ഇടവേളയ്ക്കു ശേഷം
Friday, January 25, 2019 3:18 PM IST
മനുഷ്യക്കടത്തുകളുടെ മുനന്പം-3/ ഹരുണി സുരേഷ്
നിരന്തരം പിടിക്കപ്പെട്ടുതുടങ്ങിയതോടെ മുനന്പം തുറമുഖം മനുഷ്യക്കടത്തിനു യോജിച്ച ഇടമല്ലെന്ന് മനസിലാക്കിയ കടത്ത് സംഘങ്ങൾ 2012നു ശേഷം മാളത്തിലൊതുങ്ങിയെങ്കിലും 2015 ൽ വീണ്ടും ഇവർ മുനന്പത്ത് തലപൊക്കുകയും ഒരു ഓപ്പറേഷനു മുതിരുകയും ചെയ്തു. ചെന്നൈയിൽ നിരവധി മനുഷ്യക്കടത്ത് കേസുകളിൽ പ്രതിയായിരുന്ന രമേശൻ എന്ന് വിളിക്കുന്ന സഞ്ജയ് മാരൻ നിറോഷിന്റെ (35) നേതൃത്വത്തിലായിരുന്നു ഈ ഓപ്പറേഷൻ. 14 പേരടങ്ങുന്ന ശ്രീലങ്കൻ അഭയാർഥി സംഘമാണ് ഒാസ്ട്രേലിയക്ക് കടക്കാൻ അന്ന് മുനന്പത്തെത്തിയത്. രമേശന്റെ സഹായിയായ വീരമണിയാണ് സംഘത്തെ മുനന്പത്ത് എത്തിച്ചതും പുറപ്പെടുംവരെ തങ്ങാൻ ചെറായിയിലുള്ള കുബേര ഹോം സ്റ്റേയിൽ മുറിയെടുത്തു നൽകിയതും.
ഇവരെത്തി രണ്ടു ദിവസത്തിനുശേഷം ഇന്റലിജൻസിനു ലഭിച്ച വിവരമനുസരിച്ച് പോലീസ് നടത്തിയ റെയ്ഡിൽ ഒൻപത് ശ്രീലങ്കക്കാരും തമിഴ്നാട്ടുകാരും മലയാളികളുമടക്കമുള്ള നാലു മനുഷ്യക്കടത്ത് ഏജന്റ്മാരെയും അന്ന് പോലീസ് അറസ്റ്റ് ചെയ്തു. നാടുകടക്കാനായി 7.15 ലക്ഷം രൂപയ്ക്ക് കച്ചവടം പറഞ്ഞുറപ്പിച്ച മൂത്തകുന്നം സ്വദേശി സലീമിന്റെ ശ്രീകൃഷ്ണൻ എന്ന ബോട്ടും പോലീസ് പിടിച്ചെടുത്തു. മനുഷ്യക്കടത്തിന്റെ പേരിൽ മുനന്പത്ത് പിടികൂടുന്ന അഞ്ചാമത്തെ ബോട്ടാണ് ശ്രീകൃഷ്ണൻ. ഒാസ്ട്രേലിയയിൽ എത്തിക്കാമെന്ന് പറഞ്ഞ് രമേഷാണ് പത്തോളം വരുന്ന ശ്രീലങ്കൻ വംശജരിൽ നിന്നും പണം വാങ്ങി മുനന്പത്തെത്തിച്ചതെന്ന് അന്ന് പിടിയിലായ വീരമണി അടക്കമുള്ളവർ മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് പോലീസ് രമേശനെ മുഖ്യപ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, ഒളിവിൽ പോയ രമേശനെ പോലീസിന് ആയിടയ്ക്ക് പിടികൂടാനായില്ല. രമേശനെ തേടി മുനന്പം പോലീസ് പലകുറി തമിഴ്നാട്ടിൽ പോയെങ്കിലും വിലാസം കൃത്യമല്ലാതിരുന്നതിനാലാണ് പിടികൂടാൻ കഴിയാതിരുന്നത്. പിന്നീട് രണ്ടര വർഷത്തിനു ശേഷം സമാനമായ ഒരു കേസിൽ ശിക്ഷവാങ്ങി ചെന്നൈയിൽ ജയിലിൽ കഴിയവെ കോടതി മുഖേന പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. മുനന്പത്ത് എത്തിച്ച് തെളിവെടുത്ത് ഞാറയ്ക്കൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ശേഷം വീണ്ടും പോലീസ് ഇയാളെ ചെന്നൈ സെന്റട്രൽ ജയിലിൽ എത്തിക്കുകയും ചെയ്തു.
സുരക്ഷയില്ലാത്ത തീരം
2011 ൽ മുംബൈ ഭീകരാക്രമണത്തിനുശേഷം കടൽ കടന്നുള്ള ആക്രമണങ്ങളെക്കുറിച്ച് രാജ്യത്തെ മുഴുവൻ സേനകളെയും തീരദേശവാസികളെയും ബോധവത്കരിച്ചെങ്കിലും സംസ്ഥാനത്തെ തീരദേശത്തിന്റെ മർമ്മപ്രധാന മേഖലകളിൽ ഒന്നായ മുനന്പം തുറമുഖത്ത് സുരക്ഷാ നിരീക്ഷണങ്ങളുടെ കാര്യങ്ങളിൽ അധികൃതർ തികഞ്ഞ അലംഭാവം തുടരുകയാണ്. ഇതാണ് ഒരു പരിധിവരെ ഇവിടെ മനുഷ്യക്കടത്ത് സംഘങ്ങളും കള്ളക്കടത്ത് സംഘങ്ങളും വിലസുന്നതെന്നാണ് പൊതുവെ മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ അഭിപ്രായം. ഹാർബറിലും ഇതോടനുബന്ധിച്ചുള്ള മുനന്പം, ചെറായി ബീച്ചുകളിലും 24മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റുകൾ വേണമെന്ന കാര്യത്തിലും അധികൃതർ ഉപേക്ഷയാണ് കാണിക്കുന്നത്.
വർഷങ്ങൾക്ക് മുന്പ് ചെറായി ബീച്ചിൽ നിർമ്മാണം പൂർത്തിയാക്കിയിട്ടിരിക്കുന്ന പോലീസ് സ്റ്റേഷൻ കെട്ടിടം ഇനിയും പ്രവർത്തനം തുടങ്ങിയിട്ടില്ല. ഹാർബറുകളിലും അഴിമുഖത്തും ബീച്ചുകളിലും എല്ലാംതന്നെ ഗുണനിലവാരമുള്ളതും രാത്രിയിൽ വ്യക്തമായ ദൂരക്കാഴ്ചകൾ പതിയുന്നതുമായ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നതും ഈ മേഖലയുടെ വർഷങ്ങളായുളള ആവശ്യങ്ങളാണ്.
എവിടെനിന്നു വരുന്നു, എങ്ങോട്ടു പോകുന്നു; ആർക്കുമറിയില്ല
2008 ൽ തമിഴ്പുലികൾക്കായി ഇവിടെ ബോട്ട് നിർമ്മിക്കാൻ ഓർഡർ നൽകിയത് മുനന്പത്തെ നിരീക്ഷണ സംവിധാനങ്ങളുടെ പോരായ്മയാണെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു. രണ്ടു പതിറ്റാണ്ട് മുന്പ് ഇവിടെ കടലിലെ പട്രോളിംഗിനും തൊഴിലാളികളുടെ ജീവൻ രക്ഷയ്ക്കുമായി ഒരു ജീവൻ രക്ഷാ ബോട്ട് ഉണ്ടായിരുന്നു. എന്നാൽ, കേവലം ഒരു മാസത്തോളം പ്രവർത്തിച്ച ബോട്ട് പിന്നെ ആരും കണ്ടിട്ടില്ല. മുനന്പം മേഖല അഴീക്കോട് കോസ്റ്റൽ പോലീസ് പരിധിയിൽ വരുന്ന മേഖലയാണ്. ഇവർക്ക് പട്രോളിംഗിന് ബോട്ടുണ്ടെങ്കിലും അവസ്ഥ പരിതാപകരമായതിനാൽ ഇവർ കടലിലേക്ക് അധികം പോകാറില്ല.
മറൈൻ എൻഫോഴ്സ്മെന്റും ഫിഷറീസ് സ്റ്റേഷനും പ്രവർത്തിക്കുന്നതാകട്ടെ വൈപ്പിൻ ഫോർട്ട് കൊച്ചി അഴിമുഖം കേന്ദ്രീകരിച്ചാണ്. 800ൽപരം മത്സ്യബന്ധന ബോട്ടുകൾ മുനന്പം കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നുണ്ട്. ഇവയിൽ 100 ഓളം ബോട്ടുകൾ മത്സ്യബന്ധനം കഴിഞ്ഞ് ദിനംപ്രതി അഴിമുഖത്ത് എത്തുന്നവയാണ്. അതേ പോലെതന്നെ മിക്ക ബോട്ടുകളും അന്യസംസ്ഥാനക്കാരുടേതാണ്. ഇവയിലെ തൊഴിലാളികളും ഭൂരിഭാഗം പേരും ഇതരസംസ്ഥാനത്ത് നിന്നുള്ളവർ തന്നെ.നേരത്തെ തമിഴ്നാട്ടുകാർ മാത്രമായിരുന്നു മുനന്പത്ത് തന്പടിച്ചിരുന്ന ഇതരസംസ്ഥാനക്കാർ. എന്നാൽ, ഇപ്പോഴാകട്ടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മുനന്പത്ത് ഉണ്ട്. ഇവരെല്ലാം എവിടെ നിന്നും വരുന്നു എന്തെല്ലാം ചെയ്യുന്നുവെന്ന് ആരും അന്വേഷിക്കാറില്ല. അതേ പോലെ തന്നെ ഇതരസംസ്ഥാനക്കാരോ മറ്റ് സംശയം ജനിപ്പിക്കുന്ന വിധത്തിലുള്ള സംഘങ്ങളോ റിസോർട്ടുകളിലും ഹോംസ്റ്റേകളിലും ലോഡ്ജുകളിലും വന്ന് താമസിക്കുന്നുണ്ടെങ്കിൽ പോലീസിനെ അറിയിക്കണമെന്ന നിർദ്ദേശം ചെറായി, മുനന്പം മേഖലകളിൽ കർശനമായി പാലിക്കുന്നില്ല. ഇതുമൂലം ഇക്കുറി മനുഷ്യക്കടത്ത് സംഭവവുമായി ബന്ധപ്പെട്ട് പോലീസിനു വ്യക്തമായ വിവരങ്ങൾ ലഭിക്കാൻ കാലതാമസം നേരിട്ടു.
കാര്യങ്ങൾ വൈകി അറിയുന്ന അന്വേഷണ ഏജൻസികൾ
ഒരാഴ്ചയോളം താമസിച്ച സംഘം മുറിവിട്ട് പോയപ്പോഴാണ് പോലീസ് അറിയുന്നത്. മാത്രമല്ല ഇതിനു മുന്പ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മുനന്പത്ത് വിവിധ ഏജൻസികളുടെ അന്വേഷണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ നാട്ടുകാരല്ലാത്തവർക്ക് മത്സ്യബന്ധന ബോട്ടുകൾ വിൽക്കുന്പോൾ ഇവരുടെ തിരിച്ചറിയൽ രേഖകൾ വാങ്ങുകയും കച്ചവടം നടന്ന വിവരം പോലീസിനെ അറിയിക്കുകയും വേണമെന്ന് നിഷ്കർഷിച്ചിരുന്നതാണ്. ഇതും കൃത്യമായി ഇവിടെ പാലിക്കപ്പെടുന്നില്ല. പാലിച്ചിരുന്നു വെങ്കിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ പോലീസിന് ഇത്രയേറെ വിയർപ്പൊഴുക്കേണ്ട സാഹചര്യം ഉണ്ടാകില്ലായിരുന്നുവെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇനിയെങ്കിലും ഈ പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് നീങ്ങിയില്ലെങ്കിൽ രാജ്യം വലിയ വിലകൊടുക്കേണ്ടി വരുമെന്ന ചെറിയ മുന്നറിയിപ്പുകളാണ് ഇപ്പോഴത്തെ ഈ മനുഷ്യക്കടത്ത് പോലുള്ള സംഭവങ്ങൾ നൽകുന്ന സൂചനകൾ.
(അവസാനിച്ചു )