രുചിപ്പെരുമയിൽ ചേർപ്പുങ്കൽ ശർക്കര...
Friday, March 8, 2019 3:04 PM IST
കോട്ടയം: ഏറ്റുമാനൂർ-പൂഞ്ഞാർ ഹൈവേയിൽ ചേർപ്പുങ്കൽ പ്രദേശത്ത് വീശിയടിക്കുന്ന കാറ്റിന് ഇപ്പോൾ രുചിയേറും നാടൻ ശർക്കരയുടെ സുഗന്ധമാണ്. ഇതുവഴി യാത്ര ചെയ്യുന്നവർ ഇവിടത്തെ കരിന്പിൻ തോട്ടത്തിലെ ശർക്കര നിർമാണശാലയിലേക്കു കയറാതെ പോകില്ല. അത്രയ്ക്കു പ്രസിദ്ധമാണു ചേർപ്പുങ്കൽ ശർക്കരയുടെ രുചി. ഒരു തവണ വാങ്ങിയവർ വീണ്ടും എത്തുമെന്ന കാര്യം ഉറപ്പാണ്.
കരിന്പിൻ തോട്ടത്തിനു നടുവിൽ കെട്ടിയുയർത്തിയ താത്കാലിക ഷെഡിലെ തോണിയിൽ ശർക്കരകുറുക്ക് മനോഹര കാഴ്ചയാണ്. ചേർപ്പുങ്കൽ മൂന്നുപീടികയ്ക്കൽ തോമസ് ജോസഫിന്റെ മേൽനോട്ടത്തിൽ സഹോദര പുത്രന്മാരായ ജോസ് ജോസഫ്, ഫ്രാൻസിസ് ജോസഫ് (അപ്പച്ചൻ), ജോർജുകുട്ടി തോമസ് എന്നിവരാണു വർഷങ്ങളായി കരിന്പുകൃഷിയും ശർക്കര നിർമാണവും നടത്തുന്നത്.
സ്വന്തമായുള്ള രണ്ടേക്കർ സ്ഥലത്താണു കരിന്പുകൃഷി. ഇവിടെ വിളയുന്ന കരിന്പ് മാത്രമാണ് ശർക്കര നിർമാണത്തിന് ഉപയോഗിക്കുന്നത്. ഇതാണ് ഇവിടത്തെ ശർക്കരയുടെ പ്രത്യേകത. ജനുവരി മുതൽ മാർച്ചുവരെയുള്ള മൂന്നു മാസമാണ് ശർക്കര നിർമാണം.
മാർച്ച് മാസത്തിൽ നിലമൊരുക്കി കരിന്പിന്റെ തലയ്ക്കം നടും. ഒരുവർഷം കൊണ്ട് വിളവെടുക്കും. മൂപ്പെത്തിയ കരിന്പിൻതണ്ട് ഇലയും തലപ്പും നീക്കി യന്ത്രസഹായത്തോടെ നീരാക്കും. ഇതു മൂന്നു മണിക്കൂറോളം തിളപ്പിച്ചുകുറുക്കിയാണ് ശർക്കര തയാറാക്കുന്നത്. മാലിന്യം നീക്കാനും ഉരുട്ടിയെടുക്കാനുമായി ചെറിയ അളവിൽ കാൽസ്യം ഹൈഡ്രോക്സൈഡ് ചേർക്കും.
ഒരു കുറുക്കിൽനിന്നു 35 കിലോഗ്രാമെന്ന കണക്കിൽ ദിവസത്തിൽ നാലു കൂട്ടുകളിലായി 140 കിലോഗ്രാം നാടൻ ശർക്കരയാണ് ഇവിടെ തയാറാക്കുന്നത്. ഏതാണ്ട് 500 കിലോഗ്രാം കരിന്പ് വെട്ടിയെടുത്ത് നീരാക്കി വറ്റിച്ചെടുത്തെങ്കിൽ മാത്രമേ 35 കിലോഗ്രാമോളം ശർക്കര ലഭിക്കൂ.
പ്രധാനമായും നാടൻ ശർക്കരയും ജീരക ശർക്കരയുമാണ് ഇവിടെ ഉണ്ടാക്കുന്നത്. നാടൻ ശർക്കര കരിന്പിൻനീര് മാത്രമുപയോഗിച്ചു തയാറാക്കുന്പോൾ ജീരകവും ചുക്കും ഏലയ്ക്കയും ചേർത്താണ് ജീരകശർക്കര തയാറാക്കുന്നത്. ഒറ്റ കുറുക്കിൽ ലഭിച്ച 35 കിലോഗ്രാം ജീരക ശർക്കരയിൽ അരക്കിലോ വീതം ജീരകവും ചുക്കും ചേർക്കും. നാമമാത്ര അളവിലാണ് ഏലയ്ക്കാ ചേർക്കുന്നത്.
നാടൻ ശർക്കരയുടെ മൂന്നിലൊന്നു വലുപ്പത്തിലാണു ജീരക ശർക്കര ഉണ്ടാക്കുക. നിർമാണ ശാലയിലേക്കു നേരിട്ട് എത്തിയാണ് ആളുകൾ ശർക്കര വാങ്ങിക്കൊണ്ടു പോകുന്നത്.
നാടൻ ശർക്കരയ്ക്ക് 180 രൂപയും ജീരക ശർക്കരയ്ക്ക് 200 രൂപയുമാണു വില.