ട്രോളുലകം
Friday, February 15, 2019 12:59 PM IST
നവമാധ്യമ ലോകത്ത് വൈറലായ നിരവധി ട്രോളുകൾ നാം കണ്ടിട്ടുണ്ട്. രാഷ്ട്രീയ, സാംസ്കാരിക, ചലച്ചിത്ര മേഖലകളെ ഉൾപ്പെടെ വിമർശിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന ട്രോളുകൾ കണ്ട് ചിരിക്കാത്തവർ നന്നേ കുറവാകും. നർമത്തിന്റെ മേന്പൊടി ചേർത്തു ഡയലോഗോടുകൂടി നിർമിച്ചെടുക്കുന്ന ട്രോളുകൾ ഏവരെയും ചിരിപ്പിക്കുകയും അതിലുപരി ചിന്തിപ്പിക്കുകയും ചെയ്യുന്നു.
സമൂഹ മാധ്യമങ്ങളിൽ ആക്ഷേപഹാസ്യരൂപേണ സമകാലിക വിഷയങ്ങൾ അവതരിപ്പിക്കുന്നതിനെയാണ് ട്രോൾ എന്നുപറയുന്നത്. സിനിമയിലെ കഥാപാത്രങ്ങളുടെ സംഭാഷണ രംഗങ്ങൾ അടർത്തിയെടുത്ത് അതിൽ നർമം കലർത്തി സന്ദർഭത്തിനനുസരിച്ച് പ്രയോഗിക്കുന്ന രീതിയാണിത്. പണ്ടുകാലത്ത് ആക്ഷേപഹാസ്യരൂപേണ അവതരിപ്പിച്ചിരുന്ന കാർട്ടൂണുകളുടെ ഒരു ആധുനിക രൂപമെന്നു ട്രോളുകളെ വിശേഷിപ്പിക്കാം. ട്രോൾ തയാറാക്കുന്ന ആളുകളെ പൊതുവെ ട്രോളർമാർ എന്നു വിളിക്കുന്നു. നവമാധ്യമ കൂട്ടയ്മയായ ഫേസ്ബുക്ക് വഴിയാണ് ട്രോളുകൾ പ്രധാനമായും പ്രചരിക്കുന്നത്.
ആദ്യം ഫേസ്ബുക്കിലേക്കും അവിടെനിന്ന് വാട്സ് ആപ്പിലേക്കുമാണ് പടരുന്നത്. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളോട് പ്രതികരിക്കാൻ ഒരു വേദിയായി തെരഞ്ഞെടുത്തിട്ടുള്ളവരും ഏറെയാണ്. എന്തെങ്കിലും സീനുണ്ടായാൽ അതിൽ കേറി ട്രോളുക എന്നത് മലയാളി ട്രോളന്മാരുടെ സ്ഥിരം പണിയാണ്. പ്രാദേശികമാകട്ടെ അതല്ല, അന്തർദേശീയമാകട്ടെ ഏതും ഏറ്റെടുക്കും നമ്മുടെ ട്രോളന്മാർ.
ട്രോളി തുടങ്ങിയാൽ പിന്നെ അത് തീപോലെ ആളിപ്പടരും. സമൂഹത്തിലെ അരുതായ്മക്കെതിരേയും കണ്മുന്നിലെ ദുഷ്പ്രവണതയ്ക്കെതിരേയും ട്രോളന്മാർ പടവാളുമായി രംഗത്തിറങ്ങിയത് നാം കണ്ടിട്ടുണ്ട്. അസത്യത്തെ സത്യമാക്കും വിധമുള്ള ട്രോളുകളും ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ലെങ്കിലും ട്രോളുകളുടെ വരവോടെ ട്രോൾ ഗ്രൂപ്പുകളും പേജുകളും മുളച്ചുപൊങ്ങി. ഐസിയുവും ട്രോൾ മലയാളവുമൊക്കെ ആങ്ങനെ യുവാക്കളുടെ ഇഷ്ടപേജുകളായി മാറി. പീന്നീട് കൂണുകൾ പോലെ അനേകം പേജുകൾ വളർന്നുവന്നു. അംഗങ്ങളുടെ എണ്ണത്തിൽ ചിലർ ആറക്കം കടന്നപ്പോൾ ചിലർ നാലക്കം പോലും കടക്കാതെ വിസ്മൃതിയിലാണ്ടു. പുലിവാൽ കല്യാണത്തിലെ മണവാളനും പഞ്ചാബി ഹൗസിലെ രമണനുമെല്ലാം ട്രോളന്മാരുടെ ഇഷ്ടകഥാപാത്രങ്ങളായി മാറി. പ്രാദേശിക വാദം ഉയർത്തുന്ന ട്രോളന്മാരും നമുക്കിടയിൽ കൂടുകയാണ്. ഇതിലെ ട്രെൻഡ് മനസിലാക്കി പല പേജുകളും ഇപ്പോൾ സജീവമാണ്.
ജില്ലാ പേജുകൾ
ട്രോൾ പേജിൽ ഇപ്പോൾ ജില്ലാ പേജുകളുടെ തേരോട്ടമാണ്. മിക്ക ജില്ലകളുടെ പേരിലും ഇപ്പോൾ ഫേസ്ബുക്കിലും വാട്സ് ആപ്പിലും ട്രോൾ പേജുകൾതന്നെയുണ്ട്. കൊല്ലം ജില്ലയിലെ ട്രോളന്മാരാണ് ജില്ല എന്ന വികാരം ആദ്യം മനസിലാക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് തൃശൂരും
പിന്നാലെ മറ്റ് ജില്ലകളും സ്വന്തം പേരിൽ ട്രോൾ പേജുകൾ തുടങ്ങി. പിന്നീടങ്ങോട്ട് ജില്ലാ പേജുകളുടെ പകൽപ്പൂരമായിരുന്നു. ജില്ല പതിനാലും അങ്കത്തട്ടിലേക്കെത്തിയതോടെ സീൻ ആകെ മാറി. മിക്ക ജില്ലകളും പരസ്പരം കൊന്പു കോർക്കുന്നത് പതിവ്. റിപ്ലേ പോസ്റ്റിലൂടെ കൊന്പുകോർക്കുന്നത് ചിലർക്ക് ഹരമാണെന്നാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നത്. ഇടുന്ന ട്രോളിൽ എതിരഭിപ്രായമുണ്ടെങ്കിൽ അതുകൂടി ചേർത്ത് എതിർ ട്രോൾ ഇറക്കുന്നതിനെയാണ് റിപ്ലേ പോസ്റ്റ് എന്നു വിളിക്കുന്നത്.
എറണാകുളം ജില്ലയിലെ ചില പദ്ധതികൾ വ്യക്തമാക്കി തിരുവനന്തപുരത്തെ ട്രോളിയ തമാശ ട്രോൾ പിന്നീട് വലിയൊരു സൈബർ യുദ്ധത്തിലേക്ക് നീങ്ങിയതും ഈയിടെയാണ്. രണ്ടു പേജിലും ഉള്ളവർ പരസ്പരം പോർവിളിച്ചു. കാര്യങ്ങൾ കൈവിട്ടുപോകും എന്നതായതോടെ അഡ്മിൻമാർ ചേർന്ന് പ്രശ്നം ഒത്തുതീർക്കുകയായിരുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ പേരിലും മറ്റ് കാര്യങ്ങളിലും വിവിധ ജില്ലകൾ തമ്മിൽ "യുദ്ധത്തിനു’ കാരണമായി.
ട്രോൾ ഉണ്ടാക്കുന്ന രീതി
ഏതെങ്കിലുമൊരു വിഷയത്തോട് ഒരു കഥാപാത്രം പ്രതികരിക്കുന്നതായി നർമരൂപേണ അവതരിപ്പിക്കുന്നതാണ് മിക്ക ട്രോളുകളുടെയും ശൈലി. ഭൂരിഭാഗം ട്രോളുകളും ചിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമിക്കപ്പെടുന്നത്. ട്രോളുകൾക്ക് പ്രചാരം ഏറിയതോടെ ഇത് എളുപ്പത്തിൽ നിർമിക്കാനുള്ള നിരവധി ആപ്ലിക്കേഷനുകളും ഇന്ന് നിലവിലുണ്ട്. പഞ്ചാബി ഹൗസ് എന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച ’രമണൻ’, പുലിവാൽ കല്യാണം എന്ന ചിത്രത്തിലെ സലിംകുമാർ അവതരിപ്പിച്ച ’മണവാളൻ’ എന്നീ കഥാപാത്രങ്ങൾ ധാരാളം ട്രോളുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ട്രോൾ എന്ന ബിസിനസ്
ട്രോളുകളെ വെറും ട്രോളുകളെന്നു കളിയാക്കി വിടേണ്ട. ഇതിനു പിന്നിൽ വലിയ ബിസിനസ് ഒളിഞ്ഞിരിപ്പുണ്ട്. ബിസിനസ് രംഗത്തുള്ളവർ അവരുടെ ബിസിനസ് വളർച്ചയ്ക്ക് ട്രോളുകളുടെ സഹായം തേടാറുണ്ട്. സിനിമാ മേഖലയിലുള്ളവർക്കും ട്രോളന്മാരെ വലിയ കാര്യമാണ്. ട്രോളിലൂടെ സിനിമയ്ക്ക് ലഭിക്കുന്ന പ്രമോഷനാണ് സിനിമാ മേഖലയിലുള്ളവരുടെ കണ്ണ്. വൻ ബിസിനസ് സാധ്യത ഇതിനു പിന്നിൽ ഉള്ളതായാണ് അധികൃതരിൽനിന്നും ലഭിക്കുന്ന വിവരം. പല ഗ്രൂപ്പുകളും ആരംഭിച്ച് ഇത്തരത്തിൽ ബിസിനസ് തന്ത്രങ്ങൾ അരങ്ങേറുന്നതായും അധികൃതർ പറയുന്നു.
മുന്നിൽ ട്രോൾ എറണാകുളം
കേരളത്തിലെ പ്രാദേശിക ട്രോൾ പേജുകളിൽ അംഗങ്ങളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് വാഴുന്നത് ട്രോൾ എറണാകുളം പേജാണ്. 10 ലക്ഷത്തിലേറെ റീച്ചുള്ള ചുരുക്കം പേജുകളിൽ ഒന്നായ ട്രോൾ എറണാകുളം മലയാളത്തിലെ ഏറ്റവും വളർച്ചയുള്ള ട്രോൾ പേജുമാണ്.
തൊട്ടു പിന്നിൽ തൃശൂരുണ്ട്. പിന്നാലെ തിരുവനന്തപുരവും കൊല്ലവും. ജില്ലയ്ക്കുള്ളിൽ പ്രാദേശിക പേജുകൾ ഉൾപ്പെടെ തുടങ്ങിയാണ് യുദ്ധം മുന്നേറുന്നത്. എറണാകുളം ജില്ലയിലെ പ്രാദേശിക പേജുകളായ ട്രോൾ ആലുവ, ട്രോൾ അങ്കമാലി, ട്രോൾ മെട്രോ ഇടപ്പള്ളി, ട്രോൾ തൃപ്പൂണിത്തുറ, ട്രോൾ കളമശേരി തുടങ്ങി നിരവധി പേജുകളുണ്ട്.