ഒന്ന് ഒച്ച് വച്ചിരുന്നെങ്കില്
Friday, July 12, 2019 2:09 PM IST
ഒച്ചയില്ലാതെ സഞ്ചരിക്കുന്നവൻ ഒച്ച്. കേരളത്തിൽ ഒച്ചില്ലാത്ത ഇടങ്ങളില്ല. കർഷകരുടെ ഉറക്കം കെടുത്തുകയാണിപ്പോഴിവന്റെ ഹോബി. ഒരുപക്ഷെ നമ്മൾ ഉറക്കെ ഒന്ന ്ഒച്ച വച്ചിരുന്നെങ്കിൽ ആഫ്രിക്കൻ ഒച്ച് ഇവിടെയുണ്ടാകുമായിരുന്നില്ല. ഇനി പറഞ്ഞിട്ടു കാര്യമില്ല. അവൻ മലയാളിയുടെ ഭാഗമായിക്കഴിഞ്ഞു. മണ്ണും മരങ്ങളും കാടുകളും ഇനി ഇവനു സ്വന്തം. കേരളത്തിലെ മനുഷ്യൻ സ്വയം വരുത്തിവച്ച വിനകളിലൊന്നാണ് ആഫ്രിക്കൻ ഒച്ചുകൾ.
ഏകദേശം ഇരുപത്തിയഞ്ചു വർഷം മുന്പാണ് കേരളത്തിൽ ആഫ്രിക്കൻ ഒച്ചുകളുടെ രംഗപ്രവേശം. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പഠന ഗവേഷണങ്ങളുടെ ഭാഗമായാണ് ഒച്ചുകളെ ഇവിടെയെത്തിച്ചത്. കാലം മാറിയപ്പോൾ കേരളം മുഴുവൻ ആഫ്രിക്കൻ ഒച്ചുകളെ മുട്ടാതെ നടക്കാൻ വയ്യെന്നായി. പാലക്കാട് പുതുശേരിയിൽ ഗവേഷണത്തിനെത്തിച്ച ഈ ഒച്ചുകൾ ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലേക്കും പടർന്നിരിക്കുന്നു.
അന്ന് സിംഗപ്പൂരിൽ നിന്നും ഇറക്കുമതി ചെയ്തത് ഭീകര (മോണ്സ്റ്റർ) ഇനത്തിൽപ്പെട്ട ഒച്ചുകളെയായിരുന്നു. കാലിക്കട്ട് യൂണിവേഴ്സിറ്റിയുമായി സംയുക്ത പഠന ഗവേഷണ സംരംഭമായിരുന്നു കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിട്ടത്. ഇതിനായി ഗവണ്മെന്റ് വിക്ടോറിയ കോളജ് കാന്പസിൽ പഠനത്തിന് എല്ലാ സജ്ജീകരണവും തയാറായി വരികയും ചെയ്തു. ഇതിനിടെ പദ്ധതി തുടരേണ്ടെന്നു തീരുമാനിച്ചെങ്കിലും ഒച്ചുകളെ നീക്കം ചെയ്യുന്നതിൽ തീരുമാനമായില്ല. ഒച്ച് ഒരു ഭീകര ജീവിയല്ല എന്ന ഉറച്ച വിശ്വാസമായിരുന്നു എല്ലാവർക്കും. പക്ഷെ എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കുകയായിരുന്നു നിശബ്ദ സഞ്ചാരിയായ ഒച്ചുകൾ.
ഇണചേർന്ന് കഴിഞ്ഞാൽ എട്ടു മുതൽ 500 വരെ മുട്ടകളാണ് ഒരുതവണ ഇടുക. ഒരു വർഷത്തിൽ ഇത്തരത്തിൽ 1200 മുട്ടകൾ വരെ. വേനൽക്കാലത്ത് ഒച്ചിന്റെ മുട്ടകൾ ചപ്പുചവറുകൾക്കിടയിൽ ഒളിഞ്ഞു കിടക്കും. മഴ പെയ്യുന്പോൾ മുട്ടകൾ വിരിഞ്ഞു പുറത്തുവരും. അടുത്ത തലമുറകൂടി മുട്ടയിട്ടു തുടങ്ങുന്പോൾ ഒച്ചുകളുടെ എണ്ണം ആയിരക്കണക്കിനാകും.
ആഫ്രിക്കയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്ത തടികളിലൂടെയാണ് മുട്ടകൾ നാട്ടിലെത്തിയതെന്നു പഴമക്കാർ പറയുമായിരുന്നു. എന്നാൽ പഠനഗവേഷണത്തിന് പാലക്കാട്ടെത്തിച്ചവ തന്നെയാണ് ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണമെന്നും ശാസ്ത്രലോകം ഉറപ്പിച്ചു പറയുന്നു. കൃഷിയിടങ്ങളിൽ വിളവുകൾ തിന്നുതീർക്കുകയെന്നത് ഒച്ചുകൾ ഉണ്ടാക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. പച്ചക്കറികൾ, തെങ്ങ്, കൊക്കോ, പപ്പായ, വാഴ അങ്ങനെ മനുഷ്യൻ കഷ്ടപ്പെട്ടുണ്ടാക്കുന്നതൊന്നും ഒച്ചുകൾ ഒഴിവാക്കാറില്ല.
ആഫ്രിക്കൻ ഒച്ചുകളെ എങ്ങനെ ഒഴിവാക്കാം എന്നറിയാതെ വലയുകയാണ് കേരളീയർ.
ഒരിക്കലും അടർത്തിയെടുക്കാൻ കഴിയാത്ത വിധം കേരളത്തിൽ പടർന്നുകഴിഞ്ഞു ഈ നിശബ്ദ ഭീകരത.
ജനജീവിതത്തെ നേരിട്ടു ബാധിച്ചു തുടങ്ങിയതോടെയാണ് ആഫിക്കൻ ഒച്ചുകൾക്ക് ഭീകര പരിവേഷം ലഭിച്ചത്. കൂട്ടംകൂട്ടമായി ഇതിനെ കണ്ടുതുടങ്ങിയതോടെ ജനങ്ങളിൽ അറപ്പുളവാകാൻ തുടങ്ങി. മരങ്ങളുടെ വേരു പോലും ഇല്ലാതാക്കുന്ന ഒച്ചുകൾ നിമിഷങ്ങൾക്കം ആ മരത്തെ മറിച്ചിടുകയും ചെയ്യും. തെങ്ങുകളുടെ മണ്ടയിൽ പോലും കൂട്ടമായി തന്പടിച്ചിരിക്കുന്നതും കൂന്പുകൾ തിന്നുന്നതും സാധാരണ കാഴ്ച്ചയായി.
മലബാർ മേഖലയിലെ ചില പഞ്ചായത്തുകൾ എട്ടുവർഷം മുന്പ് ഒച്ചുകളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നു വരെ ആവശ്യപ്പെടുകയുണ്ടായി. ആരോഗ്യപരമായ പ്രശ്നങ്ങൾ സൃഷ്ടിക്കാത്തതിനാൽ പെട്ടെന്ന് ഇടപെടാൻ കഴിയില്ലെന്നായിരുന്നു മിക്ക വകുപ്പുകളുടെയും മറുപടി. എന്നാൽ പല മാരക രോഗങ്ങൾക്കും ഇവയുടെ ഇടപെടൽ കാരണമായേക്കാമെന്നും പലരും സമർഥിക്കുന്നുണ്ട്.
ഇന്ന് ദക്ഷിണേന്ത്യയിലെ പശ്ചിമഘട്ട മലനിരകളിൽ പടർന്നു പന്തലിച്ചിരിക്കുകയാണ് ആഫ്രിക്കൻ ഒച്ചുകളുടെ പിൻതലമുറക്കാർ. തമിഴ്നാട്ടിലും കർണാടകത്തിലും ജനവാസകേന്ദ്രങ്ങളിലെ ശല്യക്കാരായി ഒച്ചുകൾ മാറിക്കഴിഞ്ഞു.
എം.വി. വസന്ത്