പ്രേതനഗരത്തിലെ സ്വപ്നജീവിതം
Tuesday, July 30, 2019 3:14 PM IST
കാലിഫോര്‍ണിയയിലെ പ്രേതനഗരത്തില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലേറെയായി അദ്ദേഹം അലയുകയാണ്. മലമുകളിലും മാനത്തിനു താഴെയുമായി. സ്വപ്നാടകനെപ്പോലെ... എത്രയോ പേര് ദിവസവും ഇവിടെ വന്നു പോകുന്നു. അവര്‍ക്കെല്ലാം അദ്ദേഹം ചിലപ്പോള്‍ വഴികാട്ടിയാണ്. ചരിത്രത്തിന്റെ മുക്കും മൂലയും കൃത്യമായി അറിയുന്ന പ്രാദേശിക വിജ്ഞാനി. നിരവധിയായ തലമുറകള്‍ക്ക് അറിവിന്റെ മഹാബലം പകര്‍ന്നു നല്കിയ അതീതകാല അനുഭവത്തിന്റെ ഉറപ്പിലാണ് തികച്ചും ഏകാകിയായി അദ്ദേഹം കഴിയുന്നതെന്നതില്‍ സംശയമില്ല...
തടിയന് കുന്നിലെ ഏകാകി
സ്കൂള്‍ അധ്യാപകനായ റോബര്‍ട്ട് ലൂയി വെസ്മാറയിസ് കാലിഫോര്‍ണിയയിലെ സെറോ ഗൊര്ദോ നഗരത്തില്‍ മുന്‍പ് വന്നത് അയിരു തേടിയാണ്. ധാതുക്കളോടുള്ള കന്പം... പള്ളിക്കൂടത്തിലെ ഒഴിവു ദിനങ്ങളില്‍ അദ്ദേഹം മുടങ്ങാതെ ആ സന്ദര്‍ശനം തുടര്‍ന്നു. അതൊരു വിജനമായ പ്രദേശമാണെന്നോ വല്ലാതെ ഭീതിയുളവാക്കുന്നതാണെന്നോ അദ്ദേഹമൊരിക്കലും വിചാരിച്ചിട്ടുമില്ല. സ്പാനിഷ് ഭാഷയില്‍ സെറോ ഗൊര്ദോയ്ക്ക് തടിയന് കുന്ന് എന്നാണ് അര്‍ഥം. കാലിഫോര്‍ണിയയിലെ ഏറ്റവും പ്രശസ്തമായ, സന്പന്നമായ വെള്ളി ഖനി ആയിരുന്നു. ലോസ് ഏഞ്ചല്‍സ് എന്ന വിശിഷ്ട നഗരത്തെ കെട്ടിപ്പൊക്കുന്നതില്‍ ഈ തടിയന്കുന്നിലെ സന്പാദ്യം കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. ആരും തിരിഞ്ഞുനോക്കാത്ത ഈ നഗരത്തിലെ അവശേഷിക്കുന്ന യന്ത്രത്തണ്ടുകളില് നിന്ന് ഒരു വെള്ളിനൂല് തനിക്ക് കിട്ടുമെന്ന ശുഭപ്രതീക്ഷയിലാണ് റോബര്‍ട്ട് ലൂയി വെസ്മറായിസ്.
കഴിഞ്ഞ 22 വര്‍ഷമായി ഇവിടെയാണ് അദ്ദേഹം താമസിക്കുന്നത്. അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം ദിനചര്യയാണ് ഈ തിരച്ചില്‍. വെള്ളി നിറച്ച ഒറ്റച്ചക്രകൈവണ്ടി അവിടെ നിന്നും കണ്ടെത്തിയിട്ടുള്ളതായും അദ്ദേഹം പറയുന്നു. ആ വാക്കുകളില്‍ ഉള്ളിലെ ഉറവ വറ്റാത്ത ആത്മവിശ്വാസത്തിന്റെ തന്മാത്രകളുണ്ട്. വിസ്തൃതമായി പരന്നുകിടക്കുന്ന ആളൊഴിഞ്ഞ ഖനന കേന്ദ്രത്തിനരികില്‍ ശോഭനമായ നാളെകളെയും കിനാവില് താലോലിച്ചാണ് ഓരോ പുലരിയേയും വരവേല്‍ക്കുന്നത്. തനിക്ക് ലഭ്യമാകുന്ന അയിരിന്റെ അസംസ്കൃത രൂപങ്ങള്‍ വെസ്മറായിസ് സന്ദര്‍ശകര്‍ക്ക് വില്‍ക്കാറുണ്ട്. ഒരു കഷണത്തിന് അഞ്ച് മുതല്‍ 20 വരെ ഡോളര്‍ വില കിട്ടാറുണ്ടെന്നും അദ്ദേഹം പറയുന്നു.
എണ്ണായിരത്തിലേറെ അടി ഉയരത്തില്‍
വില്യം ഹണ്ടര്‍ എന്ന പഴയകാല വേട്ടക്കാരന്റെ വീട്ടിലാണ് വെസ്മറായിസ് ഇപ്പോള്‍ താമസിക്കുന്നത്. ഈ നഗരത്തില്‍ സ്ഥിരവാസമായതോടെ ഒരു സുഹൃത്ത് സമ്മാനിച്ചതാണ് കാലപ്പഴക്കം ചെന്ന ഹണ്ടര്‍ ഭവനം. സമുദ്രനിരപ്പില്‍ നിന്നും 8,500 അടി ഉയരെയാണ് മനോഹരമായ ഈ വസതി സ്ഥിതി ചെയ്യുന്നത്. വീടിന്റെ മുറ്റത്തോ മട്ടുപ്പാവിലോ നിന്നാല്‍ താഴെ നിന്നും സന്ദര്‍ശകര്‍ വരുന്നതു അദ്ദേഹത്തിനു കാണാനാവും. ഇത്രയും ഉയരത്തിലെ ജീവിതം എന്നത് നിസാര കാര്യമല്ലായെന്ന് വെസ്മറായിസ് കൂട്ടിച്ചേര്‍ത്തു.
ആയുസിന്റെ പുസ്തകത്തില്‍ 70 തികഞ്ഞ വെസ്മറായിസ് ഏകനായാണ് കഴിയുന്നത്. പത്നിക്ക് ഇവിടുത്തെ പ്രതികൂലാന്തരീക്ഷത്തോട് ആരോഗ്യപരമായി പൊരുത്തപ്പെടാനാവാത്തതിനാല്‍ അവര്‍ നെവാഡയിലാണ് താമസിക്കുന്നതെന്നും വെസ്മറായിസ് പറഞ്ഞു.
ദിവസവും അദ്ദേഹം വിറക് ശേഖരിക്കാറുണ്ട്. മലയുടെ മുകളില്‍ വൈദ്യുതി ബന്ധമുണ്ടെങ്കിലും കുടിവെള്ളം പലപ്പോഴും കിട്ടാക്കനിയാണ്. മലയ്ക്ക് താഴെയുള്ള കീലര്‍ എന്ന താഴ് വരയിലേക്ക് ഈ വിറകുകെട്ടുകളുടെ ഒരൊറ്റ ലോഡ് മാത്രമേ ലോറിയില്‍ കൊണ്ടുപോകാനാകുന്നുള്ളൂ. നഗരത്തിലെ തിരക്കേറിയ റെയില്‍വേ സ്റ്റേഷനായിരുന്നു കീലര്‍ ഒരിക്കല്‍. കീലറിലേക്ക് മലമുകളില്‍ നിന്നും വെള്ളം ംഎത്തിക്കും. പിന്നീട് ഓവന്‍സ് തടാകത്തിലൂടെ അടുത്ത ലക്ഷ്യസ്ഥാനത്തേക്ക്... അവിടുന്ന് തീവണ്ടി മാര്‍ഗം ലോസ് ഏഞ്ചല്‍സിലേക്ക് കൊണ്ടുപോവുകയായിരുന്നു പതിവ്. എന്നാല്‍ ലോസ് ഏഞ്ചല്‍സ് അക്വാഡെക്റ്റ് പ്രോജക്ട് നടപ്പിലാക്കിയതോടെ തടാകം വറ്റിപ്പോയി.... അനുബന്ധമായി ആ പരിസരത്തെ ജനസംഖ്യയും കുറഞ്ഞു. തൊട്ടടുത്തുള്ള മറ്റൊരു നഗരമായ ലോന് പൈനില്‍ ആവശ്യത്തിന് കടകളും മദ്യശാലകളും വ്യാപാരസ്ഥാപനങ്ങളുമൊക്കെയുണ്ട്...
പ്രേതങ്ങള്‍ക്കൊപ്പം
പ്രേതങ്ങളെ കൂടാതെ താന്‍ മാത്രമേയുള്ളൂ എന്നാണ് വെസ്മറായിസിന്റെ പറച്ചില്. കേട്ടും വായിച്ചും ഈ പ്രേത നഗരം കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് വെസ്മറായിസ് ഇപ്പോള്‍ നല്ലൊരു ഗൈഡും കൂടിയാണ്.... 1865 ല്‍ സ്ഥാപിച്ച നഗരത്തെക്കുറിച്ച് വെസ്മറായിസ് പറയുന്പോള്‍ ആയിരം നാവാണെന്ന് സന്ദര്‍ശകരും സമ്മതിക്കുന്നു... ഖനനത്തിന് കീര്‍ത്തിയാര്‍ജിച്ച കാലത്ത് തൊഴിലാളികളും നാട്ടുകാരുമൊക്കെയായി അയ്യായിരത്തിനു താഴെ ജനസംഖ്യയുമുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവര്‍ത്തന രഹിതമായിരിക്കുന്ന ഖനിയുടെ ആഴങ്ങളിലേക്ക് സന്ദര്‍ശകരുമായി ചെല്ലാനും സാഹസികമായ മനസ്സുണ്ട് ഈ വയോധികന്. പക്ഷെ, ഇപ്പോഴും ഈ ഖനികളുടെ ഉടമസ്ഥരും ലോസ് ഏഞ്ചല്‍സിലെ വ്യവസായ സംരംഭകരുമായ ബ്രെന്റ് അണ്ടര്‍വുഡും ജോയിന്‍ ബെയറും വെസ്മറായിസിന്റെ ആഗ്രഹത്തോട് താത്പര്യം പ്രകടപ്പിച്ചില്ലെന്ന് മാത്രമല്ല വല്ലാതെ അപകടകരമാണ് ഖനികളെന്ന് കര്‍ശനമായി ഓര്‍മിപ്പിക്കുകയും ചെയ്തു. എന്നാല്‍ സന്ദര്‍ശകരെ അനുവദിക്കാത്തതിനു പിന്നിലുള്ള കാരണങ്ങള്‍ വേറെയാണെന്നും പറയപ്പെടുന്നു.
വെസ്മറായിസിനെ പോലെ അവരും പ്രതീക്ഷിക്കുന്നുണ്ട് ഇവിടെ സന്പാദ്യശേഖരമുണ്ടെന്ന്... ഇന്നല്ലെങ്കില്‍ നാളെ ഇന്നലെകളിലെ പ്രൗഢി തിരികെ കിട്ടുമെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടാകാം... 500 മില്യണ്‍ ഡോളറിലധികം ധാതുക്കള്‍ അവിടെ നിന്ന് ഖനനം ചെയ്തെടുത്തിട്ടുണ്ട്. അത്രത്തോളം ഇനിയും അടിത്തട്ടിലുണ്ടാകാമെന്നും കരുതുന്നു...
ഗിരീഷ് പരുത്തിമഠം