തിരിച്ചറിയുക...ഈ തീരം ഞങ്ങളുടെ ജീവിതം
Monday, June 24, 2019 3:02 PM IST
“തീരത്തുനിന്നു കിലോമീറ്ററുകൾ അകലെ പോയി താമസിച്ചാൽ മീൻലഭ്യതയുള്ള ദിവസങ്ങളിൽ ഞങ്ങളെങ്ങനെ ഓടിയെത്തും, പെട്ടെന്നൊരു ക്ഷോഭമുണ്ടായാൽ കടൽത്തീരത്തു കയറ്റിവച്ചിരിക്കുന്ന പണിയുപകരണങ്ങളെ എങ്ങനെ സംരക്ഷിക്കും. അതിനാൽ തീരത്തുനിന്നു മാറിയൊരു ജീവിതം എന്നതു ചിന്തിക്കാൻ പറ്റില്ല’’ - തീരത്തെ ഓരോ മത്സ്യത്തൊഴിലാളിയുടെയും വാക്കുകളാണിത്.
ഉള്ള കൂരയിൽ ഒരുതരത്തിലും കഴിയാൻ പറ്റാത്ത സാഹചര്യത്തിലാണ് പലരും ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും അഭയം തേടുന്നത്. നിവൃത്തികേടു കൊണ്ടു മാത്രമാണ് തീരത്തുനിന്നു ദൂരെ മാറി താമസിക്കാൻ സന്നദ്ധരാകുന്നതും.
തീരദേശ പരിപാലന നിയമപ്രകാരം പല പഞ്ചായത്തുകളിലും തീരത്തുനിന്ന് 200 മീറ്റർ മാറി മാത്രമേ പുതിയ വീടുകൾ വയ്ക്കാനാകൂ. വർഷങ്ങൾക്കു മുന്‍പു നിലവിലുള്ള വീടുകൾ പണിയുന്പോൾ തീരത്തുനിന്ന് ഏറെ മാറിയായിരുന്നു നിർമിച്ചിരുന്നത്.
എന്നാൽ, കര കടലെടുത്തു വന്നതോടെ ആ വീടുകൾ വെള്ളത്തിലെന്ന അവസ്ഥയായി. ഇനിയും 200 മീറ്റർ മാറി വീടു വച്ചാലും അതും കടലെടുക്കില്ലെന്ന് എന്താ ഉറപ്പെന്ന മറുചോദ്യവും മത്സ്യത്തൊഴികൾ ഉയർത്തുന്നു. കടലിനോടു ചേർന്നല്ലാതെയുള്ള ഒരു ജീവിതം അവർക്കു സാധ്യമല്ലതന്നെ.
തീരം രാജ്യത്തിന്റെ അതിർത്തി
രാജ്യത്തിന്റെ അതിർത്തി കൂടിയായ കടൽത്തീരം സംരക്ഷിക്കാൻ പാക്കേജ് കൊണ്ടുവരികയെന്നതു പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. രാജ്യത്തിന്റെ മറ്റ് അതിർത്തികൾ സംരക്ഷിക്കുന്നതു പോലെ തീരവും സംരക്ഷിക്കപ്പെടണം. കുട്ടനാട് പാക്കേജ് പോലെ ഐഐടിയിലേയോ ഓഷ്യൻ ടെക്നോളജി രംഗത്തെ മികവുറ്റവരോ ആയ ശാസ്ത്രജ്ഞൻമാരെ ഉൾപ്പെടുത്തി കൃത്യമായ പഠനം നടത്തി ദീർഘ വീക്ഷണത്തോടെ പാക്കേജ് തയാറാക്കി സുതാര്യമായി നടപ്പാക്കണമെന്ന് ആലപ്പുഴ രൂപത സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. സേവ്യർ കുടിയാംശേരിയെ പോലുള്ളവർ പറയുന്നു. കടലോരത്തിനു വേണ്ടി വകയിരുത്തുന്ന പണമെടുത്തു മലയോരം സംരക്ഷിക്കുന്ന തരത്തിലുള്ള നടപ്പിലാക്കലല്ല വേണ്ടത്.
തീരങ്ങളിലടക്കം പല വൻകിട പദ്ധതികളും നടപ്പിലാക്കുന്പോൾ നടത്തുന്ന പരിസ്ഥിതി ആഘാത പഠനങ്ങളെ വിലയിരുത്തി അതിൽ നിർദേശിക്കുന്ന നടപടികളും നടപ്പാക്കണം. അതിനെ സമ്മതം കിട്ടാനുള്ള രേഖയായി മാത്രം കാണുന്നതാണു പല തീരങ്ങളിലും കടലാക്രമണ ഭീഷണി ശക്തമാകാൻ കാരണം. വർഷങ്ങൾക്കു മുന്‍പ് ഡോ. വേലുക്കുട്ടി അരയനെ പോലുള്ള വിദഗ്ധർ മുന്നോട്ടുവച്ച കടലിലേക്ക് 200 മീറ്റർ മാറി കടൽഭിത്തി കെട്ടി (കടലിൽ ഡ്രഡ്ജ് ചെയ്ത്) ഇപ്പുറം കായൽ പോലെ നിർത്തി തീരത്തെ കരമേഖലയെ സംരക്ഷിക്കുന്ന പദ്ധതികളും പുനഃപരിശോധനയ്ക്കു വിധേയമാക്കണമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.
ഭിത്തി വാക്കിലൊതുക്കരുത്
നിയമവും അതിന്റെ കുരുക്കുകളും ഒക്കെയുണ്ടെങ്കിലും അടിയന്തരമായി തങ്ങൾക്ക് ആവശ്യം തകരാതെ നിൽക്കുന്ന ഉള്ള വീടുകൾക്കുള്ള സംരക്ഷണമാണെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. അതിനായി കരിങ്കല്ലോ ജിയോട്യൂബോ ഉപയോഗിച്ച് അടിയന്തരമായി കടൽഭിത്തിയൊരുക്കണം. കടലാക്രമണത്തിന്റെ ശക്തി കുറയുന്പോൾ കൂടുതൽ വ്യക്തതയോടെ ശാസ്ത്രീയമായി ഭാവിയിലേക്കുതകുന്ന സംവിധാനം നടപ്പാക്കണം. ഉള്ള കടൽഭിത്തി പോലും കൃത്യമായ അറ്റകുറ്റപ്പണി ഇല്ലാതെ തകർന്നു. ദുരന്തം ഉണ്ടാകുന്പോൾ മാത്രം അന്വേഷിക്കാതെ അതുണ്ടാകാതിരിക്കാനുള്ള നടപടിയാണ് വേണ്ടത്. ഒപ്പം വീടുകൾ നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസ പാക്കേജുകൾ കാലതാമസം കൂടാതെ നടപ്പിലാക്കി അടിയന്തരസഹായം നൽകണം.
തീരവും നിയമവും
കോസ്റ്റൽ റെഗുലേഷൻ സോണ്‍(സിആർസെഡ്) നോട്ടിഫിക്കേഷൻ 1991 പ്രകാരമായിരുന്നു തീരദേശത്തെ നിർമാണങ്ങളും മറ്റും നടത്തിയിരുന്നത്. 2011 ജനുവരിയിൽ ഇതു പരിഷ്കരിച്ചു. കോസ്റ്റൽ സോണ്‍ മാനേജ്മെന്റിന്റെ അളവുകൾ പ്രകാരമായിരുന്നു തീരത്തുനിന്ന് എത്ര മാറിയാകണം നിർമാണമെന്നു തീരുമാനിച്ചിരുന്നത്. തീരത്തേക്കടിച്ചെത്തുന്ന തിരമാലയെ ആധാരമാക്കിയുള്ള ഹൈ ടൈഡ് ലൈനിൽ(എച്ച്ടിഎൽ)നിന്ന് 500 മീറ്റർ മാറിയായിരുന്നു ആദ്യം നിർമാണം നടത്താൻഅനുമതി. പിന്നീടത് 200 ആയി. സിആർസെഡിന്റെ വണ്‍, ടു, ത്രി തുടങ്ങിയ വിവിധ ഘടകങ്ങളും ഉപഘടകങ്ങളും ആധാരമാക്കിയാണ് പല മേഖലകളിലും ഈ അനുമതി നൽകുന്നതും.
2018 ഡിസംബറിൽ പുതിയ നോട്ടിഫിക്കേഷനു കാബിനറ്റ് അംഗീകാരം നൽകി 2019ൽ നിയമം ആയെങ്കിലും നടപ്പിലാക്കി തുടങ്ങിയിട്ടില്ല. സിആർസെഡ്-ത്രീ എ വരുന്ന മേഖലയിൽ (ജനസാന്ദ്രത കൂടിയ ഇടങ്ങൾ-ഒരു സ്ക്വയർ കിലോമീറ്ററിൽ 2,161 ജനസംഖ്യ) എച്ച്ടിഎല്ലിൽനിന്നുള്ള അകലത്തിൽ കുറവു വരുത്തിയിട്ടുമുണ്ട്.
ദേശീയപാതയിൽനിന്നുള്ള ദൂരം, പ്രദേശത്തെ ജനസാന്ദ്രത തുടങ്ങിയവയെല്ലാം അടിസ്ഥാനമാക്കി നിയമത്തിൽ ഇളവുകളുണ്ടെങ്കിലും ശരിയായ രീതിയിൽ കൈകാര്യം ചെയ്യാത്തതിനാൽ പലേടത്തും ഇളവ് ലഭ്യമാകുന്നില്ലെന്നാണ് ആക്ഷേപം. യഥാർഥ ജനസംഖ്യയുടെ കണക്കുകൾ പല പഞ്ചായത്തുകളും ബോധ്യപ്പെടുത്തിയിട്ടില്ല. തീരത്തെ കെട്ടിടങ്ങൾ നിലവിലുള്ള സ്ക്വയർ ഫീറ്റിൽ പുതുക്കിപ്പണിയാമെന്നതാണു നിയമത്തിലെ വ്യവസ്ഥ.
എന്നാൽ, പല പഞ്ചായത്തുകളും അനുമതി നിഷേധിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ അനുവദിച്ചാൽത്തന്നെ ഇരട്ടിക്കരവും നല്‍കേണ്ടി വരുന്നുവെന്നും ഇവർക്കു പരാതിയുണ്ട്. അതേസമയം, വൻകിടക്കാർക്കു റിസോർട്ടുകളടക്കം പണിയാൻ നിയമക്കുരുക്കുകൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തം. മത്സ്യത്തൊഴിലാളിക്ക് വീടു വയ്ക്കണമെങ്കിൽ 200 മീറ്ററിനപ്പുറം പോകണമെന്നും വൻകിടക്കാർക്കു പത്തു മീറ്റർ അകലത്തു പോലും നിർമാണം നടത്താനാകുന്നുവെന്നുമാണ് പ്രധാന പരാതി.
(തുടരും)
വി.എസ്. ഉമേഷ്