ഒരു വർഷമായി ദുരിതങ്ങളുടെ ക്യാന്പിൽ...
Saturday, June 22, 2019 2:52 PM IST
ആലപ്പുഴ മെഡിക്കൽ കോളജിലെ ലക്ചർ ഹാൾ രാവിലെ മുതൽ ശബ്ദായമാനമാണ്. എന്നാൽ, മനുഷ്യശരീരത്തെക്കുറിച്ചു പഠിക്കാനെത്തിയവരുടെ ആകാംക്ഷാഭരിതമായ ചർച്ചകളല്ല. 45-ഓളം വരുന്ന വയറുകൾ ഇന്നെങ്ങനെ നിറയ്ക്കുമെന്ന ആശങ്കയാണ് അവിടെ മുഴങ്ങുന്നത്. കടലാക്രമണത്തിന്റെ രൂക്ഷതയിൽനിന്നു രക്ഷ തേടിയെത്തിയ ഒന്പതു കുടുംബങ്ങളാണ് ഒരു വർഷമായി ഇവിടെ കഴിയുന്നത്. കുട്ടികൾ പലരും സ്കൂളിലേക്കു പോയി. ഗൃഹനാഥന്മാർ മിക്ക ദിവസവും രാവിലെ കടപ്പുറത്തെത്തും, പതിയെ തിരികെ പോരും.
കഴിഞ്ഞ വർഷം ഏതാണ്ട് ഇതേസമയത്ത് അഭയാർഥികളായി ഇവിടേക്ക് എത്തിയതാണ് ഇവർ. 17 കുടുംബങ്ങളാണ് അന്നു വന്നത്. ആദ്യമുണ്ടായിരുന്ന 17 കുടുംബങ്ങളിൽ പലരും കിട്ടിയ പൈസകൊണ്ടു സ്ഥലമൊക്കെ വാങ്ങി ചെറിയ ഷെഡും വച്ചു താമസമായപ്പോൾ ശേഷിക്കുന്നവർക്കു കിട്ടുന്ന തുക വച്ചു സ്ഥലം പോലും വാങ്ങാൻ കഴിയുന്നില്ല.
അന്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 15, ഒന്ന് വാർഡുകളിലെ പുതുവൽ കുഞ്ഞുമോൻ, പ്രഭ, സാബു, സജി, ഗീത, ചന്ദ്രബാബു, അശോകൻ, മണിവർഗീസ്, വിഷ്ണു എന്നിവരുടെ കുടുംബങ്ങളാണ് ഇപ്പോൾ ഇവിടെ കഴിയുന്നത്. ആദ്യകാലങ്ങളിൽ ഏതാണ്ട് രണ്ടുമാസ ആനുകൂല്യം കിട്ടി. പ്രളയകാലത്തു ചില സംഘടനകളുടെയും സർക്കാരിന്റെയും സഹായം കിട്ടി. പിന്നെ പണിയെടുത്തായി ഉപജീവനം. ഇപ്പോൾ പണിയും ഇല്ലാതായതോടെ കടം വാങ്ങിയും ദുരിതത്തിലുമായി മുന്നോട്ടുനീങ്ങുന്നു. ഇപ്പോൾ സഹായവുമില്ല, സൗജന്യ റേഷനുമില്ല. എന്നെങ്കിലും കടൽ ശാന്തമാകുന്പോൾ, ചാകര വരുന്പോൾ കടം വീട്ടാമെന്ന പ്രതീക്ഷ മാത്രം.
പത്തു ലക്ഷം രൂപയാണു സ്ഥലം വാങ്ങി വീടുവയ്ക്കാനായി സർക്കാർ അനുവദിക്കുന്നത്. ആറു ലക്ഷം സ്ഥലത്തിനും നാലു ലക്ഷം വീടിനും. മൂന്നു സെന്റ് സ്ഥലം പോലും ആറു ലക്ഷത്തിനു കിട്ടില്ലെന്നതാണ് അവസ്ഥയെന്ന് ഇവർ പറയുന്നു. നാലു ലക്ഷംകൊണ്ട് എങ്ങനെ അടച്ചുറപ്പുള്ള വീടുവയ്ക്കാനാണ്. സ്ഥലംവാങ്ങുന്പോൾ ആരിൽനിന്നാണോ വാങ്ങുന്നത് അയാളുടെ പേരിലേക്കാണു പണം വരുന്നതെന്നതിനാൽ എഴുത്തുകൂലി കൈയിൽനിന്നു മുടക്കേണ്ട അവസ്ഥയിലാണു തങ്ങളെന്നു ദുരിതാശ്വാസ ക്യാന്പുകളിലെ താമസക്കാർ പറയുന്നു. പോയവർതന്നെ ഷെഡുകളിലാണ് താമസം. തോട്ടപ്പള്ളിയിൽ ഫ്ളാറ്റ് പണി തീരുന്പോൾ അവിടെ താമസത്തിനിട കിട്ടുമെന്നാണ് ഇവരുടെ പ്രതീക്ഷ.
തങ്ങളുടെയെല്ലാം ചെറുപ്പകാലത്തു കിലോമീറ്റർ പടിഞ്ഞാറേക്കു മാറിയായിരുന്നു കടൽ. ഇപ്പോഴതു വീടെടുത്തെങ്കിലും കടലമ്മയെ പിരിഞ്ഞൊരു ജീവിതം ചിന്തിക്കാനേ കഴിയില്ല. അതുകൊണ്ടാണ് ഇവിടെനിന്നു മാറാത്തതും. ക്യാന്പിൽനിന്നു മൂന്നു നാലു കിലോമീറ്റർ അപ്പുറത്താണു കടലെങ്കിലും പുലർച്ചെ എഴുന്നേറ്റു പോകുമായിരുന്നു -ഉപജീവനം കഴിക്കണ്ടേ. കുട്ടികൾക്കു സ്കൂളിലേക്കു പോകണമെങ്കിലും യാത്ര കൂടുതലാണ്. ഇവരെ കൂടാതെ ഈ മേഖലയിൽ വണ്ടാനം ശിശുവിഹാറിലും പുറക്കാട് പഴയ പഞ്ചായത്തിലുമുള്ള ക്യാന്പുകളിലും കുടുംബങ്ങൾ താമസമുണ്ട്.
അധികൃതർക്ക് മെല്ലെപ്പോക്ക്
അധികൃതരുടെ അയഞ്ഞ സമീപനമാണു തീരമേഖലയെ ഏറെ ദുരിതത്തിലാക്കുന്നതെന്നാണ് അന്പലപ്പുഴ മേഖലയിലുള്ളവരും ചേർത്തല മേഖലയിലുള്ളവരും ഏകസ്വരത്തിൽ പറയുന്നത്. കടലിൽ പോകാനാകാത്തതിനാൽ പണിയുമില്ല, സൗജന്യ റേഷൻ അടക്കം ഒന്നുമില്ല. കടപ്പുറത്തെ പൊളിയാറായ കൂരയിൽ കിടന്നാലും ക്യാന്പുകൾ നടക്കുന്ന കെട്ടിടത്തിലെ സിമന്റുതറയിൽ കിടന്നാലും ഒന്നുപോലെ തന്നെയല്ലേ - ക്യാന്പിൽ പോകാത്തതെന്തെന്ന ചോദ്യത്തിന് മത്സ്യത്തൊഴിലാളികളുടെ ആദ്യമറുപടി തന്നെ ഇതാണ്. ഇവിടെ കിടന്നാൽ അവശേഷിക്കുന്ന സാധനങ്ങളെങ്കിലും സംരക്ഷിക്കാമല്ലോ. പണിയുണ്ടാകുന്പോൾ പെട്ടെന്നു പോകാൻ സൗകര്യവും കടപ്പുറത്തു നിൽക്കുന്നതു തന്നെയാണ്.
കടൽക്ഷോഭം രൂക്ഷമായപ്പോൾ ഒറ്റമശേരിയിലും അന്പലപ്പുഴയിലും പ്രതിഷേധങ്ങളും ഉയർന്നിരുന്നു.
കളക്ടറും എസ്പിയുമടക്കം വന്ന് ആശ്വസിപ്പിച്ച് നടപടികളും പ്രഖ്യാപിച്ച് മടങ്ങി. പ്രഖ്യാപനം മാത്രമേയുണ്ടായുള്ളൂ, ഇതുവരെ ഒന്നും കാര്യമായി നടന്നില്ലെന്നും മാരാരിക്കുളം വടക്ക് പഞ്ചായത്തംഗവും ആലപ്പുഴ രൂപത സോഷ്യൽ ആക്ഷൻ കൗണ്സിൽ സെക്രട്ടറിയുമായ രാജു ഈരശേരിൽ പറയുന്നു.
സഹായഹസ്തവുമായി അവരെത്തി
കേരളത്തിന്റെ സ്വന്തം സൈന്യത്തിന് സഹായഹസ്തവുമായി ഒാടിയെത്തിയത് ആലപ്പുഴ രൂപതയും ചങ്ങനാശേരി അതിരൂപതയും. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ, സഹായ മെത്രാൻ ഡോ. ജെയിംസ് റാഫേൽ ആനാപറന്പിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൈദികരുടെ സംഘം തന്നെ നേരിട്ടെത്തി കാര്യങ്ങൾ മനസിലാക്കി. ജനകീയസമരത്തിനൊപ്പവും നിന്നു.
തിരമാലയുടെ കാഠിന്യം കുറയ്ക്കുന്നതിനു ജിയോട്യൂബുകൾ നിക്ഷേപിക്കുന്നതിനുമടക്കം ആലപ്പുഴ രൂപതയുടെ സോഷ്യൽ ആക്ഷൻ ടീമും ആലപ്പി ഡിസാസ്റ്റർ റിഡക്ഷൻ ടീമും സജീവമായി രംഗത്തുണ്ടായിരുന്നു. ഉള്ള വീടുകളെ സംരക്ഷിക്കുകയെന്ന നിലപാടിലായിരുന്നു ഇവർ സജീവമായത്. ബിഷപ്പുമാർ തീരത്തു നേരിട്ടെത്തി അവരുടെ പ്രശ്നങ്ങളെ അടുത്തറിഞ്ഞ് അവ അധികൃതർക്കു മുന്നിലെത്തിക്കാനും ശ്രമം നടത്തി. വൈദികരും അല്മായ സമൂഹവും സമരരംഗത്തും സജീവമായുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഒറ്റമശേരിയിൽ നടന്ന കടലിലെ നില്പുസമരത്തിനും വൈദികർ സജീവമായെത്തി. ഇതുകൂടാതെ ആലപ്പുഴ ഫൊറോനയിലെയും ഇടവകകളിലെയും പള്ളികളും സംഘടനകളും കടലിന്റെ മക്കളെ സംരക്ഷിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഞായറാഴ്ചകളിലടക്കം അതിനു വേണ്ട പ്രവർത്തനം ഉൗർജിതമാക്കാനാണു തീരുമാനം.
ടെൻഡർ എടുക്കാനാളില്ല
കടൽഭിത്തി നിർമിക്കാൻ ടെൻഡർ വിളിച്ചിട്ട് ആരും വരാത്തതിനെത്തുടർന്ന് 24 വരെ ഇതു നീട്ടിയിരിക്കുകയാണ്. ഇറിഗേഷൻ വകുപ്പിൽനിന്നു പണം ലഭിക്കുന്നതിനുള്ള കാലതാമസമാണ് കരാറുകാരെ പിന്തിരിപ്പിക്കുന്നതെന്നാണു രാജു പറയുന്നതും. ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ചിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിസാസ്റ്റർ മാനേജ്മെന്റ് മീറ്റിംഗുകളിൽ പോലും ബന്ധപ്പെട്ട പ്രധാനികൾ ആരും എത്തുന്നില്ല. കഴിഞ്ഞ ദിവസം മാരാരിക്കുളം വടക്ക് വിളിച്ചുചേർത്ത യോഗത്തിൽ പ്രധാനപ്പെട്ടവർ ആരുമില്ലായിരുന്നുവെന്നും രാജു കുറ്റപ്പെടുത്തി.
ഒറ്റമശേരി മേഖലയിൽ രണ്ടുവീട് പൂർണമായും തകർന്നപ്പോൾ പത്തിലധികം വീടുകൾ തകർച്ചാഭീഷണിയിലാണ്. ഇവിടെ സൗജന്യ റേഷൻ പോലുമില്ല. റോഡ് ഉപരോധവും റോഡിൽ കുടിൽകെട്ടി സമരവും കടലിൽ നില്പുസമരവും നടത്തി. എന്നിട്ടും ഫലമൊന്നുമില്ല. ഇനി കൂടുതൽ രൂക്ഷമായ സമരം നടത്തുകയേ രക്ഷയുള്ളൂവെന്നതാണ് തീരവാസികളുടെ വികാരവും. ഉള്ള ഭൂമിയും കുടിലും സംരക്ഷിച്ചെടുക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യവും. പ്രകൃതി കനിയുന്പോൾ നിയമം പ്രതികൂലമാകുന്നുവെന്നതായിരുന്നു ഇവരുടെ പരാതി. നിലിവിലുള്ള നിയമത്തിലൂന്നിനിന്നുകൊണ്ടുതന്നെ തങ്ങളുടെ ആവാസ വ്യവസ്ഥിതിയെ, അസ്തിത്വത്തെ സംരക്ഷിക്കുകയെന്നതാണ് ഇവർ മുന്നോട്ടുവയ്ക്കുന്ന ആവശ്യവും.
(തുടരും)
വി.എസ്. ഉമേഷ്