പാൽപ്പുഴ പോലൊരു പാലൊഴുകുംപാറ
Monday, July 22, 2019 2:56 PM IST
കോട്ടയം: നീല നിറത്തിന്റെ വശ്യതയിൽ മല നിരകൾ. ആകാശം തൊട്ട് മേഘങ്ങൾ തഴുകി കുളിർ കാറ്റും. കോടമഞ്ഞ് പുതച്ചു നിൽക്കുന്ന വാഗമണ്‍. സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന വാഗമണിനു സമീപം കോലാഹലമേട് കൊച്ചുകരുന്തരുവി റൂട്ടിൽ കാവക്കുളത്തിനു സമീപത്തെ മനോഹരമായ വെള്ളച്ചാട്ടമാണ് പാലൊഴുകുംപാറ.
കാലവർഷം കനത്തതോടെ മലനിരകളിൽ തങ്ങുന്ന വെള്ളം ചാലൂകീറി താഴേക്ക് തട്ടുതട്ടായി പതിക്കുന്ന ഈ കാഴ്ച കാണാൻ ഇപ്പോൾ സഞ്ചാരികളുടെ തിരക്കാണ്. 150 അടിയോളം ഉയരത്തിൽ നിന്നും പാലു പോലെ മൂന്നു തട്ടായി കുത്തൊഴുക്കിൽ വെള്ളം പതിക്കുന്നത് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് നയനമനോഹരമായ കാഴ്ചയാണ്.
മലകൾക്കിടയിലൂടെ ഒഴുകിയെത്തുന്ന പുഴ പാലൊഴുകും പാറയിലെത്തുന്പോൾ വെള്ളച്ചാട്ടമായി മാറുകയാണ്. പുഴയൊഴുകിവരുന്നത് തന്നെ പാൽ നിറത്തിലാണ്. പാറയിലൂടെ പാൽ നിറത്തിൽ ഒഴുകി പാറയിൽതട്ടി താഴേക്ക് പതിക്കുന്നതിനാലാണ് ഇതിനെ പാലൊഴുകുംപാറയെന്ന് അറിയപ്പെടുന്നത്. ഏത് മഴക്കാലത്തും ഇവിടത്തെ വെള്ളം പാൽ നിറത്തിലാണ് ഒഴുകുന്നത്. നയന മനോഹര കാഴ്ചകൾ വാഗമണിൽ പുതുമയല്ല. വാഗമണിലെത്തുന്ന സഞ്ചാരികൾ അടുത്ത നാളിലാണ് സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞും കേട്ടുമുള്ള ഈ വെള്ളച്ചാട്ടം കാണാൻ എത്തി തുടങ്ങിയത്. പർവതനിരയെപോലെ ഭീമമായ പാറത്തട്ടുകളുടെ രൂപാകൃതിയാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. റോഡിൽ നിന്നാൽ വെള്ളച്ചാട്ടം വീക്ഷിക്കാം. വെള്ളച്ചാട്ടത്തിന് അടുത്തെത്തി കാണണമെങ്കിൽ അൽപം നടക്കണം.
അപകട സാധ്യത കൂടുതൽ ഉള്ളതിനാൽ ഇപ്പോൾ ഇവിടെ കന്പിവേലി കെട്ടി വേർതിരിച്ചിരിക്കുകയാണ്.പ്രകൃതി ഒരുക്കിയ വർണ്ണക്കാഴ്ചയ്ക്കൊപ്പം പാലൊഴുകിയെത്തുന്പോൾ ഇതിന്റെ കുളിർമ്മയിൽ അൽപനേരം വിശ്രമിക്കാൻ ആരും കൊതിക്കും. പ്രണയാതുരമായ അന്തരീക്ഷമാണ് പാലൊഴുകുംപാറയിൽ കാണികളെ ആകർഷിക്കുന്നത്.