നടുക്കടലിൽ കേരളത്തിന്റെ സ്വന്തംസേന
Friday, June 21, 2019 4:40 PM IST
പുതുവൽ സുദർശന്റെയും കുടുംബത്തിന്റെയും വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു നല്ലൊരു വീട്. അതിനായി ഏറെക്കാലത്തെ കഠിനാധ്വാനത്തിലൂടെ അഞ്ചുലക്ഷത്തോളം രൂപ സ്വരുക്കൂട്ടി. സുനാമി പുനരുദ്ധാരണ പദ്ധതിയിൽനിന്നു ലഭിച്ച രണ്ടര ലക്ഷവും ചേർത്ത് വീടു പണിതു.
സുനാമിയുടെ ആഘാതം തീർത്ത ദുരിതങ്ങൾക്കൊടുവിൽ പൂവണിഞ്ഞ സ്വപ്നം. അന്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 15-ാം വാർഡിൽ നീർക്കുന്നത്ത് എട്ടുവർഷത്തോളം തലയുയർത്തിനിന്ന സുദർശന്റെ വീട് ഇന്ന് കടലോരത്ത് തകർന്നു കിടക്കുകയാണ്. ഇതുവരെ 50 മീറ്റർ അകലെയുള്ള കടൽഭിത്തിയിൽ വന്നടിച്ചിരുന്ന തിരമാലകളാണ് ഇക്കുറി തന്റെ വീടിനെ നിലംപരിശാക്കിയതെന്ന് പറയുമ്പോൾ സുദർശന്റെ കണ്ഠമിടറി, വാക്കുകൾ മുറിഞ്ഞു.
ഓഖിയിൽ തിരമാലകൾ വീശിയടിച്ചപ്പോൾ കടൽഭിത്തിക്ക് ഇളക്കമുണ്ടായി. അറ്റകുറ്റപ്പണികൾക്ക് അമാന്തമായപ്പോൾ പതിയെ കല്ലുകൾ ഇളകിപ്പോയി. തടസങ്ങളെ തട്ടിനീക്കി തിരകൾ ആഞ്ഞടിച്ചപ്പോൾ സുദർശന്റെ വീടിന്റെ അടിക്കല്ലും ഇളകി. സ്വപ്നസൗധം നിലംപതിച്ചപ്പോൾ ജീവിതം തന്നെ കടലെടുത്ത അനുഭവത്തിലാണ് സുദർശൻ. പണിയില്ല, കയറിക്കിടക്കാൻ ഇടമില്ല. കിട്ടിയ സാധനങ്ങളുമായി ഭാര്യ അന്പിളിക്കും മക്കളായ കൃഷ്ണപ്രിയയ്ക്കും അഖിലിനുമൊപ്പം സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയിരിക്കുകയാണ്.
തൊട്ടടുത്തു താമസിച്ചിരുന്ന അനുജന്റെ വീടും തകർന്നു. അവർ ബന്ധുവീട്ടിലാണ് എത്തിപ്പെട്ടിരിക്കുന്നത്. ഒരുവർഷം മുമ്പ് കേരളം വിറങ്ങലിച്ചുപോയ പ്രളയത്തിൽ അനേകരെ രക്ഷിച്ച നമ്മുടെ സ്വന്തം സൈന്യമാണ് ചെല്ലാനത്തും അന്പലപ്പുഴയിലുമൊക്കെയുള്ള തീരദേശജനത. വഞ്ചികളുമായി എത്തി പ്രളയത്തെ കൂസാതെ ജീവൻ പണയപ്പെടുത്തിയായിരുന്നു ഇവരുടെ രക്ഷാപ്രവർത്തനം. അന്ന് കേരളമൊന്നാകെ ഇവർക്കുമുന്നിൽ കൂപ്പുകൈകളുമായാണു നിന്നത്. എന്നാൽ ഇപ്പോൾ ഇവരെ ആർക്കും വേണ്ടാതായിരിക്കുന്നു.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നീണ്ടുകിടക്കുന്ന 600 കിലോമീറ്ററോളം വരുന്ന തീരത്തെ ഓരോ നിവാസിക്കും പറയാനുള്ളത് ഇതുപോലുള്ള ദുരന്തത്തിന്റെ ശേഷിപ്പുകളെ കുറിച്ചാണ്. സംസ്ഥാനത്തിന്റെ തീരത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന 18,865 കുടുംബങ്ങളാണ് ഇത്തരത്തിൽ ഭീഷണി നേരിടുന്നത്.
കടൽഭിത്തികൾ തകർത്ത് തിരമാലകൾ ആഞ്ഞടിച്ചെത്തി ദുരിതം വിതയ്ക്കുന്പോഴും പരിഹാര നടപടികൾ ഭിത്തികളിൽ തട്ടിനിൽക്കുന്നു എന്നതാണ് ഇവരുടെ മുഖ്യപരാതി.
തീരം കവരുന്ന തിര
തങ്ങളുടെയെല്ലാം കുട്ടിക്കാലത്ത് മീറ്ററുകൾക്കപ്പുറത്ത് വന്നടിച്ചിരുന്ന തിരമാലയാണ് ഇപ്പോൾ വീടുകൾക്കുള്ളിലേക്ക് എത്തിയിരിക്കുന്നത് എന്നാണ് മുതിർന്ന മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഓരോ വർഷവും കടൽ കൂടുതൽ തീരം കവർന്നെടുക്കുന്നു. നിരവധി വീടുകൾ തകരുന്നു. വീടും വീട്ടുസാധനങ്ങളും തൊഴിലുപകരണങ്ങളുമടക്കം നഷ്ടപ്പെട്ടതുവഴി മത്സ്യത്തൊഴിലാളികൾക്കുണ്ടായ നഷ്ടം കോടികളാണ്. വീടിരുന്ന സ്ഥലവും മിക്കവർക്കും നഷ്ടമായി.
കടൽഭിത്തി നിർമിച്ച് തീരംസംരക്ഷിക്കുകയാണ് ശാസ്ത്രീയമായ മാർഗം. കോടികൾ ചെലവഴിച്ചു നിർമിക്കുന്ന കടൽഭിത്തി യഥാസമയം അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കുകയും വേണം. എന്നാൽ ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചയും കടുത്ത അവഗണനയുമാണ് അധികൃതർ കാട്ടുന്നത് എന്നാണ് തീരദേശവാസികളുടെ എക്കാലത്തെയും പരാതി. അന്പലപ്പുഴ-തോട്ടപ്പള്ളി മേഖലകളിലും തകർന്ന കടൽഭിത്തികളിൽ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ലെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. കൃത്യമായ അറ്റകുറ്റപ്പണികളുടെ അഭാവമാണ് ഇവിടെ കടൽഭിത്തിയുടെ തകർച്ച രൂക്ഷമാക്കുന്നത്.
തീരമേഖലയിൽ നടപ്പാക്കുന്ന വൻകിടപദ്ധതികളുടെ ഇരകളും തീരവാസികളാണ്. ഇത്തരം പദ്ധതികൾ നടപ്പിലാക്കുമ്പോൾ പരിസ്ഥിതി ആഘാത പഠനങ്ങൾ നടത്താറുണ്ട്. എന്നാൽ ഇത്തരം പഠനങ്ങളിലെ നിർദേശങ്ങൾ പലതും നടപ്പിലാക്കാറില്ല.
ആശ്വാസമാകാത്ത വാഗ്ദാനങ്ങൾ
ആശ്വാസമേകാൻ പ്രഖ്യാപിക്കുന്ന പുനരധിവാസ പദ്ധതികൾ വാഗ്ദാനം മാത്രമായി മാറുന്നുവെന്നാണ് തീരവാസികളുടെ പരാതി. കടലെടുത്തു പോയതൊന്നും തിരിച്ചുകിട്ടില്ലെന്ന് അറിയാമെങ്കിലും സർക്കാർ പ്രഖ്യാപിക്കുന്ന സഹായം യഥാസമയം കിട്ടാത്തതാണ് ഇവരെ നിരാശരാക്കുന്നത്. പുതുവൽ സുദർശനും കുടുംബവും സുഹൃത്തിന്റെ വീട്ടിൽ വാടകയ്ക്കാണു കഴിയുന്നത്. ദിവസങ്ങൾക്കു മുന്പ് രേഖകൾ ഹാജരാക്കി താലൂക്ക് ഓഫീസിൽ അപേക്ഷ നല്കി. വില്ലേജ് ഓഫീസറും താലൂക്ക് ഓഫീസറുമടക്കമുള്ള ഉദ്യോഗസ്ഥർ വന്ന് പരിശോധിച്ച് റിപ്പോർട്ട് എടുത്തുവെന്നതുമാത്രമാണ് ഏക ആശ്വാസം. തൊഴിലു പോലുമില്ലാതെ വാടകയ്ക്ക് താമസിക്കേണ്ടിവരുമ്പോൾ ചെറിയ സഹായംപോലും വലിയ ആശ്വാസമാണ്. എന്നാൽ അതും കടലാസിൽ മാത്രമാകുന്നു.
തീരദേശവാസികൾക്ക് പ്രത്യേക പുനരധിവാസ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ എപ്പോഴാണ് നടപ്പാകുക എന്നതു സംബന്ധിച്ച് ഒരു വ്യക്തതയുമില്ല. പുനരധിവാസ പദ്ധതികളെല്ലാം കടൽത്തീരത്തുനിന്ന് 200 മീറ്റർ അകലെയാകണം എന്നതാണ് വ്യവസ്ഥ. ഇത് തങ്ങളുടെ തൊഴിലിനെ സാരമായി ബാധിക്കുമെന്ന് ഇവർ ഭയക്കുന്നു. സൗജന്യ റേഷനടക്കമുള്ള സഹായങ്ങൾ മുടങ്ങാതെ ലഭ്യമാക്കണമെന്നതാണ് ഇവരുടെ മറ്റൊരാവശ്യം. മുൻകാല അനുഭവങ്ങൾവച്ച് പുനരധിവാസമടക്കമുള്ള പദ്ധതികളൊന്നും പെട്ടെന്നു നടപ്പാകുമെന്ന് ഇവർ കരുതുന്നില്ല. അതേക്കുറിച്ച് നാളെ...
വി.എസ്. ഉമേഷ്