ആശങ്കയും വറുതിയും വിട്ടുമാറാതെ തീരദേശം
Monday, July 1, 2019 4:27 PM IST
തൃശൂർ/കോഴിക്കോട് /കണ്ണൂർ: തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള വടക്കൻ മേഖലയിലും തീരവാസികൾ ദുരിതത്തിലും ആശങ്കയിലുമാണ് കഴിയുന്നത്. ആയിരക്കണക്കിന് കുടുംബങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ഈ മേഖലയിൽ കടലെടുത്തിരിക്കുന്നത്. കടൽക്ഷോഭം തടയാൻ ഫലപ്രദമായ ഇടപെടലൊന്നും നടപ്പാക്കിയിട്ടുമില്ല.
തൃശൂർ ജില്ലയിലെ ചാവക്കാട്, വാടാനപ്പള്ളി, കൊടുങ്ങല്ലൂർ കടലോര മേഖലയിലെ ദുരിതത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കഴിഞ്ഞ ആഴ്ചയുണ്ടായ കടലാക്രമണത്തിൽ ചാവക്കാട് ഭാഗത്തു നൂറോളം വീടുകളിൽ വെള്ളം കയറി. ഏതാനും വീടുകൾ ഭാഗികമായി തകർന്നു. കുറെ വീട്ടുകാർ താമസം മാറി. തീരദേശ റോഡുകളും കുറെ ഭാഗം കടലെടുത്തു. കടൽവെള്ളം കെട്ടിനിൽക്കുന്നത് ഒഴുക്കിവിടാനായി അഴിമുഖം റോഡ് മൂന്നിടത്തു നാട്ടുകാർ തകർത്തു. ഇവിടെ കടൽഭിത്തിനിർമാണം തുടങ്ങിയതു 40 വർഷം മുന്‍പാണ്. അതിപ്പോഴും തുടരുകയുമാണ്.
വാടാനപ്പള്ളി ചേറ്റുവ അഴിമുഖത്ത് അഞ്ചുവർഷത്തിനുള്ളിൽ കടലെടുത്തത് 20 വീടുകളും ഏക്കർകണക്കിനു തെങ്ങിൻ പറന്പുകളുമാണ്. അഴിമുഖത്തെ പുലിമുട്ടാണ് ഏത്തായ്, പൊക്കുളങ്ങര ബീച്ചുകളിലെ ദുരിതത്തിനു കാരണം. തകർന്ന കടൽഭിത്തികളാണു മറ്റൊരു വില്ലൻ. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇവിടെ തകർന്നതു മൂന്നു വീടുകളാണ്. പല വീടുകളും അപകടാവസ്ഥയിലുമാണ്.
അഴിമുഖത്തെ പുലിമുട്ടിന്റെ തെക്കേഭാഗത്തെ ഏത്തായ് ബീച്ച് മുതൽ വാടാനപ്പള്ളി ബീച്ച് വരെയാണ് കടലെടുക്കുന്നത്. പൊക്കുളങ്ങര, പൊക്കാഞ്ചേരി ബീച്ചുകളിലെ മുപ്പതോളം കുടുംബങ്ങൾ കോട്ടക്കടപ്പുറം ഗവ. യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലാണ്. കടൽഭിത്തിനിർമാണത്തിലെ അവഗണനയും അശാസ്ത്രീയതയും വെട്ടിപ്പും കാണണമെങ്കിൽ തൃശൂർ ജില്ലയിലെ വാടാനപ്പള്ളി, പൊക്കുളങ്ങര, പൊക്കാഞ്ചേരി ബീച്ചുകളിലേക്കു വരാനാണ് രോഷത്തോടെ പരിസരവാസികൾ പറയുക.
മറ്റു കടലാക്രമണ പ്രദേശങ്ങളിൽനിന്നും വ്യത്യസ്തമായിരുന്നു കൊടുങ്ങല്ലൂർ മേഖലയിലെ തീരദേശത്തിന്റെ സ്ഥിതി. ആയിരങ്ങളാണ് ഇവിടെനിന്നും പലായനം ചെയ്തത്. വീടുകൾ തകർന്നു. ശക്തമായ കുത്തൊഴുക്കിൽ വീടുകളിലെ തറയിലെ മണ്ണുവരെ ഒലിച്ചുപോയി. ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് മിക്ക വീടുകളും. വെള്ളമിറങ്ങിയപ്പോൾ ദുരിതാശ്വാസ ക്യാന്പുകളിൽനിന്നു സ്വന്തം വീട്ടിലേക്കു വന്നവർ എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയി.
കോഴിക്കോട്ട് ദുരിതാശ്വാസ ക്യാമ്പിൽ 42 പേർ
85 കിലോമീറ്ററോളമാണ് കോഴിക്കോട് ജില്ലയുടെ കടലോരം. കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്കുകളിലായി 17 വില്ലേജുകളാണ് തീരദേശവുമായി തൊട്ടടുത്ത് കിടക്കുന്നത്. കാലവര്‍ഷം തുടങ്ങിയാല്‍ ഈ മേഖലയില്‍ വ്യാപകമായ നാശനഷ്ടങ്ങളാണുണ്ടാവാറുള്ളത്. ഈ വർഷം കോഴിക്കോട് ജില്ലയില്‍ 42 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു. കടലുണ്ടിയില്‍ ചില വീടുകൾ ഭാഗികമായി തകർന്നു.
കോഴിക്കോട് നഗരത്തോട് ചേർന്ന നൈനാംവളപ്പ്, വെള്ളയിൽ, തോപ്പയില്‍, സൗത്ത് ബീച്ച്, കോതി ഭാഗങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമാവാറുണ്ട്. വെള്ളയിൽ പുലിമുട്ട് പൂർത്തിയായതിനുശേഷം കടൽക്ഷോഭം വർധിച്ചതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.
കൊയിലാണ്ടി താലൂക്കിലെ പാലേരിയില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. കൊയിലാണ്ടിക്കും കാപ്പാടിനുമിടയില് മാത്രം മൂന്നുകിലോമീറ്റര്‍ കടല്‍ഭിത്തി താണുപോയി. പൊയില്കാവിനും കാപ്പാടിനും ഇടയില്‍ തകര്‍ന്ന കടല്‍ഭിത്തി 60 ലക്ഷം രൂപ ചെലവില്‍ പുനഃര്നിര്മിക്കുന്നതിനിടയിലാണ് മറ്റിടങ്ങളില്‍ കടല്‍ഭിത്തി തകര്‍ന്നത്.
ആയിക്കര പുലിമുട്ട് വിനയായി
കണ്ണൂർ ജില്ലയിൽ തയ്യില്‍, മൈതാനപ്പള്ളി, ഏഴര, എന്നിവിടങ്ങളിലും അഴീക്കോട് മേഖലയിലുമാണ് കടലാക്രമണം ശക്തമായി ഉണ്ടാകുന്നത്. ഓരോ വര്‍ഷം കഴിയുമ്പോഴും കടലാക്രമണത്തിന്റെ ശക്തി കൂടിക്കൂടി വരികയാണെന്നാണ് തീരദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്.
ഇതിനു കാരണം കടല്‍ഭിത്തികളുടെ സംരക്ഷണം ഉറപ്പാക്കാത്തതും അശാസ്ത്രീയമായ നിര്‍മാണവുമാണെന്ന് കണ്ണൂര്‍ അഴീക്കോട് പരന്പരാഗത മത്സ്യത്തൊഴിലാളി സംരക്ഷണ സമിതി സെക്രട്ടറി കെ.കെ. അബ്ദുള്‍ സലാം പറയുന്നു. ആയിക്കര ഹാര്‍ബറിനോട് ചേര്‍ന്നു പുലിമുട്ടുകള്‍ നിര്‍മിച്ചപ്പോള്‍ ഇവിടേക്കടിക്കുന്ന തിരമാലകള്‍ കുറഞ്ഞു. എന്നാല്‍ ഈ തിരമാലകള്‍ കൂടി സമീപ പ്രദേശങ്ങളിലേക്ക് ശക്തിയായി അടിച്ചു കയറുമെന്നു നിര്‍മാണ വേളയില്‍ കണക്കു കൂട്ടിയില്ല. ഇക്കാര്യം മത്സ്യത്തൊഴിലാളികള്‍ നിര്‍മാണ സമയത്ത് തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും സാങ്കേതിക വിദഗ്ധര്‍ ഇക്കാര്യം പരിഗണിക്കാതെ ചിരിച്ചു തള്ളുകയായിരുന്നു.
കടലാക്രമണം തടയുന്നതിനുള്ള പദ്ധതികള്‍ പലതും ‘കടലില്‍ കായം കലക്കുന്നത് പോലെ’’യാണെന്നാണ് മൈതാനപ്പള്ളിയിലെ രാജമ്മ എന്ന വീട്ടമ്മ പറയുന്നത്. . കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള കറവ പശുവാണിതെന്നും രാജമ്മ രോഷത്തോടെ പ്രതികരിച്ചു.
(അവസാനിച്ചു)