അഭിനയം സംവിധാനം
Saturday, September 14, 2019 4:32 PM IST
നല്ല അഭിനേതാക്കള്‍ നല്ല സംവിധായകര്‍ കൂടിയാവുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നടന്മാരായി വന്ന് സംവിധായകരുടെ പട്ടമണിഞ്ഞവരും സംവിധായകരായി വന്ന് നടന്മാരായി തീര്‍ന്നവരും, ഒന്നോ രണ്ടോ സിനിമകള്‍ ചെയ്ത് രംഗം വിട്ട നടന്മാരും, ഇപ്പോഴും സജീവമായി നിലനില്‍ക്കുന്ന സംവിധായക നടന്മാരും മലയാളത്തിലുണ്ട്. കലാഭവന്‍ ഷാജോണ്‍ ആണ് ഈ പട്ടികയില്‍ ഇടം നേടിയ ഏറ്റവും പുതിയ താരം. പൃഥ്വിരാജ് സുകുമാരനും ലൂസിഫറിലൂടെ കഴിവുറ്റ സംവിധായകനാണെന്ന് തെളിയിച്ച് അടുത്ത ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലാണ്. സൗബിന് ഷാഹിര്‍ നല്ല നടനായി കഴിവു തെളിയിച്ച് കഴിഞ്ഞ വര്‍ഷം നല്ല സംവിധായകനായും പേരെടുത്തു. മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും ഈ വര്‍ഷം സംവിധായകനാവാനുള്ള തയാറെടുപ്പിലാണ്. ത്രീഡിയില്‍ സിനിമയൊരുക്കി ചരിത്രം സൃഷ്ടിക്കാനാണ് ലാലിന്റെ പുറപ്പാട്. ഇരട്ട സംവിധായകരായി വന്ന് നല്ല നടനുള്ള അവാര്ഡുകള്ഉൾപ്പെടെ കരസ്ഥമാക്കി വീണ്ടും തനിച്ച് സംവിധായകനായ ലാലും രംഗത്ത് സജീവമാണ്. ഈ പട്ടികയില്‍ ശ്രദ്ധേയരായ പഴയകാല സംവിധായക നടന്മാരെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
മികച്ച നടനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ തിക്കുറിശി സുകുമാരന്‍നായരാണ് ഈ പട്ടികയില്‍ ആദ്യം ഇടം നേടിയത്. 1953 ല്‍ അദ്ദേഹം കഥ -തിരക്കഥ -സംഭാഷണവും ഗാനങ്ങളുമെഴുതി സംവിധാനം ചെയ്ത ശരിയോ തെറ്റോ എന്ന സിനിമ ശ്രദ്ധിക്കപ്പെടാതെ പോയതോടെയാണ് താല്‍ക്കാലികമായി സംവിധാന രംഗത്തുനിന്നും മാറി അഭിനയരംഗത്തുതന്നെ ശ്രദ്ധ കേന്ദ്രീകരിച്ചത്. പിന്നീട് 16 വര്‍ഷം കഴിഞ്ഞാണ് തിക്കുറിശി വീണ്ടും സംവിധാന രംഗത്ത് വന്നത്. ആദ്യ ചിത്രമായ ശരിയോ തെറ്റോയില് തിക്കുറിശി തന്നെയായിരുന്നു നായകനെങ്കില്‍ 1969 ല്‍ സംവിധാനം ചെയ്ത പൂജാപുഷ്പത്തില് പ്രേംനസീറായിരുന്നു നായകന്. അതേ വര്‍ഷം തന്നെ നഴ്സ് എന്ന സിനിമയും തിക്കുറിശി സംവിധാനം ചെയ്തു. പളുങ്കുപാത്രം(1970), സരസ്വതി(1970), അച്ഛന്റെ ഭാര്യ(1971) എന്നീ സിനിമകളും തുടര്‍ന്ന് തിക്കുറിശി സംവിധാനം ചെയ്തു. 1973 ല്‍ രാമചന്ദ്രന് മുരളി മൂവീസിന് വേണ്ടി നിര്‍മ്മിച്ച ഉര്‍വശി ഭാരതി എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. ഈ സിനിമ സാമ്പത്തികമായി വലിയ തിരിച്ചടി നേരിട്ടതോടെ തിക്കുറിശി സംവിധാന മോഹം ഉപേക്ഷിച്ച് അഭിനയ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. സംവിധാനം ചെയ്ത ഏഴ് ചിത്രങ്ങളില്‍ നഴ്സ് ഒഴികെ മറ്റെല്ലാ സിനിമകളുടെയും ഗാനരചനയും നിര്‍വഹിച്ചത് തിക്കുറിശി തന്നെയായിരുന്നു. പ്രത്യേകിച്ച് ഉര്‍വശി ഭാരതിയിലെ ഗാനങ്ങള്‍ ഇന്നും സൂപ്പര്‍ഹിറ്റുകളായി തന്നെ നിലനില്ക്കുകയും ചെയ്യുന്നു.
1963 ല്‍ നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന സിനിമയിലൂടെയാണ് മധു എന്ന മാധവന്‍നായര്‍ അഭിനയരംഗത്ത് വന്നത്. നീണ്ട 7 വര്‍ഷത്തെ അഭിനയ രംഗത്തുള്ള പരിചയം വെച്ചാണ് 1970 ല്‍ മധു സംവിധായകനായത്. സി. രാധാകൃഷ്ണന്റെ പ്രശസ്ത നോവല്‍ പ്രിയ രാധാകൃഷ്ണന് തന്നെ തിരക്കഥ -സംഭാഷണം രചിച്ച് മധു സംവിധാനം ചെയ്തു. ജമ്മു ഫിലിംസിന് വേണ്ടി എന്‍. പി.അബു നിര്‍മിച്ച ഈ ചിത്രത്തിന്റെ അന്നത്തെ മാര്‍ക്കറ്റിംഗ് തന്ത്രം തന്നെ മധുവിന്റെ സംവിധായക പ്രവേശനമായിരുന്നു. 1971 ല്‍ യൂസഫലി കേച്ചേരി നിര്‍മാണവും കഥ- തിരക്കഥ- സംഭാഷണം രചിക്കുകയും ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചിത്രവും മധു സംവിധാനം ചെയ്തു. ആദ്യ ചിത്രമായ പ്രിയയിലും രണ്ടാം ചിത്രമായ സിന്ദൂരച്ചെപ്പിലും മധു തന്നെയായിരുന്നു നായകന്. ആന കേന്ദ്രകഥാപാത്രമായ സിന്ദൂരച്ചെപ്പ് അന്ന് മികച്ച പാട്ടുകള്‍ കൊണ്ടും ഹൃദയത്തില്‍ തട്ടുന്ന കഥാ സന്ദര്‍ഭങ്ങള്‍ കൊണ്ടും മികച്ച ജനശ്രദ്ധ പിടിച്ചുപറ്റി. 1972 ല്‍ മധു നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച സതി എന്ന ചിത്രം പുറത്തിറങ്ങിയെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. തുടര്‍ന്ന് 1974 ല്‍ മാന്യശ്രീ വിശ്വാമിത്രന് എന്ന ഹാസ്യചിത്രവും അദ്ദേഹം നിര്‍മിച്ച് സംവിധാനം ചെയ്തു. നാടകകൃത്ത് കൈനിക്കര കുമാരപിള്ളയുടെ നാടകത്തിന് അദ്ദേഹം തന്നെയാണ് തിരക്കഥ- സംഭാഷണം രചിച്ചത്. അതേ വര്‍ഷം തന്നെ ശ്രദ്ധേയമായ ഒരു സിനിമ മധുവിന്റെ സംവിധാനത്തില്‍ പുറത്തുവന്നു. ഒരു രാഷ്ട്രീയപാര്‍ട്ടി നിര്‍മിച്ച ആദ്യചിത്രമായ നീലക്കണ്ണുകള്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി(സിപിഐ) കെപിഎസി ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച ഈ സിനിമ നിര്‍മിച്ചത് മുന്‍ മുഖ്യമന്ത്രി പി.കെ.വിയുടെ പേരിലായിരുന്നു. നീലക്കണ്ണൂകള്ക്ക്ശേഷം 1975 ല്‍ മധു നിര്‍മിച്ച് സംവിധാനം ചെയ്ത രണ്ട് സിനിമകളും രതിരസ പ്രാധാന്യമുള്ളവയായിരുന്നു. അക്കല്ദാമ, കാമം ക്രോധം മോഹം എന്നീ സിനിമകളാണ് ആ വര്‍ഷം പുറത്തിറങ്ങിയത്. 1976 ലാണ് മധുവിന്റെ ആദ്യ സൂപ്പര്‍ ഹിറ്റ് ചിത്രം റിലീസായത്. തീക്കനല്‍ എന്ന ഈ ചിത്രം കേരളം മുഴുവന്‍ മാസങ്ങളോളം നിറഞ്ഞോടി. ജോര്‍ജ് തോമസ് നിര്‍മ്മിച്ച ഈ സിനിമയുടെ രചന നിര്‍വ്വഹിച്ചത് തോപ്പില്‍ഭാസിയായിരുന്നു. യേശുദാസായിരുന്നു തീക്കനലിന്റെ സംഗീത സംവിധായകന്. 1977 ല്‍ ആരാധന, ധീരസമീരേ യമുനാതീരേ എന്നീ സിനിമകളും 1986 ല്‍ ഒരു യുഗസന്ധ്യയും അമേരിക്കയില്‍ വച്ച് പൂര്‍ണമായും ചിത്രീകരിച്ച ഉദയം പടിഞ്ഞാറ് എന്നീ സിനിമകളും സംവിധാനം ചെയ്തു.
ഹാസ്യ സമ്രാട്ടായ അടൂര്‍ഭാസിയും മൂന്ന് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1977 ല്‍ കമലഹാസന് നായകനായ ആദ്യപാഠം, ഉദയ നിര്‍മ്മിച്ച് ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ അച്ചാരം അമ്മിണി ഓശാരം ഓമന, 1978 ലെ രഘുവംശം എന്നിവയാണ് ഭാസിയുടെ സംവിധാന സംരംഭങ്ങള്‍. പ്രശസ്ത നടി ഷീലയും രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1976 ലെ യക്ഷഗാനം എന്ന ഹൊറര്‍ സിനിമയാണ് ഷീലയുടെ ആദ്യ സംരംഭം. ഇതില്‍ നായികയായി അഭിനയിച്ച ഷീലയുടെ നായകന് മധുവായിരുന്നു. ഇന്നും അദ്ഭുതത്തോടുകൂടിമാത്രം കാണാനാവുന്ന സിനിമയാണ് യക്ഷഗാനം. 1979 ല്‍ ശിഖരങ്ങള്‍ എന്ന ചിത്രവും ഷീല സംവിധാനം ചെയ്തു. ഷീലയുടെ ഭര്‍ത്താവ് രവിചന്ദ്രന്‍, ജയന് എന്നിവരായിരുന്നു മുഖ്യവേഷത്തില്‍.
സംവിധായകനായി വന്ന് നടനായി മാറിയ വ്യക്തിത്വമാണ് ബാലചന്ദ്രമേനോന്. കഥ- തിരക്കഥ- സംഭാഷണം- ഗാനങ്ങള്‍- സംഗീതം- ആലാപനം- അഭിനയം- നിര്‍മ്മാണം എന്നീ രംഗങ്ങളിലെല്ലാം പേരെടുത്ത ബാലചന്ദ്രമേനോന് ഇപ്പോഴും രംഗത്ത് സജീവമാണ്. 36 സിനിമകള്‍ സംവിധാനം ചെയ്ത മേനോന് 64 സിനിമകളിലാണ് അഭിനയിച്ചത്. തമ്പി കണ്ണന്താനം, രാജസേനന്, ലാല്‍ജോസ്, വിജിതമ്പി, ഫാസില്‍, കെ.ജി.ജോര്‍ജ്, രഘുനാഥ് പലേരി, രഞ്ജിത്ത്, രഞ്ജി പണിക്കര്‍ എന്നിവരും അഭിനയത്തിലും സംവിധാനത്തിലും ഒരുപോലെ തിളങ്ങിയവരാണ്. ജേസി, ഭരത് ഗോപി, കൊച്ചിന് ഹനീഫ, ക്യാപ്റ്റന്‍ രാജു, ശ്രീനിവാസന് എന്നിവരും സംവിധാന പ്രതിഭ തെളിയിച്ചവരാണ്. സംവിധാനം ചെയ്ത രണ്ട് സിനിമകളും (വടക്കുനോക്കിയന്ത്രം-1989, ചിന്താവിഷ്ടയായ ശ്യാമള-1998) മികച്ച പേരെടുത്തുവെങ്കിലും ശ്രീനിവാസന് 21 വര്‍ഷമായി ഒരു സിനിമപോലും പീന്നീട് സംവിധാനം ചെയ്തിട്ടില്ല. ഒന്നും രണ്ടും സിനിമകള്‍ ചെയ്ത് രംഗം വിട്ട നിരവധി അഭിനേതാക്കളും മലയാളത്തിലുണ്ട്. അതേസമയം പ്രഗത്ഭരെന്ന് പേരെടുത്ത പരേതരായ പ്രേംനസീര്‍, സുകുമാരന്‍, സോമന്, ജയന് എന്നിവരൊന്നും സംവിധാന രംഗത്ത് കൈവച്ചിട്ടില്ല. സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയും സുരേഷ്ഗോപിയും നാളെ സംവിധായകരായി മാറില്ലെന്ന് പറയാനുമാവില്ല. ഏതായാലും മോഹന്‍ലാല്‍ പുതിയ ത്രീഡി ചിത്രവുമായി വരുമ്പോള്‍ സമീപഭാവിയില്‍ തന്നെ മമ്മൂട്ടിയും സംവിധാനത്തില്‍ കൈവയ്ക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് മലയാള സിനിമ.
കരിമ്പം കെ.പി. രാജീവൻ