മൂല്യങ്ങളെ തിരിച്ചുപിടിക്കാൻ പ്രേരിപ്പിക്കുന്ന മുട്ടത്തുപാടം കവിതകൾ
Saturday, May 4, 2019 11:21 AM IST
അഗാധമായ ദുഃഖം, വിഷാദസാന്ദ്രമായ നിരാശാബോധം, നിസഹായത്വം തുടങ്ങിയ മനുഷ്യാവസ്ഥകളിലൂടെ കടന്നുകയറുന്ന, സമൂഹമനസാക്ഷിയെ തൊട്ടുണർത്തുന്ന, ചിന്തോദീപകങ്ങളായ ഒരുകൂട്ടം കവിതകളാണ് അലക്സാണ്ടർ മുട്ടത്തുപാടം നൊന്പരത്തിപ്പൂവ് എന്ന കവിതാസമാഹാരത്തിലൂടെ കാവ്യലോകത്തിനു സമ്മാനിക്കുന്നത്. പുത്തൻ വായനാനുഭവം നൽകുന്നതിനൊപ്പം പൊതുസമൂഹത്തിൽ ഏതൊരു പൗരനും കാത്തുസൂക്ഷിക്കേ മൂല്യബോധങ്ങളെക്കുറിച്ചും ഓർമിപ്പിക്കുന്നതുകൂടിയാവണം കവിതകളെന്നു ചിന്തിക്കുന്ന വ്യക്തിയാണ് ഈ കവി. തന്റെ തൊഴിൽമേഖല അധ്യാപനം ആയിരുന്നതുകൊുകൂടിയാവാം ഈ ചിന്ത അദ്ദേഹത്തിൽ കടന്നുകൂടിയത്.
തികച്ചും സ്വകാര്യമായ ജീവിതാനുഭവങ്ങളെ പൊതുസമൂഹത്തിനു നേർക്കു പിടിച്ച ദർപ്പണങ്ങളായി കാണുകയും അവയിലൊക്കെ ഹാസ്യരസം കത്തൊൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നതാണ് അലക്സാണ്ടർ മുട്ടത്തുപാടത്തിന്റെ കവിതകളുടെ പ്രത്യേകത. കൈയടക്കവും ഭാവനയും ഒത്തിണങ്ങിയ ശൈലി. റിട്ടയർമെന്റിനുശേഷം എഴുതാൻ തുടങ്ങിയതിനെ അദ്ദേഹം ന്യായീകരിക്കുന്നത് ആംഗലേയ കവി ബൈറണ് പ്രഭുവിന്റെ വാക്കുകൾ ഉദ്ധരിച്ചാണ്. 66-ാം വയസിൽ ഭാര്യയൊടൊത്ത് കൊച്ചുമകളെ കാണാൻ അമേരിക്കയ്ക്കു പോയതുപോലും ഒരു കവിതയുടെ വിത്തായി മാറുന്നു. പുനർജനി എന്ന കവിത യാഥാർഥ്യമായത് അങ്ങനെയാണ്.
ലോകത്തോട് വിളിച്ചു പറയാൻ ഇനിയും ചിലതൊക്കെയുണ്ട് എന്ന ഉൾവിളിയിലാണ് അദ്ദേഹം തന്റെ ഓരോ കവിതകൾക്കുവേണ്ടിയും തൂലിക ചലിപ്പിക്കുന്നത്. അതിന് ചട്ടക്കൂടുകളും പാരന്പര്യങ്ങളും കണക്കിലെടുത്തില്ല. ഉളളിൽ തളംകെട്ടി നിൽക്കുന്ന വികാരങ്ങൾക്ക് ഓവു ചാലുകൾ കീറിയിടുക മാത്രമാണ് താൻ ചെയ്യുന്നതെന്ന് കവി തന്നെ സാക്ഷ്യപ്പെടുത്തുന്നു.
വർത്തമാനകാലത്തിന്റെ ആശങ്കകളെ ഹാസ്യരസത്തിൽ പൊതിഞ്ഞ് മനോഹരമായി വരച്ചിടാൻ അലക്സാണ്ടർ മുട്ടത്തുപാടത്തിന് കഴിഞ്ഞിട്ടുണ്ട്. ഉള്ള കാര്യം നേരിട്ടു പറയുന്നതിൽ തെല്ലും വിമുഖത കാണിക്കാത്ത കവി പക്ഷേ, ആ ആശങ്കകളെക്കുറിച്ച് പ്രവചനസ്വഭാവത്തോടെ പ്രതികരിക്കുന്നുമില്ല. നേരത്തെ പറഞ്ഞതുപോലെ അധ്യാപകൻ കൂടിയായതിനാലാവാം കവി തന്റെ രചനകളിലെല്ലാം ഒരു സന്ദേശം നല്കാൻ ശ്രമിക്കുന്നുണ്ട്. ’മായ’ എന്ന കവിത മനുഷ്യജീവിതത്തിന്റെ അർഥവും അർഥശൂന്യതയും ഉയർച്ചതാഴ്ചകളും കൃത്യമായി വരച്ചിടുന്നതാണ്. ഈ കവിത വായിച്ചു തീരുന്പോൾ മഹാകവി പാലാ നാരായണൻ നായരുടെ
’കീറിനാറിയ മാറാപ്പുകൊണ്ടെന്റെ/
താറുമാറായ ജീവിതം മറച്ചു ഞാൻ’
എന്ന വരികൾ വായനക്കാരുടെ മനസിൽ ഓടിയെത്താം. മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങളിൽ ഒന്നാണ് ’പകൽമാന്യത’ എന്ന് പറയാതെ പറയുന്ന കവിതയാണ് ’മായ’.
നമ്മുടെ നാട് നേരിട്ട സമാനതകളില്ലാത്ത ദുരന്തത്തിന്റെ നേർചിത്രമാണ് ’പ്രളയം’ എന്നുതന്നെ പേരിലുള്ള കവിത. നമുക്ക് ചില സമയങ്ങളിലെങ്കിലും കൈമോശം വന്ന മാനവികതയും മനുഷ്യത്വവും തിരിച്ചുപിടിച്ചതിന്റെ സന്തോഷവും അഹങ്കാരം ഇല്ലാതായിപ്പോയതിന്റെ സമാധാനവും കവി ഇവിടെ പങ്കുവയ്ക്കുന്നു.
’ഒറ്റയ്ക്ക്’ എന്ന കവിതയിലേക്കെത്തുന്പോൾ കവി പങ്കുവയ്ക്കുന്നത് മരണമെന്ന യാഥാർത്ഥ്യത്തെക്കുറിച്ചാണ്. ഒരുപക്ഷേ, ഇത് റോബർട്ട്സ് ഫ്രോസ്റ്റിന്റെ ’സ്റ്റോപ്പിംഗ് ബൈ വുഡ്സി’ നെയും ഡി. വിനയചന്ദ്രന്റെ ’ഭിക്ഷക്കാരൻ’ എന്ന കവിതയെയും ഓർമിപ്പിക്കുന്നു. ഇരുവരും മരണത്തെ ദാർശനികമായിക്കൂടി സമീപിക്കുന്പോൾ അലക്സ് യാഥാർഥ്യബോധത്തോടെയാണ് മരണത്തെക്കുറിച്ച് എഴുതുന്നത് എന്നുമാത്രം.
രാഗാദ്രവും, സ്നേഹസുരഭിലവും വികാരതന്തുലിതവുമായ ഒരു കുലീന മനസിന്റെ ആകുലതകളും പ്രതീക്ഷകളും നൊന്പരങ്ങളും ആകാംഷകളും കരുതലുകളും തരിച്ചറിവുകളും ഈ അക്ഷരക്കൂട്ടായ്മയിൽ തെന്നിച്ചിന്നിവിളങ്ങി നിക്കുന്നതു കാണാമെന്ന് അവതാരികയിൽ ഡോ. അലക്സ് പൈകട നടത്തുന്ന നിരീക്ഷണം പൂർണമായും ശരിയാണെന്നു കവിതകൾ വായിച്ചു തീരുന്പോൾ വായനക്കാരനു തോന്നുന്നുവെങ്കിൽ കവിയുടെ പ്രയത്നം വിജയിച്ചുവെന്നു കരുതാം.
’ഫെമിനിസ്റ്റുകളുടെ ലോകസമ്മേളനം’ എന്ന കവിതയിലേക്കെത്തുന്പോൾ ഹാസ്യരസം അതിന്റെ പരകോടിയിലെത്തുന്നു. സാമൂഹ്യവിമർശനം ഇങ്ങനെയും നടത്താമെന്നു വായനക്കാരനു തോന്നുന്നുവെങ്കിൽ കവി വിജയിച്ചു എന്നു പറയാം. ദയാബായിയും വൃന്ദകാരാട്ടും മേധാ പട്കറും ആ കവിതയിൽ കടന്നുവരുന്നതിലൂടെ കവിത കാലിക പ്രസക്തമാകുകയും ചെയ്യുന്നു. കവിത ഒന്നിനെയും നിർവചിക്കുന്നില്ലെന്നും അത് ആസ്വാദകന്റെ വഴിത്താരകളിൽ നവ്യാനുഭൂതികളുടെ ഒരു നിഗൂഢാത്മക കാവ്യാനുഭവം വളരെ വാചാലയമായി പകർന്നു തരുകയാണ് ചെയ്യുന്നതെന്നുമുള്ള നിരീക്ഷണത്തിനു അടിയവരയിടുന്നതാണ് അലക്സിന്റെ ഓരോ കവിതകളും.
"എവിടെ പോകുവാ' എന്ന ഭാര്യയുടെ ചോദ്യം ഒരു കവിതയായി പുനർജനിക്കുന്പോൾ അത് വായനക്കാരന്റെ ഭാവനയ്ക്ക് ആവോളം മേഞ്ഞു നടക്കാവുന്ന മേച്ചിൽപ്പുറങ്ങളായി മാറുന്നു. വീും പൂക്കുന്ന ദേവദാരുക്കൾ എന്ന കവിതയിൽ പ്രകൃതി ഒരു കുളിർമഴയായി വീണ്ടും ചാരെ വരുമെന്നും വാടിത്തുടങ്ങിയ ഒരു ഇളംതിന് അത് സാന്ത്വനമേകുമെന്നും കവി പ്രതീക്ഷിക്കുന്നു.
കാണാചുഴികളും മലരികളുംനിറഞ്ഞ ഹിംസ്രജന്തുക്കളും വിഷസർപ്പങ്ങളും നിറഞ്ഞ കവികൂട്ടായ്മയുടെ പരിസരങ്ങളിൽ നിറഞ്ഞുനിന്നിട്ടുള്ള ആളല്ല അലക്സ് മുട്ടത്തുപാടമെന്ന കവിയെന്ന് അവതാരികയിൽ ഡോ. അലക്സ് പൈകട പറഞ്ഞുവയ്ക്കുന്നുണ്ട്. നൊന്പരത്തിപ്പൂവ് എന്ന ഈ കവിതാസമാഹാരം മൂല്യാധിഷ്ഠിതമായ ജീവിതത്തെക്കുറിച്ച് യുവതലമുറയെ പഠിപ്പിക്കും. മുതിർന്നവരെ തങ്ങളുടെ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കാനും മറന്നുപോയ ചില മൂല്യങ്ങളെ തിരിച്ചുപിടിക്കാനും അതു പ്രേരിപ്പിക്കും എന്ന കാര്യത്തിൽ തെല്ലും സംശയം വേണ്ട.