ശരീരം മുഴുവൻ അസഹനീയമായ ചൊറിച്ചിലുമായാണ് ആ മധ്യവയസ്കൻ എന്നെ കാണാൻ വന്നത്. പ്രമേഹരോഗിയായ അദ്ദേഹം ഇതിനോടകംതന്നെ പത്തോളം ചർമരോഗ വിദഗ്ധരെ സമീപിച്ചിട്ടുണ്ട്. അസുഖത്തിന് ശമനമില്ലാതായതോടെയാണ് അദ്ദേഹം എന്റെയടുത്തു വന്നത്..
പ്രായത്തിന്റെയും പ്രമേഹരോഗത്തിന്റെയും പ്രശ്നം കാരണം ചർമം വരണ്ടുണങ്ങുന്നതാണ് യഥാർഥ പ്രശ്നമെന്നു മനസിലായി. രോഗി ഇതിനോടകം പാരഫിൻ അടങ്ങിയ ലേപനങ്ങളും ആന്റിഹിസ്റ്റമിനുകളും ഉപയോഗിച്ചിട്ടുണ്ട്. വിശദമായി ചോദിച്ചപ്പോൾ ലേപം പുരട്ടി അരമണിക്കൂറിനു ശേഷം കുളിക്കുകയാണ് പതിവെന്ന് അയാൾ പറഞ്ഞു.
ചർമത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാനാണ് സാധാരണയായി പാരഫിൻ അടങ്ങിയ ലേപനങ്ങൾ ഡോക്ടർമാർ നിർദേശിക്കുന്നത്. ഇത് കുളിച്ചശേഷം കുളിമുറിയിൽവച്ചുതന്നെ പുരട്ടുന്നതാണ് ഉചിതം. ഇങ്ങനെ ചെയ്യുന്പോൾചർമത്തിന് മുകളിൽ അത് ഒരു പാടപോലെ പ്രവർത്തിക്കുകയും ചർമത്തിലെ ജലാംശം ബാഷ്പീകരിക്കുന്നതിനെ തടയുകയും ചെയ്യുന്നു. ശരീരം നനച്ച് തുടച്ചശേഷം ഇങ്ങനെ ഒരുദിവസംതന്നെ പല ആവർത്തി പുരട്ടേണ്ടിവരും. കുളിക്കുന്നതിനു മുൻപ് പുരട്ടിയാൽ ശരീരത്തിൽ സോപ്പ് തേക്കുന്പോഴും ശരീരം തുടയ്ക്കുന്പോഴും ലേപനം നഷ്ടപ്പെടുകയും ഉദ്ദേശിച്ച ഫലം ചെയ്യാതിരിക്കുകയും ചെയ്യുന്നു.
മേൽ സൂചിപ്പിച്ച സംഭവത്തിൽ രോഗശമനം ലഭിക്കാതിരിക്കാനുള്ള യഥാർഥ കാരണം രോഗി, ഉപയോഗിക്കേണ്ട രീതിയിൽ മരുന്ന് ഉപയോഗിക്കാത്തതാണ്.
സ്റ്റിറോയ്ഡുകൾ
ചർമരോഗ ചികിത്സയിൽ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട മരുന്നുകളാണ് സ്റ്റിറോയ്ഡുകൾ. സ്റ്റിറോയിഡുകൾ ഗുളികകളായും ലേപനങ്ങളായും ഇൻജക്ഷനുകളായും ഇൻഹേലറുകളായുമൊക്കെ വിപണിയിൽ ലഭ്യമാണ്. ചർമരോഗ ചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്നത് ലേപനങ്ങളുടെ രൂപത്തിലാണ്. സ്റ്റിറോയ്ഡ് ലേപനങ്ങളുടെ വീര്യത്തെ ആസ്പദമാക്കി അവയെ ആറായി തിരിച്ചിട്ടുണ്ട്. അതിൽ ഒന്നാമത്തെ വിഭാഗം ഏറ്റവും വീര്യം കൂടിയതും ആറാമത്തേത് ഏറ്റവും വീര്യം കുറഞ്ഞതുമാണ്. വിവിധതരം ചർമരോഗങ്ങൾക്ക് പല വീര്യമുള്ള ലേപനങ്ങൾ ഉപയോഗിക്കേണ്ടിവരും. മുഖത്തും ഇടുക്കുകളിലും വീര്യം കുറഞ്ഞവ തന്നെ ഉപയോഗിക്കണം. ശരീരത്തിലെ കട്ടികൂടിയ ഭാഗങ്ങളിൽ വീര്യം കൂടിയവ ഉപയോഗിക്കാം. സാധാരണഗതിയിൽ ഒരു സ്റ്റിറോയ്ഡ് ലേപനം തുടർച്ചയായി രണ്ടാഴ്ച മാത്രമേ ഉപയോഗിക്കാവൂ. അതിനുശേഷം വീര്യം കുറഞ്ഞ മറ്റൊന്നിനെ ആശ്രയിക്കേണ്ടിവരും.
സ്വയംചികിത്സ അപകടമാകുന്പോൾ...
ഇന്ന് നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്നവയാണു സ്റ്റിറോയ്ഡ് ലേപനങ്ങൾ. ചർമരോഗങ്ങ ൾക്കു ഡോക്ടറുടെ കുറിപ്പടിയില്ലാതെ സുഹൃത്തിന്റെയോ അയൽവാസിയുടേയോ ഉപദേശത്തിൽ വഴങ്ങി മെഡി ക്കൽ സ്റ്റോറുകളിൽ നിന്നു സ്റ്റിറോയ്ഡ് ലേപനങ്ങൾ വാങ്ങി ദീർഘകാലം ഉപയോഗിക്കുകയും അവ മൂലമുള്ള പാർശ്വഫലങ്ങൾ അനുഭവിക്കേണ്ടിവരുകയും ചെയ്യുന്നവർ നമ്മുടെ നാട്ടിൽ ഏറെയാണ്. വെളുക്കാൻ തേച്ചത് പാണ്ടായി മാറുന്ന സംഭവങ്ങൾ നിരവധിയുണ്ട്. ഡോക്ടറെ കാണാതെ സ്റ്റിറോയ്ഡ് ലേപനങ്ങൾ ഉപയോഗിച്ച് രോഗമുക്തി നേടാൻ ശ്രമിക്കുന്നവർ കനത്ത വില നൽകേണ്ടിവരും എന്ന് പറയാതെ വയ്യ. ഇവ ശരീരത്തിൽ സ്ഥിരമായി പുരട്ടുന്പോൾ നമ്മുടെ ചർമത്തിലെ മെലാനോസൈറ്റുകൾ ഉത്പാദിപ്പിക്കുന്ന മെലാനിൽ എന്ന വർണ വസ്തുവിന്റെ ഉത്പാദനം ഗണ്യമായി കുറയുന്നു. തന്മൂലം ആ ഭാഗം വെള്ള പ്പാണ്ടിനെ അനുസ്മരിപ്പിക്കുന്ന വിധമായി മാറുന്നു. അതുപോലെ ചർമത്തിലെ പ്രധാന പ്രൊട്ടീനുകളായ ഇലാസ്റ്റിൻ, കൊളാജൻ എന്നിവയുടെ നിർമാണം നിലയ്ക്കുന്നു. തത്ഫലമായി പുരട്ടിയ ഭാഗങ്ങളിൽ നിന്ന് രക്തം പൊടിയുകയും ചർമം വൃദ്ധരുടേതിന് സമാനമായ വിധത്തിൽ ചുക്കിച്ചുളുങ്ങുകയും ചെയ്യുന്നു. അമിതമായ രോമവളർച്ച, ചർമത്തിൽ ബാക്ടീരിയ, ഫംഗസ് എന്നിവ മൂലമുള്ള അണുബാധ എന്നിവയ്ക്കു കാരണമാവുന്നു. ചില വ്യക്തികൾ സ്റ്റിറോയിഡുകളോട് അമിതമായ പ്രതിപത്തി കാണിക്കുന്നുണ്ട്. എന്നാൽ, മറ്റു ചിലരാകട്ടെ അവയെ ഭയക്കുന്നവരുമാണ്. ഇതിന് അടിസ്ഥാനമില്ല.വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടവയാണ് സ്റ്റിറോയ്ഡ് ലേപനങ്ങൾ. ഒരു വിദഗ്ധന്റെ നിർദേശാനുസരണം മാത്രം ഇവ ഉപയോഗിക്കുകയാണെങ്കിൽ ഭയക്കേണ്ടതില്ല.
ട്രിപ്പിൾ കോന്പിനേഷനുകൾ
മരുന്നു കടകളിൽ ഏറ്റവും കൂടുതൽ ലഭ്യമായിട്ടുള്ള ലേപനങ്ങളിൽ ഒന്നാണ് ട്രിപ്പിൾ കോന്പിനേഷനുകൾ. സ്റ്റിറോയ്ഡ്, ആന്റി ബയോട്ടിക്, ആന്റീഫംഗൽ എന്നീ ഘടകങ്ങൾ ചേർന്ന ലേപനങ്ങളാണ് ഇവ. പലപ്പോഴും രോഗികൾ രോഗനിർണയത്തിനോ ചികിത്സയ്ക്കോ വിധേയരാവാതെ സ്വയമേവ ഇവ ഉപയോഗിക്കാറുണ്ട്.
സ്
റ്റിറോയ്ഡ് ലേപനങ്ങൾ ഗുണം ചെയ്യുന്ന ’എക്സിമ’ വിഭാഗത്തിൽപ്പെട്ട ചർമ രോഗികൾക്ക് ഇവ ഗുണം ചെയ്തേക്കാം. എന്നാൽ, ബാക്ടീരിയകൾ മൂലമുള്ള ചർമരോഗങ്ങൾക്ക് ഗുണം ചെയ്യില്ലെന്ന് മാത്രമല്ല അവ കൂടാനും ഇടയുണ്ട്.
ഫംഗസ് ബാധമൂലമുള്ള അസുഖങ്ങൾക്ക് തുടക്കത്തിൽ ഗുണം ലഭിക്കുമെങ്കിലും രോഗികൾ ഇവ തുടർച്ചയായി ഉപയോഗിക്കുന്പോൾ അവയിലടങ്ങിയിരിക്കുന്ന സ്റ്റിറോയ്ഡിന്റെ ഘടകം പൂപ്പലിന്റെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും അതുവഴി രോഗം മാറാത്ത അവസ്ഥയിലേക്കെത്തുന്നതിനും വഴി വെച്ചേക്കാം. മറ്റേത് രോഗത്തിനും കൊടുക്കുന്ന പ്രാധാന്യം ചർമരോഗത്തിനും കൊടുക്കുന്നതാണ് ഉചിതം. അതുകൊണ്ടുതന്നെ രോഗനിർണയം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. സ്വയം ചികിത്സ അപകടം വിളിച്ചുവരുത്തുമെന്ന കാര്യത്തിൽ സംശയമില്ല.
ഷാംപൂ, ലോഷൻ
ചർമരോഗ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്നവയാണ് ഷാംപൂ, ലോഷൻ എന്നിവ. താരൻ നിവാരണത്തിനായി ഡോക്ടർമാർ നിർദേശിക്കുന്നതിനു പുറമേ രോഗികൾ നേരിട്ട് വാങ്ങി ഷാംപൂ ഉപയോഗിക്കുക പതിവാണ്. താരന് ഷാംപൂ ഉപയോഗിക്കുന്പോൾ താരനാണെന്ന് ഉറപ്പുവരുത്തിയിട്ട് ചെയ്യുന്നതാണ് നല്ലത്. തലയോട്ടിയെ ബാധിക്കുന്ന സോറിയാസിസ് ഒരു ചർമരോഗ വിദഗ്ധനു മാത്രമേ യഥാസമയം നിർണയിക്കാനും ചികിത്സ നിർദേശിക്കാനും സാധിക്കുകയുള്ളൂ. സോറിയാസിസ് താരനുമായി സാമ്യം പുലർത്തുന്ന രോഗമാണ്. ചിലപ്പോൾ രണ്ടും ഒന്നിച്ച് കണ്ടേക്കാം. അതുകൊണ്ടുതന്നെ ചികിത്സയ്ക്കായി ഒരു ചർമരോഗവിദഗ്ധനെ സമീപിക്കുന്നതാണ് നല്ലത്. ചില അവസരങ്ങളിൽ താരൻ മാറാൻ ഉള്ളിൽ ഗുളിക കഴിക്കേണ്ടി വന്നേക്കാം.
സോപ്പുകൾ
ചർമരോഗ വിദഗ്ധർക്ക് ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് പലതരം സോപ്പുകൾ. മുഖക്കുരു, വിവിധതരം ഫംഗസ് മൂലമുള്ള ചർമരോഗങ്ങൾ, വരണ്ട ചർമം, കരിമംഗല്യം, അമിത വിയർപ്പ് മുതലായവയ്ക്കെല്ലാം വിവിധതരം സോപ്പുകൾ ചർമരോഗവിദഗ്ധർ നിർദേശിക്കാറുണ്ട്. ലേപനങ്ങൾ, ഗുളികകൾ എന്നിവയോടൊപ്പം ഇവയ്ക്കും ചികിത്സയിൽ വ്യക്തമായ പങ്ക് നിർവഹിക്കാനുണ്ട്. അതുകൊണ്ടുതന്നെ അവ ഡോക്ടർമാർ നിർദേശിക്കുന്നതത്രയും കാലം ഉപയോഗിക്കുക.
ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, പന്തക്കൽ
ഫോൺ - 8714373299