ഇതാണോ പരിഹാരം?
Tuesday, August 27, 2019 2:38 PM IST
അയല്‍വാസിയായ പെണ്‍കുട്ടിയോട് യുവാവിന് തോന്നിയ പ്രണയം അവള്‍ക്കോ അവളുടെ വീട്ടുകാര്‍ക്കോ അംഗീകരിക്കാന്‍ കഴിഞ്ഞില്ല. രണ്ടു കുടുംബങ്ങളും തമ്മില്‍ നേരത്തെ നിലവിലുണ്ടായിരുന്ന പിണക്കം തന്നെ പ്രധാന കാരണം. മൂന്നു മാസം പിറകെ നടന്നിട്ടും യുവാവിനെ സംബന്ധിച്ചിടത്തോളം നിരാശയായിരുന്നു ഫലം. അങ്ങനെയാണ് അയാള്‍ ആ കടുംകൈയ്ക്ക് മുതിര്‍ന്നത്. തനിക്ക് കിട്ടാത്തത് ലോകത്താര്‍ക്കും ലഭ്യമാകരുതെന്ന സ്വാര്‍ഥതയും ആ കൃത്യത്തിന് പിന്നിലുണ്ടായിരുന്നു.
പ്രണയനൈരാശ്യം
മധ്യപ്രദേശിലെ ചിന്ദ് വാര ഗ്രാമത്തിലാണ് ബന്റി രാജയുടെ കുടുംബം. അയല്‍വാസിയായ പെണ്‍കുട്ടിയോട് ബന്റിക്ക് കടുത്ത പ്രേമം. പ്രായപൂര്‍ത്തിയാകാത്ത മകളുടെ പിറകെ യുവാവിന്റെ നടത്തംആവര്ത്തിച്ചപ്പോള് അവര്‍ വിലക്കാന്‍ ശ്രമിച്ചു. ആര് കേള്‍ക്കാന്‍... പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന ബന്റിയുടെ ആഗ്രഹവും അവര്‍ തള്ളിക്കളഞ്ഞു. തുടര്‍ന്ന് ബന്റി നന്നായി ആലോചിച്ചൊരു തീരുമാനത്തിലെത്തിച്ചേര്‍ന്നു. ഒരു ദിവസം വൈകുന്നേരം ബന്റി നേരേ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ചെന്നു. പെണ്‍കുട്ടിയും അമ്മയും മാത്രമേയുണ്ടായിരുന്നുള്ളൂ. ആ വീട്ടില്‍ നിന്നു നിലവിളി ഉയര്‍ന്നപ്പോള്‍ സമീപവാസികള്‍ ഓടിയെത്തി. അപ്പോഴേയ്ക്കും ബന്റി വീട്ടില്‍ നിന്നു ഇറങ്ങി ഓടുന്നതും കണ്ടു. ചോരയില്‍ കുളിച്ചു കിടന്ന പെണ്‍കുട്ടിയെയും അമ്മയെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് ബന്റി പെണ്‍കുട്ടിയെയും അമ്മയെയും കുത്തിക്കൊല്ലുകയായിരുന്നു. ചോരക്കറ പുരണ്ട കത്തി വീട്ടില്‍ നിന്നു പോലീസ് കണ്ടെടുത്തു...
സംഭവസ്ഥലത്തു നിന്നു രക്ഷപ്പെട്ട ബന്റിക്കു വേണ്ടി പോലീസ് ഊര്‍ജിതമായ തെരച്ചില്‍ ആരംഭിച്ചു. പക്ഷെ, അടുത്ത ദിവസം പോലീസിന് ലഭിച്ചത് യുവാവിന്റെ മൃതദേഹമായിരുന്നു. ചന്ദ് വാരയിലെ തടാകത്തില്‍ ചാടി അയാള്‍ ജീവനൊടുക്കി. ആത്മഹത്യ കുറിപ്പൊന്നും ഇല്ലായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി.
സാന്പത്തിക ബാധ്യത
പ്രണയ നൈരാശ്യമാണ് യുവാവിനെക്കൊണ്ട് ഈ കൃത്യങ്ങളെല്ലാം ചെയ്യിപ്പിച്ചത്. എന്നാല്‍, കര്‍ണാടകയിലെ ഗുണ്ടല്‍പെട്ടില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ കൂട്ടക്കൊലയുടെ കാരണം മറ്റൊന്നാണ്. ബിസിനസ്സുകാരനായ ഓം പ്രകാശ് ഭട്ടാചാര്യ (38) സ്വസ്ഥ ജീവിതം നയിച്ചു വരികയായിരുന്നു. അപ്രതീക്ഷിതമായി ബിസിനസ്സില്‍ സാന്പത്തിക നഷ്ടമുണ്ടായി. ബാധ്യതയുടെ തോത് വര്‍ധിച്ചപ്പോള്‍ ഓം പ്രകാശിന്റെ മനസ്സാകെ അസ്വസ്ഥതയാല്‍ നിറഞ്ഞു. മൈസൂരുവില്‍ നിന്നു കുടുംബസമേതം അദ്ദേഹം ഗുണ്ടേല്പ്പെട്ടിലെത്തി. പിതാവ് നാഗരാജ ഭട്ടാചാര്യ (65), മാതാവ് ഹേമ (60), ഭാര്യ നികിത (30), മകന് ആര്യകൃഷ്ണ(4) എന്നിവരടങ്ങിയ കുടുംബം വളരെ സന്തോഷത്തോടെയാണ് ഗുണ്ടേല്പ്പെട്ടില് എത്തിച്ചേര്‍ന്നത്. ബാധ്യതകളുടെ പരിഹാരം തന്നെക്കൊണ്ട് സാധിക്കില്ലായെന്ന പൂര്‍ണ്ണമായ ബോധ്യം ഓം പ്രകാശിനുണ്ടായിരുന്നു. ഗുണ്ടേല്പ്പെട്ടിലെ കാര്‍ഷിക ഭൂമി സന്ദര്‍ശിക്കുന്നതിനിടയിലാണ് ഓം പ്രകാശ് തന്റെ തീരുമാനം നടപ്പിലാക്കിയത്. അപ്പോള്‍ ആ മനസ്സ് വല്ലാതെ നൊന്തിരിക്കാം. സ്നേഹവാത്സല്യനിധികളായ മാതാപിതാക്കളോടും സ്നേഹിക്കാന്‍ മാത്രം അറിയുന്ന ജീവിതപങ്കാളിയോടും പൊന്നുമോനോടും മനസ്സ് കൊണ്ട് ഓം പ്രകാശ് മാപ്പ് ചോദിച്ചിരിക്കാം, ഒരുപക്ഷെ.... കുടുംബാംഗങ്ങളെല്ലാം സന്തോഷത്തോടെ അവിടെ ചെലവഴിക്കുന്നതിനിടെ ഓം പ്രകാശ് പോക്കറ്റില്‍ കരുതിയിരുന്ന തോക്കെടുത്ത് അവരുടെ നേരെ നിറയൊഴിച്ചു. ഓരോരുത്തരായി നാല് ഉറ്റവരെയും വധിച്ചു. പിന്നെ അതേ തോക്ക് ഉപയോഗിച്ച് സ്വയം ജീവനൊടുക്കി...
അവിഹിത ബന്ധം
കൊല്‍ക്കത്തയിലെ ടാങ്ഗ്രയില് ചൈനീസ് വംശജനായ യുവാവ് ഭാര്യയെയും പിതാവിനെയും ഇരുന്പു തൊട്ടി കൊണ്ടാണ് അടിച്ചുകൊന്നത്. ചൈനാ ടൗണ്‍ എന്നറിയപ്പെടുന്ന പ്രദേശത്തെയാകെ നടുക്കിയ സംഭവമാണിതെന്ന് പോലീസും സമ്മതിക്കുന്നു. ലി വാന്‍ തോ യും ഭാര്യ ലീ ഹോ മെയ്ഹായും തമ്മില്‍ വഴക്ക് പതിവാണ്. ലി വാന്‍ മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം ദന്പതികള്‍ വഴക്ക് കൂടിയത്. കലഹം മൂത്തപ്പോള്‍ രോഷാകുലനായ ലി വാന്‍ ഇരുന്പ് തൊട്ടി കൊണ്ട് ഭാര്യയെ അടിച്ചു. ശക്തമായ പ്രഹരത്താല്‍ ലീ ഹോ തത്സമയം തന്നെ മരണമടഞ്ഞു. ഈ കാഴ്ച കണ്ട് വരികയായിരുന്ന ലി വാന്റെ പിതാവ് മകനെ തടയാന്‍ ശ്രമിച്ചു. ലി വാന്‍ പിതാവിനെയും ഇരുന്പ് തൊട്ടി ഉപയോഗിച്ച് മാരകമായി പ്രഹരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അദ്ദേഹം മരിച്ചത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ലി വാന്‍ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.
ജീവിത ശൈലി എതിര്‍ത്തു
ഓരോരുത്തര്‍ക്കും തങ്ങളുടേതായ ജീവിതശൈലിയുണ്ട്. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ എത്ര അടുത്ത ബന്ധുവിനെയും ഇല്ലാതാക്കാന്‍ വരെ ശ്രമിച്ചെന്നിരിക്കും. കൊല്‍ക്കത്തയില്‍ തന്നെ കഴിഞ്ഞ ദിവസം സംഭവിച്ചത് സമാനമായ ഒന്നാണ്. ബെഹാല സിറ്റിയില്‍ നിന്നും പോലീസ് ഒരു ട്രോളി ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തുറന്നു നോക്കിയപ്പോള്‍ കണ്ടതോ ഒരു ചേതനയറ്റ ശരീരവും. ഏകദേശം 47 വയസ് തോന്നിക്കുന്ന സ്ത്രീയുടെ കഴുത്തില്‍ ആഴമേറിയ മുറിവുണ്ടായിരുന്നു. നൈലോണ്‍ കയര്‍ കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു അവരുടെ കൈകാലുകള്‍. പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലായിരുന്നതിനാല്‍ ആളിനെ തിരിച്ചറിയുക മാത്രമല്ല, കുറ്റവാളികളെയും പിടികൂടാന്‍ സാധിച്ചു. മകളും മരുമകനുമാണ് ഈ സ്ത്രീയെ കൊലപ്പെടുത്തിയത്. ട്രോളി ബാഗില്‍ കുത്തിക്കയറ്റിയ ശരീരം ഉപേക്ഷിച്ചതും അവര്‍ തന്നെ. തങ്ങളുടെ ജീവിതരീതി സംബന്ധിച്ച് അമ്മയെന്നും വഴക്കായിരുന്നുവെന്നു പറഞ്ഞ് പറഞ്ഞു മടുത്തതിനെത്തുടര്ന്ന് അവരുടെ ജീവനെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പ്രതികള്‍ മൊഴി നല്‍കിയതായി പോലീസ് വ്യക്തമാക്കി.
നൊന്തു പെറ്റ അമ്മയെ കഴുത്തറുത്തു കൊന്ന സമൂഹത്തില്‍ തന്നെയാണ് വൃദ്ധനായ പിതാവിനെ മകന് കഷണങ്ങളായി വെട്ടിനുറുക്കിയത്. റെയില്‍വേയില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥനാണ് മൂര്‍ത്തി കൃഷ്ണന്. ഭാര്യയും മകനും മകളും അടങ്ങുന്ന കുടുംബത്തോടൊപ്പമാണ് അദ്ദേഹം ഡല്‍ഹി കൃഷ്ണനഗര്‍ കോളനിയില്‍ താമസിക്കുന്നത്. കഴിഞ്ഞ ദിവസം ആ വീടിന്റെ പരിസരത്തു നിന്നും ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ വിവരം പോലീസിനെ അറിയിച്ചു. പോലീസ് അവിടെ ചെന്നപ്പോള്‍ മൂര്‍ത്തി കൃഷ്ണന്റെ ഭാര്യയും മകളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അസഹനീയമായ ദുര്‍ഗന്ധം അകത്തെ മുറിയില്‍ നിന്നും വരുന്നത് പോലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചു. പരിശോധിച്ചപ്പോള്‍ ഏഴു ബക്കറ്റുകളിലായി മൃതദേഹത്തിന്റെ വിവിധ കഷണങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു. ഭാര്യയെയും മകളെയും ചോദ്യം ചെയ്തപ്പോള്‍ മകന് കിഷന് മൂര്‍ത്തിയെ കൊന്നുവെന്നും വെട്ടിനുറുക്കി കഷണങ്ങളായി ബക്കറ്റുകളില്‍ അടക്കം ചെയ്തതാണെന്നും വീട്ടുകാര്‍ പറഞ്ഞു. ഈ വിവരം പുറത്തറിയിച്ചാല്‍ തങ്ങളുടെ വിധിയും ഇതാകുമെന്ന ഭയത്താലാണ് ആരെയും അറിയിക്കാഞ്ഞതെന്നും അവര്‍ നിറകണ്ണുകളോടെ പറഞ്ഞു. സാന്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് മൂര്‍ത്തിയും കിഷനും മിക്കവാറും വഴക്ക് കൂടാറുണ്ടായിരുന്നതായും പറയപ്പെടുന്നു.
കുടിവെള്ളത്തെച്ചൊല്ലി തര്‍ക്കം
രാജസ്ഥാനിലെ ബാരാന് ജില്ലയിലെ കോട്ടയില്‍ വീട്ടമ്മയെ കല്ലു കൊണ്ട് അടിച്ചു കൊന്നത് ഭര്‍ത്തൃസഹോദരനാണ്. പബ്ലിക് ഹാന്‍ഡ് പന്പില്‍ നിന്നും കുടിവെള്ളം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട വഴക്കാണ് ഷീല ഭൈരവ (27) യുടെ കൊലപാതകത്തില്‍ കലാശിച്ചത്. ഭര്‍ത്തൃ സഹോദരന് മുകേഷ് ഭൈരവ് (29) പോലീസ് പിടിയിലായി.
ഓരോ ദിവസവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഹാപാതകങ്ങള്‍ അരങ്ങേറുന്നു. നിഷ്കരുണമായാണ് പലരും വധിക്കപ്പെടുന്നത്. പ്രശ്നങ്ങള്‍ക്ക് ഉചിതമായ പരിഹാരം കാണാന്‍ ശ്രമിക്കാതെ, പ്രിയപ്പെട്ടവരെ കൊലപ്പെടുത്തുന്നു. സ്വയംഹത്യ നടത്താനും ചിലര്‍ മടിക്കുന്നില്ല. ജീവിതം നാലു ദിവസത്തെ കളിയാട്ടമെന്ന് ഏതോ കവിവചനം. നീര്ക്കുമിളയോടും ജീവിതത്തെ ഉപമിച്ചിട്ടുണ്ട്... ക്ഷണികമായ ജീവിതത്തില്‍ പ്രശ്നങ്ങളെ ഊതിവീര്‍പ്പിച്ച് സ്വയം ഇല്ലാതാകുന്നതൊരിക്കലും ഒരു പരിഹാരമേയല്ല...
ഗിരീഷ് പരുത്തിമഠം