അറുതിയില്ലാത്ത അഭയാർഥി ജീവിതങ്ങൾ
Thursday, June 27, 2019 3:11 PM IST
“മിഥുനമേ ആയൊള്ളൂ, ഇക്കണക്കിനായാൽ കർക്കിടകമെത്തുന്പോഴേക്കും തീരത്ത് ഒന്നും ബാക്കിയുണ്ടാകില്ല’’, ത്രേസ്യാമ്മയുടെ വാക്കുകളിൽ പ്രതീക്ഷകളുടെ പൊഴി മുറിഞ്ഞു. ദുരിതകാലത്തിന്റെ ഓർമത്തിരകൾ വീണ്ടുമിരന്പി. 20 വർഷം മുമ്പ് ഒരു കടലേറ്റത്തിൽ വീട് തകർന്ന് പെരുവഴിയിലായവരാണ് ത്രേസ്യാമ്മയും മകൾ ജോസ്ഫിനും. സ്വന്തമായി ഒരു വീടെന്ന ഇവരുടെ സ്വപ്നം ഇരുപതു വർഷത്തിനിപ്പുറവും സഫലമായിട്ടില്ല. വലിയതുറ ഫിഷറീസ് സ്കൂളിലെ ഒരു ക്ലാസ്മുറിയിലാണ് കഴിഞ്ഞ അഞ്ചു വർഷമായി ഇരുവരും ജീവിക്കുന്നത്.
ഭർത്താവ് ഉപേക്ഷിച്ചുപോയ ത്രേസ്യാമ്മ മീൻകച്ചവടം നടത്തിയാണ് മക്കളെ വളർത്തിയത്. കയറിക്കിടക്കാൻ ഒരു കൂരയുണ്ടല്ലോ എന്നതു മാത്രമായിരുന്നു ഏക ആശ്വാസം. മീൻ കച്ചവടത്തിൽ നിന്നുള്ള വരുമാനം മിച്ചംവച്ച് മകൾ ജോസ്ഫിനെ വിവാഹം കഴിപ്പിച്ചയച്ചു. പക്ഷേ ഭർത്താവുപേക്ഷിച്ച ജോസ്ഫിൻ അധികം വൈകാതെ ത്രേസ്യാമ്മയുടെ അടുത്തേക്ക് തന്നെ മടങ്ങിയെത്തി. ഇതിനിടയിൽ അമ്മയും മകളും രോഗബാധിതരുമായി. രണ്ടു പേർക്കും കൂടിയുള്ള മരുന്നിനു വേണ്ടി മാത്രം പ്രതിമാസം നല്ലൊരു തുക വേണം. രോഗിയായ മകൾക്ക് ജോലിയൊന്നും ചെയ്ത് അമ്മയെ സഹായിക്കാനാകാത്ത സ്ഥിതി. ദുരിതമിരട്ടിയാക്കിക്കൊണ്ട് ഇരുപത് വർഷം മുമ്പ് വലിയതുറ ചെറുരശ്മി സെന്ററിനു സമീപത്തുണ്ടായിരുന്ന അവരുടെ വീട് കടലാക്രമണത്തിൽ ആകെ തകർന്നു. പിന്നീട് ബന്ധുവീടുകളിലും വാടകവീടുകളിലും മാറിമാറിത്താമസിച്ച് അവരിരുവരും ജീവിതം തള്ളിനീക്കി. ഒടുവിൽ അഞ്ചു വർഷം മുൻപ് അവർ വലിയതുറ ഫിഷറീസ് സ്കൂളിൽ അഭയം തേടുകയായിരുന്നു. ഒരു ക്ലാസ് മുറി അടുക്കളയും കിടപ്പുമുറിയുമെല്ലാമാക്കി അവർ ജീവിക്കുന്നു, സർക്കാരിന്റെ കനിവിൽ എന്നെങ്കിലും തങ്ങൾക്ക് സുരക്ഷിതമായി അന്തിയുറങ്ങാൻ ഒരു വീട് കിട്ടുമെന്ന പ്രതീക്ഷയിൽ.
ഇവരെപ്പോലെ അനാഥരായ, കിടപ്പാടം നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ നിരവധി മനുഷ്യജീവതങ്ങൾ ഇപ്പോഴുമുണ്ട് തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങളിൽ. പ്രായപൂർത്തിയായ പെണ്മക്കളെയും കൊണ്ട് അന്തിയുറങ്ങാൻ സുരക്ഷിതമായ ഒരു കൂരയില്ലാത്തവർ, അന്നന്നത്തെ ആഹാരത്തിനു പോലും വകയില്ലാത്തവർ; മഹാപ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ രക്ഷകസൈന്യമായി ഓടിയെത്തിയ കടലിന്റെ മക്കൾ. സർക്കാർ പ്രഖ്യാപനങ്ങളും പദ്ധതികളും പലതുണ്ടെങ്കിലും അവയൊന്നും അർഹതപ്പെട്ടവരിലേക്ക് എത്തിച്ചേരുന്നില്ലെന്ന് ഇവരിൽ ഭൂരിഭാഗവും പറയുന്നു.
കര വിഴുങ്ങുന്ന കടൽ
കഴിഞ്ഞ രണ്ടാഴ്ചയായി വീണ്ടും കടൽ കലിതുള്ളുകയാണ്. ഈ രണ്ടാഴ്ചയ്ക്കിടെ തകർന്നു പോയത് നൂറിലധികം വീടുകളാണ്. 500 ലേറെ വീടുകൾ ഇപ്പോഴും അപകടഭീഷണിയിലും. ദിവസങ്ങളായി തുടരുന്ന കടൽക്ഷോഭത്തിൽ വീടുകൾ തകർന്നു വീണപ്പോൾ പലർക്കും തലനാരിഴയ്ക്കാണ് ജീവൻ തിരിച്ചുകിട്ടിയത്. രാത്രിയിൽ അതിശക്തമായി കോരിച്ചൊരിയുന്ന മഴയത്ത് വീടുകൾക്കുളളിൽ ഉറങ്ങിക്കിടക്കുന്ന കുട്ടികളെയും വാരിയെടുത്ത് നിലവിളികളോടെയുള്ള അവരുടെ പലായനം തുടരുകയാണ്.
സ്വന്തം കിടപ്പാടങ്ങൾ നഷ്ടപ്പെട്ട അവരിൽ പലരും ദുരിതാശ്വാസ ക്യാന്പുകളിലാണ് ഇപ്പോൾ അന്തിയുറങ്ങുന്നത്. തീരപ്രദേശം സന്ദർശിക്കാനെത്തിയ ജലസേചന മന്ത്രിയെയും സ്ഥലം എംഎൽഎയെയും കഴിഞ്ഞ ആഴ്ച വലിയതുറയിൽ നാട്ടുകാർ തടഞ്ഞുവച്ചത് അവരുടെ പ്രതിഷേധം അണപൊട്ടുന്നതിന്റെ സൂചനയായി കാണാൻ പോലും അധികൃതർക്കു കഴിയുന്നില്ല.
ദുരിതം മാറാതെ ദുരിതാശ്വാസ ക്യാന്പുകൾ
വലിയതുറ ഫിഷറീസ് ഗോഡൗണ്, ബഡ്സ് സ്കൂൾ, വലിയതുറ യുപി സ്കൂൾ എന്നിവിടങ്ങളിലായി നൂറിലേറെ കുടുംബങ്ങളാണ് അഭയാർഥികളായി കഴിയുന്നത്. ഏറെ പരിതാപകരമായ അവസ്ഥയിൽ ജീവിക്കുന്ന അവർക്ക് ആവശ്യത്തിനു ഭക്ഷണമോ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങളോ ലഭ്യമാക്കിയിട്ടില്ല. വിരലിലെണ്ണാവുന്ന ശുചിമുറികൾ, ഈച്ചയും കൊതുകും ചെള്ളും നിറഞ്ഞ മുറികൾ. മഴക്കാല രോഗങ്ങളുടെ ഭീഷണി വേറെ. ഒരു മുറിയിൽ നാല് കുടുംബങ്ങൾവരെ ഒരുമിച്ചുറങ്ങുന്നു. സുരക്ഷതിമല്ലാത്ത ആ സാഹചര്യത്തിൽ പെണ്മക്കളെ താമസിപ്പിക്കാൻ കഴിയാത്തതുകൊണ്ട് അവരെ ബന്ധുവീടുകളിലാക്കിയാണ് ഒട്ടേറെ മാതാപിതാക്കൾ ഇവിടെ അന്തിയുറങ്ങാനെത്തുന്നത്. സർക്കാർ നൽകുന്ന സഹായങ്ങൾ പര്യാപ്തമല്ലെന്നും ഫേസ്ബുക്ക് കൂട്ടായ്മയിലെ ചെറുപ്പക്കാരും സന്നദ്ധ സംഘടനകളും ദിവസേന എത്തിക്കുന്ന ഭക്ഷണം കൊണ്ടാണ് പലപ്പോഴും തങ്ങൾ വിശപ്പടക്കുന്നത് എന്നുമാണ് ക്യാന്പിലെ അന്തേവാസിയായ വർഗീസ് പറഞ്ഞത്.
പണ്ട് വർഷത്തിൽ ഒരു തവണമാത്രം ഉണ്ടാകുന്ന കടലാക്രമണത്തെ ഭയപ്പെട്ടിരുന്ന ഇവർ ഇന്ന് കടലിന്റെ ഓരോ ചലനങ്ങവും ഭയപ്പാടോടെയാണ് വീക്ഷിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മുതൽ ഇതുവരെ തിരുവനന്തപുരം ജില്ലയുടെ തീരദേശത്ത് പ്രത്യേകിച്ച് വലിയതുറ, കൊച്ചുതോപ്പ് മേഖലകളിൽ അമ്പതോളം കെട്ടുറപ്പുള്ള വീടുകളാണ് കടലെടുത്തത്. എൺപതോളം ഭവനങ്ങൾ ഇപ്പോഴും കടലാക്രമണ ഭീഷണിയിലുമാണ്. ഈ വീടുകളെയെങ്കിലും സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന അവരുടെ വാക്കുകൾക്ക് അധികൃതർ ചെവികൊടുക്കുന്നില്ല, പകരം ആശ്വാസവാക്കുകൾ പറഞ്ഞ് മടങ്ങുകയാണ് പതിവ്.
വില്ലനാകുന്നത് വിഴിഞ്ഞമോ?
വിഴിഞ്ഞം തുറമുഖത്തിനായുള്ള ഡ്രഡ്ജിംഗ് തീരത്തിന്റെ താളം തകർക്കുന്നുവെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണങ്ങളിൽ പ്രധാനം. തുറമുഖ നിർമാണത്തിനായി കടലിനുളളിലേക്ക് നടത്തുന്ന ഡ്രഡ്ജിംഗും അശാസ്ത്രീയ രീതിയിലുള്ള പുലിമുട്ട് നിർമാണവും മൂലം ഒരു ഭാഗത്ത് കര കൂടുന്പോൾ മറുഭാഗത്ത് കടൽ കൂടുതൽ കയറുന്നതായി ഇവർ പറയുന്നു. ഇതിന് ബദൽ സംവിധനമൊരുക്കാൻ പൂന്തുറയിലും വലിയതുറയിലും മിനി ഫിഷിംഗ് ഹാർബറുകൾ സ്ഥാപിക്കാൻ പൂനെ സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്റ്റേഷൻ മാതൃകാപഠനം നടത്തിയിരുന്നു. മിനി ഫിഷിംഗ് ഹാർബർ നിർമിക്കാൻ അനുയോജ്യമായ സാഹചര്യമാണ് പൂന്തുറയിലും വലിയതുറയിലുമുള്ളതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിലൊന്നും ഒരു നടപടിയുമുണ്ടായില്ല.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ടു തീരശോഷണത്തിന്റെ തോതിനെക്കുറിച്ചു പഠനം നടത്തി റിപ്പോർട്ട് നൽകുമെന്നു പറഞ്ഞെങ്കിലും ആ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് തീരശോഷണമുണ്ടായാൽ ബാധിക്കുന്ന കുടുംബങ്ങളുടെ പുനരധിവാസം നടപ്പാക്കുന്നതിനുള്ള പൂർണ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുന്നതായി ഉറപ്പു നൽകിക്കൊണ്ട് 2015 ൽ ഉത്തരവ് പുറത്തിറക്കിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നു തുടർനടപടിയുണ്ടായിട്ടില്ല. 475 കോടി രൂപ പുനരധിവാസ പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ ഒരു പൈസ പോലും ചെലവഴിച്ചിട്ടുമില്ല.
ഇതിനു പുറമെ കടലിന്റെ സ്വാഭാവിക പ്രകൃതി തകർന്നതും കാലാവസ്ഥാ വ്യതിയാനവും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ നിലനിൽപ്പിനു ഭീഷണിയാകുന്നു. കാലാവസ്ഥാവ്യതിയാനം മൂലം സമുദ്രനിരപ്പ് ക്രമാതീതമായി ഉയരുന്നതും സമുദ്രതാപനില വർധിക്കുന്നതുമെല്ലാം ഈ വലിയ ജനസമൂഹത്തെ സാരമായി ബാധിക്കുന്നുണ്ട്.
ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കടലാക്രമണം ഒരു സാധാരണ കാലവർഷ പ്രതിഭാസമായി കാണാൻ കഴിയില്ലെന്ന് തീരദേശവാസികൾ പറയുന്നു. കഴിഞ്ഞ 30 വർഷമായി ഇവിടെ താമസിക്കുന്ന കുടുംബങ്ങളുടെ ഇരുനില വീടുകൾ പോലും കടലാക്രമണത്തിൽ തകർന്നു വീണുകൊണ്ടിരിക്കുന്നു. കടൽഭിത്തിയോ ജിയോട്യൂബ് പോലുള്ള ശാശ്വത സംവിധാനങ്ങൾ ഏർപ്പെടുത്തുന്ന നടപടി ത്വരിതപ്പെടുത്താമെന്ന ഉറപ്പ് നൽകുന്നതല്ലാതെ തീരവും തൊഴിലും ജനങ്ങളുടെ ഭവനങ്ങളും സരക്ഷിക്കുന്നതിനു യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു.
വലിയതുറ യുപി സ്കൂളിൽ കുട്ടികൾ 59; കുടുംബങ്ങൾ 30
സർക്കാർ സ്ഥിരം ദുരിതാശ്വാസ ക്യാന്പാക്കി മാറ്റിയ വലിയതുറ യുപി സ്കൂളിൽ ഈ അധ്യയന വർഷം പഠനത്തിനായെത്തിയത് 59 കുട്ടികൾ മാത്രം. എന്നാൽ ഈ സ്കൂൾ വീടാക്കിയിരിക്കുന്നത് 30 കുടുംബങ്ങളാണ്. കടൽക്ഷോഭത്തെ തുടർന്ന് തീരത്തുനിന്നു മാറ്റിപ്പാർപ്പിക്കപ്പെട്ടവരാണ് ഈ കുടുംബങ്ങൾ. 2015 ൽ 150 ലേറെ വിദ്യാർഥികൾ പഠിച്ചിരുന്ന സ്കൂളാണ്, പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങൾ സർക്കാർ ഏറ്റെടുത്ത കാലത്ത് കുട്ടികളുടെ എണ്ണത്തിൽ പിറകോട്ടുപോയിരിക്കുന്നത്.
ദുരിതാശ്വാസ ക്യാന്പാക്കി മാറ്റിയ സ്കൂളിൽ വിദ്യാർഥികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണ്. അന്തേവാസികൾക്കുതന്നെ നിന്നുതിരിയാനിടമില്ലാത്ത സാഹചര്യത്തിൽ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാൻ രക്ഷിതാക്കൾ താത്പര്യപ്പെടുന്നില്ല. കുട്ടികൾക്ക് കളിക്കാനും മറ്റുമുള്ള സ്ഥലം ക്യാന്പിലെ അന്തേവാസികൾ ഉപയോഗപ്പെടുത്തിയതോടെ സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗത്തെ ഏതാനും ക്ലാസ്മുറികൾ മാത്രമാണ് വിദ്യാർഥികൾക്കായുള്ളത്.
നിരവധി പേർ തിങ്ങിപ്പാർക്കുന്നതു നിമിത്തമുള്ള ശുചിത്വ പ്രശ്നങ്ങൾ വേറെ. അന്തേവാസികൾ ഭക്ഷണം പാകം ചെയ്യുന്നതും വസ്ത്രങ്ങൾ കഴുകി ഉണക്കുന്നതുമെല്ലാം സ്കൂൾ വരാന്തയിലാണ്. ക്ലാസ്മുറികൾ കിടപ്പുമുറികളായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഒരു ക്ലാസ്മുറിയിൽ നാലു കുടുംബങ്ങൾ വീതമാണ് ഇങ്ങനെ ഇവിടെ ഞെങ്ങിഞെരുങ്ങിക്കഴിയുന്നത്.
ഇതിനിടയിൽ കുട്ടികൾക്കുണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങളും അസൗകര്യങ്ങളും മറ്റും കണക്കിലെടുത്ത് രക്ഷിതാക്കളിൽ പലരും വിദ്യാർഥികളെ ഈ സ്കൂളിലേക്ക് അയയ്ക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അധ്യാപകരിൽ ചിലർ ചൂണ്ടിക്കാട്ടുന്നു. ]
അടിയന്തരമായി അടിസ്ഥാന സൗകര്യമൊരുക്കണം: ആർച്ച്ബിഷപ് ഡോ. സൂസപാക്യം
കടലാക്രമണം മൂലം കുടിയൊഴിപ്പിക്കപ്പെട്ട് വിവിധ ക്യാന്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് മാന്യമായി കഴിയുന്നതിനുള്ള ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും അടിയന്തരമായി എത്തിക്കണമെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം ആവശ്യപ്പെട്ടു. ഇപ്പോൾ കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ ആവശ്യത്തിനു കരിങ്കല്ലും മണൽചാക്കുകളും ഇട്ട് ഭവനങ്ങളെ സംരക്ഷിക്കണം.
മുതലപ്പൊഴി മത്സ്യബന്ധന ഹാർബർ നിർമാണം മൂലം അഞ്ചുതെങ്ങ്, പൂത്തുറ, താഴംപള്ളി ഭാഗങ്ങളിലെ തീരശോഷണത്തിനും ജനങ്ങളുടെ പുനരധിവാസത്തിനും പരിഹാരം കണ്ടെത്തണം.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടു തീരശോഷണം സംഭവിക്കുന്ന പ്രദേശങ്ങൾ പ്രത്യേകിച്ച് പനത്തുറ, പൂന്തുറ, ബീമാപ്പള്ളി, ചെറിയതുറ, വലിയതുറ, തോപ്പ്, കൊച്ചുതോപ്പ് തുടങ്ങിയ തീരദേശങ്ങൾ കടൽഭിത്തികെട്ടി സംരക്ഷിക്കണം. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടു നടത്തിയ പാരിസ്ഥിതിക ആഘാത വിലയിരുത്തൽ റിപ്പോർട്ട് എത്രയും വേഗം പുറത്തിറക്കണം.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് അനുവദിച്ചിരിക്കുന്ന പുനരധിവാസ പാക്കേജിൽനിന്ന് അടിയന്തരമായി കടലാക്രമണം മൂലം ഭവനം നഷ്ടപ്പെട്ട കുടുംബങ്ങളെയും കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളെയും പുനരധിവസിപ്പിക്കുന്നതിനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടരും...
ഡി. ദിലീപ്