1. ആരോഗ്യപ്രവർത്തകരെ സംബന്ധിച്ചിടത്തോളം നിങ്ങളും മറ്റു സഹപ്രവർത്തകരും ഇപ്പോൾ മാനസിക സമ്മർദത്തിലൂടെയാവും കടന്നുപോകുന്നത്. പക്ഷേ, നിങ്ങൾ മനസിലാക്കേണ്ടത് ഇപ്പോഴത്തെ ഈ പ്രത്യേക സാഹചര്യത്തിൽ മാനസികസമ്മർദം അനുഭവപ്പെടുക എന്നതു തികച്ചും സ്വാഭാവികമാണ്. നിങ്ങൾക്കു മാനസിക സമ്മർദം അനുഭവപ്പെടുക എന്നതിന്റെ അർഥം നിങ്ങൾ ദുർബലരാണെന്നോ നിങ്ങളുടെ ജോലി നിങ്ങൾക്കു ശരിയായി ചെയ്യാൻ കഴിവില്ല എന്നോ അല്ല.
2. ഈ സമയത്ത് നിങ്ങളുടെ ശാരീരിക ആരോഗ്യം സംരക്ഷിക്കുന്നതുപോലെ പ്രാധാന്യമുള്ള ഒന്നാണ് നിങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതും.
3. നിങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ ശ്രദ്ധിക്കുകയും പിരിമുറുക്കം കുറയ്ക്കാനായി ആരോഗ്യപരമായ മാർഗങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്യുക.
- ജോലിസ്ഥലത്തോ ഷിഫ്റ്റുകൾക്കിടയിലോ വിശ്രമം ഉറപ്പാക്കുക.
- ആരോഗ്യകരമായ ഭക്ഷണം മതിയായ അളവിൽ കഴിക്കുക.
- അമിതമായി സ്ട്രസ് അനുഭവപ്പെടുന്പോൾ കുടുംബാംഗങ്ങളോടോ ബന്ധുക്കളോടോ കൂട്ടുകാരോടോ ഫോണിലോ മറ്റോ സംസാരിക്കാൻ ശ്രമിക്കുക.
- പുകവലി, മദ്യപാനം, മറ്റു ലഹരിവസ്തുക്കൾ എന്നിവയെ ആശ്രയിക്കാതിരിക്കുക. ഇവ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ നശിപ്പിക്കുകയാണു ചെയ്യുന്നത്.
4. മിക്കവാറും ആരോഗ്യപ്രവർത്തകരും ഇത്തരത്തിലുള്ള ഒരു സാഹചര്യത്തെ മുൻപൊരിക്കലും നേരിട്ടിട്ടുണ്ടാവില്ല. എങ്കിൽപ്പോലും മുൻപ് നിങ്ങളുടെ ജീവിതത്തിൽ കഠിനമായ മാനസിക സമ്മർദം ഉണ്ടായ സമയങ്ങളിൽ നിങ്ങൾ എങ്ങനെയൊക്കെയാണ് അതിനെ അതിജീവിച്ചത് എന്നോർക്കുന്നത് ഈ ഘട്ടത്തിൽ സഹായകരമായിരിക്കും. സമ്മർദത്തിന് കാരണമാകുന്ന സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നേയുള്ളൂ. അതിനെ കുറയ്ക്കാനുള്ള മാർഗങ്ങൾ ഏതാണ്ട് ഒരുപോലെതന്നെയാണ്.
5. നിർഭാഗ്യകരമെന്നു പറയട്ടെ, ചില ആരോഗ്യ പ്രവർത്തകരെങ്കിലും കുടുംബത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ അവഗണനയോ ഒഴിച്ചുനിർത്തലോ നേരിട്ടേക്കാം. ആളുകൾക്കു കോവിഡ് 19നെ പറ്റിയുള്ള ഭയമോ തെറ്റിദ്ധാരണയോ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതുകാരണം നിലവിലുള്ള സമ്മർദം കൂടാനാണു സാധ്യത.
സാധ്യമെങ്കിൽ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ പ്രിയപ്പെട്ടവരുമായി ബന്ധം നിലനിർത്തുക. സഹപ്രവർത്തകർ, മേലധികാരി, കീഴ്ജീവനക്കാർ എന്നിവരുമായി ആശയവിനിമയം നടത്തുന്നത് ആശ്വാസകരമായിരിക്കും. അവരും സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോവുകയായിരിക്കും.
6. മാനസികവും ബൗദ്ധികവുമായ വെല്ലുവിളികൾ നേരിടുന്നവർ നിങ്ങളുടെ ടീമിൽ ഉണ്ടെങ്കിൽ അവർക്കു മനസിലാകുന്ന രീതിയിൽ ആശയവിനിമയം നടത്താൻ ശ്രദ്ധിക്കുക. എല്ലായ്പ്പോഴും രേഖാമൂലമുള്ള ആശയവിനിമയത്തെ മാത്രം ആശ്രയിക്കേണ്ടതില്ല.
7. ഈയൊരു സാഹചര്യത്തിൽ സഹപ്രവർത്തകരുടെ മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ അവരവരുടെ ഉത്തരവാദിത്തങ്ങൾ കൂടുതൽ ഭംഗിയായി നിറവേറ്റുവാൻ അവരെ പ്രാപ്തരാക്കാൻ സാധിക്കും.
8. എല്ലാ സ്റ്റാഫുകൾക്കും കൃത്യമായ വിവരങ്ങൾ ശരിയായ രീതിയിൽത്തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഉയർന്ന സമ്മർദം അനുഭവപ്പെടുന്ന ജോലികളിൽ നിന്ന് അത്ര സമ്മർദമില്ലാത്ത ജോലികളിലേക്ക് കൃത്യമായ ഇടവേളകളിൽ സ്റ്റാഫിനെ നിയോഗിക്കുക. പുതിയ അല്ലെങ്കിൽ പരിചയമില്ലാത്ത സ്റ്റാഫുകളെ അനുഭവജ്ഞാനം ഉള്ളവരോടൊപ്പം ജോലിയിൽ പങ്കാളിയാക്കുക.
9. കമ്യൂണിറ്റി ഒൗട്ട്റീച്ച് പ്രവർത്തകർ കഴിവതും തനിച്ചു പോകാതെ രണ്ടുപേരായി കമ്മ്യൂണിറ്റിയിലേക്കു പോകുന്നതാണു നല്ലത്. ഈ സ്റ്റാഫുകൾക്ക് കൃത്യമായ ബ്രേക്കുകൾ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുക.
10. മറ്റെന്തെങ്കിലും തരത്തിലുള്ള മാനസിക സമ്മർദത്തിലൂടെ കടന്നുപോകുന്ന സ്റ്റാഫിന് കഴിയുമെങ്കിൽ ഫ്ളക്സിബിൾ ആയ രീതിയിൽ ജോലി ചെയ്യാൻ അനുവദിക്കുക.
11. നിങ്ങൾ ആരോഗ്യമേഖലയിലെ ഒരു ടീം ലീഡർ ആണെങ്കിൽ മാനസികാരോഗ്യസഹായം എവിടെനിന്നൊക്കെ ലഭ്യമാണ് എന്ന് നിങ്ങളുടെ സ്റ്റാഫുകൾക്ക് വിവരം നല്കുക. ഈ സമയത്ത് കീഴ് ജീവനക്കാരെപ്പോലെ തന്നെ ഉയർന്ന ഉദ്യോഗസ്ഥരും ഇതേ സമ്മർദങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. അവരുടെ മേലുള്ള ഉത്തരവാദിത്വങ്ങളും ഉയർന്നതാണ്. അതുകൊണ്ടുതന്നെ അവരും തങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ ആവശ്യമായ വഴികൾ സ്വീകരിക്കേണ്ടതാണ്. ഈ ഘട്ടത്തിൽ സമ്മർദങ്ങളിൽ നിന്നു സ്വയം സംരക്ഷിക്കുന്നതെങ്ങനെ എന്നു സ്റ്റാഫിനു വ്യക്തമാക്കിക്കൊടുക്കാനുള്ള റോൾ മോഡലുകളാവണം നിങ്ങൾ.
12. പ്രശ്നങ്ങൾ അനുഭവിക്കുന്നവരോട് നേരിട്ട് ഇടപഴകുന്ന സ്റ്റാഫുകൾക്ക് (ഡോക്ടർമാർ, നഴ്സുമാർ, പോലീസുകാർ, ആംബുലൻസ് ഡ്രൈവർമാർ, വോളണ്ടിയർമാർ, ക്വാറന്റയിൻ സൈറ്റുകളിൽ പ്രവർത്തിക്കുന്നവർ, ഫീൽഡ് സ്റ്റാഫുകൾ) എന്നിവർക്ക് മനഃ ശാസ്ത്ര പ്രഥമശുശ്രൂഷ നല്കുന്നതിനുള്ള പരിശീലനം കൊടുക്കുക.
വിവരങ്ങൾക്കു കടപ്പാട്:
കേരള ഹെൽത്ത് സർവീസസ്