും ആശ്രയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രവര്‍ത്തനമാരംഭിച്ച വിമാനത്താവളത്തില്‍ ആദ്യവാരം തന്നെ സ്വര്‍ണക്കള്ളക്കടത്ത് പിടികൂടിയിരുന്നു. കണ്ണൂര്‍ വിമാനത്താവളം വഴി ഒരു ദിവസം കേരളത്തിലെത്തുന്നത് ആറു കോടി രൂപയോളം വിലവരുന്ന സ്വര്‍ണമാണെന്നാണ് ഡിആര്‍ഐയുടെയും വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളുടേയും അന്വേഷണത്തില്‍ കണ്ടെത്തിയത്.
ദുബൈ, ഷാര്‍ജ, റിയാദ് തുടങ്ങി വിദേശരാജ്യങ്ങളില്‍ നിന്നായി വ്യത്യസ്ത സമയങ്ങളിലായാണ് സ്വര്‍ണം പറന്നിറങ്ങുന്നത്. സ്വര്‍ണം കൊണ്ടുവരുന്നതിനായി ഓരോ കാരിയര്‍മാരേയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കാരിയര്‍ ഒരു കോടിയുടെ വരെ സ്വര്‍ണമാണ് ഒരു ദിവസം കടത്തുന്നത്. കണ്ണൂര്‍ വിമാനത്താവളം പ്രവര്ത്തനമാരംഭിച്ചതിനുശേഷമാണ് കോഴിക്കോട് കേന്ദ്രീകരിച്ചുള്ള കള്ളക്കടത്ത് സംഘം വന്‍തോതില്‍ സ്വര്‍ണം കടത്താന്‍ തുടങ്ങിയതെന്നാണ് പറയുന്നത്. മലയാളികള്ക്കുപുറമേ ഇതരദേശത്തുള്ളവരും കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡിആര്‍ഐ അറിയിച്ചു.
കോടികളുടെ സ്വര്‍ണം കടത്തിയെന്ന് മൊഴി
കണ്ണൂര്‍ വിമാനത്താവളം വഴി 4.15 കോടിയുടെ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതികളായ അഞ്ചുപേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ ) പിടികൂടിയതോടെയാണ് കള്ളക്കടത്ത് സംഘത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്താവുന്നത്. കണ്ണൂര്‍ വിമാനത്താവളം വഴി മാത്രം കോടികളുടെ സ്വര്‍ണം കേരളത്തിലേക്ക് എത്തിച്ചതായാണ് പ്രതികള്‍ മൊഴി നല്‍കിയത്.ദുബായ്, ഷാര്‍ജ, റിയാദ് എന്നിവിടങ്ങളില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി അംസീര്‍ ഓട്ടപിലാക്കൂല് , മുഹമ്മദ്ബഷീര്‍ , പുതുപ്പാടി സ്വദേശി അബ്ദുള്ള മൂഴിക്കുന്നത്ത്,വയനാട് സ്വദേശി അര്‍ഷാദ് കണ്ടര്വീട്ടില് എന്നിവരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ച് പിടികൂടിയിരുന്നു. ഇവരില്‍ നിന്നായി 4,15,39,332 രൂപ വിലവരുന്ന 11,294 ഗ്രാം സ്വര്‍ണവും പിടികൂടി. പ്രതികളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മുഖ്യപ്രതികളെ കുറിച്ച് ഡിആര്‍ഐക്ക് വിവരം ലഭിച്ചത്.
കോഴിക്കോട് പാലാഴി ഹൈലൈറ്റ് റസിഡന്‍സിയിലെ ഹാഷിക് അബ്ദുള്ളക്കുട്ടി, ബാലുശേരി കണ്ണാടിപ്പൊയില്‍ തട്ടാന്‍കണ്ടി കെ.വി.ജുനൈദ്, കണ്ണാടിപൊയില്‍ പാറക്കണ്ടി മുഹമ്മദ് ബഷീര്‍ , കല്ലായി ഫ്രാന്‍സിസ് റോഡിലെ മുഹമ്മദലി , കണ്ണാടിപൊയില്‍ പനങ്ങാട് പാറക്കണ്ടി പി.കെ.ജമാലുദ്ദീന്‍, കോഴിക്കോട് ജയില്റോഡിലെ താമസക്കാരനായ അര്ജുന് നിവ്രിത് ഗുരാവ്, നടുവണ്ണൂര്‍ ഒരാവില് കുനിയില്‍ സുധീഷ്കുമാര്‍ എന്നിവരെയും പിടികൂടിയിരുന്നു.
തെളിവുകള്‍ ഇല്ലാതാക്കി
കണ്ണൂരില്‍ സ്വര്‍ണക്കള്ളക്കടത്ത് പിടികൂടുകയും കാരിയര്‍മാരെ ചോദ്യം ചെയ്യുകയും ചെയ്തതിനു പിന്നാലെ മുഖ്യപ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചിരുന്നു. ഡിആര്‍ഐ സംഘം പരിശോധനയ്ക്കായി പുലര്‍ച്ചെ നാലിനു തന്നെ മുഖ്യപ്രതികളിലൊരാളുടെ താമസസ്ഥലത്തെത്തിയെങ്കിലും മൂന്നു മണിക്കൂറിന് ശേഷമാണ് ഇയാള്‍ പുറത്തുവന്നത്. മൊബൈല്‍ഫോണ്‍ ഹാമറുപയോഗിച്ച് അടിച്ചുതകര്‍ക്കുകയും മറ്റു തെളിവുകള്‍ നശിപ്പിക്കുകയും ചെയ്ത ശേഷമാണ് ഇയാള്‍ വാതില്‍ തുറന്നത്. കള്ളക്കടത്ത് സ്വര്‍ണം സ്ഥിരമായി വാങ്ങുന്നവരെ കേന്ദ്രീകരിച്ചും മറ്റുമുള്ള ഡിആര്‍ഐയുടെ അന്വേഷണം തടസപ്പെടുത്തുന്നതിനായാണ് തെളിവ് നശിപ്പിച്ചത്. അതേസമയം മുഖ്യപ്രതികളുടെ മൊബൈല്ഫോണുകളുള്പ്പെടെയുള്ളവയുടെ ശാസ്ത്രീയ തെളിവുകള്‍ക്കായി ഡിആര്‍ഐ ഫോറന്‍സിക് വിഭാഗത്തെ ബന്ധപ്പെട്ടിട്ടുണ്ട്. പ്രതികള്‍ നശിപ്പിച്ച തെളിവുകള്‍ വീണ്ടെടുക്കുന്നതിനുള്പ്പെടെ ശാസ്ത്രീയ പരിശോധന അഭികാമ്യമാണ്. കൂടാതെ പ്രതികളുടെ മൊബൈല്‍ഫോണിലേക്ക് സ്ഥിരമായി ബന്ധപ്പെടുന്നവരുടേയും തിരിച്ച് ബന്ധപ്പെടുന്നവരുടേയും വിവരങ്ങളും ശേഖരിച്ചുവരികയാണ്.
കള്ളക്കടത്തിന് ഗ്രീന്‍ സിഗ്നല്‍
കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ സഹായിച്ചതിന് പിന്നില്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരായിരുന്നു. കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ രാഹുല്‍ പണ്ഡിറ്റും കൂട്ടാളികളുമാണ് ഇതിന് പിന്നിലുള്ളത്. ഓഗസ്റ്റ് 19 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ നാല് യാത്രക്കാരില്‍ നിന്ന് 15 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയിരുന്നു. തുടരന്വേഷണത്തിലാണ് കസ്റ്റംസുകാര്‍ പിടിയിലായത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനില്‍ ജോലി ചെയ്യുന്ന രാഹുല്‍ ഡല്‍ഹി സ്വദേശിയാണ്. സ്വര്‍ണക്കടത്ത് കാരിയറുടെ വിശദാംശങ്ങള്‍ കണ്ണൂരിലെ സുഹൃത്തുക്കള്‍ക്കു കൈമാറുകയാണ് ഇയാള്‍ ചെയ്തിരുന്നത്. സ്വര്‍ണം ഒളിപ്പിക്കുന്ന രീതിയടക്കം, കടത്താന്‍ വേണ്ട നിര്‍ദേശങ്ങളെല്ലാം സ്വര്‍ണക്കടത്തു സംഘത്തിനു നല്കിയിരുന്നതു രാഹുലാണെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓരോ കാരിയറെത്തുമ്പോഴും രാഹുലിനു ലഭിച്ചിരുന്നത് ഒരു ലക്ഷം രൂപയാണ് .
കോഴിക്കോട് വിമാനത്താവളത്തിലിരുന്നാണു രാഹുല്‍ കണ്ണൂരിലെ സ്വര്‍ണക്കടത്തുകാരെ സഹായിച്ചത്. സ്വര്‍ണം ഒളിപ്പിക്കേണ്ടതെങ്ങനെയെന്ന് ഓരോ തവണയും സംഘത്തിനു നിര്‍ദേശം നല്‍കിയിരുന്നു. മിക്സിയിലും മൈക്രോവേവ് അവനിലും ഏതു രീതിയില്‍ സ്വര്‍ണം ഒളിപ്പിക്കണം, ബാഗേജിനു പുറത്ത് എന്തൊക്കെ, ഏതൊക്കെ നിറത്തിലുള്ള മഷിയില്‍ ഏതു രീതിയില്‍ എഴുതണമെന്നു വരെ നിര്‍ദേശിക്കും. കാരിയറെ പെട്ടെന്നു തിരിച്ചറിയാനാണിത്. ബാഗേജുമായി നില്ക്കുന്ന കാരിയറുടെ ഫോട്ടോ സ്വര്‍ണക്കടത്തു സംഘം രാഹുലിന് അയച്ചു കൊടുക്കും. ഫോട്ടോയും വിശദാംശവും രാഹുല്‍, കണ്ണൂര്‍ വിമാനത്താവളത്തിലെ പരിചയക്കാരായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു കൈമാറുകയും ചെയ്യും. എക്സ്റേയില്‍ കണ്ടില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറാനാണു ഗൃഹോപകരണങ്ങളില്‍ സ്വര്‍ണം ഒളിപ്പിക്കാന്‍ നിര്‍ദേശിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ ജോലി ചെയ്യവേ, താമസിക്കാന്‍ ഫ്ളാറ്റ് ഏര്‍പ്പാടാക്കിയ ആളുമായുള്ള പരിചയമാണു രാഹുലിനെ സ്വര്‍ണക്കടത്തു സംഘത്തിലേക്ക് അടുപ്പിച്ചതെന്നു സൂചനയുണ്ട്.
ഉദ്യോഗസ്ഥര്‍ കുടുങ്ങി, കള്ളക്കടത്ത് കുറഞ്ഞു
കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കള്ളക്കടത്തിന് കുറവുണ്ടെന്നാണ് ഡിആര്‍ഐയും രഹസ്യാന്വേഷണ വിഭാഗവും പറയുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 19 ന് ശേഷം വന്‍തോതിലുള്ള സ്വര്‍ണം ഇവിടെ എത്തിയിട്ടില്ല. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തി നിയമനടപടി സ്വീകരിച്ചതോടെയാണ് സ്വര്‍ണക്കള്ളക്കടത്തിന്റെ ഒഴുക്ക് കുറഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍ . പിടിയിലായവരേക്കാള് കൂടുതല്‍ ഉദ്യോഗസ്ഥര്‍ കള്ളക്കടത്ത് സംഘത്തിന് സഹായം ചെയ്ത് നല്‍കിയിട്ടുണ്ട്. ഇവരെ കുറിച്ചുള്ള വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചു വരികയാണ്.
കെ. ഷിന്റുലാൽ