പറഞ്ഞിരുന്നവ
പറഞ്ഞിരുന്നവ
എം. ആർ. രേണുകുമാർ

നിലംതൊടാതൊരു
പന്പരം കറക്കി
കൈവെള്ളയിൽ
വെച്ചുതരാമെന്ന്
പറഞ്ഞിരുന്നതാണ്.

നിലാവുള്ള രാത്രികളിൽ
ആഴങ്ങളിലേക്ക് കൊണ്ടുപോയി
കൈത്തണ്ടയിൽ കിടത്തി
നീന്തൽ പഠിപ്പിക്കാമെന്ന്
പറഞ്ഞിരുന്നതാണ്.

മഴപെയ്തുതീരുവോളം
പിണ്ടിച്ചെങ്ങാടത്തിൽ
ഒരുമിച്ചു കിടന്നൊഴുകാമെന്ന്
പറഞ്ഞിരുന്നതാണ്.

പൊക്കിളോളം
വാലുനീണ്ടുകിടക്കുന്ന
ഉറങ്ങുന്നൊരു

പൂച്ചക്കുട്ടിയെ
മുലകൾക്കിടയിൽ
പച്ചകുത്തിതരാമെന്ന്
പറഞ്ഞിരുന്നതാണ്.

വലിച്ചിരുത്തിയ
ഒരുകവിൾപ്പുക
വായോടുവാചേർത്ത്
പകുത്തെടുക്കാമെന്ന്
പറഞ്ഞിരുന്നതാണ്.

ആരുകൊണ്ടുപോകുന്നതിലും
കൂടുതൽ സമയമെടുത്ത്
ചന്ദ്രനിൽ കൊണ്ടുപോകാമെന്ന്
പറഞ്ഞിരുന്നതാണ്.

പറഞ്ഞതല്ലാതെ
പറഞ്ഞതൊന്നും നടന്നതില്ല.
ഇങ്ങനെയൊക്കെ എപ്പോഴെങ്കിലുമെഴുതുമെന്ന് പറഞ്ഞതൊഴിച്ച്.