'കാലപ്രളയത്തിലെ' കാക്ക കോയി കൊറോണ കോഴികള്‍ (ഒരു യാത്രാനുഭവം: കാരൂർ സോമൻ)
!['കാലപ്രളയത്തിലെ' കാക്ക കോയി കൊറോണ കോഴികള്‍ (ഒരു യാത്രാനുഭവം: കാരൂർ സോമൻ) 'കാലപ്രളയത്തിലെ' കാക്ക കോയി കൊറോണ കോഴികള്‍ (ഒരു യാത്രാനുഭവം: കാരൂർ സോമൻ)](../feature/sam_2020march20wa1.jpg)
ഓരോ യാത്രകളും നല്ല സാഹിത്യകൃതികൾ ആസ്വദിക്കുംപോലെ പുതുമ നിറഞ്ഞ അനുഭവങ്ങളാണ് നൽകുന്നത്. ഈ വർഷത്തെ എന്റെ കേരള യാത്രയിൽ കണ്ടത് "കാക്ക തിന്നുന്നത് കോഴിക്ക് കണ്ടുകൂടാ" എന്ന മട്ടിലാണ്. കാക്കയുടെ സ്ഥാനത്തു് അധികാരികളും കോഴിയുടെ സ്ഥാനത്തു് പ്രതിപക്ഷവുമാണ്. രണ്ടു കൂട്ടരും മതങ്ങൾ ഈശ്വരനെ ദാനമായി നല്കുന്നതുപോലെ ജനാധിപത്യവും മതേതരത്വവു൦ നിർവ്യാജമായ വാൽസല്യത്തോടെ ജനത്തിന് നൽകുന്നു. അതിന്റ ഫലമോ അന്ധത, ദാരിദ്ര്യ൦, പട്ടിണി, അനീതി, സങ്കുചിത ചിന്തകൾ ജീവിതത്തെ ദുരന്തപൂർണ്ണമാക്കുന്നു. എങ്ങും കാക്കകൾ, കഴുകന്മാർ, പരുന്തുകൾ ഇരയെ തേടി വട്ടമിട്ട് പറക്കുന്നു. മനുഷ്യ ജീവിതത്തിന്റ കടിഞ്ഞാൺ ഇവരുടെ കൈകളിലാണ്. അതിനാൽ അടിമകളുടെ എണ്ണം പെരുകുന്നു. പാവങ്ങൾ ഇന്നും ദുഃഖ ദുരിതത്തിലാണ്. സ്വാതന്ത്ര്യം അനുഭവിക്കുന്നത് അധികാരികളും, ആരാധകരും, അഴിമതിക്കാരും, സ്തുതിപാഠകരും, ചുമടുതാങ്ങികളുമാണ്.
പ്രളയത്തിന്റ പ്രത്യാഘതങ്ങൾ ഭയാനകമെന്ന് ഹൈന്ദവ പുരാണങ്ങളിലും തോറയിലും ബൈബിളിലും ഖുറാനിലുമുണ്ട്.
ഇപ്പോൾ ജീവിതത്തെ ഭീതിജനകമായ കൊറോണ പിടിമുറുക്കിയിരിക്കുന്നു. എങ്ങും കൊറോണയുടെ നിഴൽപ്പാടുകൾ.
ഏതാനം വർഷങ്ങൾക്ക് മുൻപ് ലണ്ടനിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ "കല" അവരുടെ സാഹിത്യ മത്സരത്തിൽ എന്റെ "കോഴി" എന്ന കഥക്ക് ഒന്നാം സമ്മാനം തരികയുണ്ടായി. ഈ കോഴി ഇത്ര അപകടകാരിയെന്ന് ആലപ്പുഴയിലും മറ്റും പടർന്ന് പിടിച്ച കോയി വർഗ്ഗത്തിൽപ്പെട്ട കോയി കൊറോണ പൂവൻ കോഴികളെ കൂടെ നടന്ന പെൺ കോഴികൾക്ക്പോലും മനസ്സിലായില്ല. ഈ കോയി കൊറോണ കോഴികൾ പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അതിന്റ ലക്ഷണങ്ങൾ അവിടെയും കണ്ടു തുടങ്ങി. മേശപ്പുറത്ത് എത്തുന്ന ഈ കോയി കൊറോണ കോഴി ശത്രുവോ മിത്രമോ എന്നത് രുചിയോടെ അകത്താക്കുന്നവർ ആലോചിക്കണം.
ദേവാധിദേവന്മാരെ പാടിപുകഴ്ത്തിയ ആഡംബര ദേവാലയങ്ങൾക്ക് ആരാധകരെ സംരക്ഷിക്കാൻ സാധിക്കാതെ പ്രാർത്ഥനകൾ നിർത്തിവെച്ചു. പാട്ടും പ്രാത്ഥനയും തളിരും പൂവും പൂജകളും നിസ്കാരങ്ങളും വെട്ടിച്ചുരുക്കി ഈശ്വരന്മാർ സവാരിക്കും സർക്കിട്ടിനും പോയി. ആത്മാവിൽ തള്ളി തുള്ളിയാടിയ ദേവാലങ്ങൾ അനാഥാലയങ്ങളായി. മത മേധാവികൾ ധർമ്മ സങ്കടത്തിലാണ്. പഴയതുപോലെ ആൾക്കൂട്ടം വരുമോ? പണപ്പെട്ടി കാലിയാകുമോ? ജാതി മതങ്ങളുടെ വിളവെടുപ്പ് എത്ര നാൾ തുടരുമെന്നറിയില്ല. ഇനിയും ജീവിച്ചിരിക്കുന്നവരോട് പറയും ദൈവം നിന്നെ രക്ഷിച്ചു. ദൈവ നിന്ദ പാടില്ല. മരിച്ചവരോട് ഇനിയും എന്ത് പറയാനാണ്? അവരൊക്കെ ഈ നരകത്തിൽ നിന്നും രക്ഷപെട്ടില്ലേ? ചിലർ വിശ്വസിക്കുന്നത് ദൈവത്തെ വഞ്ചിച്ചതിനു ദൈവം കൊടുത്ത ശിക്ഷയാണ് ഇതുപോലുള്ള കോയി കൊറോണകോവിഡ് വൈറസ്. എന്തായാലും ദൈവത്തിന്റ സന്താനങ്ങളെ രക്ഷിക്കേണ്ട ചുമതല ദൈവത്തിനാണ്. മനുഷ്യത്വമില്ലാതെ പ്രവർത്തിക്കാൻ മനുഷ്യന് മാത്രമല്ല ദൈവത്തിനുമറിയാമെന്ന് കാലപ്രളയത്തിലൂടെ ഇപ്പോൾ ചിലരൊക്കെ മുറുമുറുക്കുന്നുണ്ട്.
കാലാകാലങ്ങളിലായി വില്പന ചരക്കുകളായി തുടരുന്ന അന്ധത നിറഞ്ഞ ആചാരാനുഷ്ടാനങ്ങൾക്ക് കോയി കൊറോണ വൈറസ് പിടിച്ചിരിക്കുന്നു. മണ്ണിലെ ദൈവങ്ങളുടെ സമ്പാദ്യം മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നും ഗ്രാമീണർക്കില്ല. അതൊക്കെ മനസ്സിലാക്കിയവർ വികസിത രാജ്യങ്ങളിലാണ്. ഇനിയും ദേവാലയങ്ങൾ മോടിപിടിപ്പിക്കാൻ ആരെങ്കിലും മുന്നോട്ട് വരുമോ? ശാസ്ത്രത്തിന് മുന്നിൽ മണ്ണിലെ കുശവൻ തീർത്ത ആരാധന ബിംബങ്ങൾ ഉടഞ്ഞ ചരിത്രമാണുള്ളത്. റോമൻ ചക്രവർത്തിമാർ നൂറ്റാണ്ടുകളായി എത്രയോ ദേവി ദേവന്മാരെ ആരാധിച്ചു. അതെല്ലാം യൂറോപ്പിലും ഇറ്റലിയിലുമൊക്കെ വെറും ശേഷിപ്പുകളായി കല്ലോട് കല്ല് ചേർന്ന് കിടക്കുന്നത് സംശയത്തോടെ ഞാൻ കണ്ടിട്ടുണ്ട്. ഇന്നത്തെ നമ്മുടെ ആരാധന മൂർത്തികളുടെ ആയുസ്സ് എത്ര നാൾ പൂങ്കിളിയുടെ പാട്ടുപോലെ തുടരുമെന്നറിയില്ല. ധനസമ്പത്തു് കൂടിയപ്പോൾ മനുഷ്യർ ഈശ്വരനിൽ നിന്നകന്നതാണ് ജഡിക ജീവിതത്തിന് കരണമെങ്കിലും വിശുദ്ധ വേദ വാക്യങ്ങൾ ദുഷ്ടജനങ്ങളുടെ കാതുകൾക്കെന്നും പ്രകാശംപോഴിക്കുന്ന ദീപങ്ങളാണ്.
പതിനാലാം നൂറ്റാണ്ടിൽ ഏകദേശം 475 മില്യൺ ജനങ്ങളാണ് പ്ളേഗ് മൂലം യൂറോപ്പിൽ മരണമടഞ്ഞത്. ഇംഗ്ലണ്ടിലെ എഡ്‌വേർഡ് മുന്ന് (1327 77) രാജാവ് പോലും 1348 ൽ കറുത്ത പ്ലേഗിനെ ഭയന്ന് ലണ്ടനിൽ നിന്ന് മാറി താമസിച്ച ചരിത്രവുമുണ്ട്. ദൈവത്തിൽ നിന്നും രക്ഷയില്ലെന്ന് കുറച്ചു പേർക്കെങ്കിലും ഇപ്പോൾ മനസ്സിലായിട്ടുണ്ട്. തലമുറകളായി ദൈവിക അനുഗ്രഹമെന്ന് വിശ്വസിച്ചവർ, ദേവാലയങ്ങളിൽ സ്നേഹപാരമ്യത്തോടെ കെട്ടിപുണർന്നവരുടെ മുഖങ്ങൾ ഇപ്പോൾ മ്ലാനമാണ്. ഹസ്തദാനം നടന്നാൽ മരണം ഉറപ്പാണ്. മരണത്തിനിപ്പോൾ മാധുര്യത്തിന്റ മുഖമാണ് ആത്മാവിന്റേതല്ല. ജീവിത ദർശനങ്ങൾ ഇല്ലാത്തവർക്ക് ഈ ജീവിതം എത്ര ക്ഷണികം.
ലണ്ടൻ മലയാള സാഹിത്യവേദിയുടെ പത്താം വാര്ഷികാഘോഷത്തിന്റ ഭാഗമായി സംഘടിപ്പിച്ച പുരസ്‌കാര സന്ധ്യ 2020 കോട്ടയത്തുള്ള അർകാഡിയ ഹോട്ടലിൽ നടന്നു. ആ മഹനീയ ചടങ്ങിൽ സാഹിത്യസാംസ്‌കാരിക മാധ്യമ രംഗത്ത് നീണ്ട നാളുകൾ തിളക്കമാർന്ന സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ കോട്ടയത്തിന്റ ജനപ്രിയ നായകനും മുൻ ആഭ്യന്തര മന്ത്രിയും എം.എൽ.എ.യുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പുരസ്‌ക്കാരങ്ങൾ നൽകി ആദരിച്ചു. സാഹിത്യ രംഗത്തെ സമഗ്ര സംഭവനക്ക് എന്നെയും തെരെഞ്ഞെടുത്തു. കോട്ടയത്തിന്റ ജനകിയ നായകൻ തോമസ് ചാഴിക്കാടൻ എം.പി. ആശയ ആഹ്ളാദം പകരുന്ന വാക്കുകളാണ് സമ്മാനിച്ചത്. അപ്പോഴിതാ കോയി കോഴി പനിപിടിച്ച കോഴികൾ ഫേസ് ബുക്കിൽ കൂവിത്തുടങ്ങി. സമൂഹത്തിന് ഒരു നന്മയും ചെയ്യാതെ അകത്തു കത്തിയും പുറത്തു പത്തിയുമായി കസേരക്കും പേരിനും പദവിക്കുമായ് ഓടി നടക്കുന്ന അസൂയ മുത്തവർ മലയാള ഭാഷക്കായി പരിശ്രമം ചെയ്യുന്നവരെയോ സർഗ്ഗപ്രതിഭകളുടെ കഷ്ടപ്പാടുകളോ തിരിച്ചറിയാറില്ല. അവരിലെ സവിശേഷത തലയില്ലാത്ത സോഷ്യൽ മീഡിയയിൽ എന്തും ഉന്തിത്തള്ളി കയറ്റി വിട്ട് രസിക്കലാണ്. മനുഷ്യരിൽ മാത്രമല്ല പരദോഷം കാണുന്ന കോഴി പനി പിടിച്ച കോയി കൊറോണ വൈറസ് ഫേസ് ബുക്കിലും കാണാറുണ്ട്. ഈ അടുത്ത കാലത്തിറങ്ങിയ "പ്രതി പൂവൻ കോഴി" സിനിമ ഇവർക്കായി സൃഷ്ടിച്ചതാണോ എന്ന് തോന്നി. അതിലെ വർഗ്ഗ ഗുണം ഇവരിലുമുണ്ട്. സാഹിത്യം മൂർച്ചയേറിയ ആയുധമാണ്. സമൂഹത്തിൽ ചൂഴ്ന്നുനിൽക്കുന്ന ഇതുപോലുള്ള കീടങ്ങളെ വലിച്ചെറിയാൻ സാഹിത്യത്തിന് കരുത്തുണ്ട്. തലച്ചോറുണ്ടെങ്കിൽ തലച്ചോറുള്ള മാധ്യമങ്ങളിൽ എഴുതുകയാണ് വേണ്ടത്. നല്ലതുണ്ടോ നായ് തിന്നുന്നു? ഇതുപോലുള്ള കുറുക്കന്മാർ കരഞ്ഞാൽ നേരം പുലരില്ല. കുശവനുണ്ടോ നല്ല കലത്തിൽ കഞ്ഞിവെക്കുന്നു?
തിരുവനന്തപുരം വൈലോപ്പള്ളി സംസ്‌കൃതി ഭവനിൽ മാർച്ച് അഞ്ചിന് ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്‌കാര ചടങ്ങിൽ വെച്ച് "കാലപ്രളയം" നാടകം മാവേലിക്കര എം.എൽ.എ ശ്രീ. ആർ. രാജേഷ് ,സ്പീക്കർ ശ്രീ.പി.ശ്രീരാമകൃഷൻ, ഡോ.ജോർജ് ഓണക്കൂറിന്റ് സാന്നിധ്യത്തിൽ പ്രകാശനം നടത്താൻ തീരുമാനിച്ചെങ്കിലും അന്നത്തെ മന്ത്രി സഭ തീരുമാനത്തിൽ എല്ലാം പൊതുപരിപാടികളും ഉപേക്ഷിച്ചു. മാർച്ച് 11 ന് ലോകത്തെ ഏറ്റവും വലിയ അന്തേവാസി ജീവ കാരുണ്യ സ്ഥാപനമായ പത്തനാപുരം ഗാന്ധി ഭവനിൽ മാതൃ സ്മരണ സംഗമം ഉദ്ഘടന൦ ചെയ്യാനെത്തിയപ്പോൾ കാലപ്രളയം നാടകം നടൻ ടി. പി. മാധവന് നൽകി ഡോ.പുനലൂർ സോമരാജൻ നിർവഹിച്ചു. ഗാന്ധിഭവന്റെ നേതൃത്വത്തിൽ നടന്ന മാതാപിതാ ഗുരു ദൈവം എന്ന ഗുരുവന്ദന സന്ദേശത്തിൽ ഞാനറിയിച്ചത് "ഈശ്വരന്റെ ആത്മാവുള്ളവരിൽ തീർച്ചയായും മാതാ പിതാ ഗുരുക്കന്മാരുണ്ട്. സാമൂഹ്യ ജീവിതത്തിൽ ജനാധിപത്യത്തേക്കാൾ ഏകാധിപതികളുടെ വളർച്ചയാണ് കാണുന്നത്. ജീവ കാരുണ്യ രംഗത്ത് ഇന്ന് ഇന്ത്യയിൽ ഏറെ മുന്നിൽ നിൽക്കുന്ന ഡോ.പുനലൂർ സോമരാജനെ ഇന്ത്യൻ ഭരണകൂടം കാണാതെപോകുന്നത് ദുഃഖിതന്റെ മനസ്സ് വായിക്കാൻ കഴിയാത്തതാണ്. ദരിദ്രരെ സൃഷ്ടിക്കുന്നവർക്ക് അതൊരു പുത്തരിയല്ല. ഗാന്ധി ഭവനിൽ മയിലുകൾ ചിറകുവിടർത്തി പറക്കുന്നതുപോലെയാണ് ആലംബഹീനർ മന്ദഹാസം നിറഞ്ഞ മുഖങ്ങളുമായി എന്നോട് സംസാരിച്ചത്. എം.എ.യൂസഫലിയെപ്പോലുള്ളവരെ ഭരണകർത്താക്കൾ കണ്ടു പഠിക്കണമെന്ന് ഞാനറിയിച്ചു. സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിച്ചു.
"കാലപ്രളയം" നാടകത്തിന്റ ആമുഖത്തിൽ നിന്ന് "മനുഷ്യന്റ തിന്മകൾക്കതിരെ കാലമയക്കുന്ന സംഹാരത്തിന്റ ശുദ്ധികരണ പ്രക്രിയയാണ് കാലപ്രളയം. ഏത് നിമിഷവും മനുഷ്യർ കെട്ടിപ്പൊക്കുന്ന അംബരചുംബികളായ കെട്ടിടങ്ങൾവരെ ഇടിഞ്ഞു താഴെവീഴുന്ന ദയനീയാവസ്ഥ. മനുഷ്യൻ പ്രകൃതിയോട് കാട്ടുന്ന ക്രൂരത മനുഷ്യന് വരാനിരിക്കുന്ന ദുരന്തങ്ങൾ നോക്കെത്താത്ത ദൂരത്തിൽ നീണ്ടു നീണ്ടു കിടക്കുന്നതായി തോന്നുന്നു. അവതാരികയിൽ ഡോ.ജോർജ് ഓണക്കൂർ എഴുതുന്നു. "പോയവർഷത്തിൽ കേരളത്തെ ഗ്രസിച്ച പ്രളയദുരന്തത്തിന്റ പശ്ചാത്തലഭൂമികയിൽ നിന്നുകൊണ്ട് മനുഷ്യ മോഹങ്ങളുടെ നിരർത്ഥകത വെളിപ്പെടുത്തുകയാണ് നാടകകൃത്തു്. മൂന്ന് തലമുറകൾ നാടകത്തിൽ പ്രത്യക്ഷപ്പെടുന്നു. അവരുടെ മോഹങ്ങൾ, എന്തും വെട്ടിപ്പിടിക്കാനും സ്വന്തമാക്കാനുള്ള വെമ്പലുകൾ, അതിനുവേണ്ടി ജാതിമത വർഗ്ഗിയ ശക്തികളെ കുട്ടുപിടിക്കുന്നതിന്റ അപകടങ്ങൾ വെളിപ്പെടുന്നു."
തിരുവനന്തപുരത്തു നിന്ന് ലണ്ടനിലേക്ക് മടങ്ങുമ്പോൾ എയർപോർട്ടിനുള്ളിലെ ഡി.സി.യുടെ പുസ്തകശാലയിൽ നിന്ന് പ്രമുഖ സാഹിത്യകാരൻ ശ്രീ. സി.വി.ബാലകൃഷ്ണന്റ "തന്നത്താൻ നഷ്ടപ്പെടും പിന്നെത്താൻ കണ്ടെത്തിയും" എന്ന യാത്രാവിവരണ പുസ്തകം വാങ്ങി. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന സാഹിത്യകാരൻ. അദ്ദേഹത്തിന്റ നോവലുകൾ ഞാൻ വായിച്ചിട്ടുണ്ട്. അതിനാലാണ് അദ്ദേഹമെഴുതിയ യാത്രാവിവരണം വാങ്ങിയത്. കുറെ വായിച്ചപ്പോഴാണ് മനസ്സിലായത് ഇത് പൂർണ്ണമായി ഒരു യാത്രാവിവരണമല്ല അതിലുപരി പല സാഹിത്യകാരന്മാരുടെ, ചലച്ചിത്ര മേഖലയിലെ പലരെപറ്റി അദ്ദേഹമെഴുതിയ ലേഖനങ്ങളാണ്. വായനക്കാരനെ തെറ്റിധരിപ്പിക്കാൻ ആദ്യ പേജിൽ യാത്രാവിവരണമെന്നാണ് പ്രസാധകർ എഴുതിയത്. പുസ്തകങ്ങൾ വിറ്റഴിക്കാൻ പ്രസാധകർ കണ്ടെത്തുന്ന ഓരോരോ കുറുക്കുവഴികൾ ഓർത്തിരിന്നു. എയർപോർട്ടിനുള്ളിൽ മറ്റൊരു പുസ്തകശാലയില്ലാത്തതും കലയും കാലവും മലയാള സാഹിത്യത്തെ സമ്പന്നമാക്കുന്നതിന്റ തെളിവാണ്.
മനുഷ്യർ പ്രകൃതിയോട് കാട്ടുന്ന ക്രൂരത കാലപ്രളയമെങ്കിൽ കാക്ക കോയി കൊറോണ കോഴികൾ ഈശ്വരനോട് കാട്ടുന്ന ക്രൂരതയാണോ ഈ പകർച്ചവ്യാധികൾ? എവിടെ നോക്കിയാലും നീതി നിഷേധങ്ങൾ നടമാടുകയാണ്. പലതും ഹൃദയം പിളർക്കുന്ന കാഴ്ചകൾ. തെറ്റുകൾ മനുഷ്യ സഹജമാണ്. തെറ്റുകുറ്റങ്ങൾ തിരിച്ചറിയുന്നവരാണ് നന്മയുള്ള മനുഷ്യർ. അന്ധ വിശ്വാസവും അഹന്തയും അസൂയയും അറിവില്ലായ്മയും തലയില്ലാത്ത മാധ്യമങ്ങളിൽ എഴുതി രസിക്കുന്നവരും, ഈശ്വരന്റെ പേരിൽ മനുഷ്യരെ ചുഷണം ചെയ്യുന്നവരും സമുഹത്തിൽ പകർച്ചവ്യാധികൾ പരത്തുന്നവരാണ്. നിർമ്മല സ്‌നേഹത്തിന്റ ആഴവും അഴകും മനസ്സിന്റ മടിത്തട്ടിൽ താലോലിക്കുന്നവർക്കെന്നും ഒരു ആത്മീയ സാംസ്കാരികാടിത്തറയുണ്ട്. കണ്ണാടിപ്പുരയിൽ ഇരുന്ന് കല്ലെറിയുന്നവർക്ക് ഏതുവിധത്തിലും മലീമസമായ വാക്കുകൾ എഴുതിവിടാം. ആരെയും ചുഷണം ചെയ്യാം. കണ്ണില്ലാത്തവന് എന്തിന് കണ്ണാടി? (www.karoorsoman.net).