ഒറ്റമശേരി ഇരട്ടക്കൊലപാതകം-1
Tuesday, August 20, 2019 2:25 PM IST
2015 നവംബർ 13നായിരുന്നു കേസിന് ആസ്പദമായ സംഭ വം നടന്നത്. പട്ടണക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഇരട്ടക്കൊലപാതകം. വെറും വാഹനാപകടമായി മാറേണ്ടിയിരുന്ന കേസാണ് കണിച്ചുകുളങ്ങര മോഡൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
ബൈക്കിൽ ലോറിയിടിച്ച് രണ്ടു മരണം
2015 നവംബർ 13. സമയം വൈകുന്നേരം 6.45. പെയിന്റിംഗ് തൊഴിലാളികളായ അന്ധകാരനഴി കാട്ടുങ്കൽ യോഹന്നാന്റെ മകൻ ജോണ്‍സണും(42) അന്ധകാരനഴി വീട്ടിൽ സൈറസിന്റെ മകൻ സുബിനും(ജസ്റ്റിൻ-28) ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു. ഒറ്റമശേരി സെന്റ് പീറ്റേഴ്സ് ബസ് സ്റ്റോപ്പിനടുത്തുവച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിനു പിന്നിൽ ലോറിയിടിച്ചു. ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. എന്നാൽ, ലോറി ഡ്രൈവർ വാഹനം നിർത്താതെ ഓടിച്ചു പോയി. ആ ലോറി മറ്റു രണ്ടു വാഹനങ്ങളിൽ ഇടിച്ചിട്ടും നിറുത്താതെ പോയി. പട്ടണക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം നടന്നത്. എന്നാൽ, അവിടെ നിന്ന് പത്തു കിലോമീറ്റർ അകലെ കുത്തിയതോട് പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് അപകടം ഉണ്ടാക്കിയ വാഹനം നാട്ടുകാർ തടഞ്ഞു വച്ചിരിക്കുന്നുവെന്ന വിവരം പോലീസിനു ലഭിച്ചു. പട്രോളിംഗിൽ ആയിരുന്ന കുത്തിയതോട് സിഐ കെ.ആർ. മനോജ് ഉടൻതന്നെ സംഭവസ്ഥലത്തേക്കു പോകാനായി എസ്ഐ ജോയിക്ക് നിർദേശം നൽകി. സംഭവസ്ഥലത്ത് ലോറി ഡ്രൈവർ ചേർത്തല ഇല്ലത്തുവെളി സിബു(തുന്പി സിബു-43) എന്ന ആളെ നാട്ടുകാർ തടഞ്ഞു വച്ചിരിക്കുകയായിരുന്നു. എസ്ഐ ജോയി ഇയാളെ സ്റ്റേഷനിലേക്കു കൊണ്ടുവന്നു. ചോദ്യം ചെയ്യലിൽ നിന്ന് ഇയാൾ ചേർത്തല പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയാണെന്ന് മനസിലായി.
ജോണ്സന് ഭീഷണി ഉണ്ടായിരുന്നുവെന്ന് പരാതി
അപകടത്തിൽ മരിച്ച ജോണ്സണ് ആഴ്ചകൾക്കു മുന്‍പ് പട്ടണക്കാട് പോലീസ് സ്റ്റേഷനിലും ഡിവൈഎസ്പി ഓഫീസിലും തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് പരാതി നൽകിയിരുന്നതായി അന്വേഷണത്തിൽ മനസിലായി. അന്ധകാരനഴി തയ്യിൽ പോൾസൺ(34), സഹോദരൻ ടാലിഷ്(38) എന്നിവർക്കെതിരേയാണ് അന്ന് പരാതി നൽകിയിരുന്നത്. ജോണ്‍സനും ടാലിഷും തമ്മിൽ അടിപിടി ഉണ്ടായിരുന്നു. പരാതി പ്രകാരം പോലീസ് അന്വേഷിച്ച് വീട്ടിൽ ചെന്നെങ്കിലും, ഒളിവിലായിരുന്ന ഇവരെ അന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ടു മൂന്നു കേസുകൾ ടാലിഷിന്റെ പേരിലുണ്ടായിരുന്നു. ഒന്നാം പ്രതിയായ പോൾസന് നിരവധി കേസുകളും ഉണ്ടായിരുന്നു.
വാഹനാപകടമുണ്ടാക്കിയ ആൾ എന്ന രീതിയിലാണ് തുന്പി ഷിബുവിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. എന്നാൽ, ഏറെ വൈകുംമുന്‍പേ മരിച്ച ജോണ്‍സന്റെ ബന്ധുവിന്റെ പരാതിപ്രകാരം അന്നു രാത്രിതന്നെ ഇയാൾക്കെതിരേ കൊലക്കുറ്റത്തിന് പട്ടണക്കാട് പോലീസ് കേസെടുത്തു. പിറ്റേന്ന് അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകമാണെന്ന് തുന്പി ഷിബു സമ്മതിച്ചു. ഇതിനു പിന്നിലുള്ളവരുടെ പേരുകളും അയാൾ പോലീസിനോട് വെളിപ്പെടുത്തി.
സൂചനകൾ നൽകിയത് കൊലപാതകത്തിലേക്ക്
സിഐയും എസ്ഐ അജയ് മോഹനും ഇൻക്വസ്റ്റ് നടത്താനായി ചേർത്തല താലൂക്ക് ആശുപത്രിയിലെത്തി. മരിച്ചവരുടെ ശരീരത്തിൽ പരിക്കുകൾ നന്നായിട്ട് ഉണ്ടായിരുന്നു. തലയ്ക്കും ഗുരുതര പരിക്ക് ഉണ്ടായി.
കൊല്ലപ്പെട്ട ജോണ്‍സന്റെ ശരീരത്തിൽ വാഹനത്തിന്റെ ടയർ മാർക്ക്(ടയറിൽ ഉണ്ടാകുന്ന അടയാളം) കാണപ്പെട്ടു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി.
അതിനുശേഷം സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. അവിടെ തകർന്ന ബൈക്കും പൊട്ടിയ ഹെൽമറ്റും കിടപ്പുണ്ടായിരുന്നു. അപകടത്തെത്തുടർന്ന് നാട്ടുകാർ തടഞ്ഞുവച്ച ലോറിയിൽ സയന്റിഫിക്, ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. രക്തപ്പാടുകൾ അതിൽ കണ്ടെത്തുകയുണ്ടായി. കൂടാതെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ലോറി പരിശോധിച്ചു. ലോറിയുടെ ടയറിലുണ്ടായിരുന്ന അടയാളമാണ് ജോണ്‍സന്റെ ശരീരത്തിലും കാണപ്പെട്ടതെന്ന് ഡോക്ടർ വ്യക്തമാക്കി. നടന്നത് കൊലപാതകമാണെന്ന് ദൃക്സാക്ഷികളും മൊഴി നൽകുകയുണ്ടായി. ജോണ്സണ് ഓടിച്ച വാഹനം അപകടത്തിൽപ്പെട്ട് മരണം സംഭവിച്ചുവെന്നു വരുത്തിത്തീർക്കാനുള്ള ശ്രമമാണ് പ്രതികൾ നടത്തിയതെന്ന് പോലീസിനു വ്യക്തമായി.
ജനങ്ങളും പ്രക്ഷോഭത്തിലേക്ക്
തീരപ്രദേശത്തെ ജനങ്ങളിൽ ഈ ഇരട്ടക്കൊലപാതകം വളരെയധികം ഭീതി ജനിപ്പിച്ചു. പ്രതികളെ ഉടൻ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭ പരിപാടികളും പോലീസ് സ്റ്റേഷൻ മാർച്ചും നടത്താൻ തുടങ്ങി. പ്രതികൾക്കായുള്ള അന്വേഷണം പോലീസ് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു.
പ്രതികളെ കണ്ടെത്താനായി വാട്സ്ആപ്പ് ഗ്രൂപ്പ്
അങ്ങനെയാണ് പ്രതികളെ കണ്ടെത്താനായി പോലീസ് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. അതിലൂടെ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും പ്രതികളുടെ ഫോട്ടോകൾ ഷെയർ ചെയ്തു. ഫോട്ടോകൾ പ്രചരിച്ചതോടെ പല ജില്ലകളിൽ നിന്നും ഫോണ്‍കോളുകൾ എത്തിത്തുടങ്ങി. പ്രതികൾ കുമളിയിലുണ്ടെന്ന സൂചന ലഭിച്ചതോടെ പോലീസ് സംഘം അവിടെയെത്തിയെങ്കിലും കണ്ടെത്താനായില്ല.
അങ്ങനെയിരിക്കെയാണ് പ്രതികൾ പളനിയിൽ ഉണ്ടാകുമെന്ന സൂചന ലഭിച്ചത്. സയന്റിഫിക് തെളിവുകളുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ പോലീസ് സംഘം പളനിയിലേക്ക് തിരിച്ചു. പക്ഷേ അവിടെ നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്താനായില്ല. എന്നാൽ, അവർ അവിടെ എത്തിയിരുന്നതായി സൂചനകൾ ലഭിച്ചു. ഭക്ഷണം കഴിക്കാൻ പൈസ ഇല്ലാതെ വന്നപ്പോൾ പ്രതികൾ 400 രൂപയ്ക്ക് മൊബൈൽ ഫോണ്‍ വിറ്റതായും സൂചനകൾ ലഭിക്കുകയുണ്ടായി. എന്നാൽ പ്രതികളെ കണ്ടെത്താനാവാതെ അന്വേഷണ സംഘം നാട്ടിലേക്കു മടങ്ങി.
അന്വേഷണം വിവിധ തലങ്ങളിലേക്ക്
കേസ് അന്വേഷണം വിവിധ തലങ്ങളിലേക്ക് പോലീസ് വ്യാപിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദയനീയാവസ്ഥ ഒരുവശത്ത്. ഇതെല്ലാം അന്വേഷണ സംഘത്തെ തെല്ലു വിഷമത്തിലാക്കി. കൊലപാതകത്തിനുള്ള വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും പ്രതികളെ കണ്ടെത്താനാവാത്ത അവസ്ഥ. പ്രതികൾക്കെല്ലാം ഗുണ്ടാ ബന്ധങ്ങൾ ഉള്ളതുകൊണ്ട് നാടുവിടാനുള്ള സാഹചര്യവും പോലീസ് തള്ളിക്കളഞ്ഞില്ല.
(തുടരും)
കെ.ആർ. മനോജ്
ഇൻസ്പെക്ടർ ഓഫ് പോലീസ്, കുറുപ്പംപടി പോലീസ് സ്റ്റേഷൻ
തയാറാക്കിയത്: സീമ മോഹൻലാൽ