18 വയസുള്ള കോളജ് വിദ്യാർഥിനിയാണു ഞാൻ. തണുത്ത ഭക്ഷണം കഴിക്കുന്പോഴും തണുത്ത കാറ്റ് ഏൽക്കുന്പോഴും ശരീരത്തിലാകമാനം ചൊറിച്ചിലോടെ തടിപ്പുകൾ വരുന്നു. അടുത്തുള്ള ചർമരോഗ വിദഗ്ധനെ കാണിച്ച് മരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല.
- സന്ധ്യ മാവേലിക്കര
= നിങ്ങൾക്ക് കോൾഡ് ആർട്ടിക്കേറിയ എന്ന രോഗമാണ്. ശരീരത്തിന് തണുപ്പേൽക്കുന്പോൾ ഒരു പ്രത്യേകതരം ആന്റിജൻ ഉണ്ടാവുകയും അതിനെതിരേ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇവ രണ്ടും ചേർന്ന് ഒരു സംയുക്തമായി നമ്മുടെ ശരീരത്തിൽ പലഭാഗങ്ങളിലായി നിക്ഷേപിക്കപ്പെടുന്നു.
ഇങ്ങനെ സംഭവിക്കുന്പോൾ ചർമത്തിൽ ചൊറിച്ചിലോടെ തിണർപ്പുകളുണ്ടാകാം. കൂടാതെ തലവേദന, ശ്വാസതടസം, വലിവ്, കിതപ്പ് എന്നീ ലക്ഷണങ്ങളും രോഗിക്ക് അനുഭവപ്പെടാം. രക്തസമ്മർദം താണുപോകാം.
ഇങ്ങനെയുള്ള തിണർപ്പ് ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തോ ശരീരം മുഴുവനായോ വരാം. ചില അവസരങ്ങളിൽ പ്രത്യേക കാരണമില്ലാതെ ഇത്തരം അസുഖം ഉണ്ടാകാം. എന്നാൽ മറ്റു ചിലരിൽ എസ്എൽഇ പോലുള്ള രോഗങ്ങൾ മൂലവും ഇത്തരം രോഗാവസ്ഥ ഉണ്ടാകാം.
ചിലരിൽ ജനിതക വ്യതിയാനങ്ങൾ മൂലവും ഇത്തരം രോഗം കാണാറുണ്ട്. ഏതായാലും താങ്കൾ വിശദമായ പരിശോധനയ്ക്ക് വിധേയമാകുക.