നിധിശേഖരം കണ്ട് കണ്ണു മഞ്ഞളിച്ചു!
Saturday, August 3, 2019 2:12 PM IST
പതിനെട്ടാം നൂറ്റാണ്ടിൽ നടന്ന നൈൽ യുദ്ധത്തിൽ മുങ്ങിപ്പോയ ഫ്രഞ്ച് യുദ്ധക്കപ്പലുകളെ കണ്ടെത്താൻ ഇറങ്ങിയ ഗവേഷകർ കണ്ടെത്തിയ കാര്യങ്ങൾ കണ്ട് ഞെട്ടുകയാണ് ലോകം. ലോകത്തെ അന്പരപ്പിക്കുന്ന നിധിശേഖരമാണ് കടലിന്റെ അടിത്തട്ടിൽ നിന്നും ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. മുങ്ങിപ്പോയ കുറേ കപ്പലുകൾക്കൊപ്പം കണ്ടെത്തിയത് മഹാനഗരമാണ്. ഇവിടെ വലിയ തോതിൽ സ്വർണം വെള്ളി ആഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. കെട്ടിക്കിടന്നിരുന്ന മണലും ചെളിയുമെല്ലാം നീക്കിയപ്പോഴാണ് ഇനിയും മൂല്യം നിർണയിക്കാനാകാത്തത്ര വിലയേറിയ നിധിയാണു കണ്മുന്നിലെന്ന് ഗവേഷകർക്ക് മനസിലായത്.
ഒരു കാലത്ത് മെഡിറ്ററേനിയൻ കടൽ വഴിയുള്ള വ്യാപാരത്തിന്റെ മുഖ്യകേന്ദ്രമായിരുന്ന ഹെറാക്ലിയണ് നഗരത്തിന്റെ അവശിഷ്ടങ്ങളായിരുന്നു ഇത്. എഡി എട്ടാം നൂറ്റാണ്ടോടെ മെഡിറ്ററേനിയൻ കടലിന്റെ ആഴങ്ങളിലേക്ക് ഏറെ സന്പന്നമായിരുന്ന ഈ നഗരം മറഞ്ഞുവെന്നാണ് വിലയിരുത്തൽ. ഏകദേശം 1200 വർഷം പഴക്കമുള്ള ഈ നഗരത്തിലെ സുപ്രധാനമായൊരു ക്ഷേത്രത്തിൽ നിന്നാണ് ഈ നിധിശേഖരം കണ്ടെത്തിയത്. മൈലുകളോളം പരന്നു കിടക്കുന്നതായിരുന്നു പുരാതന ഹെറാക്ലിയണ് നഗരം.
ഇതിൽ ഈജിപ്തിന്റെ വടക്കൻ തീരത്തായിരുന്നു പര്യവേക്ഷണം. ഈജിപ്തിൽ നിന്നും യൂറോപ്പിൽ നിന്നുമുളള ഏകദേശം 2000 മറൈൻ ആർക്കിയോളജിസ്റ്റുകളാണ് ഇതിനു വേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തോടൊപ്പം ഒട്ടേറെ ചെറുകപ്പലുകളും കണ്ടെത്തിയിരുന്നു.
ഇതിനകത്തായിരുന്നു സ്വർണത്തിലും വെങ്കലത്തിലും തീർത്ത നാണയങ്ങളും ആഭരണങ്ങളുമെല്ലാം.സ്വർണം, വെങ്കലം എന്നിവ കൊണ്ടു നിർമിച്ച കമ്മലുകളും മോതിരങ്ങളും വൻതോതിൽ കണ്ടെത്തി.
പുരാതനകാല രേഖകളിൽ കാണപ്പെട്ടിരുന്ന പ്രശസ്ത കപ്പലുകളുടെ അവശിഷ്ടങ്ങളും ഹെറാക്ലിയണ് നഗരത്തിൽ പര്യവേക്ഷകർ തേടുന്നുണ്ട്. ആ അന്വേഷണത്തിലാണ് മണ്പാത്രങ്ങളും മറ്റു കരകൗശലവസ്തുക്കളും കണ്ടെത്തിയത്.
ഒരു കപ്പൽ നിറയെ മണ്പാത്രങ്ങളും സ്വർണ-വെങ്കല നാണയങ്ങളും ആഭരണങ്ങളുമായിരുന്നു. ഇവയുടെ പഴക്കവും മറ്റു ചരിത്രപ്രാധാന്യവും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് ഗവേഷകർ. ഇത് പഠന വിധേയമാക്കി ആ കാലഘട്ടത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനാണ് ഗവേഷകർ പദ്ധതിയിടുന്നത്.