കണ്ണൂർ പാട്ടിന് പിന്നിൽ
Saturday, September 7, 2019 2:57 PM IST
കണ്ണൂരിന്റെ ചുവയുള്ള ഈ പാട്ട് മലയാളികൾ ഏറ്റുപാടിക്കൊണ്ടിരിക്കുകയാണ്. യു ട്യൂബിൽ ഈ പാട്ട് കേൾക്കുന്നവരുടെ എണ്ണം അഞ്ചു മില്യൺ കഴിഞ്ഞു. കണ്ണൂർ ഭാഷയുടെ ലാളിത്യവും മാധുര്യവും കലർന്ന ഈ പാട്ട് "കണ്ണൂർപാട്ട് ' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നു. പ്രശസ്ത ഗായിക സയനോര ഫിലിപ്പ് നേതൃത്വം നൽകുന്ന ബാൻഡായ "ദിൻചിക്നാഷ'യാണ് "ബേങ്കി ബൂം' പാട്ട് പുറത്തിറക്കിയത്. സയനോര തന്നെയാണ് പാട്ടിന് സംഗീതമൊരുക്കിയതും പാടിയതും...സയനോരയ്ക്ക് പുറമെ വർക്കി (മ്യൂസിക് പ്രൊഡ്യൂസർ, കീ ബോർഡ്), ഋതു വൈശാഖ് (വയലിൻ), അജയ് വർഗീസ് (ഡി.ജെ), ഫിനി കുര്യൻ എന്നിവരാണ് ഈ പാട്ടിന് പിന്നിലെ അണിയറപ്രവർത്തകർ.
കണ്ണൂരിന്റെ ഭാഷ പയ്യന്നൂരിൽ നിന്ന്
"ബേങ്കി' പാട്ടിന് വരികൾ എഴുതിയത് പയ്യന്നൂർ സ്വദേശിയായ വൈശാഖ് സുഗുണനാണ്. പയ്യാമ്പലത്തെ കാറ്റിനെക്കുറിച്ചും തലശേരി ബിരിയാണിയെക്കുറിച്ചും താഴെ ചൊവ്വയും മേലെ ചൊവ്വയും എല്ലാം വൈശാഖിന്റെ വരികളിൽ കാണാം. എല്ലാവർക്കും എളുപ്പത്തിൽ മൂളി നടക്കാൻ പറ്റുന്നതരം സിമ്പിൾ പാട്ടായിത്തന്നെയാണ് ബേങ്കി ബൂം ഒരുക്കിയത്. "വേഗം ഇറങ്ങ് വീഴും ' എന്നതിനെ ചുരുക്കിയും താളാത്മകമായും കണ്ണൂരുകാർ പറയുന്നതാണ് "ബേങ്കി ബേങ്കി ബൂം ബൂം' എന്നത്. ഏവർക്കും പരിചിതമായ ഈ വാക്കിനെ കൊതിപ്പിക്കുന്ന ഈണത്തിലവതരിപ്പിച്ചപ്പോൾ അഞ്ചു മില്യൺ കാഴ്ചക്കാരാണ് പാട്ടിനുണ്ടായത്.
പയ്യന്നൂർ സ്വദേശിയും കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമാണ് വൈശാഖ് സുഗുണൻ. പാട്ട് റിലീസായി രണ്ടാഴ്ചയ്ക്കുള്ളിൽ 40 ലക്ഷത്തോളം കാഴ്ചക്കാർ പാട്ടിനുണ്ടായി.
വൈശാഖ് സുഗുണൻ ഇതിന് മുമ്പ് സുജിത്ത് വാസുദേവ് സംവിധാനം ചെയ്ത "ഓട്ടർഷ ' എന്ന സിനിമയിലും ഗാനങ്ങൾ എഴുതിയിട്ടുണ്ട്. ലൂസിഫർ, ദൃശ്യം, എസ്ര തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹകനും പ്രശസ്ത സംവിധായകനുമായ സുജിത്ത് വാസുദേവന്റെതായിരുന്നു സിനിമ. മലയാളികളുടെ പ്രിയ സംഗീത സംവിധായകരായ ശരത്തിന്റെയും വിശ്വജിത്തിന്റെയും ഈണത്തിൽ രണ്ടു പാട്ടുകളാണ് ചിത്രത്തിൽ എഴുതിയത്. പ്രശസ്ത സിനിമാ താരം സുബീഷ് സുധിയാണ് വൈശാഖിന് സിനിമയിലേക്കുള്ള വഴി തുറന്നു കൊടുത്തത്.
മധുരിച്ച ഒയലിച്ച
പയ്യന്നൂർ കോളജിലെ 2009 വർഷത്തെ മാഗസിൻ എഡിറ്ററായിരുന്നു വൈശാഖ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ "ഒയലിച്ച'എന്ന ആ മാഗസിന് പാമ്പൻ മാധവൻ പുരസ്കാരം, ബഷീർ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. അന്തരിച്ച മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിൽ നിന്ന് ബ്രണ്ണൻ കോളജിലെ പഠനകാലത്ത് സാഹിത്യ പ്രതിഭ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകളെഴുതുന്ന വൈശാഖിന് എ.എൻ. പ്രദീപ്കുമാർ സ്മാരക കലാലയ കവിതാ പുരസ്കാരം, കടമ്മനിട്ട സാഹിത്യ പുരസ്കാരം, പുനലൂർ ബാലൻ കവിതാ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ബേങ്കി ബേങ്കി ബേങ്കി ബൂം ബൂം... എന്ന കണ്ണൂരിന്റെ ചുവയുള്ള പാട്ട് വൈറലായതിനു ശേഷം നിരവധി അവസരങ്ങളാണ് വൈശാഖിനെ തേടിയെത്തുന്നത്. പയ്യന്നൂരിനടുത്തുള്ള കണ്ടോത്ത് കോത്തായി മുക്കിൽ താമസം. പി.യു. സുഗുണൻ-ബേബി സുമതി ദന്പതികളുടെ മകനാണ്. ഭാര്യ: നവ്യ നാരായണൻ. സഹോദരൻ അനുരാഗ് കരിവെള്ളൂർ എ.വി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.
റെനീഷ് മാത്യു