മഴക്കാലമെത്തി. എലിപ്പനി പടർന്നു പിടിക്കാതിക്കാൻ ആരോഗ്യ പ്രവർത്തകരും ജനങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ശുചീകരണ ജോലികൾ ചെയ്യുന്നവരും വെള്ളത്തിൽ ഇറങ്ങുന്നവരുമെല്ലാം മുൻകരുതലുകളെടുക്കണം. ഇതിനായി ആരോഗ്യ പ്രവർത്തകർ നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. കൂടാതെ എലിപ്പനിയുടെ പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കണം.
മലിനജലവുമായി സന്പർക്കത്തിൽ വന്ന എല്ലാവർക്കും എലിപ്പനി വരാനുള്ള സാധ്യത ഉണ്ട്. കെട്ടിക്കിടക്കുന്ന വെള്ളവുമായി സന്പർക്കത്തിൽ വരുന്ന എല്ലാവരും ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസൃതം പ്രതിരോധ മരുന്നുകൾ കഴിക്കണം.
രോഗസാധ്യത കൂടുതൽ ഉള്ളവർ പനി വന്നാൽ ഉടനെ (പ്രതിരോധ മരുന്ന് എടുത്താലും ഇല്ലെങ്കിലും) ചികിത്സ തേടേണ്ടതും, പ്രോട്ടോകോൾ പ്രകാരം ഉള്ള ചികിത്സ എടുക്കേണ്ടതുമാണ്.
എന്താണ് എലിപ്പനി?
ലെപ്ടോസ്പൈറ ജനുസിൽപ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. പ്രളയബാധിത മേഖലകളിലെ പകർച്ചവ്യാധികളിൽ ഏറ്റവും പ്രധാനമാണിത്. ജീവികളുടെ മലമൂത്ര വിസർജ്യം ജലത്തിൽ കലർന്നാണ് എലിപ്പനി പടരുന്നത്.
രോഗവ്യാപനം
രോഗാണുവാഹകരയായ എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായി സന്പർക്കം വരുന്നവർക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളിൽ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു. രോഗാണു ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ 4 മുതൽ 20 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.
രോഗ ലക്ഷണങ്ങൾ
പനി, പേശി വേദന (കാൽ വണ്ണയിലെ പേശികളിൽ), തലവേദന, വയറ് വേദന, ഛർദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കാണുന്പോൾ തന്നെ ശരിയായ ചികിത്സ നൽകുകയാണെങ്കിൽ പൂർണ്ണമായും ഭേദമാക്കാവുന്നതാണ്.
ആരംഭത്തിൽ ചികിത്സ തേടാതിരുന്നാൽ?
ആരംഭത്തിൽ ചികിത്സ ലഭിക്കാത്ത അവസ്ഥയിൽ രോഗം മൂർച്ഛിച്ച് കരൾ, വൃക്ക, തലച്ചോർ, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവൻ തന്നെ അപകടത്തിലാവുകയും ചെയ്യും. സ്വയം ചികിത്സ അരുത്.
എലിപ്പനി തടയാൻ മുൻകരുതലുകൾ
* കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങാനിടയായവർ ഡോക്ടറുടെ നിർദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളിക- ഡോക്സിസൈക്ലിൻ കഴിക്കുന്നതു ഗുണപ്രദം.
* മനുഷ്യവാസപ്രദേശങ്ങളിൽ മാലിന്യങ്ങൾ കൂടിക്കിടക്കുന്നത് ഒഴിവാക്കുക. ഇത്തരം മാലിന്യക്കൂന്പാരങ്ങളിലാണ് എലികൾ പെറ്റുപെരുകുന്നത്്. എലികൾ വളരുന്നതിനു സഹായകമായ സാഹചര്യം ഒഴിവാക്കുക.
* കുളങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുക. ഇടയ്ക്കിടെ കുളത്തിലെ വെളളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുക. നീന്തൽക്കുളങ്ങളിൽ മാലിന്യം കലരാതിരിക്കാൻ കരുതൽ നടപടികൾ സ്വീകരിക്കുക.
*ജലസ്രോതസുകൾ അണുവിമുക്തമായി സൂക്ഷിക്കുക. പൊട്ടാസ്യം പെർമാംഗനേറ്റ്്, ബ്ലീച്ചിംഗ് പൗഡർ എന്നിവ ഉപയോഗിച്ചു ജലം അണുവിമുക്തമാക്കുക.
* കുട്ടികൾ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കുന്നത് ഒഴിവാക്കുക.
* കൃഷിയിടങ്ങളിൽ പ്രവർത്തിക്കുന്പോൾ കാലുറകളും കൈയുറകളും ധരിക്കുക. കൈകാലുകളിൽ മുറിവുകളുണ്ടെങ്കിൽ അത് ഉണങ്ങുന്നതുവരെ ചെളിവെള്ളത്തിലിറങ്ങരുത്. കൈകാലുകളിൽ മുറിവുകളു ണ്ടെങ്കിൽ അത് അവഗണിക്കരുത്. ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം ചികിത്സ തേടുക.
* കൃഷിയിടങ്ങളിൽ പണിയെടുക്കുന്നവർ ചെറുകുളങ്ങളിലെയും ചാലുകളിലെയും വെളളത്തിൽ കൈ കാലുകൾ കഴുകുന്നത് ഒഴിവാക്കുക.
* കുടിക്കാൻ തിളപ്പിച്ചാറിച്ച വെളളം മാത്രം ഉപയോഗിക്കുക. കിണറുകളിലും കുളങ്ങളിലുംക്ലോറിനേഷൻ നടത്തുക.
* ഹോട്ടലുകൾ, ബേക്കറികൾ, ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണുകൾ, കടകൾ എന്നിവിടങ്ങളിൽ എലികൾ വിഹരിക്കുന്ന സാഹചര്യം ഒഴിവാക്കുക. ഭക്ഷ്യവസ്തുക്കൾ അടച്ചു സൂക്ഷിക്കുക
* പുറത്തു സഞ്ചരിക്കുന്പോൾ ഉപയോഗിക്കുന്ന പാദരക്ഷകൾ വീടിനുളളിൽ ഉപയോഗിക്കരുത്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ വകുപ്പ്