ജീവിതം ദൈവത്തിന്റെ വരദാനം.....
Saturday, April 13, 2019 3:47 PM IST
ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും ദൈവദത്തമായി കണ്ടിരുന്നു ഡോ.ഡി. ബാബുപോൾ. ഈ ആത്മീയ ശക്തി കൊണ്ടാണ് ഭാര്യ ഉൾപ്പെടെയുള്ള പ്രിയപ്പെട്ടവരുടെ വിയോഗം മനഃശക്തിയോടെ അദ്ദേഹം നേരിട്ടത്. ഒരിക്കൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്- ""നിർമലയ്ക്കു കാൻസർ ആണെന്നു അറിഞ്ഞപ്പോൾ വല്ലാത്ത മനഃസംഘർഷം എനിക്കു അനുഭവപ്പെട്ടിരുന്നു. ദൈവം നല്കിയ ശക്തികൊണ്ട് മാത്രമാണ് പതുക്കെ ആ സത്യം അംഗീകരിക്കുവാൻ സാധിച്ചത്. ദൈവം നൻമ നല്കുന്പോൾ അത് നമ്മുടെ അവകാശമായും ദുരന്തങ്ങൾ വരുന്പോൾ ദൈവത്തിന്റെ തെറ്റുകളായും കാണുന്നത് ശരിയല്ല.''
നന്മയുടെ ഒരു അനന്താകാശവും ആ ഉള്ളിൽ എന്നും നിറഞ്ഞിരുന്നു. പാവപ്പെട്ട പല വിദ്യാർഥികളെയും അദ്ദേഹം സ്വന്തം കാശ് മുടക്കി പഠിപ്പിച്ചിരുന്നു എന്ന സത്യം പലർക്കുമറിയില്ല. അതേക്കുറിച്ച് പറയുന്നത് ബാബുപോളിന് ഇഷ്ടമായിരുന്നില്ല. ഒരഭിമുഖത്തിനിടയിൽ ആരുമറിയാതെ നടത്തുന്ന ഈ സേവനത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചത് ദൈവം എന്നെ ഏൽപ്പിക്കുന്ന കടമ എന്നു മാത്രമാണ്. ജീവിതത്തിൽ വലിയ ചാരിതാർഥ്യം തോന്നിയ ഒരു സംഭവം മാത്രം ബാബുപോൾ അന്നു പറഞ്ഞു.
""1987-ൽ നിർധന കുടുംബാംഗമായ ഒരു എൻജിനിയറിംഗ് വിദ്യാർഥിയെ പഠിപ്പിക്കുവാൻ എനിക്കു അവസരം കിട്ടി. ബിരുദം നേടിയ ഉടനെ ആ വിദ്യാർഥിക്കു കാനഡയിൽ ജോലി ലഭിച്ചു. പിന്നീട് കാനഡയിലെ അതിസന്പന്നനായ മലയാളികളിൽ ഒരാളായി അയാൾ മാറുകയും ചെയ്തു. പഴയ വിദ്യാർഥിയുമായി എനിക്കു വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ നിർമല മരിച്ച് കഴിഞ്ഞ്, വല്ലാത്ത ഒരു ഏകാന്തതയിൽ കഴിഞ്ഞിരുന്ന നാളുകളിൽ എനിക്കയാൾ ഒരു ഇന്റർനാഷണൽ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് അയച്ചു തന്നു. എന്നെ കാനഡയിലേക്കു സ്നേഹപൂർവം നിർബന്ധിച്ച് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. രണ്ടാഴ്ച ആ കുടുംബത്തിലെ ഒരംഗത്തെ പോലെ കഴിഞ്ഞശേഷമാണ് മടങ്ങിയെത്തിയത്. ദൈവത്തിന്റെ ഒരു സാന്ത്വന സ്പർശം. അങ്ങനെയെ ഞാൻ ഇതിനെ കാണുന്നുള്ളൂ.''
കിളികൾക്കും കാക്കകൾക്കും വെള്ളവും മുതിരയുമൊക്കെ ദിവസവും നല്കുന്ന ഒരു പതിവും ഡോ. ബാബുപോളിനുണ്ടായിരുന്നു. വേനൽച്ചൂടിൽ വെന്തുരുകി എത്തുന്ന ചെറുകിളികൾ തന്റെ വീട്ട്മുറ്റത്ത് സൂക്ഷിച്ചിരിക്കുന്ന വെള്ളത്തിൽ നീന്തി കുളിക്കുന്നതും, അമൃതം പോലെ വെള്ളം കുടിക്കുന്നതും പുഞ്ചിരിയോടെ അദ്ദേഹം നോക്കി നിന്നിരുന്നു.
ഡോ. ഡി. ബാബുപോളിന്റെ ഒരുദിവസം ബാബുപോൾ തന്നെ പറഞ്ഞത്
""സർവീസിലിരിക്കുന്പോൾ എന്റെ ഒരു ദിവസം പുലർച്ചെ രണ്ടര മണിക്കു തുടങ്ങിയിരുന്നു. പിന്നെയത് മൂന്നരയ്ക്കായി. സകലതിന്റെയും ഉടയവനായ കർത്താവേ.... കുട്ടിയായിരിക്കുന്പോൾ അമ്മ പഠിപ്പിച്ച പ്രാർഥന ചൊല്ലിയാണ് എഴുന്നേൽക്കുക. വലതു കാൽ നിലത്തു കുത്തി, വലതു കൈകൊണ്ട് ഭൂമിയെ സ്പർശിച്ചാണ് പ്രാർഥന. പിന്നെ പ്രഭാത കർമങ്ങൾ. അതിനു ശേഷം എന്റെ പ്രിയപ്പെട്ടവരെ സന്ദർശിക്കും. എന്റെ അപ്പൻ പി.എ. പൗലോസ് കോർ എപ്പിസ്കോപ്പ ആയിരുന്നു. അച്ഛന്റെ ചിത്രം കണികണ്ടാണ് ഉണരുന്നത്. അമ്മയുടെ ചിത്രത്തിനു അരികിൽ ഏറെനേരം നില്ക്കും. അമ്മച്ചിയുടെ കൊച്ചു ബാബുവായും ചേർന്നു നിൽക്കും. ഭാര്യ നിർമലയോട് സുഖമാണോ എന്നുള്ള കുശലം ചോദിക്കൽ മുടക്കാറില്ല.
വീട്ടിൽ പരുമല തിരുമേനിയുടെയും മദർ തെരേസയുടെയും ചിത്രങ്ങൾ പ്രത്യേകമായി സൂക്ഷിച്ചിട്ടുണ്ട്. പരുമല തിരുമേനിക്കു മുന്നിൽ നിന്നു സ്തോത്രം ചൊല്ലും. 1986-ൽ മദർ തെരേസ എന്റെ വീട്ടിൽ വന്നപ്പോൾ ഇരുന്ന കസേര അന്നുതന്നെ ഞാൻ മാറ്റി സൂക്ഷിച്ചിട്ടുണ്ട്. മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ കസേരയ്ക്കു മുന്നിൽ ഞാൻ വിളക്കു വയ്ക്കുവാൻ തുടങ്ങി. എന്റെ എഴുത്ത് മുറിയിലെ സെന്റ് മേരിയുടെയും സെന്റ് ജോർജിന്റെയും ചിത്രങ്ങൾക്കു മുന്നിൽ മെഴുകുതിരിയും നിലവിളക്കും എന്നും തെളിയിക്കും. എല്ലാ ദിവസവും രാവിലെ ഞാൻ ധ്യാനിക്കാറുണ്ട്. യേശു ക്രിസ്തു എന്റെ മുന്നിലുള്ള കസേരയിൽ ഇരിക്കുന്നതായും ഞാനാ മുന്നിൽ മുട്ടുകുത്തി നിന്നു മടിയിൽ തലചേർത്ത് ഒരു മകൻ അച്ഛന്റെ അടുത്തെന്നപോലെ സംസാരിക്കുന്നതായി സങ്കല്പിച്ചാണ് ധ്യാനം. പിന്നെ എഴുത്തുമുറിയിൽ തന്നെ വൈകുന്നേരം ആരെങ്കിലും പ്രസംഗത്തിനു കൂട്ടിക്കൊണ്ടു പോയാലെ എഴുത്തിനു അപ്പുറമുള്ള ലോകം ഞാൻ കാണുകയുള്ളൂ. സർവീസിലിരിക്കുന്പോഴും അതു കഴിഞ്ഞും ഒൗട്ടിംഗുകൾ, ക്ലബുകൾ ഒന്നുമില്ല. ഭാര്യയും കുട്ടികളും ചേരുന്നതാണ് എന്റെ ക്ലബ്.
അക്ഷരാർഥത്തിൽ അറിവിന്റെ ഒരു വൈരമുത്ത് തന്നെയായിരുന്നു ബാബുപോൾ. കേരളത്തിന്റെ ഭരണരംഗത്തെ നയിച്ചവരിൽ പ്രഗല്ഭനായ ഈ ഐഎഎസുകാരൻ ഒൗദ്യോഗിക മേഖലയിലും ആധ്യാത്മിക തലത്തിലും എഴുത്തിലും പ്രഭാഷണത്തിലും ഏറെ ആഴത്തിൽ സഞ്ചരിച്ചിരുന്ന വ്യക്തി കൂടിയാണ്. സഹോദരന്മാരെ, സഹോദരിമാരെ എന്നു തുടങ്ങുന്ന ഡോ. ഡി. ബാബുപോളിന്റെ പ്രസംഗങ്ങൾ തന്നെ കേരളത്തിന്റെ സാംസ്കാരിക-രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന ഏടുകളായി സൂക്ഷിക്കാവുന്നതാണ്. എല്ലാ മതങ്ങളെ ക്കുറിച്ചും അഗാധമായ ജ്ഞാനം ഉണ്ടായിരുന്നതിനാൽ ആധ്യാത്മികതയെക്കുറിച്ച് ആധികാരികമായി സംസാരിക്കുവാനും എഴുതുവാനും സാധിച്ചു. വിവിധ മതങ്ങളെ താരതമ്യം നടത്തിക്കൊണ്ടുള്ള ആഴമേറിയ പഠനവും നടത്തിയിരുന്നു.
റിട്ടയർമെന്റ് ജീവിതമെങ്ങനെ പോകുന്നു എന്നു ഒരിക്കൽ ചോദിച്ചപ്പോൾ ചിരിച്ച് കൊണ്ട് അങ്ങനെ ഒരു ജീവിതമുണ്ടോ? എന്നാണ് ബാബുപോൾ ചോദിച്ചത്. വിരമിച്ചശേഷം ജീവിതം ഏറ്റവും സാർഥമാക്കിയ മറ്റൊരു പ്രമുഖ ഉദ്യോഗസ്ഥൻ അധികം വേറെ കാണില്ല എന്നു തന്നെ പറയാം.
നർമം മറ്റേമ്മയിൽ നിന്നും ആത്മീയത അമ്മച്ചിയിൽ നിന്നും
""എന്റെ അച്ഛന്റെ അമ്മയെ ഞാൻ മറ്റേമ്മ എന്നാണ് വിളിച്ചിരുന്നത്. നന്നായി നർമം പറഞ്ഞിരുന്നു മറ്റേമ്മ. ഒരുപാട് മുത്തശ്ശിക്കഥകളും പറഞ്ഞുതന്നിരുന്നു.
ഏഴാംകടലിനിക്കരേ ഏഴിലംപാല പൂത്തു... എന്നുള്ള കഥകളൊക്കെ എന്നെ പുതിയൊരു അദ്ഭുതലോകത്ത് കൊണ്ടുപോയി. എനിക്കു പന്ത്രണ്ട് വയസുള്ളപ്പോൾ മറ്റേമ്മ ഞങ്ങളെ വിട്ടുപോയി. എങ്കിലും മറ്റേമ്മ സമ്മാനിച്ച നർമവും ലോകവും എന്നിൽ അവശേഷിക്കുന്നു...
അമ്മയുടെ അമ്മ വലിയ പ്രാർഥനക്കാരിയായിരുന്നു. ഇരുപത്തി രണ്ടാമത്തെ വയസിൽ വിധവയായ അമ്മച്ചിയാണ് എന്നെ ബൈബിളിലേക്കും ദൈവചിന്തകളിലേക്കും കൂട്ടിക്കൊണ്ടുപോകുന്നത്.''
ബാബുപോളിന്റെ നർമം
സ്വാഭാവികമായ അതിലളിതമായ നർമം ബാബുപോളിന്റെ ഒപ്പം എന്നുമുണ്ടായിരുന്നു. വളരെ ഗൗരവം തോന്നിക്കുന്ന ശരീരഭാഷയും സംഭാഷണവുമായി വേദിയിൽ നില്ക്കുന്പോൾ പോലും പ്രസംഗത്തിനു ഇടയ്ക്കിടെ അറിയാതെ നർമം കയറിവരും.
സൗഹൃദസംഭാഷണങ്ങൾക്കിടയിലും ബാബുപോളിന്റെ തമാശകൾ ഏറെ രസകരമായിരുന്നു. ചിത്രകലയിലെ എന്റെ സാമർഥ്യം എന്നു പറഞ്ഞ് ബാബുപോൾ ഒരു കഥ പറഞ്ഞിട്ടുണ്ട്- ""സ്കൂളിൽ ഞാനൊരു ദിവസം പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്പോൾ എന്റെ ഉത്തരക്കടലാസ് നോക്കിനിന്ന അധ്യാപികയ്ക്കു ഒരു സംശയം. ബാബു നിങ്ങൾക്കിന്നു ഭൂമിശാസ്ത്രം പരീക്ഷയാണോ അതോ ജീവശാസ്ത്രമാണോ? കാരണം വേറെ ഒന്നുമല്ല. ഞാൻ വരച്ചിരിക്കുന്നത് ഓസ്ട്രേലിയയാണോ, ചേനയാണോ എന്നു എത്ര സൂക്ഷിച്ച് നോക്കിയിട്ടും ടീച്ചറിനു മനസിലാകുന്നില്ല. സ്വന്തം സർവീസ് ജീവിതത്തിലെ കഥകളും അതീവ രസകരമായി ബാബുപോൾ അവതരിപ്പിച്ചിരിക്കുന്നത്. പ്രസംഗവേദിയിൽ ബാബുപോൾ പങ്കിട്ട ഒരുകഥ ഇങ്ങനെ...
കെഎസ്ആർടിസി എംഡിയായിരുന്ന കാലത്ത് പ്രൈമറി ക്ലാസിൽ തന്റെ സഹപാഠിയായിരുന്ന ഒരു കുട്ടി അവിടെ ഡ്രൈവറായി ഉണ്ടായിരുന്നു. ജീവനക്കാരുടെ മുന്നിൽ വച്ച് സാർ എന്നു ബഹുമാനത്തോടെ വിളിച്ച് മാറി നില്ക്കും. ആരും അടുത്തില്ലെങ്കിൽ പഴയപോലെ എന്താ ബാബു എന്നു കുശലം ചോദിക്കും. ഈ ഡ്രൈവർ കുട്ടി പണ്ട് കണക്കു ക്ലാസിൽ തനിക്കു വലിയ കണ്ഫ്യൂഷൻ ഉണ്ടാക്കിത്തന്നിട്ടുണ്ട്. കണക്കു സാർ അഞ്ച് അധികം രണ്ട് എത്ര എന്നു ചോദിച്ചപ്പോൾ ഏഴ് എന്നു താൻ ഉത്തരം പറഞ്ഞു. ഉടനെ ഇപ്പോഴത്തെ ഡ്രൈവർ കുട്ടി കൈയിലൊന്നു തട്ടി. എന്താ ബാബു നീ പറഞ്ഞത്. നാല് അധികം മൂന്നല്ലേ ഏഴ്. കണക്കിൽ അന്ന് ആ കുട്ടി ഉണ്ടാക്കിയ കണ്ഫ്യൂഷൻ ഭീകരമായിരുന്നു.
എസ്.മഞ്ജുളാദേവി