വൈദ്യുതി നിരക്ക് കുറയും, ല്ലേ...
Wednesday, January 30, 2019 2:57 PM IST
വൈദ്യുതി നിരക്ക് എന്നും എപ്പോഴും കൂട്ടാൻ മാത്രമേ കഴിയൂ എന്ന ധാരണ തിരുത്തിക്കുറിച്ച് ഷാർജയിൽ നിന്നൊരു വേറിട്ട വിശേഷം.
ഷാർജയിൽ വൈദ്യുതി നിരക്കുകൾ വെട്ടിക്കുറച്ചിരിക്കുന്നു!!
ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സിൽ അംഗവുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമിയുടെ നിർദ്ദേശപ്രകാരമാണ് ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി - സെവ - നിരക്കുകൾ കുറച്ചിരിക്കുന്നത്. സ്വന്തമായുള്ള ഫ്ളാറ്റുകൾക്കും വീടുകൾക്കും വൈദ്യുതി നിരക്കിൽ വൻ ഇളവാണ് ഇതോടെ ലഭിക്കുക. 37 ശതമാനത്തിലേറെ നിരക്ക് കുറച്ചിട്ടുണ്ട്. പ്രവാസികളുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റുകൾക്കും വീടുകൾക്കും ഈ ആനൂകൂല്യം ലഭിക്കുമെന്നത് ഇന്ത്യയിൽ നിന്നടക്കമുള്ള പ്രവാസികളേയും സന്തോഷത്തിലാക്കുന്നു.
ഒരു കിലോവാട്ട് വൈദ്യുതിക്ക് 45 ഫിൽസ് ആയിരുന്നു നിശ്ചിത നിരക്ക്. എന്നാൽ സെവ പുറത്തുവിട്ട പുതിയ കണക്കു പ്രകാരം 2000 കിലോവാട്ട് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് 28 ഫിൽസ് എന്ന നിരക്കിലാണ് ഈടാക്കുക. 6001 കിലോവാട്ടിനു മുകളിലുള്ള ഉപയോഗത്തിന് 43 ഫിൽസ് വീതവും ഈടാക്കും. 2001 മുതൽ 4000 കിലോവാട്ട് വരെയുള്ള ഉപയോഗത്തിന് ഒരു കിലോ വാട്ടിന് 33 ഫിൽസും. 4001 മുതൽ 6000 വരെ 37 ഫിൽസും.അരലക്ഷത്തോളം പേർക്ക് ഇതിന്റെ ഗുണം ലഭിക്കും.