ധാരാളം വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും സങ്കേതമാണ് ഓറഞ്ച്. രുചികരം.വിറ്റാമിൻ എ, ബി, സി, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങി നിരവധി പോഷകങ്ങൾ ഓറഞ്ചിലുണ്ട്. 170 ൽ പരം ഫൈറ്റോകെമിക്കലുകളും 60 ൽപ്പരം ഫ്ളേവനോയിഡുകളും അതിലുണ്ട്. ഇവയുടെ ആൻറി ഇൻഫ്ളമേറ്ററി (നീർവീക്കം തടയുന്നു), ആന്റി ഓക്സിഡന്റ് സ്വഭാവം രോഗങ്ങൾ തടയുന്നു. യുവത്വം നിലനിർത്തുന്നു.
വിറ്റാമിൻ സിയാണ് ഓറഞ്ചിന്റെ ആരോഗ്യപരമായ സിദ്ധികൾക്ക് അടിസ്ഥാനം. വിറ്റാമിൻ സി സപ്ലിമെൻറുകൾ കഴിക്കുന്നതിനേക്കാൾ ഫലപ്രദം ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിക്കുന്നതാണെന്ന് ഇറ്റലിയിൽ നടത്തിയ ഒരു പഠനം പറയുന്നു. അപ്പോൾ ഓറഞ്ച് ജ്യൂസ് എത്രവേണമെങ്കിലും കഴിക്കാം എന്നു ധരിക്കരുത്.. അമിതമായി ഓറഞ്ച് ജ്യൂസ് ശീലമാക്കിയാൽ പല്ലുകൾക്കു കേടുവരും.പല്ലിന്റെ ഇനാമലിനു കേടുവരുത്തും. ഓറഞ്ച് ജ്യൂസിലെ പഞ്ചസാരയുടെയും ആസിഡിന്റെയും സാന്നിധ്യമാണ് അതിന് ഇടയാക്കുന്നത്.
രോഗപ്രതിരോധശക്തിക്ക്
ശരീരത്തിൽ നുഴഞ്ഞുകയറുന്ന രോഗാണുക്കളെ തുരത്തിയോടിക്കുന്നത് വെളുത്ത രക്താണുക്കളാണ്. വെളുത്ത രക്താണുക്കളുടെ ഉത്പാദനം കൂട്ടുന്നതിന് വിറ്റാമിൻ സി അവശ്യം. ഓറഞ്ച് ഉൾപ്പെടെയുളള സിട്രസ് ഫലങ്ങളിൽ വിറ്റാമിൻ സി ഇഷ്ടംപോലെ.
വൈറസ് അണുബാധയിൽ നിന്നു സംരക്ഷണം നല്കുന്ന പോളിഫീനോൾസ് ഓറഞ്ചിൽ ധാരാളം. കൂടാതെ ഓറഞ്ചിലടങ്ങിയ വിറ്റാമിൻ എ, ഫോളേറ്റ്, കോപ്പർ തുടങ്ങിയ പോഷകങ്ങളും ശരീരത്തിന് രോഗങ്ങളെ പൊരുതിത്തോൽപ്പിക്കാനുളള കരുത്തു സമ്മാനിക്കുന്നു. അതിനാൽ ഓറഞ്ചും ഓറഞ്ച്ജ്യൂസും ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. പക്ഷേ, കീടനാശിനികളുടെ സാന്നിധ്യമില്ലാത്ത ശുദ്ധമായ ഓറഞ്ച് കിട്ടാനാണു പ്രയാസം.
ചുളിവുകളിൽ നിന്നു രക്ഷ
ഓറഞ്ചിലുളള ആൻറി ഓക്സിഡൻറ് വിറ്റാമിൻ സി ചർമം ശുദ്ധമാക്കുന്നു. അമിതമായി വെയിലേല്ക്കൽ, അന്തരീക്ഷമലിനീകരണം എന്നിവ മൂലം ചർമത്തിനുണ്ടാകുന്ന കേടുപാടുകൾ തീർക്കുന്നതിനും വിറ്റാമിൻ സിയുടെ ആൻറി ഓക്സിഡന്റ് ഗുണം സഹായിക്കുന്നു. കൂടാതെ കൊളാജെൻ നിർമാണത്തിലും സഹായകം. ചർമത്തിന് ഇലാസ്തികത നല്കി ചുളിവുകളിൽ നിന്നു സംരക്ഷണം നല്കുന്നതിനു കൊളാജെൻ അവശ്യം. ഓറഞ്ച് ജ്യൂസ് ചർമത്തിൽ പുരട്ടാം. ചർമം പ്രകാശമാനമാകും.
കൊളസ്ട്രോൾ കുറയ്ക്കുമോ..?
ഓറഞ്ചിൽ പെക്റ്റിൻ എന്ന ജലത്തിൽ ലയിക്കുന്നതരം നാരുകളുണ്ട്. ആഹാരത്തിലൂടെ ശരീരത്തിലെത്തുന്ന കൊളസ്ട്രോൾ രക്തത്തിൽ കലരുന്നതിനുമുന്പ് അവയെ പിടികൂടി ശരീരത്തിൽ നിന്നു പുറന്തളളുന്നതിനു പെക്റ്റിൻ സഹായിക്കുന്നു. കൂടാതെ ഓറഞ്ചിലുളള hesperidinഎന്ന ആന്റി ഓക്സിഡൻറ് കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവ കുറയ്ക്കുന്നു. ഓറഞ്ച്ജ്യൂസിൽ അടങ്ങിയ ഫ്ളേവനോണുകൾ ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ തോതു കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.
ഹൃദയത്തിന്റെയും ബന്ധു
ഓറഞ്ചിലെ ആൻറി ഓക്സിഡൻറുകൾ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയാണ് ഹൃദയാരോഗ്യത്തിന് കരുത്തുപകരുന്നത്. പ്രത്യേകിച്ചും വിറ്റാമിൻ സി എന്ന ആന്റി ഓക്സിഡന്റ് ആർട്ടറികളെ ഫ്രീ റാഡിക്കലുകളിൽ നിന്നു സംരക്ഷിക്കുന്നു. രക്തക്കുഴലുകൾക്കുളളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടാതെ തടയുന്നു. ഓറഞ്ചിലെ ഫൈറ്റോകെമിക്കലുകൾ ശരീരകോശങ്ങളിലേക്ക് പോഷകങ്ങളും ഓക്സിജനും വഹിക്കുന്ന രക്തക്കുഴലുകളുടെ കരുത്തുകൂട്ടുന്നു. ശരീരത്തിൽ ഹോമോസിസ്റ്റൈൻ എന്ന അമിനോആസിഡ് അധികമായാൽ ഹൃദയാഘാതത്തിനു സാധ്യതയേറും. ഓറഞ്ചിലുളള ഫോളേറ്റ്, വിറ്റാമിൻ ബി9 എന്നിവ ഹോമോസിസ്റ്റൈനെ വിഘടിപ്പിച്ചു നീക്കുന്നു.
പ്രായമായവർക്കും സുഹൃത്ത്
പ്രായമായവരെ റുമാറ്റോയ്ഡ് ആർത്രൈറ്റിസിൽ നിന്നു സംരക്ഷിക്കുന്നു. ഓറഞ്ച് ജ്യൂസിലുളള വിറ്റാമിൻ സി എന്ന ആൻറി ഓക്സിഡൻറ് സന്ധികളിലെ നീരും വേദനയും കുറയ്ക്കാൻ സഹായകം. ഓറഞ്ചിലുളള zeaxanthin, beta-cryptoxanthin എന്നീ പോഷകങ്ങളും റുമാറ്റോയ്ഡ് ആർത്രൈറ്റിസിൽ നിന്നു സംരക്ഷണംനല്കുന്നു.
ഓറഞ്ചിലുളള വിറ്റാമിൻ സി വൃക്കകളുടെ ആരോഗ്യത്തിനും ഗുണപ്രദം. ഓറഞ്ചിൽ സിട്രേറ്റ് ധാരാളം. ഓറഞ്ച് കഴിക്കുന്നവരിൽ മൂത്രത്തിലെ സിട്രേറ്റിന്റെ തോതു കൂടുന്നു. അത് മൂത്രത്തിലെ ആസിഡിനെ നിർവീര്യമാക്കുന്നു. അങ്ങനെ കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റലുകൾ രൂപപ്പെടുന്നതു തടയുന്നു.
അമിതഭാരം കുറയ്ക്കുമോ?
ഓറഞ്ചിൽ വിറ്റാമിൻ സിയും നാരുകളും ധാരാളം. നാരുകളടങ്ങിയ വിഭവങ്ങൾ കഴിച്ചയുടൻ വയറു നിറഞ്ഞതായി അനുഭവപ്പെടും. അതിനാൽ കൊഴുപ്പടങ്ങിയ മറ്റുവിഭവങ്ങൾ അളവിൽ കുറച്ചുകഴിച്ചാൽ മതി.
മാത്രമല്ല അതിലുളള വിറ്റാമിൻ സി ശരീരത്തിലുളള ഗ്ലൂക്കോസിനെ ഉൗർജമാക്കി മാറ്റുന്നു. ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പു നീങ്ങുന്നു. കലോറി കുറഞ്ഞ ഫലമാണ് ഓറഞ്ച്; കൊഴുപ്പു കുറഞ്ഞ പോഷകങ്ങളുടെ ഉറവിടവും.
ഓറഞ്ചിലുളള ആൻറി ഓക്സിഡൻറ് സംയുക്തങ്ങളായ hesperidin, naringenin എന്നിവ കാൻസറിനിടയാക്കുന്ന ഫ്രീ റാഡിക്കലുകളുമായി പോരാടുന്നു. കൂടാതെ Zeaxanthin, carotenoids എന്നിവ വിവിധതരം കാൻസറുകൾ, പ്രത്യേകിച്ചു പ്രോസ്റ്റേറ്റ് കാൻസർ തടയുന്നതായി പഠനങ്ങൾ പറയുന്നു. ഓറഞ്ചിലുളള limonoidsവായ, സ്തനം, ശ്വാസകോശം, ചർമം, ആമാശയം, കുടൽ എന്നിവയിലെ കാൻസർസാധ്യത കുറയ്ക്കുന്നു. ഓറഞ്ചിൽ ബീറ്റാ കരോിൻ ഇഷ്ടംപോലെ. മറ്റു കരോട്ടിനോയ്ഡുകളുംധാരാളം. ശരീരം ഇവയെ വിറ്റാമിൻ എ ആക്കി മാറ്റുന്നു.
വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഓറഞ്ചിലുളള വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും തിമിരസാധ്യത കുറയ്ക്കുന്നു. പ്രായമായവരുടെ കണ്ണുകൾക്കുണ്ടാകുന്ന മാകുലാർ ഡീജനറേഷൻ എന്ന രോഗാവസ്ഥയുടെ വ്യാപനം കുറയ്ക്കുന്നു.
ഓറഞ്ചിലെ ആൻറി ഓക്സിഡൻറുകൾ യുവത്വം നിലനിർത്തുന്നു. അതിലുളള വിറ്റാമിൻ സിയും ബീറ്റാ കരോട്ടിനും ചർമത്തിൽ അകാലത്തിൽ ചുളിവുകളുണ്ടാകുന്നതു തടയുന്നു. ശരീരത്തിന് ദിവസവും ആവശ്യമുളള വിറ്റാമിൻ സിയുടെ അഞ്ചിലൊന്ന് ഒരു കപ്പ് ഓറഞ്ച് ജ്യൂസിൽ അടങ്ങിയിരിക്കുന്നു.
ഓറഞ്ച് ഫ്ളവറുളള പൊടി ശീലമാക്കിയാലും പോരേ?
അവയിൽ കൃത്രിമമധുരവും പ്രിസർവേറ്റീവുകളും ഏറെയാണ്. അവ ശീലമാക്കിയാൽ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും ഏറെയാണ്. അത്തരം കൃത്രിമ ജ്യൂസ് ശീലമാക്കുന്നത് ആരോഗ്യകരമല്ല.