ഉച്ചാടനം ചെയ്യണ്ടേ... ഭിക്ഷാടനത്തെ
Friday, February 22, 2019 2:45 PM IST
വീട്ടിനുള്ളിൽ അച്ഛനമ്മമാർക്കരികിൽ
സുരക്ഷിതമായിരിക്കുന്ന കുട്ടികളെ കുറിച്ചല്ല ഇനി
എഴുതുന്നത്. ആ സുരക്ഷിതത്വത്തിൽ നിന്നും
തട്ടിയെടുക്കപ്പെട്ട ചെറുബാല്യങ്ങളെക്കുറിച്ചാണ്. പാലക്കാട്ട് ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ട നാലുവയസുകാരിയെ
ബാഗിലാക്കി റെയിൽവേ ട്രാക്കിനരികെ ഉപേക്ഷിച്ച
നരാധമന്മാർ കേരളത്തിലെ ഭിക്ഷാടന മാഫിയയുടെ
ക്രൂരമായ പുതിയ മുഖമാണ്.
ബാഗിനുള്ളിലേക്ക് പഴന്തുണി കുത്തിത്തിരുകും പോലെ ആ പിഞ്ചുശരീരം ഒടിച്ചുമടക്കി തിരുകിക്കയറ്റി സിബ്ബ് വലിച്ചിടുന്പോൾ അവർ ചിരിച്ചിരിക്കും; ഒരു വലിയ കുറ്റകൃത്യം വളരെ സിന്പിളായി ഒതുക്കിയെന്ന ഭാവത്തിലുള്ള പുച്ഛച്ചിരി. ബാഗിനുള്ളിൽ നിശ്ചലമായി ഒടിഞ്ഞുമടങ്ങിക്കിടക്കുന്നത് അവൾ - അവളാരെന്ന് ആർക്കുറിയില്ല. തമിഴ്നാട്ടിലെ ഗ്രാമത്തിലെവിടെയോ അവളുടെ തിരിച്ചുവരവും കാത്ത് അവളുടെ അപ്പ, അമ്മ, പാട്ടി, അണ്ണൻ, തന്പി, തങ്കച്ചി എന്നിവരൊക്കെ ഇപ്പോഴും കാത്തിരിപ്പുണ്ടാകും. പക്ഷേ ഇനിയവൾ ആ ഗ്രാമത്തിലെ നാട്ടിടവഴികളിലേക്ക് നടന്നെത്തില്ല.
പാലക്കാട്ട് കൊല്ലപ്പെട്ട നാലുവയസുകാരി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്തുള്ള ഗ്രാമത്തിൽ നിന്നും ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടുവന്ന കുട്ടിയാണ്. തട്ടിയെടുക്കപ്പെട്ട കുട്ടിയേയും കൊണ്ട് അവർ എത്തിയത് പാലക്കാട്ട്. കേരളത്തിന്റെ അതിർത്തി ജില്ലകളിലൊന്ന്. അവളെയും കൊണ്ട് ഭിക്ഷാടനം നടത്തിക്കഴിയുന്നതിനിടെയാണ് അവളെ ചിലർ ബലാത്സംഗം ചെയ്യുന്നതും അതിനിടെ അവൾ കൊല്ലപ്പെടുന്നതും. അവളെ തട്ടിക്കൊണ്ടുവന്നവരുടെ തന്നെ ഒത്താശയോടും അറിവോടും കൂടി അവളുടെ ജഡം ബാഗിലാക്കി ട്രാക്കിനരികെ തള്ളുകയായിരുന്നു. ഈ കേസിലെ പ്രതികൾ അറസ്റ്റിലായെങ്കിലും ആശങ്കകളും ആകുലതകളും അവസാനിക്കുന്നില്ല. ഉച്ചാടനം ചെയ്യാൻ കഴിയാത്ത ഒഴിയാബാധയായി ഭിക്ഷാടന മാഫിയ മാറിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെന്പാടും ഇവർ മറ്റൊരു ഭീകരവാദം പോലെ തഴച്ചുവളരുന്നു.
കേരളത്തിൽ ഉത്സവസീസണ് ആരംഭിക്കുന്നതോടെ ഭിക്ഷാടനം എന്ന ബിസിനസിന്റെ സീസണും ആരംഭിക്കുകയാണ്. അന്പലമുറ്റമായാലും പള്ളിപ്പറന്പായാലും അവിടെയെല്ലാം ഭിക്ഷാടകരുണ്ട്. യാചകനിരോധന മേഖലകളിൽ പോലും ഇവർ യാതൊരു തടസവുമില്ലാതെ ഭിക്ഷ യാചിക്കുന്നത് സ്ഥിരം കാഴ്ച.
ആരാധനാലയങ്ങൾക്കരികെ നിരനിരയായിരിക്കുന്ന ഇവർക്ക് പണം നൽകി സായൂജ്യമടയുന്ന ഭക്തരെയും കേരളം കണ്ടുകൊണ്ടേയിരിക്കുന്നു. ഇനി അവരുടെ കൈകളിലേക്ക് പണം നൽകും മുന്പ് പാലക്കാട്ടെ റെയിൽവേ ട്രാക്കിനരികിൽ നിന്നും കിട്ടിയ ബാഗിനകത്തെ ഒടിഞ്ഞുനുറുങ്ങിയ ആ പിഞ്ചുകുഞ്ഞിന്റെ ശരീരമൊന്ന് മനസിലോർക്കുക. ഒരർഥത്തിൽ ഭിക്ഷാടന മാഫിയയെ വളർത്തുന്നത് അവർക്ക് പൈസ നൽകി അവരെ പ്രോത്സാഹിപ്പിക്കുന്നവർ തന്നെയാണ്. പണം കൊടുത്ത് ഒരു മാഫിയസംഘത്തെയാണ് വളർത്തുന്നത് എന്ന് ഇനിയെങ്കിലും ഓർക്കുക.
കേരള പോലീസിന്റെ ഒൗദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞവർഷം അതായത് 2018ൽ കേരളത്തിൽ നിന്നും തട്ടിക്കൊണ്ടുപോയ കുട്ടികളുടെ എണ്ണം 185 ആണ്. 2008 മുതൽ 2018 വരെ കേരളത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടികളുടെ എണ്ണം 1512 ആണ്.
ഇന്ത്യയിൽ പ്രതിവർഷം അന്പതിനായിരത്തിനടുത്ത് കുട്ടികൾ കാണാതാവുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിലെല്ലാം തട്ടിക്കൊണ്ടുപോകലല്ലെന്നതും ഓർക്കുക.
ഭിക്ഷാടന മാഫിയ കേരളത്തിൽ ഇല്ലെന്നും സജീവമല്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഭിക്ഷാടന മാഫിയ കേരളം വാഴുന്നുവെന്ന് പ്രചരിപ്പിക്കരുതെന്നും വാദിക്കുന്നവരുണ്ട്. എന്നാൽ ഇന്ത്യയുടെ പലഭാഗത്തും ശക്തമായ വേരുകളുള്ള ഭിക്ഷാടന മാഫിയ കേരളത്തിലുമുണ്ടെന്നത് കെട്ടുകഥയല്ലെന്ന് സമീപകാലസംഭവങ്ങൾ തെളിയിക്കുന്നു.
മെട്രോ നഗരമായി മാറിയ കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളിൽ വച്ച് കാണാതായ കുട്ടിയെ കണ്ടെത്താൻ നിമിഷ നേരം കൊണ്ട് മാളിന്റെ എല്ലാ കവാടങ്ങളും സെക്യൂരിറ്റി ജീവനക്കാർ ബ്ലോക്കു ചെയ്യുകയും ഒടുവിൽ മാളിനകത്തു നിന്നു തന്നെ കുട്ടിയെ കണ്ടെത്തുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും കുട്ടിയുടെ മുടി പറ്റെ വെട്ടി പുതിയ വസ്ത്രം ധരിപ്പിച്ച് കുട്ടിയുടെ മുഖച്ഛായ തന്നെ തട്ടിയെടുത്ത സംഘാംഗങ്ങൾ മാറ്റിയിരുന്നു. പ്രഫഷണലായി ഓപ്പറേഷൻ നടത്തുന്ന ഭിക്ഷാടന മാഫിയയുടെ ഞെട്ടിക്കുന്ന മുഖമാണ് അവിടെ കണ്ടത്. പാലക്കാട് നടന്നത് അതിന്റെ പ്രാകൃതമായ മറ്റൊരു മുഖവും.
പാലക്കാട് ജില്ലയിലെ ഒലവക്കോട് കേരളത്തിലെ പ്രധാന റെയിൽവേ കവാടങ്ങളിലൊന്നാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഏറ്റവുമധികം യാചകർ വന്നിറങ്ങുന്നതും യാചകരെ ഏജന്റുമാർ കൊണ്ടുവന്നിറക്കുന്നതും ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണെന്ന് പറയുന്നു. കേരളത്തിലെ വലിയ ജംഗ്ഷനായ ഷൊർണൂരിലെ സ്ഥിതിയും ഇതു തന്നെയാണ്. മധ്യകേരളത്തിൽ ഉത്സവ സീസണ് തുടങ്ങിയാലും അവധി ദിവസങ്ങളിലും തൃശൂർ നഗരത്തിൽ യാചകരെ കൂട്ടത്തോടെ കൊണ്ടുവന്ന് ഇറക്കി വിട്ട് വൈകുന്നേരം കളക്ഷൻ വാങ്ങാനെത്തുന്ന ഏജന്റുമാരും ഉണ്ടെന്നാണ് രഹസ്യവിവരം. ഈ ഏജന്റുമാർ വൈകുന്നേരം മൊത്തം കിട്ടുന്ന കളക്ഷന്റെ ഒരു വിഹിതവും ഒരു നേരത്തെ ഭക്ഷണവും മദ്യവും യാചകർക്ക് നൽകുന്നു. മനുഷ്യക്കടത്തിന്റെ മറ്റൊരു രൂപമാണിത്.
ബംഗളുരുവിൽ അടുത്തിടെ അറസ്റ്റിലായ ഭിക്ഷാടന മാഫിയയിലെ ഒരംഗം പോലീസിനോടു പറഞ്ഞത് ഭിക്ഷയ്ക്കിറക്കുന്ന കുട്ടികൾ കരയാതിരിക്കാനും ആരെയെങ്കിലും കണ്ട് തിരിച്ചറിയാതിരിക്കാനും പുകയിലക്കഷായം നൽകാറുണ്ടെന്നാണ്. വില കുറഞ്ഞ ചാരായവും മയക്കുമരുന്നും ആണ്,പെണ് ഭേദമില്ലാതെ കുട്ടികൾക്ക് നൽകുന്നുണ്ട് ഇവർ. കൗമാരപ്രായമാകുന്പോഴേക്കും ഈ കുട്ടികൾ ലഹരിക്കും മദ്യത്തിനും അടിമകളായി പണത്തിനായി എന്തും ചെയ്യാൻ മടിയില്ലാത്തവരായി മാറും.
അഞ്ചുരൂപ തന്നില്ലെങ്കിൽ തരുന്നവരെ ചീത്ത വിളിക്കാനും മുഖത്തേക്ക് വലിച്ചെറിയാനും കുട്ടിഭിക്ഷാടകരെ പഠിപ്പിക്കുമത്രെ. ഭക്ഷണം ലഭിച്ചാൽ വാങ്ങാതെ വീട്ടിൽ കുറേപേരുണ്ടെന്നും അവർക്കെല്ലാം ഭക്ഷണം വാങ്ങാനായി പണം മതിയെന്നും തരുന്നയാളോട് പറയാൻ പഠിപ്പിക്കും.
തട്ടിക്കൊണ്ടുവന്ന് ഭിക്ഷാടനത്തിനിറക്കുന്ന കുട്ടി കരഞ്ഞില്ലെങ്കിൽ കുട്ടിയെ നുള്ളിയും വേദനിപ്പിച്ചും കരയിപ്പിച്ച് ഭിക്ഷ വാങ്ങിപ്പിക്കുന്ന സ്ത്രീകളും മാഫിയക്കൂട്ടത്തിലുണ്ട്. പാലിനും വെള്ളത്തിനും വേണ്ടി കുഞ്ഞുങ്ങൾ കരയുന്പോൾ വാങ്ങിക്കാൻ പൈസയില്ലെന്ന് വിലപിച്ച് കൂടുതൽ പണം വാങ്ങുന്ന സ്ത്രീ യാചകരും ഫീൽഡിലുണ്ട്. ഏജന്റുമാരിൽ നിന്ന് ബേബി ബെഗറുടെ പൈസ കണക്കു പറഞ്ഞ് എണ്ണി വാങ്ങുന്നതും ഈ അമ്മ തന്നെയാണ്. അമ്മയുടേയും കുഞ്ഞിന്റെയും റേറ്റുകൾ തമ്മിൽ വ്യത്യാസമുണ്ട്. യാചകർക്ക് സൗജന്യ റേഷൻ നൽകി ഭിക്ഷാടന മാഫിയയുടെ വേരറുക്കാൻ നമ്മുടെ അയൽ സംസ്ഥാനം ശ്രമിച്ചെങ്കിലും അത് വേണ്ടത്ര ഫലം കണ്ടില്ലെന്ന് യാചകരുടെ എണ്ണത്തിലെ വർധനവ് വ്യക്തമാക്കുന്നു.
അയൽസംസ്ഥാനങ്ങളിലെ ഭിക്ഷാടന മാഫിയകളിൽ പലിശയ്ക്ക് പണം കടം കൊടുക്കുന്ന അതിസന്പന്നരും ഉണ്ടത്രെ. ചെല്ലേണ്ടിടത്തേക്കെല്ലാം ചെല്ലേണ്ടവ സമയാസമയം എത്തുന്നതു കൊണ്ട് ഈ മാഫിയക്കെതിരേ ചെറുവിരലനക്കാൻ ബന്ധപ്പെട്ടവരും തയ്യാറാകുന്നില്ല.
എന്തുകൊണ്ട് ഭിക്ഷാടനത്തിന് കുട്ടികളെ തട്ടിക്കൊണ്ടുവന്ന് ഉപയോഗപ്പെടുത്തുന്നുവെന്ന പോലീസിന്റെ അന്വേഷണം ചെന്നെത്തുന്നത് കുട്ടികൾ സഹാനുഭൂതിയുടെ പ്രതീകമാണെന്ന ഉത്തരത്തിലാണ്.
കുട്ടികൾ ഒപ്പമുണ്ടെങ്കിൽ ഭിക്ഷ ലഭിക്കാൻ എളുപ്പമാണെന്നതാണ് കുട്ടികളെ ഭിക്ഷാടനത്തിനായി ഉപയോഗിക്കാൻ പ്രധാന കാരണമെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.
ഭിക്ഷാടന മാഫിയ എന്നത് വെറും സങ്കൽപ്പമല്ലെന്നിരിക്കെ, കെട്ടുകഥയല്ലെന്നിരിക്കെ കേരളത്തിലെ രക്ഷിതാക്കൾകുറേക്കൂടി ജാഗരൂകരായിട്ടുണ്ട്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽമീഡിയകളിൽ ഭിക്ഷാടന മാഫിയക്കെതിരെ പ്രചാരണം ശക്തമായിട്ടുണ്ട്. എന്നാൽ കറുത്ത സ്ത്രീ വെളുത്ത നിറമുള്ള സ്വന്തം കുട്ടിയേയും കൊണ്ട് നിൽക്കുന്നത് കണ്ടാലുടൻ ഇത് തട്ടിക്കൊണ്ടുവന്ന കുട്ടിയാണെന്ന രീതിയിലുള്ള പ്രചാരണവും തെറിവിളിയും സോഷ്യൽമീഡിയയിലെ അപകടമാണ്.
തൃശൂരിൽ കളക്ടറായിരുന്ന ഡോ.എം.ബീന യാചകർക്കും തെരുവിൽ അന്തിയുറങ്ങുന്നവർക്കും രാത്രിയിൽ കയറിക്കിടക്കാനായി ഒരു സ്ഥലം ഏർപ്പാടാക്കിയിരുന്നുവെങ്കിലും ആ പദ്ധതി പാളി. ഭിക്ഷാടകർ ആ സ്ഥലത്തേക്ക് വരാൻ കൂട്ടാക്കിയില്ല. തെരുവിൽ അന്തിയുറങ്ങുന്നവരും അവിടം വിട്ട് പോകാൻ സന്നദ്ധരായില്ല. ഭിക്ഷാടകർക്കൊപ്പമുള്ള കുട്ടികളെ മാറ്റിപാർപ്പിക്കാനുള്ള ശ്രമവും വിജയം കണ്ടില്ല. തങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്താൻ അവരാരും ഒരുക്കമായിരുന്നില്ല. നൈറ്റ് പട്രോളിംഗിനിറങ്ങുന്ന പോലീസുകാർ ഒന്നു വിരട്ടിവിടുമെന്നതല്ലാതെ മറ്റൊരു നടപടിയും ഭിക്ഷാടകർക്കെതിരെ ഇപ്പോൾ ഉണ്ടാകുന്നില്ല.
മധ്യകേരളത്തിൽ ടൂറിസ്റ്റുകളടക്കമുള്ളവർ വന്നണയുന്ന കൊച്ചിയും ഉത്സവങ്ങളേറെയുള്ള തൃശൂരുമാണ് ഭിക്ഷാടന മാഫിയക്ക് പ്രിയപ്പെട്ട ഇടങ്ങൾ. സംസ്ഥാന അതിർത്തി പങ്കിടുന്ന ഇടുക്കിയും പാലക്കാടും ഇവർക്ക് പ്രിയം തന്നെ. രാവിലെ ഒരുമിച്ചിരുന്ന് പോകേണ്ട റൂട്ടും ടാർജറ്റും ഫിക്സ് ചെയ്താണത്രെ ഇവർ പണിക്കിറങ്ങുക. ഇതിനിടെ മോഷണം, കുട്ടികളെ തട്ടിയെടുക്കൽ, പിടിച്ചുപറി എന്നിവ ഇവരുടെ ബോണസ് ആണ്. ഭിക്ഷാടന മാഫിയ ഏജന്റു വഴി ഇറക്കുന്ന ഭിക്ഷാടകർ രണ്ടു മാസത്തിൽ കൂടുതൽ എവിടെയും നിൽക്കില്ലത്രെ. ആളുകൾ തിരിച്ചറിഞ്ഞ് പണി കിട്ടും മുന്പ് സ്ഥലം വിടണമെന്നാണ് മാഫിയയിലെ ചട്ടം. രോഗം വന്നും കുടിച്ചുകുടിച്ചും തെരുവിൽ തന്നെയാണ് ഇതിൽ മിക്കവരുടേയും അവസാനം. വിലക്കുറവിൽ മദ്യം കിട്ടുന്ന തലശേരിയും മാഹിയുമൊക്കെ ഇവർക്ക് ഇഷ്ട സ്ഥലങ്ങളാണ്.
ഉത്സവങ്ങളും പള്ളിപ്പെരുന്നാളും പൂരങ്ങളുമെല്ലാം ഭിക്ഷാടന മാഫിയയുടെ കലണ്ടറിൽ വ്യക്തമായുണ്ട്. കേരളത്തിൽ നിന്നും തട്ടിക്കൊണ്ടുപോകുന്ന കുട്ടികളെ മറ്റു സംസ്ഥാനങ്ങളിലും ഇതര സംസ്ഥാനത്തെ കുട്ടികളെ കേരളത്തിലും കൊണ്ടുവന്നാണ് ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നത്. അതാത് നാട്ടിലുള്ള കുട്ടികളെ ആരെങ്കിലും തിരിച്ചറിഞ്ഞാലോ എന്ന ഭയമാണ് ഇതിനു പിന്നിൽ. സ്വന്തം നാടിന്റെ പേരോ വിലാസമോ തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിൽ തട്ടിയെടുത്തുകൊണ്ടുവരുന്ന കുട്ടികൾക്ക് പിന്നെ പിറന്ന നാടും വീടും അച്ഛനമ്മമാരുമൊക്കെ സ്വപ്നത്തിൽ മാത്രമുള്ള സൗഭാഗ്യങ്ങളാണ്.
ആരോഗ്യമുള്ള കുട്ടികളെ പോലും അംഗവൈകല്യമുള്ളവരാക്കി മാറ്റിയാണ് പലപ്പോഴും ഭിക്ഷാടന മാഫിയ തെരുവിലേക്ക് ഇറക്കുക. കാണുന്നവർക്ക് മനസിൽ സഹതാപം തോന്നിക്കാൻ എത്ര വലിയ ക്രൂരതയും കാണിക്കാൻ ഇവർക്ക് മടിയുമില്ല. ഇതിനിടെ എന്തെങ്കിലും അത്യാഹിതം സംഭവിച്ച് കുട്ടികൾ മരിക്കാനിടയായാൽ റെയിൽവേ ട്രാക്കിലോ പുഴയിലോ കായലിലോ വലിച്ചെറിഞ്ഞ് ആ ചാപ്റ്റർ അവർ ക്ലോസ് ചെയ്യും. കർണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ ഇത്തരത്തിൽ കുട്ടികളെ അംഗവൈകല്യം വരുത്തി ഭിക്ഷാടനത്തിനിറക്കുന്ന വൻ റാക്കറ്റു തന്നെയുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്.
ആയിരം രൂപയിൽ കുറവ് കിട്ടുന്ന ഭിക്ഷാടകർ കേരളത്തിൽ കുറവാണെന്ന് പോലീസ് തന്നെ പറയുന്നു. കോടികളാണ് ഇത്തരത്തിൽ കേരളത്തിലെന്പാടും ആഴ്ച തോറും കൈമറിയുന്നത്. ജിഎസ്ടിയോ ഇൻകംടാക്സോ ഇല്ലാത്ത വരുമാനത്തിന്റെ ഒഴുക്ക്. കണക്കുകളോ ലെഡ്ജറുകളോ ഇല്ലാത്ത ടാലിയാകാത്ത കണക്കാണത്. ഭിക്ഷാടന മാഫിയയുടെ ശക്തി സൗമ്യകേസിൽ പ്രതി ഗോവിന്ദച്ചാമി കാണിച്ചു തന്നതാണ്.
ഒരു മധ്യവേനലവധിക്കാലം കൂടി വന്നെത്തുകയാണ്. നാടെങ്ങും ഉത്സവക്കാലമാകുന്നു. കുട്ടികൾ കളിക്കാനും മറ്റുമായി പുറത്തുപോകുന്പോൾ അവരെ ശ്രദ്ധിക്കുക. കഴുകൻ കണ്ണുകളുമായി അവർക്കു ചുറ്റും ഭിക്ഷാടന മാഫിയയിലെ പ്രാപ്പിടിയൻമാർ പാറിപ്പറക്കുന്നുണ്ട്.
ഋഷി