ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടമാണ് കുട്ടിക്കാലം. കളിച്ചും ചിരിച്ചും ആർത്തുല്ലസിക്കേണ്ട പ്രായത്തിൽ പലപ്പോഴും രോഗപീഡ കുട്ടികളെയെന്നപോലെ അവരുടെ മാതാപിതാക്കളെയും മാനസിക സമ്മർദത്തിലാഴ്ത്താറുണ്ട്. അത്തരത്തിലൊരു രോഗമാണ് സോറിയാസിസ്.
ജനിതകപരമായ കാരണങ്ങൾകൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത്. അച്ഛനോ അമ്മയ്ക്കോ സോറിയാസിസ് ഉണ്ടായാൽ മക്കൾക്കുണ്ടാകാനുള്ള സാധ്യത പതിനാലു ശതമാനമാണ്. എന്നാൽ രണ്ടുപേർക്കും ഈ രോഗം ഉണ്ടായാൽ മക്കൾക്കുണ്ടാകാനുള്ള സാധ്യത നാൽപതു ശതമാനം വരും.
കെരാറ്റിനൈസേഷൻ
നമ്മുടെ ചർമത്തിൽ നടക്കുന്ന കെരാറ്റിനൈസേഷൻ എന്ന പ്രക്രിയയിൽ നടക്കുന്ന വൈകല്യങ്ങളാണ് സോറിയാസിസിന് കാരണം. എപ്പിഡെർമിസിന്റെ ഏറ്റവും താഴെ സ്ഥിതിചെയ്യുന്ന വളരെ വേഗം വിഭജിക്കുന്ന കോശങ്ങൾക്കു രൂപമാറ്റം സംഭവിച്ചാണ് ചർമത്തിന്റെ ഏറ്റവും ഉപരിതലത്തിൽ കാണപ്പെടുന്ന മൃതകോശങ്ങളായ സ്ട്രാറ്റം കോർണിയം ഉണ്ടാകുന്നത്. ഈ പ്രക്രിയയ്ക്കിടയ്ക്കാണ് നമ്മുടെ ചർമത്തിലെ പ്രധാന മാംസ്യങ്ങളായ കെരാറ്റിൻ ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ടാണ് ഇതിനെ കെരാറ്റിനൈസേഷൻ എന്നു വിളിക്കുന്നത്.
സാധാരണയായി ഈ പ്രക്രിയയ്ക്ക് രണ്ടാഴ്ച സമയമെടുക്കും. എന്നാൽ സോറിയാസിസ് ഉള്ളവരിൽ ഈ പ്രക്രിയ ചുരുങ്ങിയ സമയംകൊണ്ട് നടക്കും. തത്ഫലമായി ചർമോപരിതലത്തിൽ മൃതകോശങ്ങൾ കട്ടിപിടിച്ചു കിടക്കുന്നു. ഇത് ചർമോപരിതലത്തിൽ ശൽക്കങ്ങളായി കാണപ്പെടുന്നു.
കാരണങ്ങൾ
കുട്ടികളിൽ ഈ രോഗം വരുന്നതിന് ഒരു പ്രധാന കാരണമാണ് മാനസിക സമ്മർദം. താങ്ങാൻ കഴിയാത്ത സിലബസ്, കുടുംബാന്തരീക്ഷം, സ്കൂളിലുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ അസുഖം വരുന്നതിനോ മൂർഛിക്കുന്നതിനോ കാരണമാകാറുണ്ട്.
പരീക്ഷക്കാലത്ത് രോഗം വർധിക്കുന്നതും അവധിക്കാലത്ത് ശമിക്കുന്നതും പതിവാണ്. വിദ്യാലയാന്തരീക്ഷവും കുടുംബാന്തരീക്ഷവും തൃപ്തികരമാണെങ്കിൽ പൊതുവേ ഈ അസുഖം പ്രശ്നങ്ങൾ സൃഷ്ടിക്കാറില്ല. സ്ട്രെപ്റ്റോകോക്കസ് മൂലമുള്ള അണുബാധ കുട്ടികളിൽ സോറിയാസിസ് വരുന്നതിനു കാരണമാണ്.
ചില മരുന്നുകളുടെ ഉപയോഗം സോറിയാസിസ് ആദ്യമായി പ്രത്യക്ഷപ്പെടാനോ ഉള്ള രോഗം അധികമാകാനോ കാരണമാകാറുണ്ട്. വേദനസംഹാരികൾ, മലേറിയയ്ക്കെതിരേ ഉപയോഗിക്കുന്ന മരുന്നുകൾ, വിഷാദരോഗത്തിനെതിരേയുള്ള മരുന്നുകൾ മുതലായവയാണിവ
രോഗലക്ഷണങ്ങൾ
ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളിലും ഒരുപോലെ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറില്ല. കുട്ടികളിൽ സോറിയാസിസിന്റെ ലക്ഷണങ്ങൾ കാണുന്നത് കാൽമുട്ട്, മുഖം, കൈമുട്ട്, തലയോട്ടി എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിൽ വലിയ ചുവന്ന തടിപ്പുകൾ ചൊറിച്ചിലോടെ പ്രത്യക്ഷപ്പെടുന്നു. തടിപ്പുകൾക്ക് മുകളിൽ വെള്ളിനിറത്തിലുള്ള ശൽക്കങ്ങൾ കാണാം.
ഈ ശൽക്കങ്ങൾ അടർത്തിമാറ്റിയാൽ ചർമത്തിൽ രക്തം പൊടിയുന്നത് കാണാം. ചിലയവസരങ്ങളിൽ ചെതുന്പലുകൾ രോമാവൃതമായ ഭാഗങ്ങൾ കടന്ന് നെറ്റിയിലേക്കും കഴുത്തിലേക്കും വ്യാപിച്ചിരിക്കാം. മ ുതിർന്നവരിൽ നഖങ്ങളിലും സോറിയായിസിന്റെ ലക്ഷണങ്ങൾ കാണാറുണ്ട്. ചെറിയ അതിസൂഷ്മങ്ങളായ കുഴികൾ പ്രത്യക്ഷപ്പെടുന്നു.
തുടർന്ന് നഖങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തുന്നു.
തെറ്റിദ്ധാരണ വേണ്ട
ഒന്നിച്ചിരുന്നതുകൊണ്ടോ ഒന്നിച്ചു ഭക്ഷണം കഴിച്ചതുകൊണ്ടോ ഹസ്തദാനം ചെയ്തതുകൊണ്ടോ വിനോദങ്ങളിൽ ഏർപ്പെട്ടതുകൊണ്ടോ സോറിയാസിസ് പകരില്ല. കുട്ടികളിലുള്ള സോറിയാസിസ് മൂലം സഹപാഠികൾ അവരെ ഒറ്റപ്പെടുത്താറുണ്ട്.
ഇവയെ പകർച്ചവ്യാധികളെന്നു തെറ്റിദ്ധരിക്കുന്ന സന്ദർഭങ്ങളും ധാരാളം. ഇതെല്ലാം കുട്ടികളിൽ മാനസികസമ്മർദം ഏറുന്നതിനും രോഗം കൂടാനും കാരണമാകാം.
ചികിത്സ
രോഗത്തിന്റെ സ്വഭാവത്തെപ്പറ്റി അവരെ ബോധവാന്മാരാക്കുക എന്നതാണ് ആദ്യപടി. കുട്ടികളിൽ സിലബസ്, പരീക്ഷകൾ ഇവമൂലമുള്ള മാനസികസമ്മർദം ലഘൂകരിക്കാനുള്ള നടപടികൾ ചെയ്യേണ്ടതുണ്ട്. യോഗ, ധ്യാനം എന്നിവ ഇതിനുപകരിക്കും. വേദനസംഹാരികൾ, മാനസികസമ്മർദത്തിനുള്ള മരുന്നുകൾ ഇവ കഴിവതും ഒഴിവാക്കണം. അണുബാധമൂലമുള്ള സോറിയാസിസിന് ആന്റിബയോട്ടിക്കുകളാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. ശരീരത്തിന് എണ്ണമയം പ്രദാനം ചെയ്യുന്ന ലേപനങ്ങൾ കൂടെക്കൂടെ പുരട്ടണം.
ഭക്ഷണരീതി
ഉപവാസവും കലോറിമൂല്യം കുറഞ്ഞ ഭക്ഷണവും സോറിയാസിസിന്റെ കാഠിന്യം കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ആവശ്യത്തിനു മാത്രം ഭക്ഷണം കഴിക്കുക, അനവസരത്തിലുള്ള ഭക്ഷണം ഒഴിവാക്കണം. ടിവി കാണുന്പോൾ വല്ലതും കൊറിച്ചുകൊണ്ടിരിക്കുക നമ്മിൽ പലരുടെയും ശീലമാണ്. കൂടാതെ കലോറികമൂല്യം കുറഞ്ഞ ഭക്ഷണംതന്നെ ശീലമാക്കണം. ദുർമേദസ് ഉള്ളവരിൽ സോറിയാസിസ് വരാനും വർധിക്കാനും സാധ്യതയുണ്ട്.
* ഒമേഗ 3 ഫാറ്റി അമ്ലങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന മത്സ്യങ്ങളിൽ ഇവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
* കരോട്ടിൻ, ഫ്ളാവനോയ്ഡുകൾ, വിറ്റാമിൻ സി, എന്നിവ ധാരാളം അടങ്ങിയിട്ടുള്ള നെല്ലിക്ക, ഓറഞ്ച്, പപ്പായ, കാരറ്റ്, തക്കാളി എന്നിവ വളരെയധികം കഴിക്കണം. നാരുകൾ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും ശീലമാക്കണം. ജ്യൂസുകൾ കഴിവതും ഒഴിവാക്കുക.
* സെലീനിയം, വിറ്റാമിൻ ഡി, വിറ്റാമിൻ ബി12, സിങ്ക് എന്നിവയടങ്ങിയ ഭക്ഷണം കഴിക്കണം.
* കോഴിയിറച്ചി കഴിക്കാമെങ്കിലും പോത്തിറച്ചി, ആട്ടിറച്ചി, പന്നിയിറച്ചി എന്നിവ ഒഴിവാക്കുന്നതാണ് ഗുണകരം. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക. മധുരപലഹാരങ്ങൾ കുട്ടികൾക്കു വളരെയധികം ഇഷ്ടമുള്ള ഒന്നാണ്. ഇത് സോറിയാസിസുള്ളവർ കുറയ്ക്കണം. ധാന്യങ്ങൾ പൊടിച്ചുപയോഗിക്കാതെ അങ്ങനെതന്നെ കഴിക്കണം. ഓട്സ്, ബാർലി എന്നിവ നല്ലതാണ്.
വിവരങ്ങൾ -
ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, പന്തക്കൽ
ഫോൺ - 8714373299