HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
| Back to Home |
മണൽവര
ജോസ് പനച്ചിപ്പുറം
ഗോവ.
കടലിലെ മുരൾച്ചയിലേക്കു നോക്കി പ്രാർത്ഥിച്ചുനിൽക്കുകയാണ് പള്ളി.
പള്ളിമുറ്റത്തെ മണലിൽ കാറ്റ് കാലോടിച്ചു കളിക്കുന്നു. കളത്തിലില്ലാത്ത ഒരു പന്തിനു പിന്നാലെയുള്ള ഓട്ടംപോലെ. ഇടയ്ക്കു പന്ത് ഉയർന്നുപൊങ്ങിയിട്ടെന്നതുപോലെ കാറ്റ് മുറ്റം വിട്ടു പറന്നുകളിക്കും.
ചിലപ്പോൾ കുട്ടികളെപ്പോലെ തലങ്ങും വിലങ്ങും പാഞ്ഞുനടന്ന്, തിരയോരത്തെ മണലിൽ കാൽ നനച്ച്, ഓടി ക്ഷീണിച്ചു തിരിച്ചുവരും. അപ്പോൾ ചുണ്ടത്തൊരു തോറ്റ ചിരിയുണ്ടാവും.
പള്ളിമുറ്റം തീരുന്നിടത്ത് അതിർത്തിവേലിപോലെ ഏതാനും കൊന്നത്തെങ്ങുകൾ. അവയ്ക്കിടയിൽ കാറ്റു പിടിച്ചുനിന്ന മരങ്ങളുടെ പേരുകൾ അയാൾക്കറിയില്ല. കാറ്റല്ലാതെ ഒരു കാൽപ്പെരുമാറ്റവും പള്ളിമുറ്റത്തില്ല.
റോഡിൽനിന്നു തിരിയുന്നിടത്തു ചെറിയൊരു ബോർഡ് കണ്ടതാണ്; തെറ്റിയിട്ടില്ല.
അതേ. ഈ പള്ളിയിൽനിന്നുതന്നെയാണ് കത്ത്.
ഇവിടെ, പള്ളിയിൽ കണ്ടെത്തിയ ഒരു ബാഗിൽനിന്നു നിങ്ങളുടെ വിലാസം കിട്ടിയതുകൊണ്ടാണ് ഈ കത്തെഴുതുന്നത്. ബാഗ് ഇവിടെ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും വന്നുകൊണ്ടുപോകാം.
ചുവട്ടിൽ അവ്യക്തമായൊരു ഒപ്പും. കത്തിലൊരിടത്തും ഫോണ്‍നന്പരില്ല. ഉണ്ടായിരുന്നെങ്കിൽ പുറപ്പെടും മുൻപ് വിളിച്ചുചോദിക്കാമായിരുന്നു.
നാലുമണിയുടെ വെയിൽ പള്ളിവരാന്തയിൽ മൗനപ്രാർത്ഥനപോലെ വീണുകിടന്നു.
വരാന്തയിലെ വിള്ളലുകളിൽ പായൽ മുഖം വീർപ്പിച്ചിരിക്കുന്നു. അതിനു തൊട്ട്, ആരോ മണൽ വാരി കളിച്ചിരിക്കുന്നതിനിടയിൽനിന്നു തിരക്കിട്ടെഴുന്നേറ്റുപോയതുപോലൊരു ആൾപ്പെരുമാറ്റ ലക്ഷണവും.
പള്ളി ഗോപുരത്തിൽനിന്നു പരിശുദ്ധാരൂപിപോലെ മുറ്റത്തേക്കു പറന്നിറങ്ങിയ പ്രാവുകൾ അതിഥിയെ കണ്ട് തിരിച്ചുപോയി.
ഗോപുരത്തിന്‍റെ വെയിൽമറകളിൽ ചേക്കേറി, അതിഥിയെപ്പറ്റി അവർ സംസാരിച്ചത് കോളനിവാഴ്ചക്കാലത്തെ പോർച്ചുഗീസ്ഭാഷയിലാണെന്ന് അയാൾ വിചാരിച്ചു.
വരാന്തയിലെ പായലിന്‍റെ തുടർച്ച ചുവരിൽ പിടിച്ചുകയറി ഗോപുരത്തിലേക്കു പോകുന്നു. ഗോപുരത്തിലെ മണി ക്ലാവുപിടിച്ച് പ്രാവുകളുടെ കുറുകലിനു കുട പിടിച്ചു നിന്നു. മണിയിൽനിന്നൊരു ചരട് താഴേക്കു വരുന്നില്ലെന്ന് അയാൾ ശ്രദ്ധിച്ചു. ഒച്ച നിലച്ചുപോയ മണി ഉറകെട്ടുപോയ ഉപ്പുപോലെയാണ്.
വിശ്വാസം ഉപേക്ഷിച്ചുപോയ പള്ളിയാവണം ഇതെന്ന് അയാൾ മനസ്സിൽ കുറിച്ചു. ഉവ്വ്. സാത്താന്‍റെ കുതന്ത്രംപോലൊരു കറുത്തിരുണ്ട വലിയ താഴ് ആനവാതിലിൽ കെട്ടിപ്പിടിച്ചുകിടന്നു.
തൊട്ടുനോക്കിയപ്പോൾ അതിലാകെ തുരുന്പ്.
ഇല്ല. തുറക്കാറേയില്ല.
പിന്നെ. ഈ പള്ളിയിൽനിന്ന് എങ്ങനെ കത്തുവരും?
പള്ളിമുറ്റവുമായി മണൽ വിരിപ്പിന്‍റെ ഐക്യമുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിൽ ആരെങ്കിലുമുണ്ടാവുമെന്ന് അയാൾ പ്രതീക്ഷിച്ചു.
അതിൽ മുഖം വീർപ്പിച്ചുകിടന്ന താഴ് പക്ഷേ, പള്ളിത്താഴിനെക്കാൾ പുരാതനമാണ്.
ബാഗ് സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അത് ഇവിടെയാണ് ഉണ്ടാവേണ്ടത്. പള്ളിവികാരി താമസിക്കുന്നുണ്ടെങ്കിൽ അത് ഇവിടെത്തന്നെയാവണം.
ആ വരാന്തയിലേക്കുള്ള രണ്ടു പടികളിലും കാറ്റു ചിക്കിയിട്ട മണൽതോന്ന്യാസം തന്നെയാണുള്ളത്. അതിലൊരു ദുർബല പാദമുദ്രപോലും വീണിട്ടില്ല. ജനാലകൾ അടഞ്ഞുകിടക്കുകയാണ്. അവയ്ക്കുമേൽ വെയിലും മഴയും ചേർന്നു തീർത്ത കാലപ്പഴക്കം വടുകെട്ടിക്കിടക്കുന്നു.
ഇവിടെയാരുമില്ല.
പോക്കറ്റിൽനിന്ന് ആ ഇൻലൻഡ്കത്തെടുത്ത് അയാൾ വീണ്ടും വായിച്ചു.
ഇംഗ്ലീഷിൽ മൂന്നേ മൂന്നു വരികൾ.
ഇവിടെ കിട്ടിയ ഒരു ബാഗിൽ നിങ്ങളുടെ വിലാസം കാണുന്നു.
അതുകൊണ്ടാണ് ഈ കത്ത്.
ബാഗ് ആരെങ്കിലും തുറന്നുനോക്കിയതായോ അതിൽ എന്തൊക്കെയുണ്ടെന്നോ കത്തിൽ ഒരു സൂചനയുമില്ല.
ബാഗ് അന്വേഷിച്ച് ആരെങ്കിലും വരണമെന്ന് കത്തെഴുതിയയാൾ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ? ഇല്ലെങ്കിൽ, എന്തിനാണൊരു കത്ത്?
എന്തോ പറയാനെന്ന മട്ടിൽ, അല്ലെങ്കിൽ കത്തു വായിക്കാനെന്ന മട്ടിൽ, പ്രാവുകൾ കൂട്ടത്തോടെ തലയ്ക്കുമുകളിൽ വട്ടമിട്ടെത്തിയത് അയാളെ ഭയപ്പെടുത്തി. ഒരു കൂട്ടച്ചിരി ചിരിച്ച് അവ ഗോപുരത്തിലേക്കു തിരിച്ചുപറന്നപ്പോൾ അയാൾ തീരുമാനിച്ചുറച്ചു.
ഇവിടെ നിന്നിട്ടു കാര്യമില്ല.
വെയിൽ ചായുകയാണ്.
കാറ്റിന്‍റെ മണൽനടപ്പ് വേഗത്തിലായിട്ടുണ്ട്. പള്ളിക്കു ചുറ്റും ആരോ ഓടിക്കളിക്കുന്നതുപോലെ. അല്ലെങ്കിൽ പ്രാർത്ഥനകൾ അരൂപികളുടെ തേരേറി വരുന്നതുപോലെ. തെങ്ങോലകൾ മുടിയഴിച്ചിട്ട വെളിച്ചപ്പാടിനെപ്പോലെ തുള്ളിത്തകർക്കുകയാണ്. തെങ്ങുകൾക്കും പേരറിയാമരങ്ങൾക്കുമിടയിലൂടെ അയാൾ കടപ്പുറത്തേക്കു നടന്നു. പ്രാവുകളുടെ ചിരിയൊച്ചകൾ അകന്നകന്നുപോയി.
കാറ്റ് മണലിൽ വരവരച്ചു കൂടെനിന്നു.
അപ്പോൾ, ആരെന്നറിയാത്ത ഒരാൾ പിന്നിൽനിന്നു കൈകൊട്ടി വിളിച്ച്, പിന്നാലെ ഓടി വന്നു. ഓട്ടത്തിന്‍റെ വേഗത്തിൽ അയാൾ കിതച്ചു.
ഹലോ
നല്ല ഇംഗ്ലീഷിൽ അയാൾ സംസാരിച്ചുതുടങ്ങി.
ഈ പള്ളിയിൽ ആരുമില്ലേ?
ഇല്ലെന്നു തോന്നുന്നു.
ഉപേക്ഷിക്കപ്പെട്ട പള്ളിയാണോ?
ലക്ഷണംകൊണ്ട് അങ്ങനെയാണ്.
നിങ്ങൾ ഇവിടുത്തുകാരനാണോ?
അല്ല.
ഞാനും അല്ല. എനിക്കു പക്ഷേ, ഈ പള്ളിയിൽനിന്ന് ഒരു കത്ത് വന്നിരുന്നു.
കത്തോ?
അതെ. എന്‍റെ വിലാസമുള്ള ഒരു ബാഗ് ഇവിടെ കിട്ടിയിട്ടുണ്ടെന്നറിയിച്ച്...
കഥയുടെ ഈ ഘട്ടത്തിൽ രണ്ടുപേരെയും തിരിച്ചറിയാൻ ഒന്നാമൻ, രണ്ടാമൻ എന്നിങ്ങനെ സൂചനകൾ ചേർക്കാതെ കഴിയില്ലെന്നു വരുന്നു.
ഭീമാകാരമായ ഏതോ വാഹനം കുതിച്ചെത്തുന്നതുപോലെ തിരയിരന്പം കരകയറി വരുന്നത് ഒന്നാമൻ കേട്ടു.
ദാ, നോക്ക്. ഇത് ഈ പള്ളി തന്നെയല്ലേ?
ഒന്നാമൻ ഒരു കൈകൊണ്ടു കത്തു വാങ്ങുകയും മറ്റേ കൈ പോക്കറ്റിൽ സൂക്ഷിച്ച സ്വന്തം കത്തിനുമേൽ അമർത്തിവയ്ക്കുകയും ചെയ്തു.
അതേ അക്ഷരങ്ങൾ; അതേ വാക്യങ്ങൾ. അതേ ഒപ്പ്.
ചോദിക്കുന്നതിൽ ക്ഷമിക്കണമെന്നൊരു ആമുഖം ചേർത്ത് ഒന്നാമൻ ചോദിമിട്ടു:
ഇങ്ങനെയൊരു ബാഗ് ഇവിടെ വരാൻ വല്ല സാധ്യതയും കാണുന്നുണ്ടോ?
എന്നു ചോദിച്ചാൽ...
അല്ല. ചോദിച്ചെന്നേയുള്ളൂ. അസൗകര്യമുണ്ടാക്കിയതിനു മാപ്പ്.
അതല്ല മിസ്റ്റർ. ഇനി പറയാതിരുന്നിട്ടു കാര്യമില്ല. ആരോടെങ്കിലും പറയുന്നതു നല്ലതുതന്നെ എന്ന് രണ്ടാമൻ കാറ്റിലേക്ക് ആത്മഗതമൂതി.
ഞാൻ ബാംഗ്ളൂരിൽനിന്നാണ്; അവിടെയൊരു ഐടി കന്പനിയിൽ. നിങ്ങൾ എവിടെനിന്നാണ്?
ഞാൻ കേരളത്തിൽനിന്ന്. ബാംഗ്ലുരൊക്കെ അറിയാം.
എന്തിനാണ് അവസാനത്തെ ആ അമിതപ്രസ്താവനയെന്ന് പറഞ്ഞതിനു തൊട്ടുപിന്നാലെ അയാൾക്ക് അദ്ഭുതം തോന്നി.
ബാംഗ്ലൂരിൽ എനിക്കു പരിചയമുള്ള ഒരു സ്ത്രീ...
രണ്ടാമൻ കഥ പറഞ്ഞു തുടങ്ങുകയാണ്; ഒന്നാമൻ കേൾക്കുന്നു.
സ്ത്രീ നിങ്ങളുടെ...?
സ്വന്തം എന്നു പറയാം. ഞങ്ങൾ നല്ല പരിചയത്തിലായിരുന്നു.
നിങ്ങളുടെ ഫാമിലിയൊക്കെ...?
എന്‍റെ ഫാമിലി നാട്ടിലാണ്.
ഭാര്യയും മക്കളും?
ഉവ്വ്. ഭാര്യ. രണ്ടു ചെറിയ കുട്ടികൾ.
നിങ്ങളോ എന്ന് രണ്ടാമൻ ചോദിക്കുമെന്നു ഭയന്ന് ഒന്നാമൻ ഒരു കഥ കണ്ടെടുക്കാൻ ശ്രമം തുടങ്ങുകയായിരുന്നു.
രണ്ടാമൻ പക്ഷേ, കഥയിലേക്ക് കാൽവഴുതി വീഴുകയാണ്.
സുഹൃത്തേ, ആരോടെങ്കിലും ഇതൊക്കെ പറയാൻ കഴിയുന്നത് ഒരാശ്വാസമാണ്. ഈ സ്ത്രീയുമായി ഞാൻ ബാംഗ്ലൂരിൽ പരിചയത്തിലായി.
ചെറുപ്പക്കാരിയാണോ?
ചെറുപ്പക്കാരി.
സുന്ദരി?
ങ്ഹ. സുന്ദരിയെന്നു പറയാതിരിക്കാൻ പറ്റില്ല. ഭർത്താവും അച്ഛനുമായ ഒരാൾ വീണുപോകാൻ തക്ക സുന്ദരി.
എത്രത്തോളം വീണു എന്നു ചോദിക്കുംമുന്പ് അയാൾ കഥ തുടരുകയാണ്.
ഇടയ്ക്കു കാശു ചോദിക്കും.
കൊടുക്കും. അല്ലേ?
ങ്ഹ. കൊടുക്കും.
ഉദ്ദിഷ്ടകാര്യങ്ങൾക്ക് ഉപകാരസ്മരണ....
അല്ലെന്നു പറയുന്നില്ല. നിങ്ങൾക്കറിയാമല്ലോ സുഹൃത്തേ, കൊടുത്തുപോകും. എന്‍റെ സ്ഥാനത്ത് നിങ്ങളാണെങ്കിലും കൊടുത്തുപോകും.
ഉപ്പുചേർന്ന കടൽക്കാറ്റിൽനിന്ന് ഒരു മീൻനാറ്റം മൂക്കിൽ കയറി കുതറിയപ്പോൾ ഒന്നാമൻ മൂക്കു ചീറ്റി.
കുറെയേറെ പോയോ?
ങ്ഹ.
എന്നിട്ട്...
എന്നിട്ടൊരു ദിവസം അവൾ അപ്രത്യക്ഷയായി.
ഒരു കണക്കിൽ പറഞ്ഞാൽ, രക്ഷപ്പെട്ടു അല്ലേ?
എന്നാലും പെട്ടെന്നങ്ങു സ്ഥലം വിടുന്പോൾ....
എത്ര ദിവസമായി...?
രണ്ടാഴ്ചയോളമായി. ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. ബാംഗ്ലൂരിൽ അവൾ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു. നാട്ടിൽപോയി എന്നാണ് ആ വീട്ടുകാർ പറഞ്ഞത്.
നാടെന്നു വച്ചാൽ....
കോയന്പത്തൂർഭാഗത്തെവിടെയോ...
തമിഴത്തിയാണോ?
പാലക്കാട്ടുനിന്ന് കോയന്പത്തൂരിലെത്തിയ കുടുംബമാണ്.
എന്തിനായിരിക്കും ഇപ്പോൾ ഇങ്ങനെയൊരു ബാഗ് ഇവിടെയുണ്ടെന്നൊരു അറിയിപ്പ്...?
അതു കൃത്യമായി പറയാൻ വയ്യ. എന്നാലും എനിക്കു തോന്നുന്നത്...
തോന്നുന്നത്...
ഈ ബാഗ് മാത്രം ബാക്കിവച്ച് അവൾ അപ്രത്യക്ഷയായെന്നും ഒരുപക്ഷേ...
ഒരു പക്ഷേ....?
മരിച്ചുപോയിട്ടുണ്ടാവാമെന്നും.
മരിച്ചുപോയിട്ടുണ്ടെങ്കിൽ ഈ ബാഗ് തേടിവരുന്നതു വലിയ റിസ്കല്ലേ...? വല്ല കേസും...
അതും ശരിയാണ്.
ഇനിയിപ്പോൾ ബാഗ് കിട്ടുന്നുവെന്നു വിചാരിക്കുക; നിങ്ങളുടെ കാമുകിയെ തിരിച്ചുകിട്ടുന്നുവെന്നും...
കാമുകിയെന്നു പറയാൻ വയ്യ.
അതെന്താ?
രണ്ടാമനും ഒന്നാമനും നടന്നുനടന്ന് തിര നനച്ചിട്ട മണലിലായി.
മണപ്പുറത്തു വെയിൽ തിളക്കം വിടാതെ നിൽക്കുന്നു. ആ തിളക്കം ഏറ്റുവാങ്ങി കണ്ണുമാത്രം മറച്ച് വിദേശസഞ്ചാരികൾ കടപ്പുറക്കിടക്കകളിൽ മലർന്നുകിടന്നു. ആണും പെണ്ണും.
രണ്ടാമൻ നിശ്ശബ്ദനായത് ചോദ്യം കേൾക്കാതെയാണോ എന്ന് ഒന്നാമൻ സംശയിച്ചു. ചോദ്യം ആവർത്തിക്കുന്നത് അഭംഗിയാവാം.
ഇവളുമാർക്കൊക്കെ കാശുമതി.
രണ്ടാമന്‍റെ പ്രസ്താവന ആത്മഗതമാണ്. ഉത്തരം തേടുന്നതല്ല.
നമ്മൾ, ആണുങ്ങൾ, വെറും മണ്ട·ാർ.
നമ്മൾ എന്ന പ്രയോഗം ഒന്നാമനെയും പൊള്ളിച്ചു.
അതിൽ ഒന്നാമനും രണ്ടാമനുമിടയിൽ ഭേദമില്ലാതാവുന്നു. രണ്ടാമന്‍റെ ഉത്തരങ്ങൾ ഒന്നാമന്‍റെയും ഒന്നാമന്‍റെ ചോദ്യങ്ങൾ രണ്ടാമന്േറതുമായി കൂടിക്കുഴയുന്നു.
രണ്ടാമൻ തേടുന്ന ഉത്തരങ്ങൾ തനിക്കുകൂടി വേണ്ടതാണെന്ന് ഒന്നാമൻ സ്വകാര്യമായി മനസ്സിലെഴുതുന്നു.
നമ്മൾ ഒരു വലിയ ആൾക്കൂട്ടമാണ്. നിങ്ങൾക്കും എനിക്കും പിന്നെ മറ്റു പലർക്കും ചേർന്നുനിൽക്കാവുന്ന ആൾക്കൂട്ടം, അല്ലേ എന്ന് ഒന്നാമൻ ചോദിച്ചില്ല.
ചോദ്യം പക്ഷേ, ഇങ്ങനെയാക്കി.
ഇവിടെയുണ്ടെന്നു പറഞ്ഞ ബാഗിൽ നിങ്ങൾ വല്ലതും പ്രതീക്ഷിക്കുന്നുണ്ടോ?
എന്തു പ്രതീക്ഷിക്കാൻ?
പിന്നെ, ബാഗ് എന്നു കേട്ടപ്പോൾ എന്തിനാണു ചാടിപ്പുറപ്പെട്ടത്?
ആ ഉത്തരമാണ് ഒന്നാമനു വേണ്ടിയിരുന്നത്.
എന്തിനാണ് ഓടിപ്പോന്നത്?
എന്തിനാണ്? ബാഗിൽ എന്തുണ്ടെന്നാണു വിചാരിച്ചത്? ബാഗുമായി അവൾ ഇവിടെ കാത്തുനിൽക്കുകയാണെന്നു കരുതിയോ?
ഇങ്ങനെ രണ്ടുപേരെ ഒരേ കത്തയച്ചു വിളിച്ചുവരുത്തിയതിന്‍റെ ഉദ്ദേശ്യമെന്താണ്?
ഒരേ രീതിയിൽ വഞ്ചിക്കപ്പെട്ടവർ എന്നതാണോ? ഒരേ പെണ്ണിൽ വീണുപോയവർ എന്നതാണോ? ഇയാൾക്ക് എത്ര പണം പോയിട്ടുണ്ടാവും? എനിക്കോ ഇയാൾക്കോ കൂടുതൽ പണം പോയത്?
കത്തുകിട്ടി വരുന്ന രണ്ടുപേർ ബാഗ് തപ്പി നടക്കട്ടെ എന്നാണോ? അങ്ങനെയൊരു ബാഗുതന്നെയുണ്ടോ? വേറെയും പണം പോയവർ ബാഗ് തേടി വരുന്നുണ്ടാവുമോ?
ഇവിടെ, ഈ ഗോവൻകടലിൽ ചാടി അവൾ മരിച്ചിട്ടുണ്ടാവുമോ?
അല്ലെങ്കിൽ, അവൾ എന്തിനു മരിക്കണം?
ഇപ്പോൾ ഞങ്ങൾ രണ്ടുപേരുടെയും മുന്നിലേക്ക് അവൾ കടന്നുവന്നാൽ, എന്തു സംഭവിക്കും?
ഭാഗ്യം. തനിക്കു മാത്രമാണു കത്തുവന്നതെന്നു രണ്ടാമൻ വിശ്വസിക്കുന്നു. കത്തിലെ ഒരേയൊരു ബാഗും തനിക്കുള്ളതാണെന്നു വിചാരിക്കുന്നു. അങ്ങനെതന്നെയിരിക്കട്ടെ. ഇതിനപ്പുറത്ത് വേറെ പള്ളിയുണ്ടോ എന്നു ചോദിക്കുന്നു അയാൾ.
ഉണ്ടാവും. തീർച്ചയായും ഗോവയിൽ പള്ളികൾക്ക് ഒരു പഞ്ഞവുമില്ല.
അയാൾക്കിനി എന്താണു വേണ്ടത്? വേറെ പള്ളിയിൽ പോയി നോക്കാനോ? യഥാർത്ഥത്തിൽ ഒരു ബാഗ് എവിടെയെങ്കിലുമുണ്ടോ എന്നറിയാനോ?
അറിഞ്ഞിട്ട് എന്താണു ചെയ്യാൻ പോകുന്നത്?
കടപ്പുറത്തുനിന്നു വെയിലും വെയിൽകൊണ്ടു കിടന്നവരും എഴുന്നേറ്റു പോയിത്തുടങ്ങുകയാണ്. ആണും പെണ്ണും കൈകോർത്ത്; പരസ്പരം ചേർത്തു പിടിച്ച്.
അവൾ മരിച്ചുപോയെങ്കിൽ കൊലക്കേസിൽ പ്രതിയാകുമെന്ന് അയാൾ ഭയപ്പെടുന്നുണ്ടോ? ഇവിടെ കാത്തുനിന്നാൽ വേറെയും ആളുകൾ ഇതുപോലെ ബാഗ് തേടി വരുമോ?
ഈ ബാഗ് അന്വേഷിച്ചു വരുന്നവരെ ഈ ഗോവൻകടപ്പുറത്തിട്ടു തല്ലി ശരിയാക്കാൻ അവൾ ആളുകളെ ഏർപ്പാടു ചെയ്തിട്ടുണ്ടോ?
ഇപ്പോൾ, തിരകൾ സന്ധ്യയിലേക്ക് ആഞ്ഞടിച്ചുതുടങ്ങുന്ന ഈ നേരത്ത്, എവിടെനിന്നെങ്കിലും രണ്ടു തടിമാട·ാർ കടന്നുവന്ന് രണ്ടുപേരെയും തല്ലിവീഴ്ത്തിയാൽ ഒന്നും സംഭവിക്കില്ല. ആരും തടയാനെത്തില്ല.
ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന ഭാവമാവും കടലിനും കരയ്ക്കും.
തല്ലി വീഴ്ത്തുന്നവരെ വലിച്ചു തിരയ്ക്ക് എറിഞ്ഞുകൊടുത്താൽ ആരും ചോദിക്കാനുണ്ടാവില്ല. അല്ലെങ്കിൽ, ബാഗ് തേടി എല്ലാ കാമുകരും വരുമെന്നും അവർ ഇവിടെ, ഈ കടപ്പുറത്ത് തമ്മിലടിച്ചു ചാവുമെന്നും അവർ കരുതുന്നുണ്ടോ? എന്നിട്ട്, അവർ മറഞ്ഞുനിന്ന് കണ്ടുരസിക്കും. ഇപ്പോൾത്തന്നെ അവൾ എവിടെയെങ്കിലും മറഞ്ഞുനിൽക്കുന്നില്ല എന്ന് എങ്ങനെയറിയാം?
പള്ളിയുടെ മറവിൽ? തൊലി വെളുത്ത ആ മരങ്ങൾക്കു പിന്നിൽ?
പെട്ടെന്ന്, ഒരു പുരുഷന്‍റെ വലതുകൈ ചുറ്റിപ്പിടിച്ച പെണ്‍ശരീരത്തിൽ ഒന്നാമന്‍റെ കണ്ണുടക്കി. പിൻഭാഗമേ കാണുന്നുള്ളൂ.
എന്നാലും, അതവൾതന്നെയല്ലേ?
ആ വളവുകൾ; ഒടിവുകൾ.
കഴുത്തിനു പിന്നിൽ വീണുകിടക്കുന്ന ആ കാന്തഭാവം. കാൽമടക്കുകളിലെ ആ ക്ഷണം.
അല്ലേ?
ഇങ്ങനെ നോക്കാൻ പാടില്ലാത്തതാണ്. എന്നാലും...
തന്‍റെ നടത്തത്തിനു വേഗം കൂടിയെന്നും കുറച്ചേറെ ദൂരം മുന്നോട്ടു പോയെന്നും തിരിച്ചറിഞ്ഞ്, ഒന്നാമൻ തിരിഞ്ഞുനോക്കുന്പോൾ അവസാനത്തെ തെങ്ങിൻനിരകൾക്കു ചുവട്ടിലെ സിമന്‍റു ബെഞ്ചിൽ രണ്ടാമൻ ഇരുന്നുപോയിരുന്നു.
തിരിച്ചുനടന്ന് അതേ ബെഞ്ചിലെത്തുന്പോഴും കടന്നുപോയ ആ പെണ്‍കാന്തം അയാളെ കൊളുത്തി വലിച്ചുകൊണ്ടിരുന്നു.
അവൾ, തീർച്ചയായും ഇവിടെത്തന്നെയുണ്ടാവും. അല്ല. ഉണ്ട്.
ഇപ്പോൾ പക്ഷേ, ഒന്നും കാണാൻ വയ്യ.
കടപ്പുറത്തൊരു ചാറ്റൽമഴയുടെ മൂടൽ വന്നു വീഴുകയുമാണ്.
ആദ്യം ബെഞ്ചിനെ അഭയം പ്രാപിച്ച രണ്ടാമൻ കണ്ണടച്ചിരിക്കുകയാണിപ്പോൾ. തണുത്ത കാറ്റിൽ അയാളുടെ മുഖം കരുവാളിച്ചു.
എന്തു പറ്റി?
കണ്ണു തുറക്കാതെ അയാൾ സംസാരിച്ചു.
നിങ്ങൾക്കു മനസ്സിലാവില്ല സുഹൃത്തേ, എന്‍റെ ഭാര്യ; എന്‍റെ മക്കൾ; എല്ലാം പോയില്ലേ?
അയാൾ മുഖം പൊത്തി.
അതു മാത്രമാണ് വ്യത്യാസമെന്ന് ഒന്നാമൻ സ്വകാര്യമായി ആശ്വസിച്ചു.
അങ്ങനെയൊരു നഷ്ടം പറയേണ്ടതില്ലാത്ത ആശ്വാസം.
ഇനിയിപ്പോൾ, അവൾ മരിച്ചിട്ടുണ്ടെങ്കിൽ, ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കിൽ, എന്‍റെ വിലാസം ഒരു തെളിവാകില്ലേ സുഹൃത്തേ...
അല്ലെങ്കിൽ, എന്തിനാണു സുഹൃത്തേ എനിക്കുമാത്രം ഇങ്ങനെയൊരു കത്ത്?
രണ്ടാമൻ സ്വന്തം കഥയിലേക്ക് സ്വയം ആഴ്ന്നിറങ്ങിപ്പോകുകയാണ്.
ഇയാൾ എന്തൊരു പാവമാണെന്ന് ഒന്നാമൻ ആലോചിക്കുന്നു. ഈ ചോദ്യങ്ങൾ എന്‍റെ മനസ്സിന്‍റെ വക്കത്ത് എത്രയോ നേരമായി എഴുന്നേറ്റുനിൽക്കുന്നു. ഞാൻ ആരോടും പറയുന്നില്ലല്ലോ.
ഒന്നാമനും രണ്ടാമനും തമ്മിലുള്ള ഭേദമില്ലായ്മ തിരിച്ചറിഞ്ഞതുപോലെ രണ്ടുപേരും ഒരേസമയം എഴുന്നേറ്റ് വീണ്ടും നടന്നുതുടങ്ങി.
നടന്നു നടന്ന് നനവുള്ള മണലിലെത്തിയപ്പോൾ ഒന്നാമൻ എന്ന അയാളോർത്തു.
തിരകൾക്കു കുതിപ്പ് കൂടിയിട്ടുണ്ട്.
തിരകൾക്കും തീരത്തിനുംമേൽ ഒരു ചാരക്കറുപ്പ് വീണുപരക്കുകയാണ്.
നനഞ്ഞ മണലിലൂടെ രണ്ടാമൻ മുന്നോട്ടു നടക്കുകതന്നെയാണ്; താൻ ഒപ്പമുണ്ടെന്ന് അയാൾ വിചാരിക്കുന്നുണ്ടാവുമെന്ന് ഒന്നാമനു തോന്നി. അയാൾക്കാണെങ്കിൽ നനഞ്ഞ മണലിൽ വേഗം കിട്ടുന്നുമില്ല.
രണ്ടാമൻ ഒരുപക്ഷേ, ഇപ്പോഴും സംസാരിക്കുന്നുണ്ടെങ്കിൽ അതു കേൾക്കാനാവത്തത്ര പിന്നിലാണു താൻ എന്ന് ഒന്നാമൻ തിരിച്ചറിഞ്ഞു.
ഹലോ...
പെട്ടെന്നൊരു വലിയ തിര വന്ന് ശബ്ദത്തെ കീഴടക്കി. കൂറ്റനൊരു സർപ്പമുഖത്തോടെ ഉയർന്നുപൊങ്ങി.
നനഞ്ഞ മണ്ണിൽനിന്നു കുതിച്ച് അയാൾ രക്ഷാസങ്കേതം തേടി ഓടി.
തിരയെത്താദൂരം പിന്നിട്ട്, അയാൾ കിതച്ച്, തിരിഞ്ഞു നോക്കി.
തിര മടങ്ങിപ്പോയ കടലോരം പാഴായും ശൂന്യമായും കിടക്കുന്നു.
ആരും അവിടെ ശേഷിച്ചിട്ടില്ല.
അപ്പോൾ എവിടെയോ പ്രാചീനമായൊരു ഞരക്കത്തോടെ പള്ളിമണികൾ മുഴങ്ങി.
താമരപ്പാടം
വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്ര
കാലപ്രളയത്തിലെ' കാക്ക
അന്പത്തിയഞ്ചു വയസ് വരെ പ്രായമുള്ളവരിൽ കോവിഡ്19 ഒമിക്രോണ് വകഭേദത്തിനുള്ള വ
വിശുദ്ധ പറവകള് (കാരൂര് സോമന്)
സഞ്ചാരം വിനോദമാക്കിയ ലണ്ടനിലെ ഹോട്ടലുടമ സൈമണ് കേരളത്തില് പോകുന്നത് ജന്മനാടിന്റ കദനകഥകള് കാണാനോ കേ
കുതിരയും മനുഷ്യനും
തോമസ് ജോസഫ്
ഒരു മഞ്ഞുമൂടിയ പ്രഭാതത്തിലാണ് ആ വെളുത്ത കുതിരയെ ഞാൻ ആദ്യമായി കാണുന്ന
റോസാപ്പൂ നിറമുള്ള ഇറച്ചി
അയ്മനം ജോണ്
എഴുതുവാൻ പോകുന്ന കഥയിലെ സംഭവത്തെ വിചിത്രസംഭവം എന്നൊന്നും വിശേഷിപ്പ
നാളേയിലേക്കു ഓർമ്മത്തളിരുകൾ
മഹാനഗരിയിൽ നാല്പത്തിനാല് ഡിഗ്രി സെൽഷ്യസ് ചൂട്. വിമാനത്താവളത്തിൽനിന്നു പുറത്തുകടന്നതു തീയിലേക്കെന്നപോ
പ്രതിരൂപം കാണാത്ത പെൺകുട്ടി
<യ> അയ്മനം ജോൺ യ>
കണ്ണാടി കണ്ടുപിടിക്കപ്പെടുന്നതിന് മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന ഒരു പെണ്
ആരും കാണാത്ത സങ്കടം ജനാലയിലൂടെ മിഴിതുറന്നു
–
സന്തോഷ് ജെകെവി
<യൃ><യൃ>എനിക്കന്ന് അഞ്ചുവയസ്സുണ്ടാവും. ചാച്ചനും അമ്മയും വരാന്തയിൽ വർത്തമാനം പ
ചിരിക്കാത്ത ഭർത്താവ്
<യ> സുകുമാർ യ><യൃ><യൃ>ഞാൻ നോക്കി. മനോജ്ഞമായ ചെക്ക്ബുക്കിലെ ഒപ്പിട്ട ഒരു ലീഫ്. അതെന്റെ നേർക്കു നീട
പരിഭാഷകൻ
<യ>കഥ/സി.ആർ. രാജൻയ><യൃ><യൃ><യൃ><യൃ>ശിരസിനു മുകളിലൂടെ അഭയ ദേഹത്തേക്കിട്ടപ്പോൾ, ഇസ്തിരിയിടാത്ത ചുര