കൊറോണ ശ്വാസകോശത്തെയാണ് ഏറ്റവുമധികം ബാധിക്കുന്നതെങ്കിലും ഹൃദയത്തിന്റെ പ്രവർത്തനത്തിലും വ്യതിയാനങ്ങൾ കൊണ്ടുവരുന്നുണ്ട്. കൊറോണ വൈറസ് മൂലം ശ്വാസകോശത്തിന്റെ പ്രവർത്തനം മന്ദീഭവിക്കുന്നതോടെ, ഹൃദയത്തിന്റെ ജോലിഭാരം വർധിക്കുകയാണ്.
ഹൃദയരോഗികളിലെ പ്രതിരോധ വ്യവസ്ഥ താരതമ്യേന ദുർബലമാണ്. അതിനാൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവരിലും ഹൃദയാഘാത സാധ്യതയുള്ളവരിലും കൊറോണ ബാധ നിർണായകമായേക്കാം. അതിനാൽ ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.
* ആരോഗ്യ വകുപ്പ് എല്ലാവർക്കും കൊടുത്തിരിക്കുന്ന നിർദേശങ്ങൾ ഹൃദയസംബന്ധമായ രോഗമുള്ളവർ കർശനമായും പാലിക്കണം. പൊതു ചടങ്ങുകൾ, ബന്ധുമിത്രാദി സംഗമങ്ങൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കണം.
* ആഹാര കാര്യത്തിലെ ക്രമം കർശനവും കൃത്യമായും പാലിക്കുക. ഏതെങ്കിലും പ്രത്യേക ആഹാരമോ പഴങ്ങളോ കൊറോണ വൈറസ് ബാധ ചെറുക്കുമെന്നോ പ്രതിരോധശേഷി കൂട്ടുമെന്ന വാർത്തയോ മറ്റോ ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങളുടെ ഡോക്ടറുമായി കണ്‍സൾട്ട് ചെയ്ത ശേഷം മാത്രം അവ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക.
* വ്യായാമം ചെയ്യുന്നവർ അത് മുടങ്ങാതെ ചെയ്യുക. നടത്തം, ജോഗിംഗ് ചെയ്യുന്നവർ ആളുകളുമായി സന്പർക്കം ഒഴിവാക്കി സുരക്ഷിതമായ അന്തരീക്ഷത്തിൽ ചെയ്യുവാൻ ശ്രദ്ധിക്കണം. വ്യായാമം ചെയ്യുന്പോൾ അസ്വഭാവികമായ ക്ഷീണം, തളർച്ച, കിതപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറുമായി ബന്ധപ്പെടുക.
* ഏതൊരു മനുഷ്യനെ സംബന്ധിച്ചും ഉറക്കം അത്യന്താപേക്ഷികമാണ്. ഹൃദയസംബന്ധമായ രോഗമുള്ളവരെ അപേക്ഷിച്ച് ഉറക്കത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. പ്രത്യേകിച്ച് ഈ സമയത്ത് ഉറക്കക്കുറവ് മൂലം ക്ഷീണമോ തളർച്ചയോ തോന്നിയാൽ അത് കൊറോണയുടെ ലക്ഷണമെന്ന് തെറ്റിദ്ധരിക്കപ്പെട്ടു ഭീതി വളർത്താൻ ഇടയാക്കരുത്.
* കൊറോണപോലെ മാരകമായ വൈറസ് ബാധകൾ സൃഷ്ടിക്കുന്ന സ്ട്രസാണ് ഹൃദ്രോഗികൾ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. സ്ട്രസ് അഥവാ മാനസിക പിരിമുറുക്കം നമ്മുടെ ഹൃദയാഘാത സാധ്യത കൂട്ടാൻ ഇടയുണ്ട്. കൊറോണ മൂലം ചെറുപ്പക്കാരിലെ
മരണനിരക്ക് 2.5 ശതമാനത്തിൽ ഒതുങ്ങി നിൽക്കുന്പോൾ പ്രായമായവരിൽ അത് അഞ്ചു ശതമാനത്തിനു മുകളിൽ വരും. എഴുപത് വയസിനു മുകളിലുള്ളവരിൽ എട്ടു ശതമാനവും എണ്‍പതിനു മുകളിൽ 14 ശതമാനത്തിലുമധികമാണ്. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവരിൽ
പത്തര ശതമാനമാണ് കൊറോണ മരണനിരക്ക്.
ഡോ.എൻ. പ്രതാപ്കുമാർ
ഇന്റർവെൻഷനൽ, കാർഡിയോളജിസ്റ്റ്, മെഡിട്രിന ഹോസ്പിറ്റൽ,
തിരുവനന്തപുരം