ചെല്ലാനത്തെ മണ്ണുനിറഞ്ഞ വീടുകൾ!
Tuesday, June 25, 2019 3:33 PM IST
കൊച്ചി: മഹാപ്രളയത്തിൽ രക്ഷാകരങ്ങളുമായി മുൻനിരയിൽ നിന്നവർ.... ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചവർ.... ഒടുവിൽ സംസ്ഥാനം ഒന്നടങ്കം അവരെ വിളിച്ചു കേരളത്തിന്റെ സൈന്യം. എന്നാൽ, ഇന്നോ?. സ്വന്തം പാർപ്പിടവും വസ്തുവകകളും കടലെടുക്കുന്നത് അവർക്കു നിസഹായതയോടെ നോക്കിനിൽക്കേണ്ടി വന്നിരിക്കുന്നു.
കാലവർഷവും കടലും കലിതുള്ളിയതോടെയാണ് എറണാകുളത്തിന്റെ തീരപ്രദേശമായ ചെല്ലാനത്തു നാശനഷ്ടങ്ങളുടെ ആരംഭം. കടലിനോടു ചേർന്നാണ് വീടുകളിലേറെയും. വേളാങ്കണ്ണി തുടങ്ങി ചെല്ലാനം ബസാർ, വാച്ചാക്കൽ, കമ്പനിപ്പടി, ചെറിയ കടവിൽ എന്നീ പ്രദേശങ്ങളെയാണു കടലാക്രമണം രൂക്ഷമായി ബാധിച്ചത്. നൂറുകണക്കിനു വീടുകളാണു പ്രദേശത്തു ഭാഗികമായി തകർന്നത്. പലതും ഇപ്പോഴും വാസയോഗ്യമായിട്ടില്ല. കടലാക്രമണത്തെ ചെറുക്കാൻ കടൽഭിത്തിയും പുലിമുട്ടുകളും ആവശ്യത്തിനില്ലാത്തതു നാശനഷ്ടങ്ങളുടെ വ്യാപ്തി കൂട്ടുകയാണ്. ചെല്ലാനം ബസാർ കടപ്പുറത്തു മാത്രം നൂറ്റമ്പതോളം വീടുകളാണു കടലാക്രമണത്തിൽ തകർന്നത്.
തിര കയറിയ വീട്
ശക്തമായി ഉയർന്നു പൊങ്ങിവരുന്ന തിരമാലകൾക്കൊപ്പം കടൽമണ്ണും വീടിനുള്ളിലേക്ക് അടിച്ചുകയറുന്നു. ഇത്തരത്തിൽ കയറിയ മണ്ണ് നൂറുകണക്കിനു വീടുകളിൽനിന്ന് നീക്കം ചെയ്യുന്ന ജോലികൾ ഇപ്പോഴും നടക്കുന്നു. പ്രദേശവാസികൾ പലരും ബന്ധുവീടുകളിലാണു താമസം. പല വീടുകളുടെയും വരാന്തയ്ക്കൊപ്പമാണ് മണ്ണ് അടിഞ്ഞുകൂടിയിട്ടുള്ളത്. ചുറ്റുമതിലും കിണറുകളും മൂടിപ്പോയ വീടുകൾ വേറെയും. അധികമായി അടിഞ്ഞു കൂടിയ മണ്ണ് ജെസിബി ഉപയോഗിച്ചു നീക്കം ചെയ്യുന്നുണ്ടെങ്കിലും റോഡിൽനിന്ന് ഉള്ളിലേക്കു താമസിക്കുന്നവർ പലരും ദിവസങ്ങളോളം അധ്വാനിച്ചു കോരിക്കളയുകയാണ്. മണ്ണ് നീക്കിയാലും കഴുകിത്തുടച്ചു വൃത്തിയായി ഉണങ്ങി വരണമെങ്കിൽ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്നു വീട്ടുടമകൾ പറയുന്നു.
മനുഷ്യജീവൻ ഒഴിച്ചാൽ 2017ൽ കേരള തീരത്ത് ആഞ്ഞടിച്ച ഓഖിയേക്കാൾ കനത്ത നാശമാണു ചെല്ലാനത്ത് ഇക്കുറി കടലാക്രമണം മൂലം സംഭവിച്ചിട്ടുള്ളതെന്നു ചെല്ലാനം ബസാർ സ്വദേശി രവി പറഞ്ഞു. ഉപ്പുവെള്ളത്തിനൊപ്പം മണ്ണും ചെളിയും നിറഞ്ഞതോടെ ഇലക്ട്രോണിക് സാധനങ്ങൾ പലതും ഉപയോഗശൂന്യമായി. പലരും ഭക്ഷണം പാകം ചെയ്യുന്നതു പോലും വീടിനു വെളിയിലാണ്. പൊട്ടിപൊളിഞ്ഞ ഭിത്തിയും വെള്ളം കയറി നശിച്ച ഗൃഹോപകരണങ്ങളും ഉണങ്ങാത്ത തുണികളുമാണ് ചെല്ലാനം മേഖലയിലെ ഒട്ടുമിക്ക വീടുകളുടെ മുന്നിലെയും ദൃശ്യം. സൈന്യം എന്ന് വിശേഷിപ്പിച്ചു വാനോളം പുകഴ്ത്തിയ പലരും പിന്നീട് ഈ വഴി വന്നിട്ടില്ലെന്നു നാട്ടുകാർ ഒന്നടങ്കം പറയുന്നു. 20 വർഷം മുന്പ് സ്ഥാപിച്ച കരിങ്കൽ കൂട്ടങ്ങൾ മാത്രമാണ് ഇപ്പോഴും ചെല്ലാനത്തു കടലാക്രമണം തടയാനുള്ളത്. പല സ്ഥലങ്ങളിലും തിരമാലകൾ അടിച്ചു വലിയ കല്ല് തകർന്ന് ചെറിയ കഷണങ്ങളായി മാറിയിട്ടുണ്ട്.
കടൽഭിത്തി നിർമാണം വൈകുന്നതിലും തുടരെയുണ്ടാകുന്ന നാശനഷ്ടങ്ങളിൽ അധികൃതർ കാര്യമായ ശ്രദ്ധ ചെലുത്താത്തതിലും പ്രതിഷേധിച്ചു നാട്ടുകാരുടെ നേതൃത്വത്തിൽ രൂപംകൊണ്ട സമരസമിതി ഇക്കഴിഞ്ഞ 12ന് ചെല്ലാനം സന്ദർശിക്കാനെത്തിയ കളക്ടറെ തടഞ്ഞു. പ്രദേശത്തെ 300ഓളം വീടുകൾ വെള്ളം കയറി നശിച്ചിട്ടും സംരക്ഷണം ഒരുക്കാൻ അധികാരികൾ തയാറാകാത്തതിനെ തുടർന്നായിരുന്നു ഇത്. നിലവിൽ വേളാങ്കണ്ണി മുതൽ വാച്ചാക്കൽ വരെ 350 ഓളം വീടുകളാണു കടലാക്രമണത്തിൽ ദുരിതമനുഭവിക്കുന്നത്.
താമസിക്കാനാവാതെ
കഴിഞ്ഞ പ്രളയത്തിൽ വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണു മരിച്ച റെക്സന്റെ വീടും പരിസരവും മണ്ണ് നിറഞ്ഞ നിലയിലാണ്. സർവതും വെള്ളം കയറി നശിച്ചതോടെ റെക്സന്റെ ഭാര്യ പ്രഭ മൂന്നു കുട്ടികളെയും കൂട്ടി പള്ളിത്തോടുള്ള സ്വന്തം വീട്ടിലേക്കു താമസം മാറ്റി. വീടും പരിസരവും പഴയപടി ആക്കാൻ വൻ തുക വേണം. വീടുകളുടെ പിൻവശവും അടുക്കളയും നഷ്ടപ്പെട്ടവരാണ് ഏറെയും. കടലിന് എതിർദിശയിലേക്കു തിരിഞ്ഞാണ് വീടുകൾ ഭൂരിഭാഗവും. അതിനിടെ ട്രോളിംഗ് നിരോധനവും തീരദേശത്തെ കടുത്ത ദാരിദ്ര്യത്തിലാക്കി. മത്സ്യത്തൊഴിലാളികൾ പലരും ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരിക്കുകയാണ്. മഴ മാറി എത്രയും വേഗം കടൽ ശാന്തമായില്ലെങ്കിൽ തീരദേശം മുഴുപ്പട്ടിണിയിലാകുമെന്ന് ഇവർ പറയുന്നു. വായ്പയെടുത്തും അധ്വാനിച്ചു സ്വരുക്കൂട്ടിയതും ചെലവഴിച്ച് പണി തുടങ്ങിയ വീടുകൾ പലതും പാതി വഴിയിൽ നിർമാണം നിലച്ച നിലയിലാണ്. കടലെടുക്കാനാണെങ്കിൽ പിന്നെ എന്തിനാണു പണിയുന്നതെന്നാണ് പലരുടെയും ചോദ്യം.
ദുരിതാശ്വാസ ക്യാന്പ് ബഹിഷ്കരിച്ചു നാട്ടുകാർ
കടലാക്രമണം രൂക്ഷമായതിനെത്തുടർന്നു വീടുകളിൽ വെള്ളം കയറിയതോടെ ചെല്ലാനത്ത് ദുരിതാശ്വാസ ക്യാന്പ് ആരംഭിച്ചെങ്കിലും നാട്ടുകാർ ഒന്നടങ്കം ക്യാന്പ് ബഹിഷ്കരിച്ചു. ഇവിടെ കിടന്നു മരിക്കേണ്ടി വന്നാലും ക്യാന്പുകളിലേക്ക് ഇല്ല എന്നാണ് നാട്ടുകാർ പറയുന്നത്
ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ സുരക്ഷിതത്വം ഒരുക്കാതായതോടെ ചോര നീരാക്കി പണിത വീടുപോലും പലർക്കും നഷ്ടമായി. കിടപ്പാടം നഷ്ടമായെങ്കിലും ഇനി വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് ഉറച്ച തീരുമാനത്തിലാണിവർ. വർഷങ്ങളായി ആവശ്യപ്പെടുന്ന കടൽഭിത്തി നിർമാണം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. 20 വർഷം മുന്പ് തീരത്തു നിരത്തിയ കരിങ്കല്ലുകൾ ഒഴിച്ചാൽ പിന്നീടുള്ള വർഷങ്ങളിൽ കാര്യമായ നടപടികളൊന്നും അധികൃതർ കൈക്കൊണ്ടില്ലെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. തീരദേശവാസികൾക്കു മതിയായ സംരക്ഷണം ഒരുക്കാതെ പ്രതിഷേധ പരിപാടികളിൽ നിന്നു പിന്നോട്ടില്ലെന്നും ഇവർ ഒറ്റക്കെട്ടായി പറയുന്നു.
തുടരും...
ജെറി എം. തോമസ്