സുരക്ഷാഭിത്തിയില്ല; ദുരിതക്കയത്തിൽ തീരം
Wednesday, June 26, 2019 3:44 PM IST
കൊച്ചി: ഓഖി ചുഴലിക്കാറ്റ് വിതച്ച നാശം ഇനിയും ചെല്ലാനം തീരത്ത് നികത്തപ്പെട്ടിട്ടില്ല. അതിനുപുറമേ കടൽക്ഷോഭവുമെത്തിയത് തീരദേശവാസികളെ വലിയ ദുരിതക്കയത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. കാലാനുസൃതമായി സുരക്ഷാവലയങ്ങൾ തീർത്തിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നുവെന്ന് അവർ പറയുന്നു. കടൽഭിത്തി നിർമാണത്തിന് കരിങ്കല്ല് ലഭ്യമാകാത്തതോടെ സുരക്ഷയൊരുക്കാനെത്തിയ ജിയോ ട്യൂബുകളുടെ നിർമാണവും അനിശ്ചിതത്വത്തിലാണ്. വേളാങ്കണ്ണി പള്ളിക്ക് സമീപം ആരംഭിച്ച ആദ്യഘട്ട നിർമാണത്തിൽ മണൽ നിറയ്ക്കുന്ന ജോലികൾ പോലും കാര്യക്ഷമമായി നടന്നില്ല. വേളാങ്കണ്ണി, ചെല്ലാനം ബസാർ, കന്പനിപ്പടി, ചെറിയ കടവിൽ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ജിയോ ട്യൂബ് നിർമാണം നടക്കേണ്ടത്.
എന്നാൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി ജനുവരിയിൽ വേളാങ്കണ്ണി കടപ്പുറത്ത് ആരംഭിച്ച നിർമാണം പോലും പൂർത്തിയാക്കിയിട്ടില്ല. ആർത്തിരന്പിയെത്തുന്ന തിരമാലകളെ തടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ വീടുകളിൽ വെള്ളം കയറുന്ന സാഹചര്യം ഒരു പരിധിവരെ ഒഴിവാക്കാനാകുമായിരുന്നു. തിരമാലകൾ നേരിട്ട് വീടുകളിൽ പതിച്ചതോടെയാണ് നാശനഷ്ടങ്ങളുടെ ആഘാതം വർധിച്ചത്. അധികാരികളുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിൽ പ്രദേശവാസികൾ ചേർന്ന് ചാക്കിൽ മണ്ണ് നിറച്ച് സുരക്ഷാഭിത്തികൾ തീർക്കുകയാണ്.
വേണ്ടത് 1100 മീറ്റർ: നിർമിച്ചത് 25 മീറ്റർ
ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായ അഞ്ച് പ്രദേശങ്ങളിൽകൂടി കടന്നുപോകുന്നതിനായി 1100 മീറ്റർ ജിയോ ട്യൂബുകൾ സ്ഥാപിക്കാനാണ് തീരുമാനമായത്. ഇതനുസരിച്ച് ടെൻഡർ നൽകുകയും മലപ്പുറം സ്വദേശി നിർമാണ കരാർ സ്വന്തമാക്കുകയും ചെയ്തു. ജനുവരിയിലാണ് വേളാങ്കണ്ണി പള്ളിക്ക് സമീപം ജിയോ ട്യൂബ് നിർമാണം ആരംഭിച്ചത്. നാല് മാസംകൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു കരാറുകാരൻ അന്ന് പറഞ്ഞിരുന്നത്. എന്നാൽ അഞ്ച് മാസം പിന്നിടുന്പോഴും 25 മീറ്റർ മാത്രമാണ് ട്യൂബുകൾ സ്ഥാപിക്കാനായത്.
ആറു മണിക്കൂർകൊണ്ട് ട്യൂബ് നിറയുമെന്ന് ജിയോ ട്യൂബ് നിർമാണ കണ്സൽട്ടിംഗ് ഏജൻസി പറയുന്നു. എന്നാൽ, ട്യൂബിൽ മണൽ നിറയ്ക്കുന്നതിന് ആവശ്യമായ ആധുനിക സംവിധാനങ്ങൾ പോലും കരാറുകാരന്റെ പക്കൽ ഇല്ലായിരുന്നുവെന്ന് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു.
അശാസ്ത്രീയമായ നിർമാണ രീതിയാണ് ഇവിടെ നടക്കുന്നത്. കാര്യക്ഷമമായ യന്ത്രസാമഗ്രികൾ ഇല്ലാതെയാണ് ഇവർ ട്യൂബ് നിറച്ചത്. നിർമാണ പ്രവർത്തനങ്ങൾ നിലച്ചതോടെ കരാറുകാരനെ മാറ്റിയിരിക്കുകയാണ്. ഇനി പുതിയ ടെൻഡർ നൽകി വേണം പണികൾ പുനരാരംഭിക്കാൻ. ഓഗസ്റ്റോടുകൂടി മാത്രമേ പ്രവർത്തനങ്ങൾ ആരംഭിക്കാനാവൂ. അതുവരെ ദുരിതം അനുഭവിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് തീരവാസികൾ പറയുന്നു.
പ്രതിഷേധിച്ചവർക്ക് എതിരേ കേസ്
ജിയോ ട്യൂബുകൾ സ്ഥാപിച്ച് സുരക്ഷയൊരുക്കുന്നതിൽ വീഴ്ച വരുത്തിയതിൽ പ്രതിഷേധിച്ച് നാട്ടുകാരുടെയും സമരസമിതിയുടെയും നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചതിനെതിരേ പോലീസ് കേസെടുത്തു.
കണ്ടാലറിയാവുന്ന നൂറു പേർക്കെതിരേയാണ് കണ്ണമാലി പോലീസ് കേസെടുത്തത്. ഇത് തികച്ചും നീതിനിഷേധമാണെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. ജീവൻ നഷ്ടപ്പെടാതിരിക്കാൻ സുരക്ഷയൊരുക്കി തരണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളായി. 20 വർഷത്തോളമായി കടൽഭിത്തി നിർമാണം നടക്കുന്നേയില്ല. കാലങ്ങളായുള്ള ദുരിതം അവസാനിപ്പിക്കാൻ അധികാരികൾ യാതൊരു നടപടിയും കാര്യമായി സ്വീകരിക്കാത്തതിലുള്ള നാട്ടുകാരുടെ പ്രതിഷേധമാണ് ഉപരോധത്തിലൂടെ പുറത്തുവന്നത്. അതിന് കിട്ടയതാവട്ടെ പോലീസ് കേസും.
ഇത്തരം നടപടികളിൽ ഭയന്ന് പിന്നോട്ടില്ലെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. തങ്ങളുടെ ആവശ്യം നിറവേറുന്നതുവരെ പോരാട്ടം തുടരും.
സുരക്ഷാഭിത്തി തീർക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾ
ജിയോ ട്യൂബ് നിർമാണം പാതിവഴി നിലച്ചതോടെ തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാൻ തങ്ങൾ മാത്രമേയുള്ളൂവെന്ന തിരിച്ചറിവാണ് നാട്ടുകാരെ കടൽഭിത്തി നിർമാണത്തിന് പ്രേരിപ്പിക്കുന്നത്. അധികാരികളോട് നിലവിളിച്ച് മടുത്തതോടെ പ്രദേശവാസികൾ ഒന്നടങ്കം രംഗത്തിറങ്ങിയിരിക്കുകയാണ്. ചാക്കിൽ മണ്ണ് നിറച്ചും പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ഉപയോഗിച്ചും തടയണ തീർക്കുകയാണ് ഇവർ.
തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് പണികൾ പുരോഗമിക്കുന്നത്. ചാക്കിന് പുറമേ ചെന്നൈയിൽ നിന്നെത്തിച്ച ജിയോ ബാഗുകളിലും മണ്ണ് നിറയ്ക്കുന്ന ജോലികളും നടന്നുവരികയാണ്. ആറ് മാസംവരെ ഇവ കേടുപാടുകൾ കൂടാതെ നിൽക്കും. അതിനിടെ ഇടയ്ക്കിടെ പെയ്യുന്ന മഴയും ആർത്തലച്ചെത്തുന്ന തിരമാലകളും ഇവരുടെ ജോലിയെ സാരമായി ബാധിക്കുന്നുണ്ട്. ചില സന്നദ്ധസംഘടനകളും നാട്ടുകാരെ സഹായിക്കാൻ രംഗത്തെത്തിയിട്ടുണ്ട്.
ജിയോ ട്യൂബ്
കടൽക്ഷോഭം നേരിടുന്നതിന് കരിങ്കൽ ഭിത്തിക്ക് സമാനമായി സ്ഥാപിക്കുന്ന സംവിധാനമാണ് ജിയോ ട്യൂബ്. 25 മീറ്റർ നീളമുള്ള ട്യൂബിന് 2.5 മീറ്റർ ഉയരമാണുള്ളത്. ഉയർന്ന മർദത്തിൽ മണൽ അടിച്ചു കയറ്റിയാണ് ജിയോ ട്യൂബ് ഒരുക്കുന്നത്. ഇങ്ങനെയുള്ള ട്യൂബുകൾ തീരത്ത് നിരത്തി കടലാക്രമണം തടയുകയാണ് ലക്ഷ്യം. കടൽഭിത്തി പോലെയാണ് ഇത് സ്ഥാപിക്കുക.
കടൽവെള്ളം അടിച്ചാലും മണലുമായി ചേർന്ന് ഇത് പാറപോലെ ഉറച്ചുനിൽക്കും. കേരളത്തിൽ പലയിടത്തും ഇത് വിജയകരമായിട്ടുണ്ട്. മൂന്നു വർഷത്തേക്കെങ്കിലും ഇവ കേടുകൂടാതെ നിൽക്കും.
കരിങ്കൽ ഉപയോഗിച്ച് ഭിത്തി കെട്ടാൻ ഓരോ വർഷവും ചെലവാക്കുന്ന തുക ഇതിനായി ഉപയോഗിക്കാനാകും. കല്ലുകൾ ഒഴുകിപ്പോയി മത്സ്യബന്ധനത്തിന് തടസമാകുന്നതും ഇതിലൂടെ പരിഹരിക്കാം . (തുടരും)
ജെറി എം. തോമസ്