ആരും അറിയാതെ അയാൾ എഴുതി ഒടുവിൽ ലോകം അറിഞ്ഞു
Tuesday, February 12, 2019 2:46 PM IST
റെൻ
തടവറയിൽ ഒളിപ്പിച്ചു വച്ച മൊബൈൽ ഫോണിൽ അയാൾ എഴുതി തുടങ്ങി..മനസിൽ വരുന്നത് അപ്പോൾ തന്നെ കുറിക്കും..അത് ഉടനെ വാട്സാപ്പ് മെസേജ് ആയി സുഹൃത്തിന് അയച്ചു കൊടുക്കും...ഇതിനിടയിൽ ഭരണകൂടം ആ തടവറയിലെ ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചു. എന്നിട്ടും അയാൾ പതറിയില്ല. ടെക്സ്റ്റ് മെസേജുകളായി അയച്ചു കൊടുത്തു കൊണ്ടിരുന്നു...കാരണം ഇരുട്ടിന്റെ മറവിൽ നടക്കുന്ന അതിക്രൂര പീഡനങ്ങൾ ലോകത്തിനു മുന്നിൽ വിളിച്ചു പറയണമായിരുന്നു. അവസാനം അയാളുടെ വാക്കുകൾ ലോകം കേട്ടത് പുസ്തക രൂപത്തിലൂടെയായിരുന്നു..തടവറയിൽ അടച്ച രാജ്യത്തിന്റെ ഏറ്റവും വലിയ പുരസ്കാരം അയാളെ തേടിയെത്തി.എന്നാൽ പുരസ്കാര വിതരണ ചടങ്ങിലും അയാൾക്ക് പങ്കെടുക്കാൻ സാധിച്ചില്ല...കാരണം, അയാൾ തടവറയിൽ ആയിരുന്നു...
ഇത് ഒരു സിനിമാക്കഥയല്ല
ഇറാനിയൻ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ബെഹറൂസ് ബൂചാനി എന്ന അഭയാർഥി തടവുകാരന്റെ കഥയാണ്. ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ പുരസ്കാര തുകയുള്ള വിക്ടോറിയൻ പുരസ്കാരമാണ് ലഭിച്ചത് ബൂചാനിയുടെ അനുഭവക്കുറിപ്പുകൾക്ക് ലഭിച്ചത്. 65 ലക്ഷമാണ് പുരസ്കാര തുക.
നോ ഫ്രണ്ട്സ് ബട്ട് ദി മൗണ്ടൻസ്: റൈറ്റിംഗ് ഫ്രം മാനസ് പ്രസൺ എന്ന പേരിലാണ് പുസ്തകം ഇറങ്ങിയത്. സുഹൃത്തായ ഒമിഡ് തൊഫീഗിയനാണ് പർസിയിൽ എഴുതിയത് പരിഭാഷപ്പെടുത്തിയത്.
പാപുവ ന്യൂഗിനിയിലെ മാനുസ് ദ്വീപിലെ തടവുകാരനായിരുന്നു ബൂചാനി. അഭയാർഥികളുടെ പ്രശ്നങ്ങളെക്കുറിച്ച് എഴുതുവാൻ വേണ്ടിയാണ് ഇൻഡോനേഷ്യയിൽ നിന്ന് ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്ക് പുറപ്പെട്ടത്.
ഓസ്ട്രേലിയൻ എമിഗ്രേഷൻ അധികൃതർ കടലിൽ വച്ചു തന്നെ ബൂചാനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. താൻ ഒരു എഴുത്തുകാരനാണെന്ന് അധികൃതരോട് പറഞ്ഞപ്പോൾ ഒരു ചെറുപുഞ്ചിരി മാത്രം നല്കി അറസ്റ്റ് ചെയ്തു ബെഹറൂസ് ബൂചാനിയെ മാനുസ് ദ്വീപിലേക്ക് കടത്തുകയായിരുന്നു. പുസ്തം പുറത്തിറങ്ങിയതോടെ ഓസ്ട്രേലിയൻ സർക്കാരിന് മാനുസ് തടങ്കൽ പാളയം അടച്ചു പൂട്ടേണ്ടി വന്നു. ഇതേ ദ്വീപിലെ മറ്റൊരു തടവു പാളയത്തിൽ ആണ് ബൂചാനി ഇപ്പോൾ കഴിയുന്നത്.
മാനുസ് ദ്വീപിലേക്ക്
അഭയാർഥികളുടെ പ്രശ്നങ്ങളെപ്പറ്റി രാജ്യാന്തര തലത്തിൽ ലേഖനങ്ങൾ എഴുതിയ ബെഹറൂസ് ബൂചാനി ആറുവർഷം മുന്‍പാണ് തടവുകാരനായെത്തിയത്. അതിക്രൂരമായ പീഡനങ്ങളാണ് മാനുസ് ദ്വീപിൽ ബൂചാനി നേരിട്ടത്. കലാപം, കൊലപാതകം, മരണങ്ങൾ, അക്രമങ്ങൾ, ആത്മഹത്യാ ശ്രമങ്ങൾ, വെടിവയ്പ് അങ്ങനെ എല്ലാ കാഴ്ചകൾക്കും സാക്ഷിയാകേണ്ടി വന്നു. എതിർക്കുന്നവർ ക്രൂരമായ പീഡനത്തിന് ഇരയാകും. ഭക്ഷണം കിട്ടുവാൻ നീണ്ട നിരയിൽ നിന്നു. ചിലപ്പോൾ അർദ്ധനഗ്നനായി മണിക്കൂറുകളോളം തടവറയിൽ കഴിയേണ്ടി വന്നു.
ഓസ്ട്രേലിയയിൽ ബോട്ടിൽ കുടിയേറ്റം നടത്തുന്നവർ പിടിക്കപ്പെട്ടാൽ ശക്തമായ ശിക്ഷയാണ് നൽകുക. അകലങ്ങളിലുള്ള ദ്വീപിലേക്ക് ഇവരെ കൊണ്ടുപോയി താമസിപ്പിക്കും. പുറംലോകവുമായി കാര്യമായ ബന്ധമുണ്ടാകില്ല. അവിടെയെന്തായിരിക്കും സംഭവിക്കുക എന്നും ആരും അറിയില്ല. 'ഈ ഒരു പുരസ്കാരം ഓസ്ട്രേലിയയുടെ രാഷ്ട്രീയത്തിലും അഭയാർത്ഥികളോടുള്ള സമീപനത്തിലും വലിയ മാറ്റങ്ങളുണ്ടാക്കും-' ബൂചാനിയുടെ പുസ്തകം പാർസിയിൽനിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത തോഫീഗിയൻ മാധ്യമങ്ങളോട് പറഞ്ഞു. കുടിയേറ്റക്കാർക്കെതിരേ ഓസ്ട്രേലിയൻ സർക്കാർ സ്വീകരിക്കുന്ന കർശന നടപടികളെക്കുറിച്ച് നോവലിൽ പറയുന്നുണ്ട്.
എഴുത്ത് മൊബൈലിൽ
അറസ്റ്റിലായപ്പോൾ തന്നെ മൊബൈൽ ഫോൺ അതി വിദഗ്ധമായി ബൂചാനി ഒളിപ്പിച്ചിരുന്നു. അതുകൊണ്ട് ദിവസേനയുള്ള അനുഭവങ്ങൾ മൊബൈലിൽ കുത്തിക്കുറിക്കുകയായിരുന്നു. ഇതിനിടയിൽ അധികൃതർ കാണാതെ മൊബൈൽ ചാർജ് ചെയ്യുകയും ചെയ്തു. ഇരുട്ടിന്റെ മറവിൽ തന്നെയായിരുന്നു എഴുതിയിരുന്നത്. എല്ലാവരും ഉറങ്ങുന്പോൾ ബൂചാനി ഉറങ്ങിയിരുന്നില്ല.
തടവറയിൽ ചിലപ്പോൾ പാഞ്ഞുകയറി പട്ടാളക്കാർ അഭയാർഥി തടവുകാരുടെ സാധനങ്ങൾ എല്ലാം നശിപ്പിക്കുന്നത് പതിവായിരുന്നു. ബുക്കിൽ എഴുതിയിരുന്നെങ്കിൽ ഇതു നശിപ്പിക്കുമായിരുന്നു. അതിനാൽ മൊബൈലിൽ എഴുതി അപ്പോൾ തന്നെ സുഹൃത്തായ ഒമിഡ് തൊഫീഗിയന് അയച്ചു കൊടുക്കുകയായിരുന്നു. ഇതിനിടയിൽ രണ്ടു തവണ ഫോൺ പിടിക്കപ്പെട്ട സംഭവവും ഉണ്ടായി. പിന്നീട് ദ്വീപിലേക്കുള്ള ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. അതോടെ ടെക്സ്റ്റ് മെസേജായി ടൈപ്പ് ചെയ്ത് അയച്ചുനൽകാൻ തുടങ്ങി.
ബൂചാനിയുടെ ഇന്തോനേഷ്യ മുതൽ ഓസ്ട്രേലിയവരെയുള്ള കുടിയേറ്റത്തെക്കുറിച്ചാണ് പുസ്തകത്തിൽ പറയുന്നത്. പ്രമുഖ ബ്രിട്ടീഷ് ദിനപത്രമായ "ദ ഗാർഡിയൻ" പത്രത്തിലെ കോളമിസ്റ്റുമാണ് ബൂചാനി. കുര്‍ദുകളുടെ അവകാശങ്ങള്‍ക്കുവേണ്ടി എഴുതിയതിന് ഇറാനിലെ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ്സ് കോര്‍പ്സിന്റെ ആക്രമണം നേരിട്ട ബൂചാനി മൂന്നുമാസം ഒളിവില്‍ കഴിഞ്ഞു. പുരസ്കാരം ലഭിക്കാൻ വേണ്ടിയല്ല ഞാനീ പുസ്തകം എഴുതിയത്. ഓസ്ട്രേലിയയിലെയും ലോകത്തെമ്പാടുമുള്ള ജനങ്ങളെയും മാനുസിലും നൗറു ദ്വീപിലും നടക്കുന്ന ചൂഷണം അറിയിക്കാനാണ്. ഇവിടത്തെ പാവപ്പെട്ടവരെ വ്യവസ്ഥിതി ചൂഷണം ചെയ്യുന്നത് തടയുന്നതിന് ഈ പുരസ്കാരം ഒരു കാരണമാകുമെന്ന് കരുതുന്നു. ഞങ്ങളുടെ അവസ്ഥ കൂടുതൽ ആളുകളിലേക്കെത്തണം, ഈ കിരാതമായ നടപടികൾ അവസാനിപ്പിക്കണമെന്നും ബൂചാനി ഒരു മാധ്യമത്തോട് വെളിപ്പെടുത്തി.
ഡോക്യുമെന്ററിയും
ഓസ്ട്രേലിയയില്‍ രാഷ്ട്രീയ അഭയം തേടിയെത്തുന്നവര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനം വിഷയമാക്കി മലയാളിയായ പ്രശസ്ത ഡോക്യുമെന്ററി ഫിലിം മേക്കര്‍ സൈമണ്‍ വി.കുര്യന്റെ 'സ്റ്റോപ്പ് ദി ബോട്ട്സ്' എന്ന ഡോക്യുമെന്ററിയിൽ അഭയാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നത് ബെഹ്റൂസ് ബൂചാനി ആണ്. സ്റ്റോപ്പ് ദി ബോട്ട്സ് എന്നാണ് ഡോക്യുമെന്ററിയുടെ പേര്. തടവില്‍ കഴിയുന്ന മാനുസ് ദ്വീപില്‍ ചിത്രീകരിച്ച് രഹസ്യമായി പുറത്തെത്തിച്ച ദൃശ്യങ്ങള്‍ ആണ് ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചത്. അന്തര്‍ദേശീയ തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഡോക്യുമെന്ററി നിർമിച്ചത് സൈമണിന്റെ ഭാര്യയും മാധ്യമ പ്രവര്‍ത്തകയുമായ ഗീതാഞ്ജലി കുര്യനാണ്.