മാര്ച്ച് 24 ലോക ക്ഷയരോഗദിനം. ’ഇതാണ് സമയം’ എന്നതാണ് ഈ വർഷത്തെ ലോക ക്ഷയരോഗദിനത്തിന്റെ പ്രമേയം.1990ൽ ക്ഷയരോഗത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ആഗോള സാമൂഹിക ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ആഗോളതലത്തിൽ ക്ഷയരോഗം മൂലം ദിവസവും നാലായിരത്തിനു മുകളിൽ ജീവനാണ് നഷ്ടപ്പെടുന്നത്. 30000ത്തോളം പേർ ഈ രോഗത്തിനു പ്രതിദിനം അടിമകളാകുന്നുണ്ട്. 2000ത്തിനു ശേഷം ക്ഷയരോഗ നിർമാജനപ്രവർത്തനങ്ങളുടെ ഭാഗമായി 58 ലക്ഷത്തോളം ആളുകളുടെ ജീവൻ രക്ഷിക്കാനായി. 1882 മാർച്ച് 24നാണ് ക്ഷയരോഗത്തിന് കാരണമായ മൈക്കോബാക്ടീരിയ ടൂബർക്കുലോസിസ് എന്ന ബാക്ടീരിയെ കണ്ടുപിടിക്കുന്നത്. ജനങ്ങളെ ബോധവത്കരിക്കാൻ മാർച്ച് 24ന് ലോക ക്ഷയരോഗ ദിനം ആചരിച്ചുവരികയാണ്.
ഈ വർഷം ക്ഷയരോഗത്തോടൊപ്പം കോവിഡ് -19 എന്ന മഹാമാരിയെ പ്രതിരോധിക്കുകയാണ് 21-ാം നൂറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ രണ്ട് രോഗങ്ങൾക്കും ചില സമാനതകൾ ഉണ്ട്. രണ്ടു രോഗങ്ങളിലും രോഗാണുവുള്ള വ്യക്തി അടുത്തിടപഴകുന്പോഴാണു രോഗം പകരുന്നത്. ചുമക്കുക, മൂക്ക് ചീറ്റിക, തുമ്മുക എന്നിവയിലൂടെ മൂക്കിലും വായിലുമുള്ള ശ്രവങ്ങൾ മറ്റൊരാളിൽ പതിക്കുന്പോൾ രോഗാണു പകരുന്നു. പനി, ചുമ, ശ്വാസതടസം എന്നിവ രണ്ടു രോഗങ്ങൾക്കും സമാനമായി കാണപ്പെടുന്നു. രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുന്ന ചുമയുള്ളപ്പോൾ കഫം പരിശോധിക്കണം. വരണ്ട ചുമയാണ് കോവിഡ് -19ൽ കാണപ്പെടുക. ഈ രണ്ട് രോഗങ്ങളും ബാധിച്ചാൽ രോഗിയുടെ അവസ്ഥ ക്രമേണ മോശമാവുകയും പ്രായമായവരെയും പ്രതിരോധ ശക്തി കുറഞ്ഞവരിലും രോഗം മൂലമുണ്ടാകുന്ന പ്രഹരത്തിന്റെ ശക്തി കൂടുതലായി അനുഭവപ്പെടുകയും ചെയ്യും.ഒരു ക്ഷയരോഗി സമൂഹത്തിൽ 10 - 15 ആളുകൾക്ക് ഒരു വർഷം രോഗം പരത്താം. ചികിത്സ നൽകിയില്ലെങ്കിൽ മൂന്ന് വർഷം വരെ രോഗബാധിതനായി മാറും. കൊറോണ വൈറസ് ഒരു രോഗിയിൽനിന്നു ശരാശരി മൂന്നു പേരിലേക്കാണ് രോഗം പകരുന്നത്.
രോഗികളെയും അവരുമായി ഇടപഴകുന്നവരെയും കണ്ടെത്താൻ ഉപയോഗിക്കുന്ന സന്പർക്ക രൂപരേഖ തയാറാക്കുക എന്ന പ്രക്രിയ ക്ഷയരോഗ നിയന്ത്രണ പ്രവർത്തനത്തിന്റെ മൂലക്കല്ലാണ്. അതുതന്നെയാണു കൊറോണ വൈറസ് ബാധിതരുടെ റൂട്ട് മാപ്പ് തയാറാക്കുന്നതിനും ഉപയോഗിച്ചത്. ചികിത്സയുടെ കാര്യത്തിൽ ഇരു കൂട്ടർക്കും ഐസൊലേഷൻ വാർഡുകൾ ആവശ്യമാണ്. പ്രതിരോധ മാർഗങ്ങൾ രണ്ടു രോഗങ്ങൾക്കും ഒരു പോലെയാണ്. കൈകഴുകുന്നതു ശീലമാക്കുക, രോഗിയും അയാളെ പരിചരിക്കുന്നവരും മാസ്ക് ധരിക്കുക, രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ ചികിത്സ തേടുക എന്നിവ അതിൽ പ്രധാനമാണ്.
ക്ഷയരോഗി രോഗം പകരാതിരിക്കാനായി സാമൂഹ്യ ശരിദൂരം പാലിക്കുകയും വീട്ടിൽ കഴിയുകയും ചെയ്യണം. ഇതുതന്നെയാണ് കോവിഡ് -19 രോഗിയും പാലിക്കേണ്ടത്. ക്ഷയരോഗികളെയും രോഗവിമുക്തരെയും സംരക്ഷിക്കേണ്ട കടമ നമുക്കുണ്ട് അതിനായി കഫ പരിശോധന, മരുന്നിന്റെ ലഭ്യത എന്നിവ ഉറപ്പുവരുത്തണം.
വ്യക്തികേന്ദ്രീകൃതമായ സേവനങ്ങൾക്ക് ഉൗന്നൽ നൽകണം. ഇടുക്കി ജില്ലയിൽ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ചുമ ബോധവത്കരണം മൂലക്കും. വായുജന്യ രോഗ പ്രതിരോധത്തിനായി ക്ഷയരോഗികൾക്ക് നൽകുന്ന കിറ്റുകൾക്കും വലിയ പ്രാധാന്യമാണുള്ളത്.
സെൻസി ബാബുരാജൻ
(ജില്ലാ ടിബി ഓഫീസർ, ഇടുക്കി)