നിർണായകമായ സൂചനകൾ
Tuesday, August 20, 2019 2:33 PM IST
പ്രതികളുടെ അന്തർ സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പോലീസ് അന്വേഷിച്ചു. ആ അന്വേഷണത്തിലാണ് ടാലിഷ് മേട്ടുപാളയത്ത് ലോറി ക്ലീനറായി കുറച്ചുകാലം ജോലി ചെയ്തിരുന്നുവെന്ന നിർണായക വിവരം ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ അയാളും കൂട്ടാളികളും അവിടേക്ക് പോയിട്ടുണ്ടാകാമെന്ന ഒരു സംശയം പോലീസ് സംഘത്തിനു ബലപ്പെട്ടു. അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥന്മാർ ആദ്യം മേട്ടുപാളയത്തിലേക്കു പുറപ്പെട്ടു. തുടർന്ന് സിഐയും അങ്ങോട്ടു തിരിച്ചു.
മേട്ടുപാളയത്ത് സവാള, ഉരുളക്കിഴങ്ങ് ഗോഡൗണുകളാണ് ഏറെയും. ഗോഡൗണുകൾക്കു മുന്നിലായി നൂറുകണക്കിന് ലോറികളാണ് പാർക്ക് ചെയ്തിരിക്കുന്നത്. ലോറി ഡ്രൈവർമാരും ക്ലീനർമാരുമൊക്കെ പലയിടത്തും കൂട്ടംകൂടി നിൽക്കുന്നുണ്ടായിരുന്നു. പോലീസ് സംഘം മഫ്തിയിൽ ആയിരുന്നു. ലോറി ജീവനക്കാരെ പോലെ അവിടെയൊക്കെ ചുറ്റിത്തിരിഞ്ഞു. പോലീസ് രണ്ടു പേർ വീതമുള്ള സംഘങ്ങളായി തിരിഞ്ഞ് ഗോഡൗണിനു പുറത്തും അകത്തുമൊക്കെ നടക്കുന്നതിനിടയിൽ ഒന്നാം പ്രതി പോൾസണെ അവിടെ കണ്ടു. അന്ന് സംഭവം നടന്നിട്ട് 13 ദിവസം പിന്നിട്ടിരുന്നു. ഉടൻതന്നെ പോൾസണെ അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പം സഹോദരങ്ങളായ അജേഷ്, വിജേഷ് എന്നിവരെയും അറസ്റ്റ് ചെയ്യാനായി.
ടാലിഷിനായി സംഘം ചങ്ങനാശേരിയിലേക്ക്
സവാള കയറ്റിയ ലോറിയുമായി ടാലിഷ് ചങ്ങനാശേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് പോൾസണിൽ നിന്ന് അറിയാൻ കഴിഞ്ഞു. ഇതോടെ മൂന്നു പ്രതികളുമായി പോലീസ് സംഘം നാട്ടിലേക്കു പുറപ്പെട്ടു.
ടാലിഷിനെ കണ്ടെത്തുന്നതിനായി ഇയാളുടെ ഫോട്ടോ, ലോറി നന്പർ എന്നിവ സഹിതം കോട്ടയം പോലീസിനു കൈമാറി. ഇയാൾ ചങ്ങനാശേരിയിലേക്ക് എത്തിയിട്ടുണ്ടെന്ന വിവരവും അറിയിച്ചു. അതോടെ പോലീസ് ഇയാളെ കണ്ടെത്തുന്നതിനായി ജില്ല മുഴുവൻ അന്വേഷണം വ്യാപിപ്പിച്ചു. തുടർന്ന് ചങ്ങനാശേരി സിഐ നിഷാദ് മോൻ ചങ്ങനാശേരിയിൽ വച്ച് ടാലിഷിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് കുത്തിയതോട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഷാപ്പ് ജീവനക്കാർ നൽകിയ വിവരങ്ങളും തെളിവായി
അപകടസ്ഥലത്തിന് അരക്കിലോ മീറ്റർ അപ്പുറം ഒരു ഷാപ്പുണ്ട്. കൃത്യം നടന്ന ദിവസം പ്രതികൾ അവിടെ മദ്യപിക്കാനായി എത്തിയിരുന്നു. അവിടെ വച്ചാണ് സംഭവത്തെക്കുറിച്ച് ഗൂഢാലോചന നടത്തിയത്.
മദ്യപിച്ച ശേഷം സംഘത്തിലുണ്ടായിരുന്നവരിൽ ഒരാളെ അവിടെ ഇരുത്തി മറ്റുള്ളവർ പണം നൽകാതെ ഷാപ്പിൽ നിന്നും ഇറങ്ങിപ്പോയി. ഷാപ്പ് മാനേജർ പണം ചോദിച്ചപ്പോൾ അവിടെ ഇരിക്കുന്ന ആളെ ചൂണ്ടിക്കാട്ടി അയാൾ പണം നൽകുമെന്നു പറഞ്ഞു. എന്നാൽ, ഷാപ്പ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പണം നൽകാതെ അയാൾ പുറകുവശത്തെ ഗ്രില്ലിലൂടെ ഇറങ്ങിപ്പോകുകയാണുണ്ടായത്. ഇതുമൂലം ഷാപ്പ് ജീവനക്കാർ പണം പിരിച്ച് നൽകേണ്ടി വന്നിരുന്നു. ഇക്കാര്യം അവർ പോലീസിനെ അറിയിച്ചതും കേസിൽ നിർണായകമായി.
മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ കൊലപാതകം
പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ വിശദമായി ചോദ്യം ചെയ്തു. അന്ധകാരനഴി തയ്യിൽ പോൾസണ്(34), സഹോദരൻ ടാലിഷ്(38), തണ്ണീർമുക്കം മെലെക്കാട്ടുചിറ അജേഷ്(32), സഹോദരൻ വിജീഷ് (35), ലോറി ഡ്രൈവർ ചേർത്തല ഇല്ലത്തുവെളി സിബു(തുന്പി സിബു-43) എന്നിവരായിരുന്നു പ്രതികൾ. പ്രതികൾക്ക് താമസിക്കാൻ സൗകര്യം ഒരുക്കിക്കൊടുത്ത ബിജിലാൽ, അനിൽകുമാർ, സനൽകുമാർ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.
ജോണ്സണുമായുള്ള മുൻവൈരാഗ്യമായിരുന്നു കൊലയ്ക്കു പിന്നിലെന്ന് പോൾസണും ടാലിഷും സമ്മതിച്ചു. ഇരുവരുമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. മറ്റുള്ളവർ സഹായം ചെയ്തുകൊടുത്തു.
സംഭവം നടക്കുന്നതിന് ഒരാഴ്ച മുന്പ് കൊല്ലത്തെ ഒരു ലോറി ഉടമയുടെ ലോറിയിൽ തുന്പി സിബു ഡ്രൈവറായി കയറിയിരുന്നു. ലോഡ് എവിടേക്ക് കൊണ്ടുപോകുന്നുവെന്നെല്ലാം കൃത്യമായി ഉടമയെ അറിയിച്ചിരുന്ന സിബു സംഭവത്തിനു തലേന്നു മുതൽ വിവരങ്ങൾ അറിയിക്കാതെയായി. കൃത്യം നടക്കുന്നതിനു മുന്പായി സംഭവസ്ഥലത്ത് സംഘം ലോറിയിൽ ഇരിക്കുന്നത് കണ്ടതിനും ദൃക്സാക്ഷികളുണ്ടായിരുന്നു.
പ്രതികൾക്ക് ജാമ്യം പോലും നൽകിയില്ല
പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ കേസിൽ സാക്ഷികളുടെ ജീവൻപോലും അപകടത്തിലായേക്കാമെന്ന് അന്വേഷണോദ്യോഗസ്ഥനായ സിഐ കോടതിയിൽ അറിയിച്ചതിനെത്തുടർന്ന് ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികൾക്ക് നാലു വർഷത്തോളം ജാമ്യം പോലും സെഷൻസ് കോടതിയും ഹൈക്കോടതിയും അനുവദിച്ചിരുന്നില്ല. കേസിലെ സാക്ഷികളെല്ലാം സാധാരണക്കാരായ മത്സ്യത്തൊഴിലാളികളായിരുന്നു. ഗുണ്ടാ പശ്ചാത്തലമുള്ള ഇവർ പുറത്തിറങ്ങിയാൽ അവരെ അപായപ്പെടുത്തുമെന്ന് കോടതിയെ പോലീസ് അറിയിച്ചിരുന്നു.
അഞ്ചു പ്രതികൾക്കു ജീവപര്യന്തം കഠിനതടവ്
സംഭവം നടന്ന് 90 ദിവസത്തിനകം പ്രതികളെയെല്ലാം അറസ്റ്റു ചെയ്തു നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പോലീസിനു കഴിഞ്ഞു. പോൾസൺ, സഹോദരൻ ടാലിഷ്, അജേഷ്, സഹോദരൻ വിജീഷ്, തുന്പി ഷിബു എന്നിവർക്ക് ആലപ്പുഴ ജില്ല അഡീഷണൽ സെഷൻസ് കോടതി(3) ജഡ്ജി സി.എൻ. സീത ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. സംഘം ചേർന്ന് ആക്രമണം ആസൂത്രണം ചെയ്തതിനും ലോറി ഉപയോഗിച്ച് കുറ്റകൃത്യം ചെയ്തതിനും ആറു മാസം കഠിനതടവും തുടർന്ന് നാലു വർഷം തടവുമാണ് ശിക്ഷ. ഗൂഢാലോചന നടത്തിയതിന് പത്തു വർഷം തടവും കൊലപാതകക്കുറ്റത്തിന് ജീവപര്യന്തവും അനുഭവിക്കണം.
ശിക്ഷയെല്ലാം ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രതികളെല്ലാം ഓരോ ലക്ഷം രൂപ പിഴ നൽകണം. കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് പ്രതികൾ ഓരോരുത്തരും രണ്ടു ലക്ഷം രൂപ വീതവും നൽകണം.
പ്രതികൾക്ക് താമസിക്കാൻ സൗകര്യമൊരുക്കിക്കൊടുത്ത ആറു മുതൽ എട്ടുവരെ പ്രതികളാക്കിയ ബിജിലാൽ, അനിൽകുമാർ, സനൽകുമാർ എന്നിവർക്ക് കൊലയുമായി നേരിട്ട് ബന്ധമില്ലെന്ന് കോടതി കണ്ടെത്തി ഇവരെ വെറുതെ വിട്ടു. ഗവ.പ്ലീഡർ അഡ്വ. ഗീത, അഡ്വ. ബൈജു എന്നിവരായിരുന്നു സർക്കാരിനുവേണ്ടി വാദിച്ചത്.
ടീം വർക്കിന്റെ വിജയം
ആലപ്പുഴ എസ്പി, ചേർത്തല ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിൽ കുത്തിയതോട് സിഐ കെ.ആർ മനോജിനെ കൂടാതെ പട്ടണക്കാട് എസ്ഐ അജയ് മോഹൻ, എസ്ഐ പ്രദീപ്, എസ്സിപിഒ വിനോദ്, സിപിഒ സേവ്യർ, പോലീസുകാരായ നിസാർ, അരുൺ, ശ്രീജിത്ത്, ടോണി, ആനീഷ്, അനൂപ്, ബൈജു, ഷാജി മോൻ, മധു എന്നിവരുടെ ടീം വർക്കിലൂടെയാണ് പ്രതികളെ പിടികൂടാനായത്.
(അവസാനിച്ചു)
കെ.ആർ മനോജ്
ഇൻസ്പെക്ടർ ഓഫ് പോലീസ്, കുറുപ്പംപടി പോലീസ് സ്റ്റേഷൻ
തയാറാക്കിയത്:
സീമ മോഹൻലാൽ