ഇന്ത്യയുടെ സന്തോഷം വീണ്ടും കുറഞ്ഞു!
Friday, March 22, 2019 12:39 PM IST
യുഎൻ: ലോകത്തെ ഏറ്റവും സന്തുഷ്ടമായ രാജ്യങ്ങളുടെ നിരയിൽ ഇന്ത്യ പിന്നോട്ടുപോയി. ഇപ്പോൾ 140-ാം സ്ഥാനത്താണ് ഇന്ത്യ. 2019 ലെ സൂചികകളുടെ അടിസ്ഥാനത്തിൽ എൈക്യരാഷ്ട്ര സംഘടന തയാറാക്കിയ പട്ടികയിലാണ് ഇന്ത്യ 140-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത്. 156 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. പലവിധ പ്രശ്നങ്ങളാലും ഭരണസ്ഥിരതയില്ലാതെയും വലയുകയാണെങ്കിലും ഇന്ത്യയുടെ അയൽരാജ്യമായ പാക്കിസ്ഥാൻ 67-ാം സ്ഥാനത്തുണ്ട്. ചൈന 93-ാം സ്ഥാനത്തും.
കഴിഞ്ഞ വർഷം ഇന്ത്യക്ക് 133-ാം സ്ഥാനമായിരുന്നു. ലോകത്ത് സന്തോഷം കുറയുകയാണെന്നും ദുഃഖം, അരിശം, ആശങ്ക തുടങ്ങിയ വികാരങ്ങൾ ആളുകൾക്കിടയിൽ കൂടുകയാണെന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നു. ഫിൻലൻഡ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഡെൻമാർക്ക്, നോർവേ എന്നീ രാജ്യങ്ങൾക്കാണ് യാഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ. യുദ്ധമുഖരിതമായ ദക്ഷിണ സുഡാൻ ആണ് പട്ടികയിൽ ഏറ്റവും പിന്നിൽ. ലോകത്തെ ഏറ്റവും സന്പന്നരാജ്യമായ അമേരിക്കയ്ക്കു സന്തോഷ പട്ടികയിൽ 19-ാമതാണ് സ്ഥാനം.